അഭിയും വിശ്വവും -QA Session # 24

Category: അഭിയും വിശ്വവും 21 0

വരയും ചോദ്യവും അഭിജിത്ത്


നായക്കും,പൂച്ചക്കുമൊക്കെ സ്പര്‍ശനേന്ദ്രിയങ്ങളാണ് മീശ.

എന്നാല്‍ നമുക്കെന്തിനാ.

അമ്മക്കൊന്നും മീശയില്ലല്ലോ

abhi (1)

 

ഉത്തരം : കടപ്പാട്   Viswa Prabh 

ഇതൊരു ഒന്നൊന്നര ചോദ്യമാണു്. രണ്ടുരണ്ടേമുക്കാൽ പായ കടലാസിൽ ഉത്തരം എഴുതേണ്ട ചോദ്യം! 


കൃത്യമായി ഒരുത്തരം ആരും ഇതുവരെ അറുത്തുമുറിച്ചുപറയാത്ത ചോദ്യങ്ങളാണു് ഇവ:
1. എന്തുകൊണ്ടാണു് മനുഷ്യർക്കു മാത്രം കട്ടിരോമങ്ങൾ ഇത്ര കുറവു്?
2. എന്തുകൊണ്ടാണു് മുതിർന്ന പുരുഷന്മാർക്കു് താരതമ്യേന കൂടുതൽ കട്ടിരോമങ്ങൾ?

3. എന്തുകൊണ്ടാണു് തലയിലും സന്ധികളിലും കൂടുതൽ കട്ടിരോമങ്ങൾ കാണപ്പെടുന്നതു്?

എന്നാൽ, യുക്തിയോടെ ആലോചിച്ചാൽ സാദ്ധ്യമായ ചില കാരണങ്ങൾ നമുക്കുതന്നെ കണ്ടെത്താൻ പ്രയാസമില്ല.


മുമ്പൊരിക്കൽ ശരീരതാപനിലയെപ്പറ്റി എഴുതിയതു് ഓർക്കുമല്ലോ. ഉഷ്ണരക്തജീവികളുടെ ശരീരോഷ്മാവ് കൃത്യമായി സ്ഥിരമായി ഒരു നിശ്ചിതതാപനിലയിൽ സൂക്ഷിക്കേണ്ടതു് ജീവൻ നിലനിൽക്കാനും അപചയപ്രവർത്തനങ്ങൾ ശരിയായി നടക്കാനും അത്യാവശ്യമാണു്. താപനില കുറഞ്ഞാൽ കൂടുതൽ ഇന്ധനം കത്തിച്ചു് (അതായതു് കൂടുതൽ അന്നജമോ കൊഴുപ്പോ ദഹിപ്പിച്ചു് വീണ്ടും ഉയർത്തിക്കൊണ്ടുവരാം. കൂടിയാലോ? ശരീരതാപനില നിലനിർത്താൻ ആവശ്യമുള്ളതിലും കൂടുതലായി വരുന്ന ചൂടു് ഏതുവിധേനയും പുറത്തുകളയണം.

കോശങ്ങൾ അന്നജം ദഹിപ്പിക്കുമ്പോൾ (കാർബോഹൈഡ്രേറ്റ് / ഗ്ലൂക്കോസ് ഓക്സിജന്റെ സഹായത്തോടെ വിഘടിപ്പിച്ച് കാർബൺ ഡയോക്സൈഡും ജലവുമാക്കി മാറ്റുമ്പോൾ) അതിന്റെ ഭാഗമായി കുറേ ഊർജ്ജം കൂടി ഉല്പാദിപ്പിക്കപ്പെടുന്നു. ഇലകളിൽ വെച്ചുനടന്ന പ്രകാശസംശ്ലേഷണത്തിൽ ശേഖരിക്കപ്പെട്ട സൂര്യോർജ്ജമാണു് ഇപ്രകാരം നമ്മുടെ ശരീരകോശങ്ങളിൽ വെച്ച് വീണ്ടും പുറത്തുചാടുന്നതു്. (ആ അർത്ഥത്തിൽ നാം കഴിക്കുന്ന ഓരോ അരിമണിയും ഒരു കൊച്ചുബാറ്ററിയാണു്).
ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിൽ ഒരു ഭാഗം നമ്മുടെ പേശികൾ ചലിപ്പിക്കാനുള്ള കായികോർജ്ജം / യാന്ത്രികോർജ്ജം ആയി മാറുന്നു. എന്നാൽ ഒരു തരം യന്ത്രവും പൂർണ്ണദക്ഷത (100% എഫിഷ്യൻസി efficiency) ഉള്ളതല്ല. നമ്മുടെ ശരീരവും അങ്ങനെത്തന്നെ. അതിനാൽ നല്ലൊരു ഭാഗം ഉപയോഗശൂന്യമായ വെറും ചൂട് മാത്രമായി മാറുന്നു. അതിൽ തന്നെ, കൂടുതൽ അദ്ധ്വാനിക്കുന്ന ജീവികൾക്കും സമയത്തും കൂടുതൽ ചൂടും ഉണ്ടാവും.

ശരീരത്തിലെ രാസപ്രവർത്തനങ്ങൾക്കു് ഒരു നിശ്ചിത താപനില നല്ലതാണെങ്കിലും, അതിനുമേൽ ഉല്പാദിപ്പിക്കപ്പെടുന്ന ചൂട് ശരീരത്തെസംബന്ധിച്ചിടത്തോളം ഒരു പരിസ്ഥിതിമാലിന്യപ്രശ്നം തന്നെയാണു്. അതുകൊണ്ടു് കൂടുതൽ വരുന്ന ചൂട് എങ്ങനെയെങ്കിലും പുറത്തുകളയണം.

അങ്ങനെ പുറത്തുകളയാനുള്ള നല്ലൊരു വിദ്യയാണു് ബാഷ്പീകരണം. ചുറ്റുപാടുനിന്നുമുള്ള ചൂടു് വലിച്ചെടുത്തു് തന്മാത്രക്കുട്ടികൾ ദ്രാവകാവസ്ഥയിൽനിന്നും വാതകാവസ്ഥയിലെത്തുന്ന പരിപാടിയാണു് ബാഷ്പീകരണം. അതിനാൽ, നാം “ബാഷ്പീകരണം മൂലം തണുപ്പുണ്ടാകുന്നു” എന്നൊരു പാഠം ഒരിക്കലും മറക്കാതെ കാണാപ്പാഠം പഠിക്കണം.

ശരീരത്തിനകത്തുല്പാദിപ്പിക്കപ്പെടുന്ന ചൂടു് രക്തത്തിലൂടെ, അതിലടങ്ങിയ ജലത്തിലൂടെ തൊലിയിലെ കോശങ്ങളിൽ എത്തുന്നു. തൊലിയിൽ രോമകൂപങ്ങളുണ്ടു്. അവ പുറത്തുള്ള വായുവുമായി നിരന്തരസമ്പർക്കത്തിലാണു്. ചോരയിലടങ്ങിയ ജലതന്മാത്രകൾ ഈ രോമകൂപങ്ങളിലൂടെ വായുവിലേക്കെത്തിനോക്കുന്നു. രക്തത്തിന്റേയും സമീപകോശങ്ങളുടേയും ചൂട് വലിച്ചെടുത്തു് അവ സ്വയം ബാഷ്പീകരിച്ചു് പുറത്തുപോകുന്നു.അതോടെ ശരീരതാപനില കുറഞ്ഞു് ആവശ്യമുള്ള നിരക്കിലേക്കു് എത്തിപ്പെടുന്നു.

ഒരുകാലത്തു് നാലുകാലിൽ ‘പരന്നു’ സഞ്ചരിച്ചിരുന്നവയായിരുന്നു മനുഷ്യന്റെ മുൻഗാമികളായിരുന്ന സസ്തനികൾ എല്ലാം. ഇടക്കാലത്തു്, അവയിലൊരു കൂട്ടർക്കു് താഴെയുള്ള ഹിംസ്രമൃഗങ്ങളെ പേടിച്ച് ഉയരമുള്ള മരങ്ങളിൽ തന്നെ ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നു. ആഫ്രിക്കയിലാണു് ഈ സംഭവം നടന്നതു്. എന്നാൽ ദശലക്ഷക്കണക്കിനു വർഷങ്ങൾ കഴിഞ്ഞപ്പോൾ കാലാവസ്ഥാമാറ്റം സംഭവിച്ചു് കാടുകളും അവയിൽ ഇടതൂർന്നുവളർന്നിരുന്ന അത്തിമരങ്ങളും എല്ലാം ഇല്ലാതായി. അതിനുപകരം ചതുപ്പുനിലങ്ങളും അവയിൽ സമൃദ്ധമായി വളരുന്ന ആളുയരമുള്ള പുല്ലുകളും എല്ലായിടത്തും പരന്നു.

മരമിറങ്ങി താഴെ നിലത്തു് പുതിയ ജീവിതം തുടങ്ങേണ്ടി വന്ന നമ്മുടെ അപ്പൂപ്പൻ‌കുരങ്ങന്മാർക്കു് ജീവിതം നിലനിർത്തണമെങ്കിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവന്നു. ഒന്നാമതായി ഭക്ഷണം ഒന്നും കിട്ടാനില്ല. അത്തിമരങ്ങളിൽ വേണ്ടുവോളം പഴങ്ങളുണ്ടായിരുന്നു. എന്നാൽ പുൽച്ചെടികളിൽ കായ്കളോ പഴങ്ങളോ ഒന്നുമില്ലല്ലോ. അതും കൂടാതെ, സിംഹം, പുലി, ചെന്നായ, കഴുതപ്പുലി തുടങ്ങിയവ ഏതുനിമിഷവും ആക്രമിക്കാം. ഓടി രക്ഷപ്പെടുകയേ വഴിയുള്ളൂ. പക്ഷേ അധികം ഓട്ടമൊന്നും പഠിച്ചിട്ടില്ലാത്ത മരഞ്ചാടികൾ നാലുകാലും വെച്ച് എത്ര കണ്ടു് ഓടും?

നാലുകാലിൽ ഓടുക എന്നതു് അത്ര എളുപ്പമൊന്നുമല്ല. ബാലൻസ് കിട്ടും എന്നതു ശരി. പക്ഷേ, പാലം പോലെ തിരശ്ചീനമായ ഒരു ശരീരത്തിനെ രണ്ടറ്റത്തുനിന്നും താങ്ങിനിർത്തുക എന്ന ജോലിയ്ക്കു് ഒരു പാടു ബലവും ശക്തിയും ചെലുത്തണം. ശക്തി ചെലുത്തണമെങ്കിൽ ഊർജ്ജം വേണം. ഊർജ്ജം വേണമെങ്കിൽ ഭക്ഷണം കഴിക്കണം. പക്ഷേ അതല്ലേ ഇല്ലാത്തതു്? അതു കഴിക്കണമെങ്കിൽ ഓടി, അലഞ്ഞുതിരിയണം. പക്ഷേ, ഓടാനുള്ള ഊർജ്ജമല്ലേ ഇല്ലാത്തതു്? 
(ഇത്തരം പ്രശ്നങ്ങൾക്കു് ഒരു പേരുണ്ടു്. വിഷമവൃത്തം. ഇംഗ്ലീഷിൽ catch22 എന്നും പറയും. വലുതാകുമ്പോൾ എഞ്ചിനീയറിങ്ങ് പഠിക്കുന്നുണ്ടെങ്കിൽ പോസിറ്റീവ് ഫീഡ്ബാക്ക് എന്നും ഓസിലേഷൻ എന്നും ഇതേ വിഷയത്തെക്കുറിച്ചു് കൂടുതൽ പഠിക്കാം.)

അപ്പോൾ എന്താണു വഴി?

പാലം പോലെ നീണ്ടുവലിഞ്ഞുനിൽക്കുന്ന ഒരു ദേഹം കുത്തിച്ചാരിവെച്ചാൽ കുറേയൊക്കെ വ്യത്യാസമുണ്ടാക്കാം. മുമ്പ് ആവശ്യമുണ്ടായിരുന്നതിന്റെ നാലിലൊന്നു് ഊർജ്ജം മതി ദേഹത്തെ ലംബമായി താങ്ങിനിർത്താൻ. നാലുകാലിനുപകരം രണ്ടുകാലിൽ എഴുന്നേറ്റുനിന്നാൽ വേറെയുമുണ്ടു് മെച്ചം: ആളുയരമുള്ള പുൽച്ചെടികൾക്കിടയിൽനിന്നു് സമീപപ്രദേശത്തേക്കും അകലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിനോക്കാം. തങ്ങളെ ആക്രമിക്കാൻ വരുന്ന മൃഗങ്ങളെ നേരത്തേ കണ്ടുമനസ്സിലാക്കി സ്ഥലം വിടാം. അഥവാ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ (അതു വൃക്ഷങ്ങളും അവയിലെ പഴങ്ങളും ആവാം, അല്ലെങ്കിൽ ഏതെങ്കിലും സിംഹമോ പുലിയോ മറ്റോ തിന്നു ബാക്കിവെച്ച എല്ലും അവയ്ക്കുള്ളിലെ മജ്ജയും മറ്റുമാകാം) അടുത്തെവിടെയെങ്കിലുമുണ്ടെങ്കിൽ പെട്ടെന്നു തിരിച്ചറിയാം.

രണ്ടുകാലിൽ എണീറ്റുനിൽക്കാൻ പറ്റിയാൽ കൂടുതൽ വേഗത്തിൽ ഓടിരക്ഷപ്പെടാം. അഥവാ വല്ല എലിയോ മാനോ മുയലോ മറ്റോ കണ്ണിൽപെട്ടാൽ അവയെ ഒരുപക്ഷേ ഓടിപ്പിടിക്കാനും പറ്റിയെന്നുവരും.

ഇനിയുമുണ്ടു് മെച്ചം. മുമ്പ് ഓടാൻ സഹായിച്ചിരുന്ന മുൻകാലുകൾ ഇപ്പോൾ ഫ്രീ ആണു്. വെറുതെ രണ്ടുവശത്തും അരങ്ങുപോലെ ഞാത്തിയിടുന്നതിനുപകരം അവയ്ക്കു വേറെ എന്തെങ്കിലും ചെയ്തുകൂടേ? തീർച്ചയായും. അവ ഉപയോഗിച്ച് എല്ലു് ഇടിച്ചുപൊട്ടിക്കുകയോ കുട്ടികളെ ചുമക്കുകയോ പുൽച്ചെടികൾ വകഞ്ഞുമാറ്റുകയോ ഒക്കെ ആവാം.
ചുരുക്കത്തിൽ, രണ്ടുകാലിൽ നടക്കുക എന്നതു് മൊത്തം ലാഭമുള്ള ഒരു പരിപാടിയാണു് എന്നു കുരങ്ങന്മാർക്കു മനസ്സിലായി. 

എന്നാൽ ഒരു പ്രശ്നമുണ്ടു്. രണ്ടുകാലിൽ ബാലൻസ് ചെയ്തുനിൽക്കുക അത്ര എളുപ്പമല്ല. അതിനു് കൂടുതൽ ബുദ്ധിവേണം. കാലടികളിൽ അനുഭവപ്പെടുന്ന മർദ്ദം അനുസരിച്ചു് ശരീരത്തിന്റെ ഭൂഗുരുത്വകേന്ദ്രം അപ്പപ്പോൾ അഡ്ജസ്റ്റ് ചെയ്യണം. അതായതു് ശരീരം എപ്പോഴും നേരേ നിർത്തി തുലനാവസ്ഥ സൂക്ഷിക്കണം. അല്ലെങ്കിൽ ദാ കിടക്കുന്നൂ ധും തരികിട തോം!

മനുഷ്യന്റെ തലച്ചോറിന്റെ വളർച്ച പെട്ടെന്നു് കൂടുവാൻ ഈ രണ്ടുകാര്യങ്ങളും (ഇരുകാലിൽ ബാലൻസ് ചെയ്തുനിൽക്കേണ്ട ജോലി, സിംഹത്തിന്റേയും പുലിയുടേയും തീറ്റ കഴിഞ്ഞ് ബാക്കിവന്ന എച്ചിലിറച്ചിയിലെ അസ്ഥികൾക്കുള്ളിലുള്ള മജ്ജയുടെ പ്രത്യേക പോഷകം) വളരെയധികം സഹായിച്ചിട്ടുണ്ടാവാമെന്നു് ശാസ്ത്രജ്ഞർ കരുതുന്നു


ഇനി എളുപ്പം വിഷയത്തിലേക്കുവരാം.

നാലുകാലിൽ ജീവിക്കുന്ന മൃഗങ്ങൾക്കു് കൂടുതൽ ഊർജ്ജം ചെലവാക്കേണ്ടി വന്നിരുന്നല്ലോ. അതോടൊപ്പം കൂടുതൽ ചൂടും ഉല്പാദിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, രണ്ടുകാലിൽ നടക്കാൻ പഠിച്ചതോടെ, അധികച്ചൂട് പുറത്തുകളയുക എന്നതു് താരതമ്യേന ഒരു പ്
രശ്നമല്ലാതായി. ദേഹത്തുമുഴുവൻ കട്ടപിടിച്ചുരോമമുണ്ടായിരുന്നതു് ഇനി ആവശ്യമില്ലെന്നായി. 

ക്രമേണ ശരീരത്തിലെ കട്ടിരോമങ്ങൾ കുറവുള്ള മനുഷ്യസമൂഹങ്ങൾക്കാണു് നിലനിൽപ്പു് കൂടുതൽ ഉറപ്പാക്കാവുന്നതു് എന്ന അവസ്ഥ വന്നു. പരിണാമശാസ്ത്രത്തിലെ അടിസ്ഥാനനിയമമാണു് അർഹതയില്ലാത്തവരുടെ വംശം മുടിഞ്ഞുപോകുന്നതും കൂടുതൽ അർഹതയുള്ളവർ നിലനിൽക്കുന്നതും.

അങ്ങനെ മൃഗങ്ങളുടെ കാലത്തു് ദേഹം മുഴുവൻ കരുതിവെച്ചിരുന്ന രോമക്കുപ്പായം മനുഷ്യനായതോടെ ഇല്ലാതായി. അഥവാ തീരെ കുറഞ്ഞുപോയി

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 6 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles


Fatal error: Uncaught Exception: 12: REST API is deprecated for versions v2.1 and higher (12) thrown in /home/shyam/public_html/cybermalayalam.com/wp-content/plugins/seo-facebook-comments/facebook/base_facebook.php on line 1273