വെടിപർവ്വം ഒന്നാം ഭാഗം – ഉണ്ട

Category: General Articles, Uncategorized 548 0

ഭാഗം – ഒന്ന്

പോയിന്റ് ത്രീ നോട്ട് ത്രീ (.303) റൈഫിളുകൾ പലർക്കും പോലീസിനെ കളിയാക്കാനുള്ള ഒരു കാരണമാണ്. ചിരിക്കുന്ന പോലല്ല; കാണാൻ വലിയ ലുക്കില്ലെങ്കിലും ദശാബ്ദങ്ങൾ പലതും പിന്നിട്ടെങ്കിലും ഇന്നും മാരകമായ ഒരായുധമാണ് .303. തോക്കുകളെ കുറിച്ച് വിശദമായി പിന്നൊരിക്കൽ എഴുതാം.

നാടൻ തോക്കിൽ ബാരലിലൂടെ വെടിമരുന്ന് കുത്തിനിറയ്ക്കുകയാണ് ചെയ്യുക. അതിനു ശേഷം ഈയക്കട്ടകൾ, ബെയറിംഗ് ബോൾ തുടങ്ങിയവ ഇട്ട ശേഷം ചകിരി കുത്തിനിറച്ച് ടൈറ്റ് ചെയ്യും. അതിന്റെ പുറത്തുള്ള ഒരു കൊത്തിയിൽ മർദ്ദം പ്രയോഗിച്ചാൽ കത്തുന്ന ഒരുതരം പൊട്ടാസ് നിറയ്ക്കും.

കാഞ്ചി വലിക്കുമ്പോൾ കൊത്തിയിൽ ശക്തമായി അടിക്കുകയും തദ്വാരാ പൊട്ടാസ് കത്തുകയും അത് വെടിമരുന്നിനെ പൊട്ടിക്കുകയും ചെയ്യും. സ്ഥോടനം ഈയത്തെയും ചില്ലിനെയും മറ്റും ബാരലിലൂടെ ശക്തമായി പുറത്തുതള്ളുന്നു.

നാടൻ തോക്ക് കണ്ടാവണം, ഇപ്പോഴും പലരും കരുതുന്നത് തോക്കിലിടുന്ന വെടിയുണ്ട അങ്ങനെ തന്നെ വന്ന് കൊള്ളുന്നവന്റെ നെഞ്ചത്ത് കേറുകയാണെന്നാണ്. അങ്ങനെയല്ല സംഭവം. അതിന് മൂന്ന് ഭാഗങ്ങൾ ഉണ്ട്. പിന്നിൽ നിന്ന് പറയാം… ഡെറ്റണേറ്റർ, കാട്രിഡ്ജ് കേയ്സ്, ബുള്ളറ്റ്.

ഇതിൽ ബുള്ളറ്റാണ് വെടി പൊട്ടുമ്പോൾ തോക്കിൽ നിന്ന് പുറത്തുവരുന്നത്. ഇത് പൊതുവെ ഈയം കൊണ്ടുള്ളതാണ്. അതായതുത്തമാ… തോക്കിന്റെ ബാരലിന്റെ ഉൾവ്യാസവും ബുള്ളറ്റിന്റെ ചുറ്റളവും ഒന്നു തന്നെയാവും. ഈയം ആണെങ്കിൽ ഉരുക്കിനെക്കാൾ താരതമ്യേന സോഫ്റ്റ് ആയതുകൊണ്ട് ബാരലിലൂടെ തിങ്ങിഞെരുങ്ങി പുറത്തുവന്നോളും.

കാട്രിഡ്ജ് കേയ്സും ഡെറ്റണേറ്ററും ഒറ്റപ്പീസാണ്. വെടി കഴിഞ്ഞാലും അവര് തോക്കിൽത്തന്നെ ഇരിപ്പുണ്ടാകും. കേയ്സിലാണ് Low explosive ഗണത്തിലുള്ള വെടിമരുന്ന് നിറയ്ക്കുന്നത്. നാടൻതോക്കിലെ വെടിമരുന്നിനെക്കാൾ അനേകമിരട്ടി നിലവാരമുള്ളതാണിത്. ഇപ്പറഞ്ഞ Low explosive നിങ്ങൾ ഓർത്തുവെയ്ക്കണം. കുറിപ്പ് അങ്ങോട്ടാണ് പോകുന്നത്.

കെയ്സിന്റെ പിന്നിൽ ഡെറ്റണേറ്റർ ഉറപ്പിക്കുന്നു. ഇതിനകത്ത് ശക്തമായ മർദ്ദമേറ്റാൽ പൊട്ടുന്ന വെടിമരുന്ന് നിറച്ചിരിക്കും. കേയ്സിന് മുന്നിലാണ് ബുള്ളറ്റ് ഘടിപ്പിക്കുന്നത്. ഇതാണ് ഞങ്ങ പറയണ വെടിയുണ്ട അഥവാ റൗണ്ട്.

(ബൈദുഫായ്… അഞ്ച് റൗണ്ട് വെടിവെച്ചു എന്ന്വച്ചാൽ വെറും അഞ്ചുണ്ട പൊറപ്പെട്ടു പോയിന്നാണർത്ഥം. അല്ലാതെ അഞ്ചു പ്രാവശ്യം നിരവധി ഉണ്ടകൾ തോക്കിൽ നിറച്ച് കാച്ചം പൂച്ചം കാച്ചി എന്നല്ല.)

തോക്കിന്റെ ബാരലിന് പിന്നിലുള്ള ഭാഗമാണ് ചേംബർ. ബുള്ളറ്റിനെ ബാരലിൽ അൽപം കയറിയിരിക്കുന്ന വിധത്തിൽ നമ്മൾ ബോൾട്ട് വലിച്ച് സെറ്റ് ചെയ്യുന്നു. എന്നിട്ട് കാഞ്ചി വലിക്കുന്നതോടെ ഫയറിംഗ് പിൻ എന്ന മാരണം അതിശക്തമായി ഡെറ്റണേറ്ററിന്റെ നിതംബഭാഗത്തായി ഒരു കുത്തുകൊടുക്കുന്നു.

‘അമ്മേ’യെന്ന് തികച്ചും വിളിക്കാനാവാതെ ഡെറ്റണേറ്റർ പൊട്ടുന്നു. അതിന് കാത്തിരുന്ന കെയ്സിനകത്തെ വെടിമരുന്ന് ‘പഠോ… ഠപ്പോ… പിഷ്ക്യും’ എന്നൊക്കെ നമുക്ക് തരാതരം തോന്നിക്കുന്ന ശബ്ദത്തോടെ പൊട്ടുകയാണ് സുഹൃത്തുക്കളേ…

ചക്കക്കുരുവും കിഴങ്ങും പരിപ്പും ചേർത്താണോ വെടിമരുന്ന് ഉണ്ടാക്കിയതെന്ന് തോന്നുംവിധം കെയ്സിനകത്ത് ഭീകരമായ അളവിൽ പെട്ടെന്ന് ഗ്യാസ് നിറയുകയാണ്. ഗ്യാസിന്റെ പിന്നീന്നുള്ള തള്ള് സഹിക്കാതെ ബുള്ളറ്റ് കേയ്സിൽ നിന്ന് വേർപ്പെട്ട് ബാരലിലൂടെ കീഞ്ഞുപാഞ്ഞ് രക്ഷപ്പെടും.

ഗ്യാസിന്റെ അളവും ബാരൽ നീളവുമാണ് ബുള്ളറ്റിനെ ദൂരങ്ങളിലേക്ക് പറത്തുന്നത്. ഇത് രണ്ടും കൂടുമ്പോൾ ബുള്ളറ്റ് കിലോമീറ്ററുകൾ താണ്ടും. മ്മക്ക് തോക്കിലേക്ക് തിരിച്ചുവരാം.

.303 റൈഫിൾ ബോൾട്ട് ആക്ഷൻ ടൈപ്പാണ്. അതായത് ഓരോ വെടിയ്ക്കും ശേഷം നമ്മൾ തന്നെ ബോൾട്ട് തുറന്നടച്ച് അടുത്ത വെടിയുണ്ടയെ ചേംബറിൽ കയറ്റണം. എന്നാൽ ഓട്ടോമാറ്റിക് – സെമി ഓട്ടോമാറ്റിക് തോക്കുകളിൽ കഥ വേറെയാണ്.

ഞങ്ങളുടെ ട്രെയിനിംഗ് 7.62 mm സെൽഫ് ലോഡിംഗ് റൈഫിൾ എന്ന സെമി ഓട്ടോമാറ്റിക് തോക്കിൽ ആയിരുന്നു. അതിന്റെ ബോൾട്ട് വലിച്ച് ആദ്യ റൗണ്ട് നിറയ്ക്കൽ ലേശം കടുപ്പമായിരുന്നു. ആരോഗ്യമുള്ള ഒരാൾ അത്യാവശ്യം നന്നായി ബലം കൊടുത്താലേ അത് പ്രവർത്തിക്കൂ.

എന്നാൽ ആ വെടിമരുന്ന് പുറത്തുവിടുന്ന ഭീമമായ അളവിലെ ഗ്യാസ് പ്രയോഗിക്കുന്ന ബലത്താൽ വെടിയുണ്ട ഒന്നുരണ്ട് കിലോമീറ്റർ പറക്കുന്നതിനൊപ്പം നേരത്തെ പറഞ്ഞ ബോൾട്ടിനെ തുറന്നടച്ച് അടുത്ത റൗണ്ടിനെ ചേംബറിൽ നിറച്ചിരിക്കും. ഇതിനെല്ലാം പുറമെ റികോയിലിംഗ് എന്ന, തോക്ക് നമ്മുടെ ദേഹത്ത് ഏൽപ്പിക്കുന്ന കനത്ത പ്രഹരവും ഈ ഗ്യാസിന്റെ സംഭാവനയാണ്.

ഞാൻ അദ്ഭുതപ്പെട്ടു പോയി. എന്റെ ചെറുവിരലോളമുള്ള വെടിമരുന്നിലൊളിച്ചിരിക്കുന്ന പ്രചണ്ഡമായ ശക്തിയെ ഞാൻ നമിച്ചു. ആരും കീഴടങ്ങിയേ തീരൂ. ജീവനെ ഒരു ഞൊടി കൊണ്ട് കവരുന്ന അതിന്റെ വഴികളിൽ നിന്ന് അകന്നുനിന്നേ തീരൂ…

തുടരും ………

About sunil jaleel

സുനിൽ ജലീൽ. ഇപ്പോൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. പക്ഷിനിരീക്ഷണം, യാത്രകൾ, ഫോട്ടോഗ്രാഫി എന്നിവ ഹോബികൾ. പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും കുറിപ്പുകൾ എഴുതുന്നു.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment