ലിത്തിയം ബാറ്ററികൾക്ക് തീപിടിക്കുന്നതെന്തുകൊണ്ട് ?

Category: General Articles 232 0

ലിത്തിയം ബാറ്ററികൾക്ക് തീപിടിക്കുന്നതെന്തുകൊണ്ട് ? ഏറ്റവും കൂടുതൽ ഊർജ്ജക്ഷമത നൽകുന്ന ബാറ്ററി ആയതിനാലാണ് ലിത്തിയം ബാറ്ററികൾ കൊണ്ടു നടക്കാവുന്ന ഉപകരണങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്നത്. പക്ഷേ ഈ അടുത്ത കാലത്തായി മൊബൈൽ ഫോണുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഒരു തുടർക്കഥ ആയിരിക്കുകയാണല്ലോ. സാംസംഗ് ഗാലക്സി നോട്ട് 7 ബാറ്ററി തീപിടുത്തത്തെത്തുടർന്ന് പൂർണ്ണമായും വിപണിയിൽ നിന്നും പിൻവലിക്കേണ്ടതായും വന്നു. റെഡ് മി നോട്ട് ത്രി തീ പിടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ വൈറൽ ആകുകയും തുടർന്ന് ഷോമി അതിനു ഒരു വിശദീകരണം നൽകുകയും ഉണ്ടായല്ലോ. അവരുടെ ഫോൺ തന്നെയാണോ കത്തിയത് എന്ന് ഉറപ്പു വരുത്തുക പോലും ചെയ്യാതെ ‘ Non Standard ‘ ചാർജർ ഉപയോഗിച്ചതുകൊണ്ടാണ് തീപിടിച്ചത് എന്നൊരു സ്വയം അപഹാസ്യരാകുന്ന പ്രസ്താവനയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായി.

ലിത്തിയം ബാറ്ററികൾ തീ പിടിക്കുന്ന സം,ഭവങ്ങൾക്ക് ലിത്തിയം ബാറ്ററികളോളം തന്നെ പഴക്കമുണ്ട്. ഫുൾ ചാർജ് ആയതിനു ശേഷവും ഉയർന്ന വോൾട്ടേജിൽ ലിത്തിയം ബാറ്ററികൾ തുടർച്ചയായി ചാർജ് ചെയ്തുകൊണ്ടിരുന്നാൽ ചൂടാവുകയും തീ പിടിക്കുകയും ചെയ്യുമെന്ന കാര്യം ആദ്യ തലമുറ ലിത്തിയം ബാറ്ററികളുടെ കാലം തൊട്ടു തന്നെ അറിവുള്ളതായിരുന്നു. അതിനാൽ ശരിയായ തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാത്തതുകൊണ്ട് ആദ്യ കാലങ്ങളിൽ ധാരാളം അപകടങ്ങളും ഉണ്ടായിരുന്നു. ചാർജിംഗ് മാത്രമല്ല ബാറ്ററി ടെർമിനലുകൾ ഷോർട്ട് ആക്കുന്നതും ലിത്തിയം ബാറ്ററികൾ തീപിടീക്കുന്നതിനും പൊട്ടീത്തെറിക്കുന്നതിനും ഇടയാക്കുന്നു. ഉപഭോക്താക്കൾ ഏതെല്ലാം തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കും എന്ന് മുൻകൂട്ടീ പ്രവചിക്കാൻ കഴിയാത്തതിനാലും ടെർമിനലുകൾ അബദ്ധത്തിൽ ഷോർട്ട് ആകുന്നതു വഴിയും ഉള്ള വലിയ അപകടങ്ങൾ ഒഴിവാക്കാനായി ബാറ്ററി നിർമ്മാതാക്കൾ ലിത്തിയം ബാറ്ററികളുടെ അകത്ത് തന്നെ ചെറിയ ഒരു പ്രൊട്ടൿഷൻ സർക്കീട്ട് കൂടി കൂട്ടിച്ചേർക്കാൻ തുടങ്ങി. നിലവിൽ വിപണിയിലുള്ള സ്മാർട്ട് ഫോൺ ബാറ്ററികൾ ഉൾപ്പെടെയുള്ള എല്ലാ ലിത്തിയം ബാറ്ററികളിലും ഇത്തരത്തിൽ ഒരു പ്രൊട്ടൿഷൻ സർക്കീട്ട് കൂടി ഉണ്ടായിരിക്കും. ബാറ്ററിയുടെ എക്സ്റ്റേണൽ / ഇന്റേണൽ ഷോർട്ട്‌ സർക്കീട്ട് വഴിയും ഓവർ ചാർജിംഗ് വഴിയും ബാറ്ററി പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇതു വഴി കഴിയുന്നു.
സെല്ലുകളുടെ ഇലക്ക്ട്രോഡുകൾ ബാറ്ററിക്കകത്ത് തന്നെ ഷോർട്ട് ആകാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാൻ പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകൾക്കിടയിൽ സെപ്പറേറ്ററുകൾ എന്നറിയപ്പെടുന്ന പ്രത്യേക തരം ഇൻസുലേറ്റർ വലകളും ഉപയോഗിക്കുന്നു.

ഇതൊക്കെയുണ്ടായിട്ടും ബാറ്ററികൾ തീ പിടിക്കുന്നതെന്തുകൊണ്ടാണ്? ചാർജറുകളുടെ കുഴപ്പമാണോ അതോ ബാറ്ററികളുടെ കുഴപ്പമോ? സംശയിക്കേണ്ട ഇവിടെ വില്ലൻ ബാറ്ററി തന്നെ. ഭാരം കുറയ്ക്കാനും കനം കുറയ്ക്കാനുമുള്ള വ്യഗ്രതയിൽ നിർമ്മാതാക്കൾ ലിത്തിയം ബാറ്ററികൾക്ക് അവശ്യം വേണ്ട സുരക്ഷാ മുൻകരുതലുകൾ ഉറപ്പ് വരുത്തുന്നതിൽ പിന്നോട്ട് പോകുന്നതാണ് പ്രധാന കാരണം. ബാറ്ററികളുടെ മെക്കാനിക്കൽ സ്റ്റെബിലിറ്റി കുറയുകയും ഇന്റേണൽ ഷോർട്ട്‌ സർക്കീട്ട് ഒഴിവാക്കാൻ സഹായിക്കുന്ന സെപ്പറേറ്ററുകളുടെ തകരാറുകളും ആണ് ഗാലക്സി നോട്ട് -7 ഉൾപ്പെടെയുള്ള സ്മാർട്ട്‌ ഫോൺ ബാറ്ററികളെ തീ പിടിപ്പിക്കുന്നത്.

വലിയൊരു വാൽക്കഷണം: മൊബൈൽ ഫോൺ ബാറ്ററിയിൽ പോസിറ്റീവും നെഗറ്റീവും കൂടാതെ അധികമായുള്ള ടെർമിനലുകൾ എന്തിനാണ്? മൂന്നു പിന്നുള്ള ബാറ്ററികളിൽ പോസിറ്റീവിനും നെഗറ്റീവിനും പുറമേ മൂന്നാമത്തെ പിൻ ബാറ്ററിയുടെ ഇന്റേണൽ ടെമ്പറേച്ചർ വിവരങ്ങൾ നൽകുന്നു. നാലു പിന്നുള്ള ബാറ്ററികളിൽ നാലാമത്തെ പിൻ BSI (Battery System Indicator, Battery Size indicator, Battery Status Indicator) ആയിരിക്കും. ഏത് തരത്തിലുള്ള ബാറ്ററി ആണ് ഉപയോഗിക്കുന്നത് എന്നതിനെയും ബാറ്ററി കപ്പാസിറ്റിയെക്കുറിച്ചുമുള്ള വിവരങ്ങൾ ചാർജറിനും ഫോണിനും നൽകുക തുടങ്ങിയവയെല്ലാമാണ് പൊതുവേ ഈ നാലാമത്തെ ടെർമിനലിന്റെ ധർമ്മം. ഇതെല്ലാം ഓരോ ഫോണിലും ബാറ്ററിയിലും വ്യത്യാസപ്പെട്ടിരിക്കാം.

 

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment