വെടിപർവ്വം രണ്ടാം ഭാഗം – തോക്ക്

Category: Uncategorized 243 0

ഗൺ ഷോട്ടിൽ നിന്ന് ബോംബ് ബ്ലാസ്റ്റിലേക്ക് നേരിട്ട് ചാടാമെന്നാണ് ഞാൻ കരുതിയതെങ്കിലും നിങ്ങളുടെ ആകാംക്ഷകൾ ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. അതിനാൽ തൽക്കാലം ഞാൻ തോക്കിന്റെ പരിസരത്തു തന്നെ എന്നെ പാറാവ് നിർത്തുകയാണ്.

ആയുധങ്ങളുടെ കാര്യത്തിൽ ക്ലാസിഫിക്കേഷൻ പൂർണ്ണമായി തയാറാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പുതിയവ നിർമ്മിക്കാനും ഉള്ളവ മെച്ചപ്പെടുത്താനുമുള്ള ഗവേഷണങ്ങൾ നിരവധി നടക്കുന്ന രംഗമാണത്. അതുപോലെ, ലോകത്ത് കോടികൾ ഒഴുകുന്ന, ലാഭകരമായ ഒരു വ്യവസായവുമാണ് ആയുധക്കച്ചവടം. ഓരോ ഡീലിലും എണ്ണാനാകാത്തത്ര തുകകൾ.

എങ്കിലും ഉള്ള അറിവുവെച്ച് പൊതുവെ ആയുധങ്ങളെ മൂന്നാക്കി തരം തിരിക്കാം.

1. Heavy Weapons: ഇതൊന്നും നമ്മളിൽ പലരും നിത്യജീവിതത്തിൽ കാണാൻ ഒരു സാധ്യതയുമില്ല. സൈനിക മേഖലയിലാണ് ഇവരുടെ സ്ഥാനം. ഒരു പ്ലാറ്റ്ഫോമിലോ വാഹനത്തിലോ ( കപ്പൽ, വിമാനം ഉൾപ്പെടെ) ഘടിപ്പിച്ച് ഉപയോഗിക്കുന്നവയാണ് ഇവ. ബോഫോഴ്സ് തോക്കൊക്കെ ഓർമ്മയില്ലേ.? ബാരൽ വ്യാസം 100 മില്ലീമീറ്ററിന് മേലേക്കുള്ള ലോഞ്ചറുകൾ പോലുള്ള ആയുധങ്ങളും വിവിധ മിസൈലുകൾ, വലിയ ഷെല്ലുകൾ, ബോംബുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

2. Light Weapons: ആളുകൾക്ക് കൊണ്ടുനടക്കാവുന്ന ആയുധങ്ങളാണ് ഇവ. ലൈറ്റ് എന്ന് പറയുമെങ്കിലും ഇതിൽ ചിലതൊക്കെ എടുത്തുനടക്കാൻ ഒന്നിലധികം പേർ വേണ്ടിവരും. പക്ഷേ സിനിമകളിൽ സിൽവസ്റ്റർ സെബാട്ടി, ആർനോൾഡ് ശിവശങ്കർ തുടങ്ങിയവർക്ക് ഇതിൽ പലതും ചെറുവിരലുകൊണ്ടു പോലും ഉയർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ഞാൻ വിസ്മരിക്കുന്നില്ല.

വലിയ മെഷീൻഗണ്ണുകൾ, വിമാനവേധത്തോക്കുകൾ, ഗ്രനേഡുകൾ, അവയുടെ ലോഞ്ചറുകൾ തുടങ്ങിയവ ഉദാഹരണം. പൊതുവെ 100 മില്ലീമീറ്റർ ബാരൽ വ്യാസത്തിൽ കുറവുള്ള ആയുധങ്ങൾ, വെടിക്കോപ്പുകൾ…

3. Small arms: ദിദാണ് നമ്മ പറഞ്ഞ ടീം. പൊതുവെ 20 മില്ലീമീറ്ററിൽ താഴെ ബാരൽ വ്യാസമുള്ള ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്ന് ഇവയെ പറയാം. നിത്യജീവിതത്തിൽ പലയിടത്തും നമുക്കിവയെ കാണാനാവും. അതിൽ ചിലരെ ഇവിടെ പരിചയപ്പെടുത്താം.

A. റിവോൾവർ: ഇത് ഒരു Handgun ആണ്. സാധാരണയായി ഒരു ബാരലും അഞ്ചോ ആറോ ചേംബറുകളും ഉണ്ടാകും. ചേംബറുകളിൽ റൗണ്ട് നിറക്കുന്നു. കാഞ്ചി വലിക്കുന്നതിനനുസരിച്ച് ചേംബറുകൾ ഓരോന്നായി ബാരലിനു നേരെ കറങ്ങിവരികയും നിറയൊഴിക്കുകയും ചെയ്യും.

ലളിതമായ ഉപകരണമാണിത്. ചേംബറുകൾ ശക്തമല്ലാത്തതിനാൽ ശക്തി കുറഞ്ഞ വെടിയുണ്ടകളേ ഉപയോഗിക്കാനാവൂ. എഫക്റ്റീവ് റേഞ്ച് പൊതുവെ 50 മീറ്റർ എന്നാണ് കണക്കാക്കുന്നത്. എന്നുവെച്ച് 51 മീറ്ററിൽ ചെന്നുനിന്നിട്ട് വെടി കൊണ്ട് തട്ടിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല.

B. പിസ്റ്റൾ: റിവോൾവറുമായി സാധാരണക്കാർക്ക് തെറ്റിപ്പോകാവുന്ന ഒരു Handgun ആണ്. ഒരു ചേംബർ മാത്രമേ ഉള്ളൂ. ഓട്ടോമാറ്റിക് / സെമി ഓട്ടോമാറ്റിക് അവതാരങ്ങൾ ഉണ്ട്. 18 റൗണ്ടുകൾ വരെ നിറയ്ക്കാം. മഗസിൻ (റൗണ്ടുകൾ അടുക്കി നിറക്കാൻ ഉപയോഗിക്കുന്ന ഉപകരണം) ഉപയോഗിച്ചാണ് ഉണ്ടകളെ ചേംബറിന് തിന്നാൻ കൊടുക്കുന്നത്. ഉണ്ട തീർന്നാൽ ഒരു ബട്ടണിൽ അമർത്തിയാൽ മഗസിൻ ഊരിപ്പോരും (ഇല്ലെങ്കിലും പോരും). രണ്ട് മൂന്ന് സെക്കന്റ് കൊണ്ട് അടുത്ത മഗസിൻ കയറ്റാം.

[തീവ്രവാദികളിൽ നിന്ന് തോക്കുകളും തിരകളും ഗ്രനേഡുകളും മാസികകളും പിടിച്ചെടുത്തു എന്ന് ചിലപ്പോഴൊക്കെ പത്രക്കാര് എഴുതുന്നത് ഈ മഗസിനുകളെ കുറിച്ചാണ്. പദാനുപദ മലയാള വിവർത്തനത്തിന്റെ പുണ്യം.]

ബൈദുഫായി… റിവോൾവറും പിസ്റ്റളും കണ്ടാൽ സാമ്യമുണ്ടെങ്കിലും റിവോൾവറിന്റെ കൈപ്പിടിക്ക് മേലെയുള്ള ഭാഗം വശങ്ങളിലേക്ക് ഉരുണ്ടു തള്ളി നിൽക്കും. പിസ്റ്റളിന് ഈ തള്ളൽ ഉണ്ടാവില്ല. സ്ലിമ്മൻ ആയിരിക്കും.

ഒരു ഷൂട്ടൗട്ടിനിടയിൽ പെട്ടുപോയാൽ അക്രമിയുടെ കയ്യിൽ റിവോൾവറാണെന്നു കരുതി ആറ് വെടിയൊച്ച കഴിഞ്ഞ് ഒളിച്ചിരുന്നിടത്തു നിന്ന് എണീറ്റോടരുത് എന്നർത്ഥം. മാത്രമല്ല പിസ്റ്റളിന് റേഞ്ചും കൂടുതലാണ്. 200 മീറ്റർ വരെയൊക്കെ ദൂരെ നിന്നാലും ഉണ്ട കേറും.

C. ഷോട്ട് ഗൺ: ബാങ്കിലും മറ്റും സെക്യൂരിറ്റി ഗാർഡുകളുടെ കൈവശം ഒരു ഇരട്ടക്കുഴൽ തുപ്പാക്കി കണ്ടിട്ടില്ലേ. ഇതിന്റെ ബാരലിന്റെ ഉൾവശം സാധാരണ കുഴൽ പോലെ (smooth bore) ആയിരിക്കും.

ഇതിലുപയോഗിക്കുന്ന തിരകളാണ് യഥാർത്ഥത്തിലുള്ള ഉണ്ടകൾ. കാട്രിജിന്റെ അറ്റത്ത് ഗോളാകൃതിയിലുള്ള (shot) തിരകൾ ആണ് ഉണ്ടാവുക. ഇത്തരം തോക്കുകളിൽ ദൂരത്തേക്ക് ഉന്നം കൃത്യമാവാൻ പ്രയാസമാണ്. കാട്രിജുകൾ പലതരം ലഭ്യമാണ്.

ബാരൽ സ്മൂത്ത് ആയതുകൊണ്ട് ഡിഫൻസ് ഉപയോഗത്തിന് കൂടുതൽ ദൂരവും accuracy -യും ലഭിക്കാൻ വശങ്ങളിൽ rifling grew ഉള്ള തിരകൾ ലഭ്യമാണ്. അതോണ്ട് ബാങ്കിലും മറ്റുമൊക്കെ പോയി ഉടായിപ്പ് കളിക്കാൻ നോക്കരുത്. വെടി കൊണ്ടവൻ വടിയായിടുമെന്നാണ് പഴഞ്ചൊല്ല്.

നാടൻ തോക്കുകളും smooth bore തന്നെയാണ്. പക്ഷേ, ഇവയുടെ ബാരൽ തന്നെയാണ് ചേംബറും കാട്രിജും എല്ലാം. അതായത് ബാരലിലൂടെ വെടിമരുന്നും ഉണ്ടകളും എല്ലാം ക്രമമായി കുത്തി നിറയ്ക്കുകയാണ് ചെയ്യുന്നത്.

D. റൈഫിൾ: മാരകമായ പ്രഹരശേഷിയുള്ള ആയുധമാണിത്. സാധാരണയായി ബാരൽ നീളം 20 ഇഞ്ചിന് മേലെയുള്ള തോക്കുകളാണിവ. ബാരലിന്റെ അകവശം ഒരേ ദിശയിലേക്ക് സ്പൈറൽ ആകൃതിയിൽ തിരിയുന്ന ചുറ്റുകൾ സജ്ജീകരിച്ചിരിക്കും (Rifling). ഇതിലൂടെ തിങ്ങിഞെരുങ്ങി വരുന്ന വെടിയുണ്ട പമ്പരം പോലെ കറങ്ങിയാണ് പുറത്തുപോവുക.

റൈഫിളിൽ നിന്നും ദീർഘദൂരം സഞ്ചരിക്കാനാവുമെന്നതിന്നാൽ അതിന്റെ മാർഗ്ഗത്തിലുള്ള വായു (air ), കാറ്റ് (Wind), ഭൂഗുരുത്വം എന്നിവക്കെല്ലാം ബുള്ളറ്റിനെ സ്വാധീനിക്കാനാവും. വശങ്ങളിൽ നിന്നുള്ള കാറ്റിന് അതിന്റെ വേഗതയനുസരിച്ച് ബുള്ളറ്റിനെ ലക്ഷ്യത്തിൽ നിന്ന് തള്ളിമാറ്റാൻ പോലുമാവും.

ക്രിക്കറ്റ് ബോളിനെ ഉദാഹരിക്കാം. അതിവേഗത്തിൽ ചലിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന വായുവിന്റെ പ്രതിരോധം സമർത്ഥമായി ഉപയോഗിച്ചാണ് ബോളർമാർ ഇൻസ്വിംഗ്, ഔട്ട് സ്വിംഗ്, റിവേഴ്സ് സ്വിംഗ് എന്നിങ്ങനെയുള്ള കൗശലങ്ങൾ പ്രയോഗിക്കുന്നത്.

അവർ പന്ത് ‘തൊട്ടുനക്കുന്നത് ‘ കണ്ടിട്ടില്ലേ.? എന്നിട്ടാ മ്ലേച്ഛന്മാർ സ്വന്തം ഉടുപ്പിൽ തുടയ്ക്കുകയും ചെയ്യും. ഉപ്പ് നോക്കുകയോ വേവ് നോക്കുകയോ അല്ല. പന്തിന്റെ ഒരു പകുതി പരുക്കനാക്കിയും മറുപകുതി വസ്ത്രങ്ങളിൽ തുടച്ച് മിനുക്കിയും സൂക്ഷിക്കുകയാണ്.

എറിയുമ്പോൾ രണ്ടു പകുതിയുടെയും മധ്യം ലംബതലത്തിൽ വരുന്ന വിധം ബോൾ റിലീസ് ചെയ്യും. അത് വായുവിലൂടെ നേരെ പോകുമ്പോൾ പരുക്കനായ പകുതി വായുവിൽ പിടിച്ചു പിടിച്ചാണ് പോവുക. മിനുസമുള്ള ഭാഗത്ത് വായുവിന്റെ പ്രതിരോധം കുറവായതിനാൽ വേഗതയിൽ വലിയ വ്യത്യാസം വരുന്നില്ല. തൽഫലമായി പന്ത് വശത്തേക്ക് വളഞ്ഞുപോകുന്നു. സോ സിംപിൾ…

റൈഫിളിൽ നിന്നുള്ള ബുള്ളറ്റ് അതിവേഗത്തിൽ തിരിഞ്ഞുകൊണ്ട് പോകുന്നതിനാൽ ഏതെങ്കിലും ഒരു വശത്തേക്ക് പാളിപ്പോകാൻ സാധ്യത തീരെ കുറവാണ്. അതിനാൽ അകലെയുള്ള ലക്ഷ്യവും കൃത്യമായി ഭേദിക്കാൻ കഴിയുന്നു.

.303 SMLE, 0.22 പോലുള്ള മാനുവൽ ബോൾട്ട് ആക്ഷൻ ടൈപ്പ് മുതൽ 7.62 SLR, Insas തുടങ്ങിയ സെമി ഓട്ടോമാറ്റിക്, AK 47, M-16 പോലുള്ള ഓട്ടോമാറ്റിക് വിഭാഗങ്ങളിലും റൈഫിളുകൾ കാണപ്പെടുന്നു. രണ്ടും മൂന്നും വിഭാഗങ്ങൾ Gas operated ആണ്. മൂന്നാം വിഭാഗത്തിന് ഒരു മിനിറ്റിൽ 600-ലധികം വെടിയുതിർക്കാനാവും.

ശരാശരി രണ്ട് കിലോമീറ്റർ ദൂരത്തേയ്ക്ക് ബുള്ളറ്റുകളെ പായിക്കുന്ന റൈഫിളുകൾക്ക് അരക്കിലോമീറ്റർ അകലെ നിൽക്കുന്ന ഒരാളെ വധിക്കൽ നിഷ്പ്രയാസമാണ്. ഒരു കിലോമീറ്റർ പോലും അപായപരിധിയാണ്.

വെടിയുണ്ടകൾ ശബ്ദത്തിന്റെ ഇരട്ടി വേഗത്തിലാണ് സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ വേഗത 1235 Feet / സെക്കൻഡ് ആണ്. വെറും 343 മീറ്റർ. ബാരലിലൂടെ പോകുന്ന ബുള്ളറ്റിന്റെ ശരാശരി വേഗത സെക്കൻഡിൽ 2400 അടിക്ക് മേലെയാണെന്ന് ഓർക്കണം. അതായത് സെക്കൻഡിൽ ഏതാണ്ട് മുക്കാൽ കിലോമീറ്റർ..! ശബ്ദം കേട്ട ശേഷം ഒഴിഞ്ഞുമാറാൻ രജനീകാന്തിന് പോലും കഴിയില്ല.

ബാരൽ നീളം കുറഞ്ഞ റൈഫിളുകൾക്ക് കാർബൈൻ (carbine) എന്നാണ് പേര്. അതിൽ നമ്മൾ കണ്ടിട്ടുള്ള ഒന്നാണ് സ്റ്റെൻഗൺ (Sten carbine). രാജാവിന്റെ മകൻ അടക്കം പല സിനിമകളിലും മെഷീൻഗൺ എന്ന് കാണിച്ചത് ഈ സാധനമാണ്. മിനിറ്റിൽ അഞ്ഞൂറിലധികം റൗണ്ട് ഫയർ ചെയ്യാവുന്ന ഐറ്റം. പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുരക്ഷ കുറഞ്ഞ തോക്കാണിത്.

ശബരിമലയിൽ കുറച്ചുവർഷം മുമ്പ് തോക്കിൽ നിന്ന് വെടിയേറ്റ് സൈനികൻ മരിച്ചത് ഓർക്കുന്നുണ്ടോ. ഈ സ്റ്റെൻ ഗണ്ണാണ് പ്രതി. ഒരാൾ സഹപ്രവർത്തകന്റെ കഴുത്തിലേക്ക് തോക്ക് തൂക്കി ഇട്ടു കൊടുത്തതാണ്. ആ കുലുക്കത്തിൽ ഫയർ ആയി. അത്രേ ഉള്ളൂ അതിന്റെ സുരക്ഷ.

അതിനാൽ സ്റ്റെൻ ഗൺ കാണുമ്പോൾ എല്ലാവരും ലേശം അകലം പാലിക്കുന്നത് നന്നായിരിക്കും. ഇപ്പോൾ പൊതു ഇടങ്ങളിൽ സ്റ്റെൻ ഗൺ ഉപയോഗിക്കുന്നില്ല എന്നതാണ് ആശ്വാസം.

തോക്ക് പുരാണം തൽക്കാലം നിർത്തുകയാണ്. ഇനി വെടിമരുന്നുമായി വരാം.

About sunil jaleel

സുനിൽ ജലീൽ. ഇപ്പോൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. പക്ഷിനിരീക്ഷണം, യാത്രകൾ, ഫോട്ടോഗ്രാഫി എന്നിവ ഹോബികൾ. പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും കുറിപ്പുകൾ എഴുതുന്നു.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment