പ്ലാസ്റ്റിക്കിനെ അറിയാം

Category: Articles 1,370 0

പ്ലാസ്റ്റിക്കിനെ അറിയാം: സുരക്ഷിതമായതും, ഹാനികരമായതും ഏതൊക്കെ?

പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ടാവും, പ്ലാസ്റ്റിക് ആരോഗ്യത്തിനു ഹാനികരമാണ്, ഇതിന്റെ ഉപയോഗം കഴിവതും കുറയ്ക്കണം എന്നൊക്കെ.

എന്നാൽ പ്ലാസ്റ്റിക്കുകൾ പല വിധം ഉണ്ടെന്നും, അവയുടെ രാസഘടനയും, സ്വഭാവഗുണങ്ങളും വ്യത്യസപ്പെട്ടിരിക്കും എന്നും അറിയാമോ?

ഏതുതരം പ്ലാസ്റ്റിക്കുകൾ ആണ് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതെന്നും, അവയിൽ ഏതൊക്കെയാണ് ‘താരതമ്യേന’ സുരക്ഷിതമായി ഉപയോഗിക്കാമെന്നതും ആണ് ഈ ലേഖനത്തിൽ പറയുന്നത്.

കൃത്രിമമായതോ, പ്രകൃതി ജന്യമായതും കൃത്രിമമായതുമായതുമായി കൂട്ടിച്ചേർത്ത കാർബണിക മിശ്രണങ്ങളായ ‘പോളിമർ’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകൾ എന്ന് പറയുന്നത്.

Plastikos എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്, പ്ലാസ്റ്റിക് എന്ന പദം ഉണ്ടായത്.

Plastikos എന്ന് പറഞ്ഞാൽ രൂപപ്പെടുത്തി അല്ലെങ്കിൽ അച്ചിൽ ഒഴിച്ചു രൂപഭേദം വരുത്താവുന്ന വസ്തു എന്നർത്ഥം.

ഇവയുടെ നിർമ്മാണ വേളയിൽ ഈ സംയുക്തങ്ങളെ യഥാവിധം അച്ചിൽ ഒഴിച്ചു രൂപപ്പെടുത്തിയെടുക്കാവുന്നതും,
ആവശ്യത്തിനനുസരിച്ചു പല രൂപത്തിൽ നീട്ടി വലിച്ചു രൂപാന്തരം പ്രാപിപ്പിക്കാൻ സാദ്ധ്യമായതുമാണ്.

കുറഞ്ഞ തന്മാത്രാ തൂക്കമുള്ള ധാരാളം ആവര്ത്തിക ഏകകങ്ങളായ ‘മോണോമറിൽ നിന്ന് രൂപം കൊള്ളുന്ന തന്മാത്രാ ഭാരം കൂടിയ സംയുക്തങ്ങളാണ് പോളിമറുകൾ എന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടാവുമല്ലോ?

അതുപോലെ ചെറിയ ചെറിയ ‘മോണോമർ’ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് PVC എന്ന് കേട്ടിട്ടുണ്ടാവുമല്ലോ?

‘വിനൈൽ ക്ലോറൈഡ്’ എന്ന മോണോമർ തന്മാത്രകളെ രാസപ്രവർത്തനം നടത്തി (polymerization) നടത്തിയാണ് PVC അഥവാ പോളി വിനൈൽ ക്ലോറൈഡ് ഉണ്ടാക്കുന്നത്.

വ്യാവസായിക അടിസ്ഥാനത്തിൽ പല തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ പ്രചാരത്തിൽ ഉണ്ട്.

എന്നിരുന്നാലും, നിത്യ ജീവിതത്തിൽ പലതരം പ്ലാസ്റ്റിക്കുകളും ഉപയോഗിക്കാറുണ്ട്.

ഉദാഹരണത്തിന് നൈലോൺ ഇത് Polyamides ആണ്, ടൂത്ത്ബ്രൂഷിന്റെ നാരുകൾ ((bristles), മൽസ്യ ബന്ധനത്തിനുപയോഗിക്കുന്ന വലകൾ, വസ്ത്രങ്ങൾ ഇവ നിർമ്മിക്കാൻ നൈലോൺ ഉപയോഗിക്കാറുണ്ട്.

അതുപോലെ ഒന്നാണ് Polyester, പോളി എസ്സ്റ്റർ ഉടുപ്പുകൾ ഒക്കെ ഇട്ടിട്ടുണ്ടാവുമല്ലോ? നാരുകൾ ഉണ്ടാക്കുവാനും Polyester ഉപയോഗിക്കാറുണ്ട്.

പോളിത്തീൻ അല്ലെങ്കിൽ Polyethylene നെ ക്കുറിച്ചു കേൾക്കാത്തവർ ഉണ്ടാവില്ലല്ലോ?

സൂപ്പർമാർക്കറ്റുകളിൽ നിന്നും കിട്ടുന്ന ബാഗുകൾ ഒക്കെ Polyethylene ആണ്.

പാൽപാത്രങ്ങൾ (പ്ലാസ്റ്റിക്), ജ്യൂസ് വരുന്ന ബോട്ടിലുകൾ ഇവയൊക്കെ, ഡിറ്റർജെന്റ് ബോട്ടിലുകൾ ഇവയൊക്കെ HDPE High-density polyethylene എന്ന പ്ലാസ്റ്റിക്കാണ്.

മേശയിൽ വിരിക്കുന്ന ‘മേശവിരി’ നിലത്തിടുന്ന ‘പോളിത്തീൻ ഫ്ലോറുകൾ’, പന്തൽ ഇടാൻ ഉപയോഗിക്കുന്ന വിരിപ്പ് ഇവയൊക്കെ LDPE (Low-density polyethylene) ആണ്.

കുപ്പിയുടെ അടപ്പ്, കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോ ഇവ Polypropylene ആണ്.

ഇനിയുമുണ്ട് ഇതേപോലെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കുറച്ച് ഉദാഹരങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ.

പ്ലാസ്റ്റിക്കുകളെ തെർമോപ്ലാസ്റ്റിക്, തെർമോസെറ്റിങ് പ്ലാസ്റ്റിക് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

ചൂടു തട്ടിയാൽ മൃദുവാകയും തണുത്താൽ ഉറക്കുകയും ചെയ്യുന്ന പ്രത്യേകത ഉള്ള പ്ലാസ്റ്റിക്കുകളാണ് തെർമോപ്ലാസ്റ്റിക്. ഇവയെ എത്ര പ്രാവശ്യം വേണമെങ്കിലും ചൂടാക്കുകയും, തണുപ്പിക്കുകയും ചെയ്യാം.

എന്നാൽ, തെർമോസെറ്റിങ് പ്ലാസ്റ്റിക്ക് ഒരിക്കൽ മാത്രമേ ചൂടാക്കാൻ പറ്റൂ.

പിന്നീട് അതിന്റെ പ്ലാസ്റ്റിക് ഗുണങ്ങൾ തിരികെ കിട്ടില്ല.

നമ്മൾ ദൈനം ദിനം കാണുന്ന പല പ്ലാസ്റ്റിക്കുകളും തെർമോപ്ലാസ്റ്റിക് ആണ്. ഇവ പുനചംക്രമണം (recycle) ചെയ്യാൻ പറ്റിയ പ്ലാസ്റ്റിക്കുകൾ ആണ്.

പുനചംക്രമണം (recycle) ചെയ്യാനുള്ള സൗകര്യത്തിന് തെർമോ പ്ലാസ്റ്റിക്കുകൾക്ക് നിശ്ചിത നമ്പറുകൾ കൊടുത്തിട്ടുണ്ട്.

ഇതിനെ Resin identification code എന്നാണ് പറയുന്നത്.

 

“#1” – PET പോളിഎഥിലീൻ ടെറഫ് താലേറ്റ് (ഉദാഹരണം; ശുദ്ധജലം നിറച്ച സുതാര്യമായ കുപ്പികൾ)

“#2” – HDPE ഹൈ ഡെൻസിറ്റി പോളിഎഥിലീൻ

“#3” -PVC പോളി വിനൈൽ ക്ലോറൈഡ്

“#4” – LDPE ലോ ഡെൻസിറ്റി പോളി എഥിലീൻ

“#5” – PP പോളി പ്രോപ്പിലീൻ

“#6” – PS പോളി സ്റ്റൈറീൻ

“#7” -മറ്റുളളവ

Resin identification code നെ പ്പറ്റി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

1. ഈ കോഡിങ്ങ് കാര്യക്ഷമായി ഉപയോഗിച്ച പ്ലാസ്റ്റിക് പുനചംക്രമണം (recycle) ചെയ്യാനായി 1988 ൽ അമേരിക്കയിൽ ഉള്ള Society of the Plastics ആണ് ഇത് പ്രവൃത്തികമാക്കിയത്.

2. കോഡുകൾ പ്ലാസ്റ്റിക്കിന്റെ ടോക്സിസിറ്റിയോ സുരക്ഷയോ സൂചിപ്പിക്കാനുള്ളതല്ല. ഏതു തരം പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉപഭോക്താവിനും, പ്ലാസ്റ്റിക് പുനചംക്രമണം (recycle) ചെയ്യുന്ന കമ്പനികൾക്കും അറിയാനാണ്.

3. ആറുതരം പ്ലാസ്റ്റിക്കുകൾ മാത്രമേ, ഈ കോഡ് വഴി തിരിച്ചറിയാൻ പറ്റുള്ളൂ. # 7 മറ്റുള്ള പ്ലാസ്റ്റിക്കുകളെ പൊതുവായി സൂചിപ്പിക്കാനാണ്.

ഇനി പൊതുവായ ചില കാര്യങ്ങൾ പറയാം.

ആദ്യം “#1” – PET പോളിഎഥിലീൻ ടെറഫ് താലേറ്റ് (ഉദാഹരണം; ശുദ്ധജലം നിറച്ച സുതാര്യമായ കുപ്പികൾ). കമ്പനികൾ ഇവ ഒരു പ്രാവശ്യത്തെ ഉപയോഗത്തിനായി ഉണ്ടാക്കുന്നതാണ്.

രണ്ടു പ്രശ്നങ്ങൾ ആണ് ഇവയ്ക്കുള്ളത്. ഒന്ന് ഇതിൽ നിന്നും കാലക്രമേണ പുറത്തുവരാവുന്ന കെമിക്കലുകളും (ആന്റിമണി), പിന്നെ സ്ഥിരമായ ഉപയോഗം കൊണ്ട് അകമേ ഉണ്ടാവുന്ന ചെറിയ പോറൽ (scratch) ഭാഗങ്ങളിൽ ബാക്ടീരിയ ഉണ്ടാവാനുള്ള സാദ്ധ്യതകളും.

Arizona State യൂണിവേഴ്സിറ്റിയിൽ ഒൻപതു PET പോളിഎഥിലീൻ ടെറഫ് താലേറ്റ് ബോട്ടിലുകളിൽ നടത്തിയ പഠനത്തിൽ (“Antimony leaching from polyethylene terephthalate (PET) plastic used for bottled drinking water.” Westerhoff, Paul, et al. Water Research 42.3 (2008): 551-556.) ആരംഭത്തിൽ 0.195 parts per billion (ppb). (അല്ലെങ്കിൽ 0.000195 mg/ലിറ്റർ) മൂന്നു മാസത്തിനു ശേഷം 0.226 parts per billion (അല്ലെങ്കിൽ 0.000226 mg/ലിറ്റർ) ആണെന്നും കണ്ടെത്തി. ഇത് The US Environmental Protection Agency യുടെ കണക്കു പ്രകാരം വളരെ കുറഞ്ഞ അളവാണ്.

ആന്റിമണി യുടെ അനുവദനീയമായ അളവ് 6 parts per billion (ppb) ആണ്, അതായത് 0.006 mg/ലിറ്റർ). എന്നിരുന്നാലും ബാക്ടീരിയ വളരുവാനുള്ള സാദ്ധ്യത വളരെക്കൂടുതൽ ആണ്.

ഓരോ ഉപയോഗം കഴിഞ്ഞും ബ്രുഷും, ചൂട് വെള്ളവും, സോപ്പും ഉപയോഗിച്ചു കഴുകുവാൻ പറ്റുമെങ്കിൽ മാത്രമേ പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം കുടിക്കുവാനായി എടുക്കാവൂ.

വാ വട്ടം കുറഞ്ഞ ശുദ്ധജലം നിറച്ചു വരുന്ന സുതാര്യമായ കുപ്പികൾ ഇങ്ങനെ ഓരോ പ്രാവശ്യവും കഴുകുക പ്രാവർത്തികം അല്ലല്ലോ? അതിനാൽ PET പോളിഎഥിലീൻ ടെറഫ് താലേറ്റ് കുപ്പികൾ ഒരു പ്രാവശ്യമേ ഉപയോഗിക്കാവൂ.

അതായത് അവ വെള്ളം നിറച്ചു വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറ്റുന്നതല്ല എന്ന് മനസ്സിലായല്ലോ?

ഇതു കൂടാതെ വേറൊരു കാര്യം കൂടി Arizona State യൂണിവേഴ്സിറ്റിയിൽ നടത്തിയ ഈ പഠനത്തിൽ കണ്ടെത്തി

“Antimony leaching from polyethylene terephthalate (PET) plastic used for bottled drinking water.” Westerhoff, Paul, et al. Water Research 42.3 (2008): 551-556 പറയുന്നുണ്ട് “Clearly, only a small fraction of the antimony in PET plastic bottles is released into the water. Still, the use of alternative types of plastics that do not leach antimony should be considered, especially for climates where exposure to extreme conditions can promote antimony release from PET plastics.”

അതായത് കാലാവസ്ഥ വ്യത്യസം കൊണ്ട് ആന്റിമണിയുടെ സാന്നിദ്ധ്യം കൂടാം.

ചുരുക്കിപ്പറഞ്ഞാൽ സുതാര്യമായ PET പോളിഎഥിലീൻ ടെറഫ് താലേറ്റ് വെള്ളം കുപ്പികൾ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം കളയുന്നത് ആണ് ഉത്തമം.

അപ്പോൾ വെള്ളം കുടിക്കാൻ ഏറ്റവും ഉത്തമം ഏത് വാട്ടർ ബോട്ടിൽ ആണ്?

പ്ലാസ്റ്റിക്ക് വാട്ടർ ബോട്ടിലിൽ വെള്ളം കുടിക്കുന്നതിലും ഉത്തമം ഗ്ലാസ്സിലോ, സ്റ്റീൽ പാത്രത്തിലോ ആണ്.

സുതാര്യമായ PET പോളിഎഥിലീൻ ടെറഫ് താലേറ്റ് വെള്ളം കുപ്പികൾ വീണ്ടും വീണ്ടും ഉപയോഗിക്കാൻ ഒട്ടും അനുയോജ്യമല്ല എന്നും പറഞ്ഞല്ലോ?

ഉള്ള പ്ലാസ്റ്റിക്കുകളിൽ താരതമ്യേന സുരക്ഷിതം സാധാരണ വെള്ള ക്കളറിൽ ഉള്ള “PP പോളി പ്രോപ്പിലീൻ (plastic #5), ബോട്ടിലുകൾ ആണ്.

ഇതു കൂടാതെ High-density polyethylene HDPE (plastic #2), low-density polyethylene (LDPE, plastic #4) തുടങ്ങിയവയും മറ്റുള്ളവയെ അപേക്ഷിച്ചു താരതമ്യേന സുരക്ഷിതമാണ്.

പക്ഷെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്, ബാക്ടീരിയ മാലിന്യം കുറയ്ക്കാൻ വാട്ടർ ബോട്ടിലുകൾ സോപ്പ് ഉപയോഗിച്ച്, ബ്രഷ് കൊണ്ട് ചൂട് വെള്ളത്തിൽ ദിവസവും കഴുകണം.

സ്കൂളിലും ഓഫീസിലും സ്ഥിരമായി ഉപയോഗിക്കാൻ സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ആണ് അഭികാമ്യം എന്ന് ഒന്നു കൂടി അടിവരയിട്ടു പറയട്ടെ. ഇവയും സോപ്പ് ഉപയോഗിച്ച്, ബ്രഷ് കൊണ്ട് ചൂട് വെള്ളത്തിൽ ദിവസവും കഴുകണം.

അപ്പോൾ താരതമ്യേന അപകടം നിറഞ്ഞ പ്ലാസ്റ്റിക്കുകൾ ഏതൊക്കെയാണ്?

Resin identification code #1 ആയ PET പോളിഎഥിലീൻ ടെറഫ് താലേറ്റിന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ?

ഇതു കൂടാതെ plastic #3, 6, 7 (polycarbonate) ഇവയും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യാൻ ഒഴിവാക്കേണ്ടതാണ്.

“#3” -PVC പോളി വിനൈൽ ക്ലോറൈഡ് ആണ് ഏറ്റവും അപകടകാരിയും, വിഷലിപ്തത (Toxicity:) ഉള്ളതും bisphenol A (BPA), phthalates, lead, dioxins, mercury, cadmium തുടങ്ങിയ ടോക്സിക് ആയ പദാർത്ഥങ്ങൾ കാണാനുള്ള സാദ്ധ്യത #3” -PVC പോളി വിനൈൽ ക്ലോറൈഡിൽ ഉണ്ട്.

“#6” – PS പോളി സ്റ്റൈറീനിൽ നിന്നും വിഷലിപ്തമായ (Toxic) സ്റ്റൈറീൻ പുറത്തു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തലച്ചോറിനെയും, നാഡീവ്യൂഹത്തെയും ബാധിക്കാൻ സാദ്ധ്യത ഉള്ളതാണ്. അതു കൊണ്ട് പൂർണ്ണമായും ഇവ ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നതിൽ നിന്നും ഒഴിവാക്കണം.

പ്ലാസ്റ്റിക് # 7 എന്നാൽ മറ്റുള്ള എല്ലാ പ്ലാസ്റ്റിക്കുകൾക്കും പൊതുവായി പറയുന്നതാണ്. പ്രധാനമായും polycarbonate ആണ് പ്ലാസ്റ്റിക് # 7 ആയി കാണാറുള്ളത്. ഇതിൽ ടോക്സിക് ആയ bisphenol A (BPA) ഉള്ളതു കൊണ്ട് ഹാര സാധനങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നതിൽ നിന്നും ഒഴിവാക്കണം.

അപ്പോൾ Resin identification code നമ്പർ ഇല്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളോ?

ഒഴിവാക്കണം. ഇവ മുകളിൽ പറഞ്ഞ എന്തു വസ്തു കൊണ്ടാണ് നിർമ്മിച്ചത് എന്നറിയാൻ ഒരു മാർഗ്ഗവും ഇല്ലല്ലോ?

എല്ലാം കൂടി ഒന്ന് ചുരുക്കി പറയുമോ?

അതായത് Resin identification code 2, 4 , 5 നമ്പർ പ്ലാസ്റ്റിക്കുകൾ “PP പോളി പ്രോപ്പിലീൻ (plastic #5), High-density polyethylene HDPE (plastic #2), low-density polyethylene (LDPE, plastic #4), അത്യാവശ്യമായി വളരെ നിയന്ത്രിതമായ അളവിൽ ഭക്ഷണ സാധനങ്ങൾ കഴിക്കുവാനും, കുടിക്കുവാനും ഉപയോഗിക്കാം.
പ്ലാസ്റ്റിക്ക് #1 PET പോളിഎഥിലീൻ ടെറഫ് താലേറ്റിന്റെ plastic #3 (PVC പോളി വിനൈൽ ക്ലോറൈഡ്), #6 – PS പോളി സ്റ്റൈറീൻ, “#7” -മറ്റുളളവ (polycarbonate) ഇവയും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യാൻ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ Resin identification code അറിയാത്ത പ്ലാസ്റ്റിക്കുകൾ ആഹാരം കൈകാര്യം ചെയ്യാൻ ഉപയോഗിക്കരുത്.
എഴുതിയത് സുരേഷ് സി. പിള്ള

കൂടുതൽ വായനയ്ക്ക്/ References

1) “Antimony leaching from polyethylene terephthalate (PET) plastic used for bottled drinking water.” Westerhoff, Paul, et al. Water Research 42.3 (2008): 551-556.

2) Palombini, Felipe Luis, Mariana Kuhl Cidade, and Jocelise Jacques de Jacques. “How sustainable is organic packaging? A design method for recyclability assessment via a social perspective: A case study of Porto Alegre city (Brazil).” Journal of Cleaner Production 142 (2017): 2593-2605.

3) Hong, Miao, and Eugene Y-X. Chen. “Chemically recyclable polymers: a circular economy approach to sustainability.” Green Chemistry 19.16 (2017): 3692-3706.

4) Yang, Chun Z.; Yaniger, Stuart I.; Jordan, V. Craig; Klein, Daniel J.; Bittner, George D. (2 March 2011). “Most Plastic Products Release Estrogenic Chemicals: A Potential Health Problem That Can Be Solved”. Environmental Health Perspectives. 119 (7): 989–996.

Author  #SureshCPillai

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment