എന്താണ് white ribbon campaign ?

Category: Articles 341 0
സുരേഷ് സി പിള്ള എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് :

“മാടമ്പള്ളീലെ താക്കോലെടുക്കാൻ….. നീയെന്തിനാ…… ദാസപ്പാ…. കിണറ്റിൽ ഇറങ്ങുന്നേ?”

മാടമ്പള്ളീൽ മറന്നു വച്ച താക്കോലെടുക്കാൻ മാടമ്പള്ളീൽ തന്നെ പോണം.

അല്ലാതെ ഉണ്ണിത്താൻ ചേട്ടന്റെ കിണറ്റിലിറങ്ങിയാൽ താക്കോൽ കിട്ടുവോ?

ഇല്ല.

പക്ഷെ നമ്മുടെ നാട്ടിലെ ചില ഇടപെടലുകൾ കണ്ടാൽ മാടമ്പള്ളീല താക്കോലെടുക്കാൻ ഉണ്ണിത്താൻ ചേട്ടന്റെ കിണറ്റിലിറങ്ങിയ പോലെ തോന്നും.

പറഞ്ഞു വരുന്നത് സ്ത്രീ പീഡനങ്ങൾ കൂടി വരുന്നത് പ്രമാണിച്ചുള്ള സദാചാര ക്ലാസുകൾ (അതും ആൺ കുട്ടികളെ ഒഴിവാക്കി) നടത്തുന്നത് പെൺ കുട്ടികൾക്കാണ്.

എന്തൊരു വിരോധാഭാസമാണ്?

ഈ അടുത്തയിടയ്ക്കും ഒരു പ്രമുഖകോളേജിൽ ആൺകുട്ടികളെ ഒഴിവാക്കി പെൺകുട്ടികൾക്കായി സദാചാര ക്ലാസുകൾ നടത്തി എന്ന് കണ്ടു. പീഡനം തടയണം എങ്കിൽ ആൺ കുട്ടികളെയല്ലേ, ബോധ വൽക്കരിക്കേണ്ടത്? നമുക്കെന്താ ഇത് ഇതുവരെ മനസ്സിലാകാത്തത്?

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പുരുഷൻ മാരെ ബോധ വൽക്കരിക്കുന്ന പ്രചാരണത്തിന്റെ പേരാണ്, white ribbon campaign.

സ്ത്രീ സുരക്ഷ ഉറപ്പാക്കാനും, സ്ട്രീകൾക്കെതിരെയുള്ള ആക്രമണം തടയാനും, പുരുഷന്മാരെ ബോധവൽക്കരിക്കുന്ന, പുരുഷന്മാരുടെ പ്രചാരണ പ്രസ്ഥാനമാണ്, white ribbon campaign.

മിക്ക രാജ്യങ്ങളിലും ഇതിന്റെ ശാഖകൾ ഉണ്ട്. സ്ത്രീസ്വാതന്ത്യ്രവാദി അനുകൂലികളായ ഒരു പറ്റം പുരുഷന്മാർ ആണ് ഇതിന്റെ പിന്നിൽ.

ഈ സംഘടന ശക്തിപ്പെടാൻ കാരണം കാനഡയിലെ École Polytechnique ൽ നടന്ന കൂട്ടക്കൊലയാണ്. ഇരുപത്തഞ്ചു കാരനായ മാർക്ക് ലെപ്പേൻ എന്നയാൾ ‘feminism’ എന്ന ആശയം തകർക്കാനായി പതിനാലു സ്ത്രീകളെയാണ് വെടിവച്ചു കൊന്നത്.

അതിനു ശേഷം, സ്ത്രീ സുരക്ഷയെപ്പറ്റിയും, ലിംഗ സമത്വത്തെപ്പറ്റിയും പുരുഷന്മാരിൽ അവബോധം ഉണ്ടാക്കുവാനുള്ള ദൗത്യം ഇവർ ഏറ്റെടുത്തു.

അറുപതോളം രാജ്യങ്ങളിൽ ഈ സംഘടന ശക്തമാണ്. ഇന്ത്യയിൽ ഇതിന്റെ ശക്തമായ സാന്നിദ്ധ്യത്തെ ക്കുറിച്ചു അധികം റിപ്പോർട്ടുകൾ ഇല്ല.

യൂ. കെ. യിൽ മാത്രം 25,000 പ്രവർത്തകർ ഈ സംഘടനയിൽ ഉണ്ട്. ഇവർ സ്കൂളുകളിലും, പൊതു വേദികളിലും ലിംഗ സമത്വത്തെപ്പറ്റി സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.

എന്തൊക്കെയാണ് വെള്ള റിബ്ബൺ സംഘടനയുടെ ലക്ഷ്യങ്ങൾ?

ഇത് പുരുഷന്മാരിൽ, സ്ത്രീ സമത്വം ഉണ്ടാക്കുവാനായി പുരുഷന്മാരുടെ സംഘടനയാണ്.

സ്കൂളുകളിൽ, പൊതു സ്ഥലങ്ങളിൽ, കോളേജുകളിൽ, വീടുകളിൽ എല്ലാം സ്ത്രീ സമത്വത്തെ പ്പറ്റി ബോധവൽക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കൂടാതെ ബോധവൽക്കരണത്തിനായി ധനശേഖരണവും, തൊഴിൽ ഇടങ്ങളിലും സമൂഹത്തിലും, സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതും ഇതിന്റെ ലക്ഷ്യങ്ങൾ ആണ്.

1999, ൽ United Nations General Assembly നവംബർ 25 ‘International Day for the Elimination of Violence against Women’, ആയി തിരഞ്ഞെടുത്തു. അതിന്റെ അടയാളം ആണ് ഈ വെള്ള റിബ്ബൺ.

ഇപ്പോൾ എഴുതാൻ കാരണം, ഇനി ഏകദേശം രണ്ടു മാസമേയുള്ളൂ നവംബർ 25 ആകാൻ.

എന്താണ് White Ribbon ആഴ്ചയിൽ (നവംബർ 25) നടക്കുന്നത്?

കൂടുതൽ സമാന ചിന്താഗതിയുള്ള ആൾക്കാരെ ഇതിലേക്ക് ആകർഷിക്കുവാനായി ഈ സംഘടനയിൽ ഉള്ളവർ ഷർട്ടിൽ വെള്ള റിബ്ബൺ ധരിക്കും. സ്കൂളുകളിലും കോളേജുകളിലും ആൺ കുട്ടികളോടായി സ്ത്രീ സുരക്ഷയെപ്പറ്റിയും, സ്ത്രീ സമത്വത്തെ പറ്റിയും പ്രഭാഷണങ്ങൾ നടത്തും. സംഘടനയുടെ പ്രത്യേകത കൊണ്ടു തന്നെ ധാരാളം ദൃശ്യ, ശ്രവ്യ മീഡിയകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്.

നമുക്ക് എന്ത് ചെയ്യാൻ പറ്റും?

ഇന്ത്യയിലെ ശക്തമായ ഒരു വെള്ള റിബ്ബൺ പ്രചാരണം കേരളത്തിൽ നിന്നും നവംബർ 25 നു തുടങ്ങട്ടെ. അതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോളെ തുടങ്ങാം. കോളേജിൽ പഠിക്കുന്ന യുവാക്കൾ ആരെങ്കിലും മുൻകൈ എടുക്കുമോ?

സമാന ചിന്താഗതികൾ ഉള്ള ധാരാളം യുവാക്കൾ ഉണ്ടാവും.

ഇതൊരു വിപ്ലവം ആയി മാറട്ടെ, എല്ലാ കോളേജിലും പത്തു പ്രവർത്തകർ മതി.

നാഷണൽ സർവീസ് സ്കീമിന്റെയോ, സ്കൗട്ടിന്റെയോ, രാക്ഷ്ട്രീയം ഇല്ലാത്ത മറ്റു സന്നദ്ധ സംഘടനകളുടെയോ ഭാഗമായി തുടങ്ങാം.

   എഴുതിയത് സുരേഷ് സി.പിള്ള

കൂടുതൽ വായനയ്ക്ക്

1) Ribbons highlight domestic abuse, http://news.bbc.co.uk/…/uk_ne…/england/wiltshire/8372874.stm

2) BBC Radio Merseyside – White Ribbon Campaign
https://www.youtube.com/watch?v=QQXYJRAGTf0

3) White ribbon campaign UK http://www.whiteribboncampaign.co.uk/FAQs

4) What is the White Ribbon Campaign?http://www.whiteribbon.ie/about.html

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment