വെടികാണ്ഡം നാലാം ഭാഗം.

Category: Uncategorized 143 0

പലപ്പോഴും നാം തെറ്റായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ബോംബ്. സിനിമാക്കാരാണ് ഇവിടെയും പ്രശ്നക്കാർ. ചാക്കുനൂലു കൊണ്ട് കെട്ടിയതും എൽ.ഇ.ഡി ലൈറ്റൊക്കെയിട്ട് ഫാനിന്റെ കപ്പാസിറ്ററുപോലെന്തൊക്കെയോ വെച്ച് കുറെ വയറുകളുമൊക്കെ ചുറ്റിക്കെട്ടിയതുമെല്ലാം ഒരേ ഗണം – ബോംബ്. അതിൽ ടൈമർ വെച്ചാൽ ടൈംബോംബ്. സിനിമയിൽ അത്രേള്ളൂ.

കുറച്ചുവർഷം മുമ്പൊക്കെ കണ്ണൂരിലും മറ്റും ബോംബെറിഞ്ഞ് കൊന്നു എന്നൊക്കെ സ്ഥിരം വാർത്തയുണ്ടായിരുന്നത് ഓർമ്മയുണ്ടോ.

യഥാർത്ഥത്തിൽ, ശക്തമായി എവിടെയെങ്കിലും തട്ടിയാൽ പൊട്ടിത്തെറിക്കുന്ന തരം വെടിമരുന്നും അതിന്റെ കൂടെ പരിക്ക് ഗുരുതരമാക്കാനായി ആണികൾ, ചില്ലുകൾ എന്നിവയും നിറച്ച പടക്കങ്ങളാണ് മേൽപ്പടി ‘ബോംബുകൾ’. കളിത്തോക്കിൽ ഉപയോഗിക്കുന്ന പൊട്ടാസിന്റെ അൽപം വലിയ രൂപമെന്ന് പറയാം.

അമർത്തിയാലും പൊട്ടുമെന്നതിനാൽത്തന്നെ ഈ പടക്കങ്ങൾ നിർമ്മിക്കവെ പൊട്ടിത്തെറിച്ച് പരിക്കേറ്റവരും മരിച്ചവരും കുറേയുണ്ടായിരുന്നു. ആണിയും മറ്റുമില്ലെങ്കിൽ തീരെ ചെറിയ കില്ലിംഗ് റേഡിയസാണ് ഇവയ്ക്കുള്ളത്. നെഞ്ചിലോ തലയിലോ തട്ടിപ്പൊട്ടിയാൽ ഒരുപക്ഷേ മരിച്ചേക്കാം… അത്രമാത്രം.

ആദ്യലക്കത്തിൽ നാം പരിചയപ്പെട്ട Low Explosive (L.E) ഓർക്കുന്നുണ്ടോ. വെടിയുണ്ടയിൽ ഉപയോഗിക്കുന്നവ.

അതിനെക്കാൾ ഉയർന്ന സ്ഫോടന ശക്തിയുള്ളവയാണ് High Explosives ( H.E ). തോക്കിലൊക്കെ ഉപയോഗിച്ചാൽ തോക്കു തന്നെ ചിതറിപ്പോകും. അതിഭീകരമാണ് ഇവയുടെ ശക്തി. സൈനികമേഖലയിൽ ഉപയോഗിക്കുന്ന ഇവറ്റകളെ നാമങ്ങനെ കാണാറില്ല.

ബോംബെന്ന് നാം തെറ്റിദ്ധരിക്കുന്ന മറ്റൊന്ന് ഗ്രനേഡുകളാണ്. ചിതറിത്തെറിക്കാൻ ഡിസൈൻ ചെയ്ത ലോഹച്ചീളുകൾ ചേർത്ത് നിർമ്മിക്കപ്പെട്ട ഒരു പുറന്തോടിൽ ലേശം H.E വെടിമരുന്ന് നിറച്ചതാണിത്. അതെ…. സിനിമയിലൊക്കെ കടിച്ച് വലിച്ചെറിയുന്ന ഉണ്ടംപൊരി പോലെ കാണിക്കുന്ന ആ സാധനം തന്നെ.

സിനിമയിലല്ലാതെ കടിച്ചൂരിയാൽ മിക്കവാറും പല്ല് പറിഞ്ഞുപോകാൻ സാധ്യതയുണ്ടെന്നതാണ് കാര്യം. അത്രയും ബലം പിടിച്ചാലേ സേഫ്റ്റി പിൻ ഊരാനാവൂ. ഇത് വലിച്ചൂരിയ ശേഷം എറിയുന്നതോടെ ഹാൻഡിലുമായി ഘടിപ്പിച്ച ഒരു സ്പ്രിംഗ് റിലീസ് ആകുന്നു. ഇതുവന്ന് അടിക്കുന്നതോടെ അതിന്റെ അറ്റത്തുള്ള പ്രൈമർ കത്തി ഗ്രനേഡിനകത്തുള്ള ഫ്യൂസ് വയറിന് തീപിടിക്കുന്നു.

നമ്മുടെ അമിട്ടിലും ഗുണ്ടിലുമൊക്കെ തീ കൊടുക്കാൻ പുറത്തുകാണുന്ന കരിമരുന്നു തേച്ച വള്ളിയില്ലേ.. അതും ഫ്യൂസാണ്.

ഈ ഫ്യൂസ് ഒരു സെക്കൻഡ് കൊണ്ട് എത്ര നീളത്തിൽ കത്തുമെന്ന് നേരത്തെ കണക്കാക്കിയിരിക്കും. അതായത്, അതിന്റെ ഇരട്ടി നീളത്തിൽ ഫ്യൂസ് ഉണ്ടെങ്കിൽ രണ്ടു സെക്കൻഡ് കൊണ്ട് ഡെറ്റനേഷൻ നടക്കും. പൊതുവെ കൈ കൊണ്ടെറിയുന്ന ഗ്രനേഡുകൾക്ക് നാലു സെക്കന്റ് ആണ് ഡെറ്റനേഷൻ സമയം.

നേരത്തെ പറഞ്ഞ കണ്ണൂർ ഏറുപടക്കവും ഗ്രനേഡും തമ്മിലെ വ്യത്യാസം ഇതാണ്. ഏറുപടക്കം ഒരു പ്രതലത്തിൽ തട്ടുന്ന ശക്തിയാലാണ് പൊട്ടുന്നത്. എന്നിട്ടും അത് പൊട്ടിയില്ലെങ്കിൽ പിന്നെ പേടിക്കണ്ട. ചവിട്ടുകയോ തട്ടുകയോ ചെയ്യാതിരുന്നാൽ മതി. ഗ്രനേഡ് അങ്ങനെയല്ല.

ഗ്രനേഡ് വീഴുമ്പോൾ പൊട്ടുകയില്ല. ഫ്യൂസ് കത്തിത്തീരുമ്പോഴാണ് ഡെറ്റനേഷൻ. ഫ്യൂസ് ഗ്രനേഡിന്റെ അകത്തുതന്നെയായതിനാൽ പുറമെ അങ്ങനെ തീയും പുകയുമൊന്നും കാണാനാവില്ല. ആയതിനാൽ സേഫ്റ്റി പിൻ ഊരിയ നിലയിലുള്ള ഒരു ഗ്രനേഡ് കണ്ടാൽ ഓടുക. അകലേക്ക്.. അകലേക്ക്… ഓടുക.

അഞ്ച് മീറ്ററാണ് ഗ്രനേഡിന്റെ കില്ലിംഗ് റേഡിയസ്. അതായത് അത് പൊട്ടുന്നതിന്റെ അഞ്ചു മീറ്റർ ചുറ്റളവിനകത്തുള്ളവർ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. എന്നിരിക്കിലും പൊതുവെ 15 മീറ്റർ ചുറ്റളവിൽ ഒരു ഗ്രനേഡ് അപകടകാരി തന്നെയാണ്. സ്ഫോടനത്തെ തുടർന്ന് അതിവേഗത്തിൽ ചുറ്റും വെടിയുണ്ടകൾ പോലെ ചിതറിത്തെറിക്കുന്ന അതിന്റെ പുറംകവചമാണ് നാശം വിതയ്ക്കുന്നത്.

പലതരം ഗ്രനേഡുകൾ നിലവിലുണ്ട്. പുക, നിറം, മഷി എന്നിവ പുറപ്പെടുവിക്കുന്ന ഗ്രനേഡുകളെ അത്ര ഭയക്കേണ്ടതില്ല. സ്ഥലപരിമിതി മൂലം ഇതൊക്കെ വിശദീകരിക്കുന്നില്ല. ഏതാണ്ട് തടിച്ചൊരു വാട്ടർബോട്ടിൽ പോലെ സിലിണ്ടർ രൂപത്തിൽ ഇവ കാണപ്പെടും. എന്നിരിക്കിലും ശരീരത്തോട് ചേർന്ന് ഇവ പൊട്ടിത്തെറിച്ചാൽ അപകടമുണ്ടാവാം.

ആളെക്കൊല്ലി ഗ്രനേഡ് അൽപം ദീർഘഗോളാകൃതിയിൽ പൈനാപ്പിളിന്റെയോ ബേസ്ബോളിന്റെയോ ഒക്കെ ആകൃതിയിൽ സാധാരണയായി ഒലീവ് ഗ്രീൻ നിറത്തിലാണ് കാണപ്പെടുക. മേലെ മഞ്ഞ നിറത്തിൽ ഒരു മാർക്ക് ഉണ്ടാവാം. എവിടെയെങ്കിലും ഇത്തരമൊരു വസ്തു കണ്ടാൽ ദൂരെ മാറി നിൽക്കുക. ഉടൻ ഉത്തരവാദപ്പെട്ടവരെ അറിയിക്കുക.

ഗ്രനേഡിന് സമാനമാണ് ഷെല്ലുകളും. ഗ്രനേഡിന് വിപരീതമായി ദീർഘദൂരങ്ങൾക്കപ്പുറം പോയി പൊട്ടിത്തെറിച്ച് നാശമുണ്ടാക്കുകയാണ് ലക്ഷ്യം. ഇവ ഒരു വമ്പൻ വെടിയുണ്ട പോലെ കാണപ്പെടും.

പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഷെല്ലിനുള്ളത്. മുന്നിലുള്ള H.E നിറച്ച ഭാഗവും പിന്നിലുള്ള പ്രൊപ്പലന്റ് നിറച്ച ഭാഗവും. ഷെല്ലിനെ നിശ്ചയിച്ച ദൂരത്തേക്ക് എത്തിക്കുക മാത്രമാണ് പിൻഭാഗത്തിന്റെ ലക്ഷ്യം.

മുന്നിലെ അറയിൽ H.E, ഡെറ്റനേഷൻ സംവിധാനം, Shrapnels എന്നറിയപ്പെടുന്ന നിരവധി ഉണ്ടകൾ എന്നിവ അടങ്ങിയിരിക്കും. ഇതിന്റെ കവറിംഗ് ചിതറുന്ന ലോഹക്കൂട്ടിനാലാവും.

ഷെല്ലിന്റെ ഡെറ്റനേഷൻ പല സംവിധാനങ്ങളാൽ പ്രവർത്തിക്കുന്നു. ഒന്നാമതായി ഷെൽ ഒരു പ്രതലത്തിൽ തട്ടുമ്പോൾ അതിനുള്ളിലെ മെക്കാനിസത്തിലൊന്ന് പിന്നിൽ നിന്ന് മുന്നിലേക്ക് ഒരു ചുറ്റിക പോലെ വന്നടിച്ച് ഡെറ്റനേഷൻ നടക്കുന്നു. (മുന്നിൽ നിന്ന് പിന്നിലേക്കല്ല. അങ്ങനെ വെച്ചാൽ വെടിവെക്കുന്ന ശക്തിയാൽ തന്നെ അത് തകരും.)

രണ്ടാമത്തെ പ്രവർത്തനം റഡാർ പോലെയാണ്. ലക്ഷ്യവും ഷെല്ലിന്റെ അഗ്രവും തമ്മിൽ നിശ്ചിത അകലമാകുമ്പോൾ ഡെറ്റനേഷൻ നടക്കുന്നു.

മൂന്നാമത്തേത് ടൈം ഫ്യൂസ് ആണ്. ഇത് വായുവിൽത്തന്നെ ഷെല്ലിനെ പൊട്ടിത്തെറിപ്പിക്കലാണ് ലക്ഷ്യം. എവിടെയും തട്ടണമെന്നില്ല. ഒരു മതിലിനപ്പുറമോ മലയ്ക്കപ്പുറമോ ഉള്ള ശത്രുക്കളെ ആക്രമിക്കാനാണ് ഉപയോഗിക്കുക.

എങ്ങനെയായാലും സ്ഫോടനത്തോടെ ഷെല്ലിന്റെ കവചം നൂറുകണക്കിന് കഷണങ്ങളായി ചിതറുന്നു. ഇതാടൊപ്പം അകത്തുനിറച്ച ഷ്രാപ്നെൽസും ചേരുമ്പോൾ നൂറുകണക്കിന് വെടിയുണ്ടകൾ കണക്കെ അവ ചുറ്റുപാടും പരക്കും. അതിന്റെ വഴിയിലുള്ളതിലെല്ലാം തറച്ചു കയറും. മനുഷ്യർ മരിച്ചുവീഴും. മാരകമായി പരിക്കേൽക്കും.

ഗ്രനേഡും ഷെല്ലും ബോംബിന്റെ ചെറിയ പതിപ്പുകളാണെന്ന് വേണമെങ്കിൽ പറയാം. മൂന്നു തരത്തിലാണ് ഇവയെല്ലാം നാശം വിതക്കുന്നത്.

ഒന്ന്: Heat wave. ഇത് സ്ഫോടനത്തിന്റെ ആദ്യപടിയാണ്. വിറകും മറ്റും കത്തുന്ന പോലെയല്ല, സ്ഫോടനത്തിൽ അതിതീക്ഷ്ണമായ ചൂടാണ് പുറത്തുവരിക. സ്ഫോടന കേന്ദ്രത്തിന് ചേർന്നുള്ള ഏതിനെയും കത്തിക്കാനും കരിച്ചു കളയാനും ഈ ചൂടിന് കഴിയും.

രണ്ട്: Shrapnels. ഷ്രാപ്നെൽസ് ചുറ്റുപാടും ഒരു പരിധി വരെ വെടിയുണ്ടകൾ പോലെ ചിതറി പരമാവധി ആളപായമുണ്ടാക്കുന്നു. ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും നാശമുണ്ടാക്കുന്നു.

മൂന്ന്: Shock Wave. സ്ഥോടനം മൂലം ചുറ്റുപാടും പരക്കുന്ന അതിഭീമമായ ഊർജ്ജത്തിന്റെ ഫലമാണിത്. ഒരു ബോംബ് ബ്ലാസ്റ്റിലെ ഏറ്റവും ഭീകരമായ ഭാഗം. അതിനെ കുറിച്ച് അടുത്ത ഭാഗത്തിൽ വിശദീകരിക്കാൻ ശ്രമിക്കാം.

പൃഷ്ഠഖണ്ഡം: ഡെറ്റനേഷനും ബ്ലാസ്റ്റും ഒന്നല്ല. എന്നാൽ മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നടക്കുന്നതിനാൽ തിരിച്ചറിയാൻ പറ്റുകയുമില്ല.

About sunil jaleel

സുനിൽ ജലീൽ. ഇപ്പോൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. പക്ഷിനിരീക്ഷണം, യാത്രകൾ, ഫോട്ടോഗ്രാഫി എന്നിവ ഹോബികൾ. പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും കുറിപ്പുകൾ എഴുതുന്നു.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment