MR Vaccination Campaign

Category: General Articles, Health 480 0

 

ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് (MR VACCINATION CAMPAIGN) നിങ്ങള്‍ എല്ലാവരും അറിഞ്ഞുകാണുമല്ലോ . 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നല്‍കുക വഴി, വലിയ പ്രതിരോധം സൃഷ്ടിക്കുകയും അതുവഴി ഈ രോഗാണുക്കള്‍ പടരുന്നത്‌ തടയുകയുമാണ് ലക്ഷ്യം. പതിവുപോലെ ചില വാക്സിന്‍ വിരുദ്ധരും, തല്‍പര കക്ഷികളും ഈ പരിപാടികള്‍ക്ക് എതിരെ കുപ്രചരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനസംഖ്യ നിയന്ത്രണ സിദ്ധാന്തം മുതല്‍ ഓട്ടിസം വരെ ഇത്തരക്കാര്‍ നിരത്തുന്നുണ്ട്‌ . ഇത് ചെറുതല്ലാത്ത ഭീതി കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹിചര്യത്തില്‍ ആണ് ഇന്ഫോക്ലിനിക് ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പ്രധാനമായും ഈ രണ്ടു രോഗങ്ങളെ കുറിച്ചും, കുത്തിവെപ്പ് പരിപാടിയുടെ ആവശ്യം, പൊതുവായ സംശയങ്ങള്‍ എന്നിവയ്ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നത്.

എന്താണ് മീസില്‍സ് എന്ന രോഗം ? നിലവില്‍ മീസില്‍സ് ഇന്ത്യയില്‍ ഒരു പ്രശ്നമാണോ ?

അഞ്ചാം പനി എന്ന് നമ്മള്‍ മലയാളത്തില്‍ വിളിക്കുന്ന അസുഖമാണ് മീസില്‍സ്. ഒരു വൈറസ് ആണ് രോഗത്തിന് കാരണം. അസുഖം ഉള്ള ആളുകളില്‍ നിന്ന് വായുവിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരുക. പ്രധാനമായും കുട്ടികളില്‍ ആണ് അസുഖം ഉണ്ടാവുക. 9 മാസം വരെ അമ്മയില്‍ നിന്ന് ജന്മന ലഭിക്കുന്ന പ്രതിരോധ ഘടകങ്ങള്‍ അസുഖംവരാതെ സംരക്ഷണം നല്‍കും. കടുത്ത പനി, ദേഹം ചുമന്നു തടിക്കുക, കണ്ണ് ചുമക്കുക, മൂക്കൊലിപ്പ് ഇവയാണ് രോഗലക്ഷണങ്ങൾ. വൈറസ് നമ്മുടെ പ്രതിരോധ ശക്തിയെ കുറക്കുന്നത് മൂലം മറ്റു ഗുരുതര അണുബാധകള്‍ കൂടെ ഉണ്ടാവാം. അന്ധത, മസ്തിഷ്ക് ജ്വരം, ശ്വാസകോശത്തില്‍ അണുബാധ തുടങ്ങിയ സങ്കീര്‍ണതകള്‍ മൂലം നല്ലൊരു ശതമാനം കുട്ടികളില്‍ മരണം വരെ സംഭവിക്കാം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളിലാണ് മീസില്‍സ് ഉണ്ടാവുന്നത്. ഇതില്‍ ഏകദേശം 49000 കുട്ടികള്‍ മരണമടയുന്നു. നല്ലൊരുശതമാനം കുട്ടികളില്‍ ഗുരുതരമായ അവസ്ഥയുണ്ടാവുകയും നീണ്ട ആശുപത്രി വാസം വേണ്ടിവരുകയും ചെയ്യുന്നു. ലോകത്തെ മീസില്‍സ് മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്.

നിലവില്‍ ഇന്ത്യയില്‍ മീസില്‍സ് കുത്തിവെപ്പ് നല്‍കുന്നില്ലേ ?

ഉണ്ട്, പൊതു കുത്തിവെപ്പ് പട്ടികപ്രകാരം 9 മാസത്തിലും, 18-24 മാസങ്ങള്‍ക്ക് ഇടയ്ക്കുമായി രണ്ടു കുത്തിവെപ്പുകള്‍ നല്‍കാറുണ്ട്. നിലവില്‍ ഇന്ത്യയിലെ മീസില്‍സ് കുത്തിവെപ്പ് കവറേജ് 87 % ആണ്. 2000 ത്തില്‍ ഇന്ത്യയിലെ കവറേജ് 56 % ആയിരുന്നു, മീസില്‍സ് മരണങ്ങള്‍ 1 ലക്ഷവും. 2015 ആയപ്പോള്‍ അത് 87% വും മരണം 49000 ആവുകയും ചെയ്തു. ഇങ്ങനെ മീസില്‍സ് മരണത്തില്‍ 51 % കുറവ് 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധ്യമായത് എങ്ങനെയെന്നു ചിന്തിച്ചു നോക്കു ? പ്രതിരോധ കുത്തിവെപ്പ് കൂടുതല്‍ ആളുകളില്‍ എതിയതുവഴി. വായുവിലൂടെ പകരുന്ന അസുഖമായതിനാൽ വ്യക്തിശുചിത്വം കൊണ്ടോ നല്ല ആഹാരം, വെള്ളം എന്നിവ വഴിയോ തടയാൻ പറ്റുന്നതല്ല ഈ രോഗം. ഇതുപോലെ മീസില്‍സ് നമ്മുടെ നാട്ടില്‍ ഇല്ലാതാവണം എങ്കില്‍ കുത്തിവെപ്പ് 97% കുട്ടികളിലും എത്തേണ്ടതുണ്ട് . മുന്‍കാലങ്ങളില്‍ കുത്തിവെപ്പ് എടുക്കാതെ പോയവരെക്കുടി ഉള്‍പ്പെടുത്തി ഈ ലക്ഷ്യത്തില്‍ എത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

എന്താണ് റുബെല്ല ? Congenital Rubella Syndrome (CRS) എന്താണ് ?

ജര്‍മന്‍ മീസില്‍സ് എന്ന് നാം വിളിക്കുന്ന രോഗമാണിത് . ഇതും വൈറസ് മൂലം ഉണ്ടാകുന്നതാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം.
ഇത്തരം ഒരു ചെറിയ രോഗത്തിന് എന്തിനാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ?
ഗര്‍ഭിണികളായ സ്ത്രീകളില്‍ റുബെല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അബോര്‍ഷൻ, ജന്മനാ ഉള്ള വൈകല്യങ്ങള്‍ ഇവയുണ്ടാകാം. റുബെല്ല മൂലം ഉണ്ടാകുന്ന വൈകല്യങ്ങലെയാണ് CRS എന്ന് വിളിക്കുന്നത്‌. സ്ഥിരമായ അന്ധത, കേള്‍വിക്കുറവ്, ഹൃദയത്തിലേ തകരാറുകള്‍, ബുദ്ധി വളര്‍ച്ച കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഈ കുട്ടികളില്‍ ഉണ്ടാകും. ലോകത്തില്‍ ഇത്തരം വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ജീവിതകാലം മുഴുവന്‍ നീണ്ടുനില്കുന്ന ഇത്തരം വൈകല്യങ്ങള്‍ കുട്ടികളെയും അവരുടെ മാതാപിതാക്കളുടെ ജീവിതത്തെയും സാരമായി ബാധിക്കും. റുബെല്ലക്ക് പ്രത്യേക ചികിത്സ ഇല്ല എങ്കിലും, രോഗവും ഈ പറഞ്ഞ വൈകല്യങ്ങളും കുത്തിവെപ്പിലൂടെ തടയാനാകും. നിലവില്‍ കുത്തിവെപ്പ് പരിപാടി വഴി റുബെല്ലക്ക് പ്രത്യേകം കുത്തിവെപ്പ് നല്‍കുന്നില്ല. ചിലര്‍ സ്വയം പൈസ മുടക്കി തങ്ങളുടെ കുട്ടികള്‍ക്ക് എടുക്കുകയാണ് ചെയ്യുക. കേരളാ ഗവർമ്മെന്റ് അടുത്ത കാലത്ത് റൂബെല്ലയ്‌ക്കെതിരായ കുത്തിവെപ്പിന് തുടക്കം കുറിച്ചിരുന്നു.

എന്താണ് MR കുത്തിവെപ്പ് പരിപാടി ?

2020 ആകുമ്പോള്‍ ഈ രണ്ടു അസുഖങ്ങളും തുടച്ചു നീക്കുക എന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായി രൂപീകരിച്ച പദ്ധതിയാണ് ഇത്. ഇതിലൂടെ 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍കും ഒരു അധിക ഡോസ് മീസില്‍സ് റുബെല്ല കുത്തിവെപ്പ് നല്കാന്‍ ലക്ഷ്യമിടുന്നു. ഇതുവഴി ഈ രണ്ടു രോഗങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. ഈ കാലയളവിൽ ഈ പ്രായപരിധിയിലുള്ള 95% ത്തിലധികം പേർ കുത്തിവെപ്പ് എടുക്കുന്നതിലൂടെ സമൂഹത്തിന്‍റെ പ്രതിരോധ ശക്തിയും (herd immunity ) കൂടുന്നു. അതോടെ രോഗാണുക്കള്‍ക്ക് പുതിയ ആളുകളില്‍ അണുബാധ ഉണ്ടാക്കാന്‍ സാധിക്കാതെ വരുകയും രോഗം ഇല്ലാതാവുകയും ചെയ്യും. പല വികസിത രാജ്യങ്ങളിലും ഈ രോഗങ്ങൾ അപൂർവ്വമായത് വ്യപകമായി പ്രതിരോധകുത്തിവെപ്പ സ്വീകരിച്ചതിലൂടെയാണ്.
എങ്ങനെയാണു ഈ കുത്തിവെപ്പ് നല്‍കുന്നത് ?
രണ്ടു ഘടകങ്ങളും (മീസിൽസ്, റുബെല്ല) അടങ്ങിയ, മരുന്ന് തൊലിക്കടിയിൽ (subcutaneous) ഉള്ള കുത്തിവെപ്പ് വഴിയാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കും, തുടര്‍ന്ന് സബ് സെന്‍റെറുകള്‍, അംഗന്‍ വാടികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ വഴിയും കുത്തിവെപ്പ് നല്‍കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും കുത്തിവെപ്പ് ലഭ്യമാകും.
ഈ കുത്തിവെപ്പുകള്‍ സുരക്ഷിതമാണോ ?
ലോകത്താകമാനം 150 രാജ്യങ്ങള്‍ ഈ കുത്തിവെപ്പ് അവരുടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഈ പരിപാടിയില്‍ ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചതും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചതുമാണ്. നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ഈ കുത്തിവെപ്പ് തന്നെയാണ് നല്‍കുന്നത്. ഇതുവരെ നടന്ന പഠനങ്ങളില്‍ ഒരു ആരോഗ്യപ്രശ്നങ്ങളും ഈ കുത്തിവെപ്പ് വഴി ഉണ്ടായിതായി തെളിവില്ല. ഓരോ കുപ്പിയുടെ പുറത്തും മരുന്നിന്‍റെ ശേഷി ഉറപ്പാക്കുന്ന വാക്സിന്‍ വയല്‍ മോണിറ്റര്‍ ഉണ്ട്. അതുപയോഗിച്ചു കുത്തിവെപ്പിന്‍റെ ശേഷി പരിശോധിച്ച ശേഷമാണു നല്‍കുന്നത്..

എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം ?

കുത്തിവെപ്പ് എടുത്ത സ്ഥലത്ത് ചെറിയ തടിപ്പ്, വേദന എന്നിവ കുറച്ചു നേരത്തേക്ക് ഉണ്ടാകാം. എന്നാൽ മറ്റു കുത്തിവെപ്പുകളെ അപേക്ഷിച്ച് കുറവാണ്. ഒരാഴ്ച കഴിഞ്ഞാൽ ചിലർക്ക് ചെറിയ പനി, തിണർപ്പ് എന്നിവ ഉണ്ടാകാം. പെട്ടെന്നു തന്നെ മാറുന്ന ഇവയ്ക്ക് കാര്യമായ മരുന്നുകൾ ഒന്നും ആവശ്യമില്ല. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ വളരെ അപൂർവ്വമാണ്. മരുന്നിനോടുള്ള അലര്‍ജിയാണ് ഏക അപകട സാധ്യത. അത് നമുക്ക് മറ്റു മരുന്നുകളോടോ, ചില ഭക്ഷണ സാധനങ്ങളോടെ അലര്‍ജി ഉണ്ടാകാനുള്ള അതെ സാധ്യത മാത്രമേ ഉള്ളൂ. ഇത് നേരിടാൻ ഉള്ള സജ്ജീകരണം ഒരുക്കുകയും, ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഒരു ആശങ്കയുടെയും ആവശ്യമില്ല. സ്കൂളിൽ കുട്ടികൾക്ക് കുത്തിവെപ്പ് പേടിമൂലം തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇരുത്തി മാത്രമേ കുത്തിവെപ്പ് നൽകൂ. ഒരാൾക്ക് കുത്തിവെപ്പ് എടുക്കുന്നത് മറ്റു കുട്ടികൾ കാണില്ല. കുത്തിവെപ്പ് എടുത്ത് കഴിഞ്ഞ് അര മണിക്കൂർ നിരീക്ഷിച്ച ശേഷമേ പറഞ്ഞയക്കൂ. ചെറിയ കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുമ്പോൾ പറ്റുമെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യമുണ്ടാകുന്നത് നന്നായിരിക്കും.
മുന്‍പ് കുത്തിവെപ്പ് എടുത്തവര്‍ക്കും എന്തിനാണ് വീണ്ടും ഇത് നല്‍കുന്നത് ?
ഇന്ത്യയില്‍ പൊതു കുത്തിവെപ്പ് പട്ടികപ്രകാരം രണ്ടു ഡോസ് മീസില്‍സ് കുത്തിവെപ്പ് മാത്രമാണ് നല്‍കുന്നത്. MMR കുത്തിവെപ്പ് ശിശുരോഗ വിദഗ്ധർ നിര്‍ദേശിക്കുന്നുണ്ടെങ്കിലും, ചില മാതാപിതാക്കള്‍ മാത്രമേ നല്‍കി വരുന്നുള്ളൂ. പ്രത്യേകിച്ചും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍. അതുകൊണ്ട് തന്നെ നിലവില്‍ ഇന്ത്യയില്‍ മീസില്‍സ് കുത്തിവെപ്പ് മാത്രം ലഭിച്ച കുട്ടികളുണ്ട്, MMR ലഭിച്ചവരുണ്ട്, ഒരു കുത്തിവെപ്പും എടുക്കാത്തവരുമുണ്ട്. കുത്തിവെപ്പ് എടുത്തവരില്‍ തന്നെ മുഴുവന്‍ ഡോസും എടുക്കാത്തവര്‍ ഉണ്ടാവാം. ഒന്നോ രണ്ടോ ശതമാനം ആളുകളില്‍ കുത്തിവെപ്പിന് ശേഷവും ആവശ്യത്തിനു പ്രതിരോധം ഉണ്ടാകാതിരിക്കാം. ഇവരെ വേർതിരിച്ചറിയണമെങ്കിൽ ചിലവ് കൂടിയ രക്ത പരിശോധന വേണ്ടി വരും. ഇത് ഒട്ടും പ്രായോഗികമല്ല. അതുകൊണ്ട് വിവിധ പഠനങ്ങള്‍ നടത്തിയതിന്‍റെ വെളിച്ചത്തില്‍ ഒരു അധിക ഡോസ് ആയാണ് MR കുത്തിവെപ്പ് പരിപാടി നടത്തുന്നത്. അതായതു നമ്മള്‍ പണ്ട് സാധാരണ പോളിയോ മരുന്നിനൊപ്പം അധികമായി pulse polio പരിപാടി വഴി അധിക ഡോസ് നല്‍കി മുഴുവന്‍ ആളുകളില്‍ എത്താന്‍ ശ്രമിച്ച അതെ സാധ്യതയാണ് ഇവിടെയും പ്രയോഗിക്കുന്നത്. മുമ്പ് കുത്തിവെപ്പ് എടുത്തവർക്കും ഇത് തികച്ചും സുരക്ഷിതമാണ് താനും. പ്രായോഗികത മുൻനിർത്തി മാത്രമല്ല, കുറ്റമറ്റ ശീത ശൃംഖല നിലനിർത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്തതിനാൽ ഗുണമേൻമ ഉറപ്പു വരുത്തിയിട്ടുള്ള ഈ വാക്സിന്റെ പ്രയോജനം ഒരു കുഞ്ഞിനും നിഷേധിക്കേണ്ടതില്ല എന്ന നിലപാടു കൂടിയാണ് ഈ തീരുമാനത്തിന് പുറകിൽ.

ഒരിക്കല്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് വീണ്ടും ജീവനുള്ള അണുക്കള്‍ അടങ്ങിയ വാക്സിന്‍ നല്‍കുന്നത് അപകടമല്ലേ ?

ഒരിക്കലുമല്ല. ഉദാഹരണം നോക്കാം, കുത്തിവെപ്പ് മുന്‍പ് എടുത്തിട്ടുള്ള ആളില്‍ പ്രതിരോധശേഷി ഉണ്ടായിട്ടുണ്ടെങ്കില്‍, ആ രോഗാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഓര്‍മ്മ കോശങ്ങള്‍ (memory cells), ശരീരത്തില്‍ ഉണ്ടാവും. വാക്സിനില്‍ നമ്മള്‍ നല്‍കുന്നത്, ജീവനുണ്ടെങ്കിലും (live)രോഗം വരുത്താന്‍ കഴിയാത്ത (attenuated), എന്നാല്‍ പ്രതിരോധ ശക്തി നല്കാന്‍ കഴിയുന്ന രീതിയില്‍ രൂപപ്പെടുത്തിയ അണുക്കളെയാണ്. ഈ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഈ ഓര്‍മ്മ കോശങ്ങള്‍ വീണ്ടും ഉണരുകയും വളരെ വേഗം പ്രതിരോധ ശക്തിയെ ഉയര്‍ത്തുകയും ചെയ്യും. കുത്തിവെപ്പ് എടുക്കാത്തവരില്‍ പുതിയതായി പ്രതിരോധശേഷി ഉണ്ടാക്കാന്‍ സഹായിക്കും.
അതുകൊണ്ട് തന്നെ മുന്‍പ് കുത്തിവെപ്പ് എടുത്തവരും ഈ അധിക ഡോസ് മരുന്ന് നല്‍കണം .

‘കുത്തിവെപ്പ് പരിപാടിയില്‍ MR മരുന്ന് നല്‍കിയവര്‍ വീണ്ടും കുത്തിവെപ്പ് പട്ടിക പ്രകാരമുള്ള മീസില്‍സ് /MMR നല്‍കേണ്ടതുണ്ടോ ?

നല്‍കണം. മുകളില്‍ പറഞ്ഞതുപോലെ ഇത് ഒരു അധിക ഡോസാണ്. അതുകൊണ്ട് സാധാരണ കുത്തിവെപ്പുകള്‍ മുടക്കം കൂടാതെ തുടരണം.
റുബെല്ല മൂലമുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പെണ്‍കുട്ടികളില്‍ അല്ലെ ? പിന്നെ എന്തിനാണ് ആണ്‍കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്നത് ?
മുന്‍പ് പറഞ്ഞപോലെ, റുബെല്ല വായുവിലൂടെയാണ് പകരുന്നത്. അതായത് നിലവില്‍ രോഗമുള്ള ഒരു വ്യക്തിയില്‍ നിന്ന്, പ്രതിരോധ ശേഷി ഇല്ലാത്ത ആര്‍ക്കുവേണമെങ്കിലും രോഗം പകരം. റുബെല്ല രോഗം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും വരാന്‍ സാധ്യത തുല്യവുമാണ്. ഒരു ഉദാഹരണം നോക്കാം. 100 കുട്ടികളില്‍ 50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും ഉണ്ട് എന്ന് കരുതുക. നമ്മള്‍ കൊടുക്കുന്ന കുത്തിവെപ്പ് വഴി 96 % ആളുകള്‍ക്ക് പ്രതിരോധം ലഭിക്കുമെന്ന് കരുതുക ,അതായതു 100 പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയാല്‍ 96 ആളുകള്‍ക്ക് പ്രതിരോധം ലഭിക്കും 50ല്‍ 48 പേര്‍ക്കും. നൂറുപേരില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം കുത്തിവെപ്പ് നല്‍കിയാല്‍ ഏകദേശം 2 പേര്‍ക്ക് ആവശ്യത്തിനു പ്രതിരോധം ലഭിക്കില്ല. ഇവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കുത്തിവെപ്പ് എടുക്കാത്ത 50 ആണ്‍കുട്ടികളില്‍ ആർക്കെങ്കിലും രോഗം വന്നാൽ അവരിൽ നിന്നാണ്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കിയാലോ ? അസുഖം വരാന്‍ സാധ്യത രണ്ടോ നാലോ പേരില്‍ നിന്ന് മാത്രം (കുത്തിവെപ്പ് ഫലപ്രദമാകാത്ത 4%) ഈ കാരണം കൊണ്ടാണ് നമ്മള്‍ എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കുന്നത്. അതുകൊണ്ട് ആണ്‍കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കണം.
കുട്ടിക്ക് പനിയോ, ജലദോഷമോ, വയറിളക്കമൊ ഉണ്ടെങ്കില്‍ കുത്തിവെപ്പ് കൊടുക്കാമോ ?
ചെറിയ പനിയും, ജലദോഷവും, വയറിളക്കവും ഉള്ളവര്‍ക്കും കുത്തിവെപ്പ് നൽകാം. വളര്‍ച്ച കുറവ് ഉള്ള കുട്ടികള്‍ക്കും, പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും കുത്തിവെപ്പ് നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മീസില്‍സ് ഗുരുതരമാകാന്‍ സാധ്യത ഇത്തരക്കാരിലാണ്.

ആര്‍ക്കൊക്കെ കുത്തിവെപ്പ് നല്കാന്‍ പാടില്ലാ ?

1. കുത്തിവെപ്പില്‍ നല്‍കുന്ന ഏതെങ്കിലും ഘടകങ്ങളോട് മുന്‍പ് അലര്‍ജി ഉണ്ടായിട്ടുള്ളവര്‍
2. കടുത്ത പനി, ജന്നി രോഗം ഇവയുള്ള കുട്ടികള്‍ക്ക്
3. ആശുപത്രിയില്‍ നിലവില്‍ ഏതേലും കാര്യമായ അസുഖത്തിന് കിടത്തി ചികില്സിക്കുന്നവർക്ക് (ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ നൽകാം)
4. രോഗപ്രതിരോധ ശേഷി കുറക്കുന്ന അസുഖങ്ങള്‍ ഉള്ളവര്‍ (AIDS) STEROID മരുന്നുകളോ, പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകളോ എടുക്കുന്നവര്‍ .

ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിരോധിച്ച വാക്സിന്‍ ആണ് ഇവിടെ നല്‍കുന്നത് എന്ന് ചിലര്‍ പറയുന്നല്ലോ ?

തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവില്‍ 150 രാജ്യങ്ങളില്‍ ഈ കുത്തിവെപ്പ് നല്‍കുന്നുണ്ട്. വാക്സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ വശങ്ങളും പാലിച്ചു ,ലോകാരോഗ്യസംഘടനയുടെ അംഗീകാരം നേടിയ മരുന്നാണ് ഉപയോഗിക്കുന്നത്.

സ്കൂളില്‍ വെച്ച് എങ്ങനെയാണു വാക്സിന്‍ നല്‍കുന്നത് ?
വാക്സിനൊപ്പം ഉള്ള diluent ഉപയോഗിച്ച് നേർപ്പിച്ച മരുന്ന് അതിന് ശേഷം, പ്രത്യേകം ലഭ്യമാക്കിയ സിറിഞ്ച് (auto disabled) ഉപയോഗിച്ച്, കുട്ടിയുടെ കയ്യില്‍ തൊലിക്ക് അടിയിലായാണ് കുത്തിവെപ്പ് എടുക്കുന്നത്. ഒരിക്കൽ ഉപയോഗിച്ച സിറിഞ്ച് തനിയേ ഉപയോഗശൂന്യമാകുന്നതിനാൽ അടുത്ത ആൾക്ക് ഉപയോഗിക്കാൻ കഴിയുന്നതല്ല. അടുത്തകുട്ടിക്ക് പുതിയ സിറിഞ്ച് ഉപയോഗിക്കും
എഴുതിയത്: ഡോ. മോഹൻദാസ് നായർ, ഡോ. ജിതിൻ ടി. ജോസഫ്

#InfoClinic #MRVaccination Info Clinic

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment