വെടിപുരാണം മൂന്നാം ഖണ്ഡം

Category: Uncategorized 105 0

ഈയൊരു ഭാഗം കൊണ്ട് തീരില്ലെന്നറിയാമെങ്കിലും തോക്കിന്റെ കഥകൾ ഈ ലക്കത്തിൽ നിർത്താമെന്ന് കരുതുന്നു.

പലരുടെയും സംശയമാണ് സ്നൈപ്പർ റൈഫിളുകൾ എന്തെന്നത്. പൊതുവെ ഉയർന്ന ബാലിസ്റ്റിക് പെർഫോമൻസ് ഉള്ള കാട്രിജുകൾ ഉപയോഗിക്കുന്ന റൈഫിളുകൾ ആണിവ. ഉയർന്ന കൃത്യതയ്ക്കു വേണ്ടി റൈഫിളിൽ ടെലസ്കോപ്പ് ഘടിപ്പിച്ചിരിക്കും. ബോൾട്ട് ആക്ഷൻ, സെമി ഓട്ടോമാറ്റിക് രൂപങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

Barrett M82, SSG 69, Barrett M95, M24 തുടങ്ങി മികവാർന്ന നിരവധി മോഡലുകൾ സ്നൈപർ റൈഫിളുകളിൽ ഉണ്ട്.

ഒരിക്കൽ തുർതുക്കിനപ്പുറം ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് ഇവയെ കുറിച്ചുള്ള നടുക്കമായിരുന്നു. കാണാപ്പുറത്തെവിടെയോ നിൽക്കുന്ന ശത്രുവിന്റെ ഒരു വിരലനക്കത്തിൽ ദൂരെയിപ്പുറം ഞങ്ങൾ മരിച്ചുവീണേക്കാമെന്ന ചിന്ത.

അകലെ മറഞ്ഞിരുന്ന് കൃത്യതയോടെ ശത്രുക്കളെ വകവരുത്തുകയാണ് സ്നൈപറുകളുടെ ലക്ഷ്യം. കാറ്റിന്റെ വേഗം, ഭൂമിയുടെ കിടപ്പ്, ദീർഘദൂരം സഞ്ചരിക്കുന്ന വെടിയുണ്ടക്ക് ഭൂഗുരുത്വം മൂലം സംഭവിക്കാവുന്ന വീഴ്ച എന്നിവയെല്ലാം കണക്കുകൂട്ടാൻ കൂട്ടാളിയും കമ്പ്യൂട്ടറും വരെ ഒരു സ്നൈപ്പർക്കൊപ്പം കാണാവുന്നതാണ്.

പക്ഷേ ഇതിലെല്ലാമുപരി വെടിയുണ്ടയാണ് സ്നൈപർ റൈഫിളിന്റെ യഥാർത്ഥ ഘടകം. 7.62 X 51 നാറ്റോ, 308 വിഞ്ചെസ്റ്റർ എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന കാട്രിജുകൾ. ഇവ രണ്ടും കാഴ്ചയിൽ ഏകദേശം ഒരുപോലിരിക്കും. ഉയർന്ന വേഗതയും കൃത്യതയുമാണ് ഈ തിരകൾക്ക് ഉള്ളത്.

Barret M82-ൽ ഉപയോഗിക്കുന്ന 50 കാലിബർ BMG റൗണ്ടുകളാണ് ഇവരിലെ വമ്പൻ. 1500 മീറ്റർ അകലെയുള്ള ലക്ഷ്യത്തെയും തകർക്കാൻ ഈ തിരകൾക്ക് കഴിയും. വാഹനങ്ങൾ, ചെറുഭിത്തികൾ, ചെറുമരങ്ങൾ എന്നിവയെല്ലാം മുറിച്ചുകടക്കൽ ഈ ബുള്ളറ്റിന് നിസ്സാരമാണ്. ഇത് Anti-material Rifle എന്നാണ് പറയുന്നതെങ്കിലും മനുഷ്യർക്കെതിരെയും പ്രയോഗിക്കാറുണ്ട്.

വെടിയുണ്ടയെ കുറിച്ചുള്ള ഒരു മിത്താണ് അത് പമ്പരം പോലെ കറങ്ങി വരുന്നത് കൊണ്ട് ശരീരത്തിൽ കയറിയാൽ ചുഴറ്റിനടന്ന് ശരീരം മൊത്തം തകർക്കുമെന്ന്. പൂർണ്ണമായും അങ്ങനെയല്ല. വിശദീകരിക്കാം.

ബുള്ളറ്റ് ശരീരത്തെ ആക്രമിക്കുന്നത് മൂന്നു വിധത്തിലാണ്. ഒന്നാമതായി അത് മുറിവുണ്ടാക്കുന്നു. അത് ശരീരത്തിലൂടെ ഒരു നേർരേഖയിൽ സഞ്ചരിക്കാനാണ് ശ്രമിക്കുക. ശരീരകലകൾ അതിന് പ്രതിരോധം തീർക്കുന്നു. സാന്ദ്രതാ വ്യത്യാസങ്ങളും കലകൾക്കിടയിലെ അടുക്കുകളും ബുള്ളറ്റിന്റെ ഗതിയെ സ്വാധീനിക്കാം. അതിനാൽ ബുള്ളറ്റ് ഉണ്ടാക്കുന്ന മുറിവ് നേർരേഖയിൽ ആകണമെന്നില്ല.

രണ്ടാമതായി അതിവേഗത്തിൽ കടന്നുപോകുന്ന ബുള്ളറ്റ് ശരീരത്തിനകത്ത്, അവയവങ്ങൾക്കകത്ത് ഒരു കാവിറ്റി ഉണ്ടാക്കുന്നു. ഇത് മുറിവിനെക്കാൾ അപകടകരമാണ്.

മൂന്നാമതായി ഷോക്ക് വേവ് ആണ്. ഇതാണ് ഏറ്റവും മാരകം. തരംഗരൂപത്തിൽ സഞ്ചരിക്കുന്ന ഊർജ്ജമാണത്. ബുള്ളറ്റിന്റെ പ്രവേഗം കൂടുന്തോറും ശരീരത്തിൽ അതുണ്ടാക്കുന്ന ഷോക്ക് വേവ് ഏറിയിരിക്കും. കുളത്തിലേക്ക് ഒരു കല്ലിട്ടുനോക്കൂ. അത് വീഴുന്നിടത്ത് ശക്തമായ തരംഗങ്ങൾ ഉണ്ടാകുമല്ലോ. കൂടുതൽ ശക്തമായി എറിയുകയാണെങ്കിൽ അതിശക്തമായ ഓളങ്ങൾ ആണ് ഉണ്ടാവുന്നതെന്ന് കാണാം.

ബുള്ളറ്റിലുള്ള അതിഭീമമായ ഊർജ്ജം അത് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന കാവിറ്റിയുടെ ചുറ്റും അതിശക്തമായ ഷോക്ക് വേവ് ഉണ്ടാക്കുന്നുണ്ട്. കാവിറ്റിക്ക് ചുറ്റുമായി പുറത്തേക്ക് പേശികളെയും കലകളെയും ഈ ഊർജ്ജം തള്ളിമാറ്റി കംപ്രസ് ചെയ്ത് തകർക്കും. ബുള്ളറ്റ് തട്ടിയാൽ എല്ലുകൾ ചിതറുകയും ബുള്ളറ്റിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഓരോ എല്ലിൻ കഷണവും മാംസത്തിലേക്ക് മറ്റൊരു വെടിയുണ്ട പോലെ തുളച്ചുകയറുകയും ചെയ്യാം..

ബുള്ളറ്റ് കടന്നുപോകുന്നതോടെ തള്ളിമാറ്റപ്പെട്ടതെല്ലാം തിരികെ സ്വസ്ഥാനങ്ങളിലേക്ക് വരാൻ ശ്രമിക്കും. ഇതെല്ലാം മൈക്രോ സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞിരിക്കും. തിരികെയുള്ള ബലത്താൽ ചിലതെല്ലാം ബുള്ളറ്റ് പുറത്തേക്കുപോയ മുറിവിലൂടെ പുറന്തള്ളപ്പെടുന്നു. ഇതുകൊണ്ടാണ് ബുള്ളറ്റിന്റെ Exit wound സാമാന്യം വലുതായി കാണപ്പെടുന്നത്.

2700 feet/ Second-ൽ സഞ്ചരിക്കുന്ന 50 കാലിബർ BMG ബുള്ളറ്റ് എഫക്റ്റീവ് റേഞ്ചിൽ നിൽക്കുന്ന ഒരു മനുഷ്യന്റെ ഉരസ്സിലൂടെ കടന്നുപോവുകയാണെങ്കിൽ അതിന്റെ ഷോക്ക് വേവിന് ആ ശരീരത്തെ രണ്ടായി മുറിച്ചെറിയാൻ കഴിഞ്ഞേക്കുമെന്നതാണ് വസ്തുത.

കഴുത്തിലൂടെ കടന്നുപോയ ബുള്ളറ്റിന്റെ ഷോക്ക് വേവിൽ തലച്ചോറ് തകർന്നു കുഴഞ്ഞുപോയ കേസ് ഒരു സീനിയർ ഫോറൻസിക് സർജൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഷോക്ക് വേവ് എന്ന വാക്ക് നിങ്ങൾ ഓർത്തുവെയ്ക്കണം. വരും ദിവസങ്ങളിൽ നമുക്കത് ആവശ്യമുണ്ട്.

BTW…. ദിലീപ് ചിത്രമായ രാമലീല ശുദ്ധ മണ്ടത്തരത്തിൽ പടുത്തുയർത്തിയതാണ്‌. അതുകണ്ടവർക്ക് അറിയുമോന്നറിയില്ല.

ഓരോ ബുള്ളറ്റും ഏത് തോക്കിൽ നിന്ന് വെടിയുതിർത്തതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാവും. രണ്ടു തോക്കുകളിൽ നിന്ന് പുറത്തുവന്ന ബുള്ളറ്റുകൾ രണ്ട് വ്യക്തികളെപ്പോലെ വ്യത്യസ്തമായിരിക്കും.

സിനിമയിൽ ലോജിക് വേണ്ടായിരിക്കും. പക്ഷേ യഥാർത്ഥ കേസാണെങ്കിൽ ബുള്ളറ്റ് ഒരു സോളിഡ് പ്രൂഫാണ്. സത്യം അവിടെ നിണമണിഞ്ഞാണെങ്കിലും നിൽക്കുക തന്നെയാണ്..

പടക്കടപ്പാട്: ഗൂഗിൾ
വെടിയുണ്ടകളുടെ താരതമ്യം ശ്രദ്ധിക്കുക

.

About sunil jaleel

സുനിൽ ജലീൽ. ഇപ്പോൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. പക്ഷിനിരീക്ഷണം, യാത്രകൾ, ഫോട്ടോഗ്രാഫി എന്നിവ ഹോബികൾ. പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും കുറിപ്പുകൾ എഴുതുന്നു.

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment