Build your own low cost RO Plant

Category: General Articles 603 0

എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു Multi Stage Home RO plant ഉണ്ടാക്കിയെടുക്കാം എന്നതാണ് നമ്മുടെ വിഷയം .

പക്ഷേ അതിനു മുൻപ് ഇങ്ങനെ ഒരു സിസ്റ്റം എല്ലാവർക്കും ആവശ്യമാണോ അല്ലെങ്കിൽ ഏത് തരത്തിലുള്ള ഫിൽട്ടറിംഗ് സിസ്റ്റം ആണ് നമുക്ക് ആവശ്യം എന്നതിനെക്കുറിച്ച് കൂടി പറഞ്ഞതിനു ശേഷം അത് പറഞ്ഞു തുടങ്ങാം .

മുകളിലെ വീട്ടിലുണ്ട്, താഴത്തെ വീട്ടിലുണ്ട്, അപ്പുറത്തെ വീട്ടിലും ഉണ്ട്. പിന്നെ ഞാനായിട്ടെന്തിനു വാങ്ങാതിരിക്കണം? നമ്മുടെ ഉപഭോക്തൃ സംസ്കാരത്തെ തുറന്നു കാട്ടുന്ന ഒരു പരസ്യമാണിത്. ഈ ഒരൊറ്റ കാരണം കൊണ്ട് നമ്മളിൽ പലരും വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ ചില്ലറയല്ല. വാട്ടർ പ്യൂരിഫയറുകളുടെ കാര്യവും വ്യത്യസ്തമല്ല. യഥാർത്ഥത്തിൽ നമുക്ക് ഏത് തരത്തിലുള്ള വാട്ടർ പ്യൂരിഫയർ ആണ് ആവശ്യം? വെള്ളം പരിശോധിച്ചതിനു ശേഷമായിരിക്കണം വാട്ടർ പ്യൂരിഫയർ ഏതെന്ന് തീരുമാനിക്കാൻ. പൊതുവേ ആരും ചെയ്യാത്തതാണിത്. പൈപ്പ് വെള്ളം, കിണർ/ കുഴൽ കിണർ തുടങ്ങിയവയൊക്കെയാണല്ലോ നമ്മുടെ പ്രധാന കുടിവെള്ള സ്റോതസ്സുകൾ.

കിണർ / കുഴൽക്കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് എങ്കിൽ വെള്ളത്തിന്റെ ഗുണനിലവാരവും അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഇതിനായി ധാരാളം ലബോറട്ടറികൾ നിലവിലുണ്ട്. കേരളത്തിൽ ജില്ലാടിസ്ഥാനത്തിലുള്ള ഇത്തരം ലബോറട്ടറികളുടെ വിവരങ്ങൾ ഈ ലിങ്കിൽ നിന്നും കിട്ടും (https://goo.gl/k4hFDA). വെള്ളം കുപ്പിയിലാക്കി ഇവിടേക്ക് പോകുന്നതിനു മുൻപേ ഫോൺ വഴിയോ മറ്റോ വിവരങ്ങളും നിബന്ധനകളും സമയക്രമവുമെല്ലാം അന്വേഷിച്ച് പോകുന്നതായിരിക്കും കൂടുതൽ നല്ലത്. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് തോന്നാമെങ്കിലും ഒന്ന് ശ്രമിക്കുന്നതിൽ തെറ്റില്ല. നമ്മുടെ കിണറാണെങ്കിലും ആ വെള്ളത്തിൽ കക്കൂസ് മാലിന്യം മുതൽ ആഴ്സനിക്, മെർക്കുറി വരെയുള്ള ലോഹങ്ങൾ വരെ കണ്ടേക്കാം. ഇനി ഇതൊന്നുമില്ലെങ്കിലും പൊതുവായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് വാട്ടർ പ്യൂരിഫയറുകൾ തെരഞ്ഞെടുക്കാം.

എന്തിനു വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കണം? തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിച്ചാൽ പോരേ എന്നൊരു സംശയം ഉണ്ടായേക്കാം. കുടിക്കാൻ യോഗ്യമായ വെള്ളം ആണെങ്കിൽ തിളപ്പിച്ചാറിച്ചാൽ ബാക്റ്റീരിയ വൈറസ് തുടങ്ങിയ സൂഷ്മാണുക്കളെ നശിപ്പിക്കാനാകും. ശരിയായ രീതിയിൽ തിളപ്പിക്കാതിരുന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്ന് മാത്രമല്ല വെള്ളത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ലവണങ്ങളെയും മറ്റ് ശരീരത്തിനു ഹാനികരമാകുന്ന വസ്തുക്കളെയും നീക്കം ചെയ്യാൻ തിളപ്പിക്കൽ പ്രക്രിയകൊണ്ട് ആകില്ല.

നമ്മൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ പൊതുവേ കാണപ്പെടുന്ന ജൈവ / അജൈവ വസ്തുക്കളുടെ വലിപ്പം ഒന്ന് പരിശോധിച്ചു നോക്കാം. വളരെ ചെറിയ വലിപ്പത്തെ സൂചിപ്പിക്കുന്ന മൈക്രോൺ (മൈക്രോ മീറ്റർ) എന്ന ഏകകം ആണ് ഇവിടെ ഉപയോഗിക്കുന്നത് ഒരു തലമുടിയുടെ വ്യാസം 80- 90 മൈക്രോൺ ആണ്. ബാക്റ്റീരിയ 0.3 മുതൽ 5 മൈക്രോൺ വരെ . വൈറസ് 0.02 മുതൽ 0.4 മൈക്രോൺ വരെ. കീടനാശിനികൾ 0.001 മൈക്രോൺ. ഉപ്പ് ഉൾപ്പെടെയുള്ള ലവണങ്ങൾ 0.0005 മൈക്രോൺ. ശുദ്ധ ജല തന്മാത്രയുടെ വലിപ്പം 0.0003 ആണ്. അതായത് 0.0003 വലിപ്പം മാത്രമുള്ള സുഷിരങ്ങളുള്ള ഒരു അരിപ്പയിലൂടെ വെള്ളം കടത്തി വിട്ടാൽ എല്ലാ ജൈവ അജൈവ വസ്തുക്കളെയും അരിച്ച് മാറ്റി ശുദ്ധമായ വെള്ളം ലഭിക്കുമെന്ന് അർത്ഥം .
എല്ലാ വാട്ടർ ഫിൽട്ടറുകളും ഇത്തരം അരിപ്പകൾ ആണ്. കണ്ണികളുടെ വലിപ്പത്തിനനുസരിച്ച് അവയുടെ അരിച്ചു മാറ്റൽ കഴിവുകൾ വ്യത്യാസപ്പെടുന്നു.

ചില ജല ശുദ്ധീകരണ സാങ്കേതിക വിദ്യകൾ പരിചയപ്പെടാം
== ഗ്രാവിറ്റി ഫിൽട്ടർ ==
മുകളിലും താഴെയുമായി രണ്ട് അറകളുള്ളതും മുകളിലെ അറയിൽ നിറയ്ക്കുന്ന വെള്ളം ഫിൽട്ടർ കാൻഡിലിലൂടെ അരിയ്ക്കപ്പെട്ട് താഴെയുള്ള അറയിൽ നിറയുന്ന തരത്തിലുള്ള വിവിധ തരം വാട്ടർ പ്യൂരിഫയറുകൾ നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്നു. നമ്മുടെ പഴയ സെറാമിക് കാൻഡിൽ ഫിൽട്ടർ മുതൽ ഇപ്പോൾ വളരെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന പ്യുർ-ഇറ്റ് പോലെയുള്ളവ മൈക്രോ ഫിൽട്ടർ (0.1 മൈക്രോൺ ) വിഭാഗത്തിൽ പെടുന്നു . വെള്ളത്തിൽ നിന്നും ബാക്റ്റീരിയയെയും മറ്റു സൂഷ്മ ജീവികളെയും അരിച്ച് മാറ്റാൻ ഈ മാർഗ്ഗത്തിലൂടെ കഴിയും എങ്കിലും വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ലവണാംശം നീക്കം ചെയ്യാനും സ്വാഭാവികമായ സ്വാദും മണവും വീണ്ടെടുക്കാനും വൈറസുകളെ നീക്കം ചെയ്യാനും സെറാമിക് കാൻഡിൽ ഫിൽട്ടറുകൾക്ക് ആകില്ല. മാത്രവുമല്ല ഗ്രാവിറ്റി ഫിൽട്രേഷനിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നതിന്റെ നിരക്ക് വളരെ കുറവാണുതാനും.

==ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ ==
വെള്ളത്തിൽ നിന്നും ക്ലോറിൻ ഉൾപ്പെടെയുള്ള കാർബണിക സംയുക്തങ്ങളെ അരിച്ച് നീക്കാൻ സഹായിക്കുന്നതാണ് ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ. നമ്മുടെ ചിരട്ടക്കരി ഫിൽട്ടർ തന്നെ. ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ വെള്ളത്തിന്റെ സ്വാഭാവികമായ രുചിയും മണവും വീണ്ടെടുക്കാൻ സഹായിക്കുന്നു എങ്കിലും സൂഷ്മാണുക്കളെ നശീപ്പിക്കാനും വെള്ളത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ലവണങ്ങളെയും മറ്റു ഘന ലോഹങ്ങളെയും നീക്കം ചെയ്യാൻ കാർബൺ ഫിൽട്ടറിനാകില്ല.

== അൾട്രാ ഫിൽട്ടർ==
0.01 മൈക്രോൺ വലിപ്പം മാത്രമുള്ള സൂഷ്മ സുഷിരങ്ങളുള്ള ഹോളോ ഫൈബർ കൊണ്ട് നിർമ്മിതമായ ഫിൽട്ടറുകൾ ആണ് അൾട്രാ ഫിൽട്ടറുകൾ. ഈ ഫിൽട്ടർ ഉപയോഗിച്ച് വൈറസ്, ബാക്റ്റീരിയ തുടങ്ങിയ എല്ലാ സൂഷ്മ ജീവികളെയും അരിച്ചു മാറ്റാൻ കഴിയുന്നു എങ്കിലും ഉപ്പ്, ഘന ലോഹങ്ങൾ, കീടനാശിനികൾ തുടങ്ങിയവയെ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയില്ല.

== റിവേഴ്സ് ഓസ്മോസിസ് ==
ആർ ഓ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏറ്റവും പ്രചാരത്തിലുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് റിവേഴ്സ് ഓസ്മോസിസ്. വൃതി വ്യാപനം (ഓസ്മോസിസ്) എന്നതിന്റെ നേർ വിപരീത പ്രക്രിയ നടക്കുന്നതിനാലാണ് ഇതിനെ റിവേഴ്സ് ഓസ്മോസിസ് എന്ന് വിളിക്കുന്നത്. ഓസ്മോസിസ് പ്രക്രിയയിൽ സാന്ദ്രതയിൽ വ്യത്യാസമുള്ള രണ്ട് ലായനികളെ ഒരു അർദ്ധ താര്യ സ്തരം കൊണ്ട് വേർതിരിച്ചാൽ സാന്ദ്രത കുറഞ്ഞ ഭാഗത്തു നിന്നും തന്മാത്രകൾ സാന്ദ്രത കൂടിയ ഭാഗത്തേക്ക് സഞ്ചരിക്കുന്നു. റിവേഴ്സ് ഓസ്മോസിസിൽ സാന്ദ്രത കൂടിയ ലവണ ജലം മർദ്ദം ഉപയോഗിച്ച് ഒരു അർദ്ധ താര്യ സ്തരത്തിലൂടെ കടത്തി വിടുമ്പോൾ സാന്ദ്രത കുറഞ്ഞ ജല തന്മാത്രകൾ മാത്രം സ്തരത്തിലൂടെ മറുവശത്ത് എത്തുന്നു. റിവേഴ്സ് ഓസ്മോസിസ് മെമ്പ്രൈൻ അതി സൂഷ്മമായ സുഷിരങ്ങളുള്ള ഒരു അരിപ്പയാണ്. 0.0003 മുതൽ 0.0005 വരെയാണ് ഇതിന്റെ വലിപ്പം. ഈ അരിപ്പയിലൂടെ ലവണ ജലം സ്വാഭാവികമായി കടന്നു പോകില്ല. അതിനായി ഉയർന്ന മർദ്ദം ആവശ്യമാണ്. പ്രത്യേകം പമ്പിന്റെ സഹായത്തോടെയാണ് ഇത് സാദ്ധ്യമാകുന്നത്. 0.0005 മൈക്രോൺ വലിപ്പമുള്ള ആർ ഒ മെമ്പ്രൈനിലൂടെ വെള്ളം കടന്നു പോകുമ്പോൾ അതിലെ സൂഷ്മ ലവണങ്ങളെല്ലാം വേർതിരിക്കപ്പെട്ട് 0.0003 മൈക്രോൺ വലിപ്പമുള്ള ശൂദ്ധ ജല തന്മാത്രകൾ മാത്രം കടന്നു പോകുന്നു. താരതമ്യേന ഏറ്റവും ചെലവ് കൂടിയതും ജല നഷ്ടം ഉള്ളതുമായ ഒരു പ്രക്രിയയാണ് റിവേഴ്സ് ഓസ്മോസിസ്. ഒരു ലിറ്റർ ശുദ്ധ ജലം ലഭിക്കുന്നതിനായി 2 മുതൽ 3 ലിറ്റർ വെള്ളം പാഴാകുന്നു. ശരീരത്തിന് ആവശ്യമായ ലവണങ്ങളെ കൂടി പൂർണ്ണമായും അരിച്ച് മാറ്റുന്നു എന്ന ഒരു ദോഷം കൂടി RO യ്ക്ക് ഉണ്ട്.

== അൾട്രാ വയലറ്റ് ഫിൽട്ടറിംഗ് ==
അൾട്രാ വയലറ്റ് ഫിൽട്ടറുകൾ യഥാർത്ഥത്തിൽ ഫിൽട്ടറിംഗ് അല്ല മറിച്ച് പ്രോസസ്സിംഗ് ആണ്. അതായത് അൾട്രാ വയലറ്റ് പ്രോസസ്സിംഗ് എന്നാണ് ഇതിനെ വിളിക്കേണ്ടത്. അയണൈസിംഗ് റേഡിയേഷൻ ആയ അൾട്രാ വയലറ്റ് രശ്മികൾക്ക് ബാക്റ്റീരിയ, വൈറസ് തുടങ്ങിയ ജൈവ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. വെള്ളം അൾട്രാ വയലറ്റ് രശ്മികൾ പ്രസരിക്കുന്ന ഒരു ട്യൂബിലൂടെ കടന്നു പോകുമ്പോൾ അതിലെ സൂഷ്മ ജീവികൾ എല്ലാം നശിക്കുന്നു. പ്രത്യേകിച്ച് യാതൊരു രാസ വസ്തുക്കളുടേയും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ ഏറ്റവും വേഗത്തിൽ ജല ശുദ്ധീകരണത്തിനു സഹായിക്കുന്ന ഒരു രീതിയാണ് അൾട്രാ വയലറ്റ് ട്രീറ്റ്മെന്റ്. പക്ഷേ ഇവിടെ ചില പരിമിതികൾ ഉണ്ട് –
1. നല്ല തെളിഞ്ഞ വെള്ളത്തിൽ മാത്രമേ ഇത് ശരിയായ ഫലം ചെയ്യൂ.
2. വൈദ്യുതി ആവശ്യമുണ്ട്.
3. അൾട്രാ ലാമ്പിന്റെ ക്ഷമത കാലക്രമേണ കുറഞ്ഞു വരുന്നതിനാൽ വർഷാ വർഷം ലാമ്പ് മാറ്റേണ്ടി വരുന്നു.
4. വെള്ളത്തിൽ നിന്നും ജൈവ വസ്തുക്കൾ ഉൾപ്പെടെയുള്ള ഒന്നും അരിച്ച് മാറ്റപ്പെടുന്നില്ല.
== ഏത് ജല ശുദ്ധീകരണ സംവിധാനമാണ് ഏറ്റവും കൂടുതൽ അനുയോജ്യം?==
മേൽ സൂചിപ്പിച്ചവയ്ക്ക് പുറമേയും പല സാങ്കേതിക വിദ്യകളും ഉണ്ടെങ്കിലും നമ്മൂടെ നാട്ടിൽ സർവ്വ സാധാരണമായതും ചെലവു കുറഞ്ഞതുമായവയാണ് എടുത്തു പറഞ്ഞതി. ഇതിൽ ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച് ഇതിൽ ഒന്നോ അതിലധികമോ സംവിധാനങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മൾട്ടി ലെവൽ ഫിൽട്ടറിംഗ് സിസ്റ്റം ആണ് ഏറ്റവും അനുയോജ്യമായത്. നിലവിൽ വിപണിയിൽ പ്രചാരത്തിലുള്ള വാട്ടർ പ്യൂരിഫയറുകൾ എല്ലാം ഇത്തരത്തിലുള്ളതാണ്.
ലബോറട്ടറികളിൽ വെള്ളം പരിശോധിക്കാൻ അസൗകര്യമുള്ളവർ തീർച്ചയായും ഒരു ടീ ഡി എസ് മീറ്റർ ഉപയോഗിച്ച് (TDS Meter) വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശം പരിശോധിക്കേണ്ടതാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (BIS) നിബന്ധനകൾ അനുസരിച്ച് 200 PPM വരെ ലവണാംശം അടങ്ങിയ വെള്ളം ആണ് കുടിക്കാൻ ഏറ്റവും അനുയോജ്യമായി വിലയിരുത്തപ്പെടുന്നത് എങ്കിലും 100-150 ‌PPM ൽ കൂടുതലായാൽ തന്നെ അരുചി അനുഭവപ്പെട്ട് തുടങ്ങും. 250- 300 രൂപയ്ക്ക് ഒരു ടീ ഡീ എസ് മീറ്റർ ലഭിക്കും. ഇതുപയോഗിച്ച് സെക്കന്റുകൾക്കകം തന്നെ വെള്ളത്തിന്റെ TDS അറിയാൻ കഴിയുന്നു.
വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതു ജല വിതരണ സംവിധാനം വഴി ലഭിക്കുന്ന പൈപ്പു വെള്ളത്തിൽ പൊതുവേ ടി ഡീ ഏസ് 200 ൽ താഴെ ആയാണ് കണ്ടു വരുന്നത്. വെള്ളത്തിനു രുചി വ്യത്യാസം അധികം അനുഭവപ്പെടുന്നില്ല എങ്കിൽ RO ഈ അവസരത്തിൽ അനാവശ്യമാണ്. പക്ഷേ കുഴലുകളിലൂടെ എത്തുന്ന ഈ വെള്ളം അണു വിമുക്തമാണെന്ന് ഉറപ്പിച്ച് പറയാൻ ആകാത്ത സാഹചര്യത്തിൽ ഒരു വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം ഇവിടെ അത്യാവശ്യമാണ്.
ഉപ്പിന്റെ അംശം വളരെ കുറവാണെങ്കിൽ – ക്ലോറിൻ ഇല്ലാത്ത വെള്ളം ആണെങ്കിൽ സെഡിമെന്റ് ഫിൽട്ടർ + അൾട്രാ ഫിൽട്ടർ + യു വി കോമ്പിനേഷൻ ആണ് ഏറ്റവും അനുയോജ്യം. ക്ലോറിന്റെ അളവ് കൂടുതലാണെങ്കിൽ ഇതിനോടു കൂടി ഒരു കാർബൺ ഫിൽട്ടർ കൂടി ചേർക്കാം.
ഉപ്പിന്റെ അളവ് പ്രകടമാണെങ്കിൽ RO അല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല. TDS 2000 നു മുകളിലൊക്കെ ആണെങ്കിൽ ചെറിയ ഡോമസ്റ്റിക് RO സിസ്റ്റം അത്രകണ്ട് ഫലപ്രദമായിക്കൊള്ളണം എന്നില്ല എന്ന് മാത്രമല്ല RO മെമ്പ്രൈൻ ഫിൽട്ടർ ഇടയ്ക്കിടെ മാറ്റേണ്ടതായി വരികയും ചെയ്യുന്നു. വളരെ കുറഞ്ഞ TDS ഉള്ള ഇടങ്ങളിൽ RO ഉപയോഗിക്കുമ്പോൾ TDS ആരോഗ്യകരമായ പരിധിയിലും താഴുന്നതിനാൽ അത്തരം അവസരത്തിൽ TDS Adjuster കൂടി ഉള്ള RO മെഷീനുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
അത്യാവശ്യം തെളിഞ്ഞ അരുചിയില്ലാത്ത ക്ലോറിൻ അധികം ഇല്ലാത്ത വെള്ളം ആണെങ്കിൽ വെറും ഒരു പ്രീ ഫിൽട്ടർ + അൾട്രാ വയലറ്റ് ഫിൽട്ടർ കോമ്പിനേഷൻ തന്നെ ധാരാളമാണ്.

 

How to build an RO plant and save a bundle of rupees :

 

വാട്ടർ പ്യൂരിഫെയർ ഏതാണെങ്കിലും മെയിന്റനന്സ് വകയിൽ വലിയ ആവർത്തനച്ചെലവാണ് ഉള്ളത്. ചെറിയ ചെറിയ തകരാറുകൾക്ക് വരെ വലിയ സർവീസ് ചാർജ്ജ് ആണ് ഈടാക്കുന്നത്. ഇതിൽ പല കാര്യങ്ങളും നമുക്ക് സ്വയം പരിഹരിക്കാവുന്നതേ ഉള്ളൂ. മെയിന്റനൻസും സ്വന്തമായിത്തന്നെ ചെയ്യാം. അതിനാൽ ആദ്യമായി ഏത് പ്രമുഖ കമ്പനികളോടും കിടപിടിക്കുന്ന ഒരു മൾട്ടി സ്റ്റേജ് വാട്ടർ പ്യൂരിഫെയർ എങ്ങനെ അസംബിൾ ചെയ്തെടുക്കാമെന്ന് മനസ്സിലാക്കുന്നത് അസംബ്ലിംഗ് നടന്നില്ലെങ്കിലും മെയിന്റനെൻസ് എങ്കിലും സ്വയം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കും. നിലവിൽ 4000-4500 രൂപയ്ക്ക് നല്ലൊരു വാട്ടർ പ്യൂരിഫെയർ പരമാവധി ഒരു മണിക്കൂർ സമയത്തിനുള്ളിൽ അസംബിൾ ചെയ്തെടുക്കാനാകും.

ആവശ്യമുള്ള സാധനങ്ങൾ

1. പ്രീ ഫിൽട്ടർ -1 (രണ്ടെണ്ണം ആണെങ്കിൽ കൂടുതൽ നല്ലത്)
2. സെഡിമെന്റ് ഫിൽട്ടർ – 1
3 . പ്രീ കാർബൺ ഫിൽട്ടർ -1
4. RO മെമ്പ്രൈൻ വിത് ഹൗസിംഗ് – 1
5. പോസ്റ്റ് കാർബൺ ഫിൽട്ടർ- 1
6. യു വി ഫിൽട്ടർ – ലാമ്പും പവർ സപ്ലൈയും ഉൾപ്പെടെ.
7. അൾട്രാ ഫിൽട്ടർ – 1
8. ബൂസ്റ്റർ പമ്പ് – 1
9. സോളിനോയ്ഡ് വാൽവ് -1
10 . കണക്റ്റിംഗ് പൈപ്പുകൾ (നാലോ അഞ്ചോ മീറ്റർ) , ജോയിന്റുകൾ , C ക്ലാമ്പുകൾ (4 എണ്ണം) , X‌ ക്ലാമ്പുകൾ (8 എണ്ണം)
11. ഫ്ലോട്ട് സ്വിച്ച് -1
12. ഇൻലെറ്റ് വാൽവ് -1
13 ടീ ഡി എസ് അഡ്ജസ്റ്റർ (ആവശ്യമാണെങ്കിൽ മാത്രം)
14 . ക്യാബിൻ (ആവശ്യമെങ്കിൽ മാത്രം)
15 . ഒരു പ്ലൈവുഡ് പലകക്കഷണം.
16 . ടെഫ്ലോൺ ടേപ്.

 

ഇതെല്ലാം പ്രത്യേകമായോ അതല്ലെങ്കിൽ ഒരു കിറ്റ് ആയി വേണമെങ്കിലും വാങ്ങാം. യു വി ഫിൽട്ടറും കാബിനും ഒഴികെ ബാക്കി എല്ലാം അടങ്ങിയ ഒരു കിറ്റ് 3000-3500 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിൽ കിട്ടും

==== ഇൻലെറ്റ് വാൽവ് ====
അടുക്കളയിലോ മറ്റോ നിലവിൽ ഉള്ള ഒരു ടാപ്പിൽ നിന്നും ആയിരിക്കുമല്ലോ ആർ ഓ യിലേക്കുള്ള വെള്ളം ടാപ് ചെയ്ത് എടുക്കാൻ ഉദ്ദേശിക്കുന്നത്. അതിനായി ഇൻലെറ്റ് വാൽവ് ഉപയോഗിക്കാം. നിലവിലുള്ള ടാപ് ഊരിയെടുത്ത് അതിന്റെ സ്ഥാനത്ത് ഈ ഇൻലെറ്റ് വാൽവ് ഘടിപ്പിച്ച് തുടർന്ന് അതിൽ ടാപ്പ് പിടിപ്പിച്ചാൽ മതി.

==== പ്രീ ഫിൽട്ടർ ====

ഇൻലെറ്റ് വാൽവിൽ നിന്നും ആദ്യം കണക്റ്റ് ചെയ്യേണ്ടത് ഈ പ്രീ ഫിൽട്ടറിലേക്കാണ്. പ്രീ ഫിൽട്ടർ ചുവരിൽ ആണിയടിച്ചോ സ്ക്രൂ ചെയ്തോ പിടിപ്പിക്കാവുന്നതാണ്. പൊതുവേ ഒരു പ്രീ ഫിൽട്ടർ ആണ് എല്ലാ പ്രമുഖ ആർ ഒ നിർമ്മാതാക്കളും ഘടിപ്പിക്കാറ് എങ്കിലും താരതമ്യേന വിലക്കുറവായതിനാലും എളുപ്പം ‌മാറ്റാവുന്നതാണ് എന്നതിനാലും രണ്ട് പ്രീ ഫിൽട്ടറുകൾ ശ്രേണീ രൂപത്തിൽ ഘടിപ്പിക്കുന്നത് നന്നായിരിക്കും. വെള്ളം മോശമായ ഇടങ്ങളിൽ ഇത് മറ്റ് ഫിൽട്ടറുകളുടെ ആയുസ്സ് ഗണ്യമായി വർദ്ധിപ്പിക്കുന്നു.

=== സോളിനോയ്ഡ് വാൽവ് ===

ലളിതമായി പറഞ്ഞാൽ ഇത് ഒരു ഇലക്ട്രിക് വാൽവ് ആണ്. അതായത് പവർ സപ്ലേ കൊടുത്താൽ തുറക്കുന്ന ഒരു വാൽവ്. സാധാരണ ഗതിയിൽ ഇത് അടഞ്ഞിരിക്കുകയും 24 വോൾട്ട് വൈദ്യുതി നൽകിയാൽ വാൾവ് തുറന്ന് ഫിൽട്ടറിലേക്ക് വെള്ളം നൽകുകയും ചെയ്യുന്നു.

=== സെഡിമെന്റ് ഫിൽട്ടർ ====

പ്രീ ഫിൽട്ടറുകളിൽ കൂടി കടന്നു വരുന്ന വെള്ളത്തിലും മണ്ണ്, ചെളി മറ്റ് പ്ലവകങ്ങൾ എല്ലാം ഉണ്ടായിരിക്കും. ഇവയെ അരിച്ച് മാറ്റുക എന്ന ധർമ്മമാണ് സെഡിമെന്റ് ഫിൽട്ടറിനുള്ളത്.

=== പ്രീ ആൻഡ്‌ പോസ്റ്റ് കാർബൺ ഫിൽട്ടറുകൾ ===

ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ അഥവാ കാർബൺ ഫിൽട്ടറുകൾ വെള്ളത്തിലെ ക്ലോറിൻ ഉൾപ്പെടെയുള്ള കാർബണിക സംയുക്തങ്ങളെ നീക്കം ചെയ്യുകയും വെള്ളത്തിന്റെ സ്വാഭാവികമായ രുചിയും മണവും വീണ്ടെടുക്കുകയും ചെയ്യുന്നു. പൊതുവേ ആർ ഒ കളിൽ രണ്ടു കാർബൺ ഫിൽട്ടറുകൾ ആണ് ഉപയോഗിക്കാറ്. പ്രീ കാർബൺ ഫിൽട്ടറും പോസ്റ്റ് കാർബൺ ഫിൽട്ടറും. ആർ ഒ മെമ്പ്രൈനു മുൻപിലായി വരുന്നതാണ് പ്രീ കാർബൺ ഫിൽട്ടർ. പോസ്റ്റ് കാർബൺ ഫിൽട്ടർ ആർ ഓ മെമ്പ്രൈനു ശേഷം വരുന്നത്. സിൽവർ കോമ്പൗണ്ടുകൾ കൂടി ചേർന്ന സിൽവർ കാർബൺ ഫിൽട്ടറുകളും ലഭ്യമാണ്.

=== ആർ ഓ മെമ്പ്രൈൻ ===
ഒരു RO യുടെ ഹൃദയഭാഗമാണ് ഇത്. ആർ ഒ മെമ്പ്രൈൻ എന്ന ഫിൽട്ടർ മെമ്പ്രൈൻ ഹൗസിംഗിനകത്തായി ഉറപ്പിച്ചിരിക്കുന്നു. മെമ്പ്രൈൻ ഹൗസിംഗിൽ മൂന്നു കണക്റ്ററുകൾ കാണാൻ കഴിയും. ഒരു വശത്ത് ഒന്നും മറു വശത്ത് രണ്ടും. ഇതിൽ ഒരു കണക്റ്റർ ഉള്ള ഭാഗം ആണ് ഇൻപുട്. മറുവശത്തുള്ള രണ്ടു കണക്റ്ററുകളിൽ ഒന്നിൽ ഫിൽട്ടർ ചെയ്ത വെള്ളവും രണ്ടാമത്തേതിൽ വേസ്റ്റ് ആയ വെള്ളവും. ആർ ഒ മെമ്പ്രൈനുകൾ അവയുടെ ഫിൽട്ടറിംഗ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു GPD (Gallons Per Day) എന്ന ഏകകം കൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്. 50 GPD, 75 GPD, 100 GPD ഇങ്ങനെ വിവിധ തരത്തിലുള്ള മെമ്പ്രൈനുകൾ ലഭ്യമാണ്. പൊതുവേ 75 GPD മെമ്പ്രൈനുകൾ ആണ് സാധാരണ ആർ ഒ പ്ലാന്റുകളിൽ കാണാറുള്ളത്. ഗാർഹിക ആവശ്യങ്ങൾക്ക് അത് ധാരാളം മതിയാകുന്നതാണ്. Vontron, GSM തുടങ്ങിയ ബ്രാൻഡുകളുടെ മെമ്പ്രൈൻ വളരെ ഗുണനിലവാരം ഉള്ളതാണ്.

=== ആർ ഒ ബൂസ്റ്റർ പമ്പ് ===

ആർ ഒ മെമ്പ്രൈനിലൂടെ ഉന്നത മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുക എന്നതാണ് ആർ ഒ ബൂസ്റ്റർ പമ്പിന്റെ ധർമ്മം. ഇവിടെയും പമ്പിന്റെ കപ്പാസിറ്റി GPD യിൽ ആണ് സൂചിപ്പിക്കുന്നത്. സാധാരണയായി 75 ജി പി ഡി പമ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും 100 ജി പി ഡി ആണ് കൂടുതൽ അഭികാമ്യം.

=== പവർ സപ്ലൈ ===

ബൂസ്റ്റർ പമ്പ്, സോളിനോയ്ഡ് വാൽവ് എന്നിവയ്ക്ക് ആവശ്യമായ 28 വോൾട്ട് / 36 വോൾട്ട് വൈദ്യുതി നൽകുന്നത് ഈ പവർ സപ്ലൈ യൂണിറ്റ് ആണ്.

=== ടി ഡി എസ് അഡ്ജസ്റ്റർ ===
പേരു കേട്ട് പേടിക്കേണ്ട. പേരിൽ മാത്രമേ വലിയ ഗമയൊക്കെയുള്ളൂ. ഇത് ചെറിയൊരു അഡ്ജസ്റ്റബിൾ വാൽവ് മാത്രമാണ്. അരിച്ചെടുത്ത വെള്ളത്തിലേക്ക് കുറച്ച് അരിക്കാത്ത വെള്ളം കലർത്തി ഉപ്പ് അഡ്ജസ്റ്റ് ചെയ്യുന്നു. അത്രമാത്രം.
ആർ ഓ മെമ്പ്രൈൻ വെള്ളത്തിൽ നിന്നും ലവണങ്ങളെ പൂർണ്ണമായും അരിച്ച് മാറ്റുന്നു. ഇത്തരത്തിൽ ലവണാംശം പൂർണ്ണമായും നീക്കം ചെയ്യപ്പെട്ട വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. കാരണം ശരീരത്തിന് അവശ്യമായ പല ലവണങ്ങളും ലഭിക്കാതെ വരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് കുടിവെള്ളത്തിന്റെ മിനിമം ടി ഡി എസ് പരിധി എത്രയാകണമെന്ന് പറയുന്നില്ലെങ്കിലും പരമാവധി പരിധി നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്
ടി ഡി എസ് 200 ന് അകത്ത് ആണെങ്കിൽ നല്ല കുടിവെള്ളം ആണെന്നും മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ 600 വരെ ആകാമെന്നും നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.
കുറഞ്ഞ പരിധി ഇല്ലെങ്കിലും 30 ൽ താഴെ പോകാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ടി ഡി എസ് അഡ്ജസ്റ്റർ എന്ന സംവിധാനം ഉപയോഗിക്കുന്നു. ഇത് ഒരു അഡ്ജസ്റ്റബിൾ വാൽവ് ആണ്.

=== അൾട്രാ വയലറ്റ് കാർട്രിഡ്ജ് ===

ഒരു ചെറിയ പവർ സപ്ലൈ, അൾട്രാ വയലറ്റ് ട്യൂബ്, വെള്ളം കടന്നു പോകാനുള്ള ചേമ്പർ. ഇത്രയും അടങ്ങുന്നതാണ് അൾട്രാ വയലറ്റ് പ്യൂരിഫിക്കേഷൻ സ്റ്റേജ്. “ഈ- ബോയിലിംഗ്” എന്നൊക്കെ വലിയ കമ്പനികൾ ഇതിനെ ചിത്രീകരിക്കുന്നുണ്ട്. ബാക്റ്റീരിയയേയും വൈറസ്സിനെയുമൊക്കെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഇതിന്റെ ജോലി.

=== അൾട്രാ ഫിൽട്ടർ ===
അൾട്രാ ഫിൽട്ടർ എന്നത് ഉള്ള് പൊള്ളയായ നേർത്ത് ഫൈബറുകൾ കൊണ്ട് നിർമ്മിച്ചതാണ്. അതായത് 0.01 മൈക്രോൺ വലിപ്പമുള്ള സൂഷ്മ ദ്വാരങ്ങളുള്ള ഫൈബറുകൾ. TDS അഡ്ജസ്റ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു അൾട്രാ ഫിൽട്ടർ കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

=== ഫ്ലോ റസ്ട്രിക്റ്റർ ===

ആർ ഓ മെമ്പ്രൈൻ ചേമ്പറിലെ മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ചെറിയ ഒരു ഉപകരണമാണ് ഫ്ലോ റസ്ട്രിക്റ്റർ.

=== ഫ്ലോട്ട് സ്വിച്ച് ==

ഫിൽട്ടർ ചെയ്തതിനു ശേഷം ലഭിക്കുന്ന ശുദ്ധമായ വെള്ളം സംഭരിക്കുന്ന ടാങ്ക് നിറഞ്ഞുകഴിഞ്ഞാൽ സിസ്റ്റം ഓഫ് ആക്കാനാണ് ഇത് ഉപകരിക്കുന്നത്.

== അസംബ്ലിംഗ് ===

വാട്ടർ ടാപ്പിൽ നിന്നും തുടങ്ങി സ്റ്റോറേജ് ടാങ്ക് വരെയുള്ള വയറിംഗ് ഡയഗ്രം ‌ശ്രദ്ധിക്കുക. ഒരു പ്ലൈവുഡ് കഷണത്തിൽ രണ്ട് ‘സി’ ക്ലാമ്പ് സെറ്റുകൾ ഉറപ്പിച്ച് അതിൽ സെഡിമെന്റ് ഫിൽട്ടറും പ്രീ കാർബൺ ഫിൽട്ടറും അമർത്തി ഉറപ്പിക്കുക. ഈ രണ്ടൂ ഫിൽട്ടറുകളുടെയും മുകളിൽ ‘എക്സ്’’ ക്ലാമ്പുകളുടെ സഹായത്തോടെ മറ്റ് ഫിൽട്ടറുകൾ ഉറപ്പിക്കുക. വയറിംഗ് ഡയഗ്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ വാട്ടർ – ഇലക്ട്രിസിറ്റി കണക്ഷനുകൾ നൽകുക. എല്ലാ വാട്ടർ ട്യൂബ് കണൿഷനുകളും ‘പുഷ് ഫിറ്റ്’ ആണ്.

ക്യാബിനും സ്റ്റോറേജ് ടാങ്കും വാങ്ങണമെന്ന് നിർബന്ധമൊന്നുമില്ല. അതിനു പകരം മൂടിയുള്ള ഒരു ബക്കറ്റിന്റെ അടപ്പിൽ ഒരു ഫ്ലോട്ട് വാൽവ് ഘടിപ്പിച്ച് പവർ സപ്ലൈ അതു വഴി നൽകിയാൽ മതി. ബക്കറ്റിന്റെ അടി വശത്ത് ഒരു ടാപ്പും പിടിപ്പിക്കാം.

ഒരു ടി ഡി എസ് മീറ്റർ ഉപയോഗിച്ച് വെള്ളത്തിലെ ഉപ്പിന്റെ അംശം പരിശോധിക്കാവുന്നതാണ്. അതിനാൽ ടീ ടി എസ് മീറ്റർ കൂടി വാങ്ങേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ (ഏകദേശം 250 രൂപ വില വരും).

വെള്ളത്തിൽ അധികം ഉപ്പിന്റെ പ്രശ്നം ഇല്ലാത്തവർ അനാവശ്യമായി RO ഉപയോഗിക്കണം എന്നില്ല. അത്തരം സാഹചര്യത്തിൽ ഇതിലെ Booster Pump, RO Membrane എന്നീ ഭാഗങ്ങൾ വേണ്ടെന്നു വയ്ക്കാവുന്നതാണ്.

സംശയങ്ങൾ സ്വാഗതം

 

വാൽക്കഷണം : പൂർണ്ണമായും ശുദ്ധമായ വെള്ളം മാത്രം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു എന്നൊരു വാദം കൂടി നിലനിൽക്കുന്നുണ്ട്. അത് എത്രമാത്രം ശരിയാണെന്ന് ഡോക്ടർമ്മാർ പറയട്ടെ.

 

Author : Sujith Kumar 

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment