Project Life Boat : A disaster management model from Kerala

Category: lifeboat, News 504 0

കേരള ജനത ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് ചുറ്റിലും സമാനതകൾ ഇല്ലാത്ത നന്മയുടെയും, കൈകോർക്കലിന്റെയും അനുഭവങ്ങളായിരുന്നു. പലഭാഗങ്ങളിൽ നിന്ന്, ലോകത്തിന്റെ നാനാ കോണുകളിൽ നിന്ന് , കൊച്ചുകേരളത്തെ സാധ്യമായ മാർഗങ്ങളിലൂടെ അക്ഷരാർത്ഥത്തിൽ കൈക്കൂമ്പിളിൽ എടുക്കുന്ന കാഴ്ച്ചയായിരുന്നു. കൂട്ടത്തിൽ ഞങ്ങളുമുണ്ടായിരുന്നു. ഞങ്ങൾ എന്നു പറയുമ്പോൾ ഞങ്ങൾ തന്നെ. ആരെയും എടുത്തു പറയാൻ ഇല്ലാത്ത, വിധം ഊടും പാവും നെയ്ത, ഒരു ബ്രാൻഡ് നേം ഇല്ലാത്ത, ഒരു ഹാഷ് ടാഗ് പോലും ഇടാൻ വിട്ടുപോയ സൗഹൃദക്കൂട്ടായ്മ

ഒരുപക്ഷേ ഇതു വായിക്കുന്നവർ കരുതുണ്ടാവും ഇതൊക്കെ എന്തിനാണ് ആളുകളെ ബോധിപ്പിക്കുന്നത് എന്ന്

1) ഈ പ്രവർത്തനം നാട് അറിയണം. നാളെ ഇതിന്റെ ബീജാവാപം ഉൾക്കൊണ്ട് ഒരു കുറ്റമറ്റ സംവിധാനം നമുക്ക് നിർമ്മിക്കണം. അതിന് ഇതു കൂടുതൽ മനസ്സുകളിലേക്ക് എത്തേണ്ടതുണ്ട്. ഇത്‌ ക്രൗഡ് സോഴ്സുകളുടെ പിൻബലത്തിൽ നിർമിച്ച ഒരു സിസ്റ്റം ആണ്. അതിന്റെ വികാസത്തിനും ഇതേ ഫിലോസഫി തന്നെ വേണം. ജനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും വളരണം.

2) വ്യാജ വാർത്തയുടെയും, അനാവശ്യ ഫോർവേഡ്കളുടെയും കാരണത്താൽ ആൾക്കൂട്ട കൊലപാതകവും, സൈബർ ബുള്ളിയിങും നടക്കുന്ന നാട്ടിൽ വാട്സപ്പ്, ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങളുടെ ഗുണപരമായ ഉപയോഗം എങ്ങനെ ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് പോലുള്ള നിർണ്ണായക ഘട്ടത്തിൽ ഉപയോഗപ്പെടുത്താം എന്ന മികച്ച ഉദാഹരണം.

3) ഇവിടെ സിസ്റ്റം പഴുതടച്ചത് എന്നൊന്നും ഇതിന് അർത്ഥമില്ല.നമ്മുടെ നേരം പോക്ക് ഫോർവേഡുകൾക്ക് ഉപയോഗിക്കുന്ന വാട്സപ്പിനെയും വെറുതെ സ്ക്രോൾ ചെയ്യുന്ന ഫേസ്ബുക്കിന്റെയും ഒക്കെ സാധ്യത മുന്നിൽവെച്ച് ഒരു ചെറിയ ഓപ്പറേഷന്‍. ഞങ്ങളുടെ ടീം -എഴുന്നൂറിൽ പരം ഓൺ ലൈൻ വളണ്ടിയർമാരും നൂറില്പരം ഗ്രൗണ്ട് വളണ്ടിയർമാരും ചേർന്നൊരു ഏകോപനത്തിന്റെ ആകെത്തുക ആണ് ഈ പ്രോജക്ട്.

ഇന്‍ഫോര്‍മേഷന്‍ എന്നൊരു കാര്യത്തെ മാത്രം അടിസ്ഥാനമാക്കി, സംഘടിതരായി, സ്വന്തം ഇഷ്ടത്തിന്, സ്വയം തീരുമാനമെടുക്കാനുള്ള ധൈര്യത്തോടെ രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച ഒരു കൂട്ടം അസംഘടിതരുടെ നിസ്വാർത്ഥ സേവനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങള്‍ ഈ പ്രൊജക്റ്റിനെ ലൈഫ് ബോട്ട് എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു.

അമിത സാങ്കേതിക ഒക്കെ മാറ്റി നിർത്തി പരമാവധി ലളിതമായി വിശദീകരണം നടത്താൻ ശ്രമിക്കാം.

പ്രോജെക്ടിലേക്ക് ചിന്തിക്കാൻ ഉള്ള പ്രധനപ്പെട്ട കാരണം:
ഹെൽപ് ലൈൻ നമ്പറുകൾ എല്ലാം നല്ല തിരക്കിൽ ആണെന്നും , മാറിമാറി നമ്പറിൽ വിളിച്ചിട്ടും കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് പുറം ലോകത്ത് Helpline നെ ബന്ധപ്പെടാൻ സാധിക്കാതെ വരുന്നു എന്നുള്ളതും , വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ കൂടുതൽ നേരം ഫോണിലെ ബാറ്ററി നിലനിൽക്കില്ല എന്നതുും, ഒപ്പം വിളിച്ചാല്‍ കിട്ടാത്ത ഓരോ നമ്പറുകളും ആളുകളെ ഡിപ്രഷനിലേക്കാണ് ചെന്നെത്തിക്കുന്നത് എന്ന ബോധവും ഈ പ്രൊജക്റ്റിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചും. കൂട്ടത്തില്‍ ജീവന്‍ അപകടത്തിലാവുന്ന മുനമ്പില്‍ ആളുകൾ പരിഭ്രാന്തരായി തുടങ്ങിയതും പരിഹരിക്കപ്പെടണം എന്ന് തോന്നി.

ഇതുപ്രകാരം ആഗസ്റ്റ് 15 നു ചില ഫേസ്ബുക് സുഹൃത്തുക്കൾ ഓൺലൈനിൽ ഒത്തുകൂടി ചില ചർച്ചകൾ നടന്നു. ആഗസ്റ്റ് 16 നു പകൽ അവർ അതിന്റെ സാങ്കേതിക പണികളുമായി മുന്നോട്ട് നീങ്ങി. വ്യത്യസ്‌ത ആളുകളുടെ ബന്ധങ്ങൾ വഴി ഒരു പകൽ കൊണ്ടു IT വിദഗ്ധർ, മനുഷ്യ വിഭവ ശേഷി കൈകാര്യം ചെയ്യാൻ അറിയുന്നവർ, പ്രോജക്ട് ആസൂത്രണം ചെയ്യുന്നവർ, ഉറക്കമില്ലാതെ സഹകരിക്കുന്ന ഓൺലൈൻ വളണ്ടിയർമാർ ഇങ്ങനെ വ്യത്യസ്‌ത ആളുകളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു. തുടക്കത്തിൽ ദുരിത ബാധിതരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഡാറ്റാബേസ് ഉണ്ടാക്കി, അതു് ഏതെങ്കിലും ജീവൻ രക്ഷാ ദൗത്യം നിർവഹിക്കുന്ന സർക്കാർ-സർക്കാരിതര സംവിധാനങ്ങൾക്ക് കൈമാറാം എന്നായിരുന്നു പദ്ധതി.

കുടുങ്ങിക്കിടക്കുന്നവർക്ക് missed call അടിക്കാൻ ആയി ഒരു നമ്പർ സെറ്റ് ചെയ്തു. ഒരേ സമയം തന്നെ അനേകം പേർക്ക് യാതൊരു തടസ്സവുമില്ലാതെ വിളിക്കാൻ കഴിയുന്ന ഈ നമ്പറിലേക്ക് ആര് വിളിച്ചാലും ”താങ്കളുടെ കാൾ സ്വീകരിച്ചിരിക്കുന്നു; ഞങ്ങൾ ഉടൻ തിരിച്ചുവിളിക്കുന്നതായിരിക്കും” എന്ന റെക്കോഡ് ചെയ്ത ശബ്ദസന്ദേശം മാത്രം കേള്‍പ്പിക്കുന്ന വിധം ക്രമീകരിച്ചു. പതിനഞ്ച് സെക്കന്റില്‍ താഴെ സമയത്തില്‍ ആ കോള്‍ കമ്പ്യൂട്ടര്‍ സ്വയം വിഛേദിക്കും. ഓല ഉബർ തുടങ്ങിയ കമ്പനികൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാ‌ണ്‌‌‌ ഞങ്ങളും ഇവിടെ ഉപയോഗിച്ചത്.

സാങ്കേതികമായി എല്ലാം ഒരുപകൽ കൊണ്ടു തീർത്തു എന്നു പറയാം. ആഗസ്റ്റ് 16 , രാത്രി പതിനൊന്നിന് സെർവർ up ചെയ്തു. മിസ് കാൾ അടിക്കാനുള്ള നമ്പർ അപ്പോഴേക്കും വാട്സപ്പ് , ഫേസ്ബുക് വഴി പരമാവധി ഷെയർ ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു. അങ്ങനെ ആദ്യം ഒന്ന്, രണ്ടു, ..പിന്നെ മിനിറ്റിൽ 20 വരെയൊക്കെ മിസ്ഡ് കാൾ വന്ന് തുടങ്ങി.

ഇതിനു മുമ്പേ തന്നെ വാട്സ്ആപ് വാട്സ്ആപ് കാൾ സെന്റർ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. സെർവറിൽ വരുന്ന നമ്പറുകൾ കോപ്പി ചെയ്ത് 10 വീതം ഉള്ള സെറ്റുകൾ ആയി ഓരോ ഗ്രൂപ്പിലും കൊടുത്തു കൊണ്ടിരുന്നു . ആരു ഏതു നമ്പർ തെരെഞ്ഞെടുക്കുന്നു, വിളിക്കുന്നു എന്നതിനൊക്കെ ഗ്രൂപ്പിൽ തന്നെ ഒരു പ്രോട്ടോകോൾ ഉണ്ടാക്കി. മെംബെർമാരെ പരിശീലിപ്പിച്ചു. സെർവറിൽ മിസ്ഡ് കാൾ കൂടിവരുന്ന മുറക്ക് പുതിയ കാൾ സെന്റർ ഗ്രൂപ്പ് ഉണ്ടാക്കി. അന്ന് രാത്രി മുഴുവനും, മൂന്നു മണിക്കും ,നാലുമണിക്കും ഒക്കെ മിനുട്ടിൽ പത്തു നമ്പർ എങ്കിലും സെർവറിൽ രേഖപ്പെടുത്തി. പരമാവധി എണ്ണം വളണ്ടിയർമാർ വിളിച്ചു ഗ്രൂപ്പിൽ റിപ്പോർട് ചെയ്യും. ഒരു മെമ്പർ വിളിക്കുമ്പോൾ റെസ്ക്യൂ ചെയ്യേണ്ട ആളുടെ പേര്, നമ്പർ, ലൊക്കേഷൻ, ലൻഡ്മാർക്, ആളുകളുടെ എണ്ണം ഒക്കെ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ചു. ഇതു അപ്പപ്പോൾ തന്നെ സെർവറിൽ അപ്ഡേറ്റ് ആവും. ആഗസ്റ്റ് 17 രാവിലെ ആയപ്പോൾ ട്രാഫിക് കൂടി, ഒരു ഘട്ടത്തിൽ 300 നമ്പർ വരെ വിളിക്കാൻ പെൻഡിങ് ഉണ്ടായിരുന്നു. എന്നാൽ ഓൺലൈനായി ഞങ്ങൾ പരസ്പരം മത്സരിച്ചു വിളിച്ചു വിവര ശേഖരണം നടത്തി. എത്ര പെന്റിങ്ങ് ഉള്ളപ്പോഴും പരമാവധി മൂന്ന് മിനിറ്റിനുള്ളില്‍ തിരിച്ച് വിളിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവര്‍ വിളിക്കുമ്പോള്‍ അവരുടെ മനസ്സ് മനസ്സിലാക്കി, പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി പിന്തുണ നല്‍കി അവരുടെ വിവരങ്ങള്‍ ശേഖരിച്ചു. വിളിച്ചവരില്‍ അപകടത്തില്‍ പെട്ടവര്‍ കൂടാതെ നാട്ടിലുള്ള ബന്ധുക്കൾ, വിദേശത്തുള്ള ബന്ധുക്കൾ തുടങ്ങിയവർ എല്ലാവരും ഉള്‍പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ വിളികളും ഉണ്ടായിരുന്നു. വിദേശ വിളികൾ ഇന്ത്യക്ക് പുറത്തുള്ളവർ തന്നെ കൈകാര്യം ചെയ്‌തു. വൈകുന്നേരം ആകുമ്പോഴേക്കും 1700 വിളികൾ ഞങ്ങൾ ചെയ്തു, അത്രയും പേരെ വിവരങ്ങൾ ഡാറ്റാബേസിൽ ചേർത്തു. ഡാറ്റാബേസ് നോക്കാൻ സ്ഥിരമായി IT വൈദഗ്ദ്യം ഉള്ളവർ പുറകിൽ ഉണ്ടായിരുന്നു. മിക്കവാറും എല്ലാ വളണ്ടിയര്‍മാരും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഉറങ്ങി, ചിലർ തീരെ ഉറങ്ങിയില്ല. ആളുകൾ അത്രയും അതിനോട് ഇഴുകിച്ചേർന്നിരുന്നു. കിട്ടിയ വിവരങ്ങള്‍ ജില്ലതിരിച്ച്(ഡിസാസ്റ്റര്‍മാനേജ് മെന്റ് സിസ്റ്റം ജില്ലാ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്) ജില്ലാകലക്റ്റര്‍മാര്‍ക്കും, ഡിസ്റ്റാസ്റ്റര്‍മാനേജ്മെന്റിലും കൈമാറാന്‍ പ്രത്യേകം വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് കൈമാറി.

പ്രോജെക്ടിന്റെ രണ്ടാം ദിനം ഒരുപാട് SOS അപേക്ഷകള്‍ ഞങ്ങളുടെ കൂട്ടായ്മയുടെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ പല രക്ഷാപ്രവർത്തനങ്ങളും എങ്ങനെ നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സാധിക്കാത്ത രീതിയില്‍ ആണെന്നാണ് മനസ്സിലായത്. അങ്ങോട്ട് കൊടുക്കുന്ന പട്ടിക അടിസ്ഥാനമാക്കി, തിരിച്ചൊരു അന്വേഷണത്തിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്രത്തോളം സമയമോ തയ്യാറെടുപ്പോ കിട്ടിയില്ല എന്നുവേണം അനുമാനിക്കാൻ. ഒരേ റെസ്ക്യൂ റിക്വസ്റ്റിനെ കുറിച്ച് സമാന രീതിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നുമൊക്കെയുള്ള ഒന്നിലധികം വിളികള്‍ കൂടി ആയപ്പോൾ ഔദ്യോഗിക രക്ഷാ പ്രവർത്തന സംവിധാനങ്ങൾ ഏതിനെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിലായി എന്ന് മനസ്സിലാക്കി. കാരണം ഒരേ രക്ഷസ്ഥാനത്തേക്ക് ഒന്നിലധികം ടീമുകള്‍ ഒരേകാര്യത്തിന് എത്തുന്നതും, ഒന്നില്‍ കൂടുതല്‍ ടീമുകള്‍ ഒരേസ്ഥലത്തേക്ക് ഭക്ഷണം എത്തിക്കുന്നതും എല്ലാം വളരെ ചുരുങ്ങിയ വിഭവങ്ങള്‍ ഉള്ള ഈ ദുരന്തമുഖത്ത് സംഭവിച്ചുകൊണ്ടിരുന്ന അബദ്ധങ്ങളായിരുന്നു. അറിഞ്ഞ് കൊണ്ട് ചെയ്യുന്ന തെറ്റുകളല്ല, ജീവന് വേണ്ടിയുള്ള വിളികളോട് മുഖം തിരിക്കാനും പറ്റില്ല. എന്നാല്‍ സ്വീകരിക്കാനും പറ്റില്ല എന്നതരത്തില്‍ ചിന്തിപ്പിക്കുന്ന ഒരു സാഹചര്യം. ഒരു തീരുമാനം എടുക്കുന്ന ആളെ സമ്പന്ധിച്ചെടുത്തോളം അങ്ങേയറ്റം സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു സാഹചര്യമാണ് വെരിഫൈഡ് അല്ലാത്ത വാട്ടസ് ആപ്പ് ഫോര്‍വേഡുകളും പാരലല്‍ SOS-കോളുകളും റെസ്ക്യൂ ഓപ്പറേഷനുകളും ഉണ്ടാക്കിയത്. അതേ സമയം ഭക്ഷണവും എത്തിയിട്ടില്ലാത്തതും രക്ഷാപ്രവര്‍ത്തനും നന്നിട്ടില്ലാത്തതുമായ സ്ഥലങ്ങളും ഉണ്ടായിരുന്നു.

ഒരു പരിഹാരം കണ്ടെത്തല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി തന്നെ ആയിരുന്നു. പക്ഷെ ആളുകളും ആശയങ്ങളും പഞ്ഞമില്ലാതെ വന്നു കൊണ്ടിരുന്നു. കിട്ടിയ വിവരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി നേരിട്ട് എന്തൊക്കെ ചെയ്യാം എന്നായി ചിന്ത . നേരിട്ട് ഗ്രൗണ്ട് വളണ്ടിയറെ കിട്ടാൻ അങ്ങനെ ഒരു പരിഹാരം കണ്ടെത്തി. ആഗസ്റ്റ് 17 രാത്രിയിൽ അങ്ങനെ വളണ്ടിയർ മിസ്ഡ് കാൾ സെറ്റ് അപ് ചെയ്‌തു. തൃശൂർ, പത്തനംതിട്ട, എറണാകുളം,ഇടുക്കി, ആലപ്പുഴ തുടങ്ങിയ ദുരന്തമേഖലകളില്‍ നിന്നും, കാസറഗോഡ് പോലെ വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകൾ മിസ്ഡ് കാൾ ചെയ്തു തുടങ്ങി. നേരത്തെ റെസ്ക്യൂ ചെയ്യേണ്ട ആളുകളെ തിരിച്ചു വിളിച്ച പോലെ തന്നെ ഇവരെയും വിളിച്ചു അത്യാവശ്യമായ വിവരങ്ങൾ ശേഖരിച്ചു.

ഇവരുടെ സേവനം ലഭിക്കുന്ന ഫ്ലഡ് പോയിന്റ് ഏരിയ തിരിച്ച് പ്രത്യേകം പ്രത്യേകം ഗ്രൂപ് ഉണ്ടാക്കി. ഒരോ ഗ്രൂപ്പിലും ഒരു സമയം ചുരുങ്ങിയത് രണ്ട് പേരെയും പരമാവധി നാല് പേരേയും ഉറപ്പുവരുത്തി. ഇന്ത്യക്കകത്ത് തന്നെ ഉള്ള, അതാത് പ്രദേശത്തെ കുറിച്ച് ധാരണ ഉള്ളവര്‍ക്ക് പ്രാധാന്യം കൊടുത്ത്, ISD നമ്പര്‍ ഒട്ടും വരാത്ത രീതിയിലാണ് ഗ്രൂപ്പ് രൂപികരിച്ചത്. ISD നമ്പര്‍, വരുന്ന പക്ഷം, ആളുകള്‍ ഫോണ്‍ എടുക്കാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടും, തിരിച്ച് വിളിച്ചാലും കിട്ടും എന്ന് ഉറപ്പുവരുത്താനും ആണ് ഇങ്ങനെ ചെയ്തത്. ഒരു ഫ്ലഡ് പോയിന്റിലേക്കായി മാറ്റി വെച്ച നാല് നമ്പറുകള്‍ അവര്‍ ആ പ്രദേശത്തെ വളണ്ടിയര്‍മാര്‍ക്കിടയിലും, റെസ്ക്യൂ റിക്വസ്റ്റിനും മാത്രം കിട്ടുന്ന രീതിയില്‍ രഹസ്യമായി സൂക്ഷിച്ചു. പുറത്തു നിന്ന് ഇവര്‍ക്കുള്ള വിവരങ്ങള്‍ കൊടുത്തതും, അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതും പൂര്‍ണ്ണായും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരുന്നു. അവരുടെ ഫോണ്‍ ആര് വിളിച്ചാലും പെട്ടെന്ന് കിട്ടുന്ന രീതിയില്‍ ആയിരിക്കാനാണ് ഇത്. പലസമയങ്ങളിലായി മൊത്തം 128 പേരാണ് ഹോട്ട് ലൈന്‍ എന്ന് പേരിട്ട ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഇതിന് പ്രത്യേകം ഗ്രൗണ്ട് വളണ്ടിയർ ഗ്രൂപ്പ്(കൂടെ ഏരിയ പേരും)സെറ്റ് ചെയ്തു. ഇത്രയും ആകുമ്പോഴേക്കും റെസ്ക്യൂ മിസ്ഡ് കാൾ ഏതാണ്ട് മൂവ്വായിരം എത്തിയിരുന്നു. ചെറിയ സമയ ഇടവേളയിൽ പലതും തിരിച്ചു വിളിച്ചു. ചിലതൊക്കെ സ്വിച്ച് ഓഫ് ആയിരുന്നു. ഈ വിവരങ്ങളെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം തരം തിരിച്ചു .ഇവ ഒരു ഹോട്ട് ലൈന്‍ ടാസ്ക് ഫോഴ്സ്ൽ അയച്ചു കൊടുക്കും. അവിടെ ചുമതലപ്പെട്ട വളണ്ടിയർ അവർക്ക് മുമ്പ് തീരുമാനിച്ച പ്രകാരമുള്ള ഗ്രൗണ്ട് വളണ്ടിയറെ ബന്ധിപ്പിക്കും. മിക്ക അവസരത്തിലും ഒന്നിലധികം വളണ്ടിയര്‍മാരെ ചേര്‍ത്താണ് ലക്ഷ്യം നിറവേറ്റിയിരുന്നത്. ഭക്ഷണം ഉള്ള ആള്‍ക്ക് വണ്ടി ഉണ്ടായിരിക്കില്ല, വണ്ടി ഉള്ള ആള്‍ക്ക് വഴി അറിയില്ല, അല്ലെങ്കില്‍ കൊണ്ടു പോകാന്‍ ഭക്ഷണമില്ല, അങ്ങനെ കൃത്യമായ വിവരം ഇല്ലാത്തതുകൊണ്ട് മാത്രം വളണ്ടിയര്‍മാക്ക് സ്വയം പരിഹരിക്കാനാവാതെ, നിസ്സഹായരാക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ഒരു ടീമിന്റെ ഒരുമിച്ച് ചേര്‍ത്ത് ഒരു റെസ്ക്യൂ ടാസ്ക് ഫോഴ്സ് ഉണ്ടാക്കി, അവര്‍ക്ക് അവരുടെ സേവനം നല്‍കാനാകും എന്ന് ഉറപ്പ് വരുത്തിയാല്‍, അത് ബന്ധപ്പെട്ട റെസ്ക്യൂ പോയിന്റില്‍ വിളിച്ച് അറിയിക്കുകയും, അവര്‍ മറ്റുള്ളവരില്‍ നിന്നും സഹായം ആവശ്യപ്പെടില്ല എന്നും ഉറപ്പ് വരുത്തലായിരുന്നു അടുത്തപടി. ഇത്തരത്തില്‍ ഒരു വളണ്ടിയര്‍ ഓപ്പറേഷന്‍ തീരുമാനിച്ചുറപ്പിച്ചാല്‍ ഈ വളണ്ടിയര്‍മാരേയും റെസ്ക്യൂ റിക്വസ്റ്റിനേയും ഫോണ്‍ വഴി നേരിട്ട് ബന്ധപ്പെടുത്തി, കൂടാതെ അത് പൂര്‍ത്തിയാവുന്നതുവരെ നിശ്ചിത ഇടവേളകളില്‍ ഈ റെസ്ക്യൂ ടാസ്ക് ഫോഴ്സുുമായി ബന്ധപ്പെട്ടു്കൊണ്ടിരുന്നു. ഇത്തരത്തില്‍ മൊത്തം 1003 റിക്വസ്റ്റുകള്‍ ഞങ്ങള്‍ ക്ലോസ് ചെയ്തു. ഓരോ റിക്വസ്റ്റിലും 4 മുതല്‍ 1000 പേര്‍ വരെ ഉണ്ടായിരുന്നു.

ഞങ്ങളുടെ അനുഭവത്തില്‍ പ്രത്യേകം എടുത്ത് പറയാവുന്ന ഒരു സംഭവം ഉണ്ട്. ആലുവ പറവൂരിനടുത്ത് ഒരു സ്ഥലത്ത് 60പേര്‍ കുടുങ്ങി കിടക്കുന്നു എന്നൊരു വിവരം ഞങ്ങള്‍ക്ക് വിശ്വസിക്കാവുന്ന സ്ഥലത്തു നിന്നും കിട്ടി. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ട് അവസാനമായി ബന്ധപ്പെട്ട നമ്പറും, സ്ഥലവും മാത്രമാണ് കയ്യിലുള്ളത്. അവസാനമായി ബന്ധപ്പെട്ട സമയം കഴിഞ്ഞ് ഏതാണ്ട് 24 മണിക്കൂര്‍ ആയിട്ടുണ്ടായിരുന്നു. പിന്നീട് ഫോണ്‍ ഓണ്‍ ആയിട്ടേ ഇല്ല. വെള്ളം ഏതാണ്ട് ഇറങ്ങിത്തുടങ്ങി രക്ഷപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ ആവുന്ന സമയത്താണ് ഇത്. അത്രയും വിശ്വസിക്കാവുന്ന സുഹൃത്തായതുകൊണ്ട് വിവരം ആലുവയിലെ റെസ്ക്യൂ ടീമിന് കൈമാറി. അത്തരത്തില്‍ ഒരു ഒറ്റപ്പെടലിന് സാധ്യത ഇല്ല എന്ന് പറഞ്ഞ അവര്‍, ഞങ്ങളോടുള്ള വിശ്വാസത്തിന്റെ പേരില്‍ മാത്രം വലിയൊരു ടീം ആ ഭാഗത്തേക്ക് പുറപ്പെട്ടു. ആരേയും കണ്ടെത്താന്‍ സാധിക്കാതെ ആ ഇഷ്യൂ ക്ലോസ് ചെയ്തതായി കണക്കാക്കാട്ടെ എന്ന് ചോദിച്ച് തിരിച്ച് വിളിച്ചു. ഞങ്ങള്‍ ഓക്കെ പറഞ്ഞു. പിന്നീട് നേരത്തെ വിവരം അറിയിച്ച അതേ സുഹൃത്ത് വീണ്ടും വിളിച്ച് അവര് കുടുങ്ങി തന്നെ ഇരിക്കുകയാണെന്ന് അത്രയും ഉറപ്പോടെ അറിയിച്ചപ്പോള്‍, ആലുവ ടീം വീണ്ടും അവരെ മറ്റേതോ വഴിക്ക് ബന്ധപ്പെട്ടു. അങ്ങനെ ഏതാണ്ട് 23-പേര്‍ ആണ് അവിടെ ബാക്കിയുള്ളത്, മറ്റുള്ളവര്‍ പല വഴിക്ക് രക്ഷപ്പെട്ടു എന്നും ജീവന്‍ അപകടത്തിലാവുന്ന അവസ്ഥയിലല്ല എന്നും ആലുവ ടീമിന് വിവരം ലഭിച്ചു. സമയം ഇരുട്ടിയതുകൊണ്ടും, എത്തിപ്പെടാനുള്ള സാങ്കേതിക പ്രശ്നം ഉള്ളതുകൊണ്ടും, പിറ്റേന്ന് രാവിലത്തേക്ക് റെസ്ക്യൂ ഓപ്പറേഷന്‍ അവര്‍ ഉറപ്പു വരുത്തി ഞങ്ങളെ തിരിച്ച് വിളിച്ച് വിവരം അറിയിച്ചൂ. പിറ്റേന്ന് രാവിലെ അവരെ രക്ഷപ്പെടുത്തിയ വിവരവും ഞങ്ങളെ അറിയിച്ചു.

ഇവിടെ തുറന്നു പറഞ്ഞാൽ ഒരു വലിയ പരിമിതി ഉണ്ടായിരുന്നു. ഈ സിസ്റ്റത്തിലെ ഗ്രൗണ്ട് വളണ്ടിയർക്ക് പൂർണ്ണമായും ടാസ്കുകള് സഹകരിക്കാൻ കഴിയാതെ വരാറുണ്ടായിരുന്നു. കാരണം സ്വന്തം നാട്ടിൽ ഒരു റിമോട്ട് ടാസ്കിൽ വളണ്ടിയർ ആയി നിയോഗിക്കപ്പെടുമ്പോൾ വേറെ ചില മുൻഗണനകൾ സ്വാഭാവികമായും ഉണ്ടാകും. നാട്ടിലെ ചില ഇടപെടലുകൾ നമുക്ക് നിർബന്ധമായും ചെയ്യേണ്ടി വരും. ഇതിനിടെ ആഗസ്റ്റ് 17 നു രാത്രിയിൽ ഒരു പ്രത്യേക ഉണർവ് കിട്ടാൻ രണ്ടു കാരണങ്ങൾ ഉണ്ടായി.

1) നേവിയുമായി ബന്ധപ്പെട്ട ഞങ്ങളുടെ സർക്കിളിൽ ഉള്ള ആരോ നേവിക്ക് രക്ഷപ്പെടുത്താനുള്ളവരുടെ ലിസ്റ്റ് വേണം എന്നാവശ്യപ്പെട്ടു.
2) അതുപോലെ മറ്റാരോ ഫുഡ് എയർ ഡ്രോപിന് ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് വേണമെന്ന് പറഞ്ഞു

ഇതിനിടയിൽ ഒരു ഗൗരവ പ്രശ്നം ബാക് എൻഡിൽ നടന്നു. നിനച്ചിരിക്കാതെ സർവ്വറിൽ സൈബര്‍ അറ്റാക്ക് നടന്നു. അരമണിക്കൂർ കൊണ്ട് ടെക്കികൾ അതു അതിജീവിച്ചു. മൂന്നാം ദിനം ഞങ്ങൾ രാവിലെ ഗ്രൂപ്പുകൾക്ക് പഴയ ടാസ്‌ക് കൊടുത്തു, മുന്നേ വന്ന വിളികൾ ഒക്കെ ഒന്നുകൂടി തിരിച്ചു വിളിക്കണം എന്ന ജോലി. കാരണം ഹെലികോപ്റ്ററിനും നേവിക്കും കൊടുക്കുന്ന വിവരങ്ങള്‍ പരമാവധി ക്ളീൻ ആവണം എന്ന നിർബന്ധവും, രക്ഷപ്പെട്ട ആളുകളുടെ വിവരവും ലഭിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഇവരെ വിളിക്കാൻ ഗ്രൂപ്പുകൾക് നിർദേശം നൽകി, പലരും രക്ഷപ്പെട്ടു എന്നറിഞ്ഞു. ചിലർ കുടുങ്ങി കിടക്കുന്നു, ചിലർ സ്വിച്ച് ഓഫ്. ചിലത് ബന്ധുക്കൾ. ആഗസ്റ്റ് 18 ലെ മുഴുവൻ ജോലിയും അതായിരുന്നു. അതുപോലെ റെസ്ക്യൂ മിസ്ഡ് കാളുകൾ ആകെ മൂവ്വായിരം കടക്കുകയും അതു വഴി നിരവധി ജീവിതങ്ങളുമായി ചുരുങ്ങിയത് ഒരു വിദൂര ബന്ധം എങ്കിലും സ്ഥാപിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ ഇടപെടൽ വഴി എത്രപേർ രക്ഷപ്പെട്ടു എന്നു ഞങ്ങൾക്ക് വലിയ ധാരണ ഒന്നും തന്നെ ഇല്ല. കാരണം വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് ബന്ധം സ്ഥാപിക്കുക സാധ്യമായിരുന്നില്ല. കാരണം ഗ്രൗണ്ട് വളണ്ടിയർമാർക്ക് ഹെലിക്കോപ്റ്റർ പോലുള്ള സംവിധനം ഉണ്ടായിരുന്നില്ല. പക്ഷെ അവർക്ക് പലരുമായി ആശയവിനിമയം നടത്തി ആളുകളുടെ ലൊക്കേഷനെ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുത്താൻ സാധിച്ചു എന്നതാണ് വാസ്തവം. അതുപോലെ കാൾ സെന്ററുകളിലെ ഫോൺ വിളിക്കുന്ന വളണ്ടിയർമാരെ പലരും തിരിച്ച് വിളിക്കാൻ തുടങ്ങി. ബന്ധുക്കൾ ആയുള്ളവർ വളണ്ടിയർമാരെ ബന്ധപ്പെട്ട് തുടങ്ങി .ഈ വിവരങ്ങള്‍ ഹോട് ലൈൻ ഗ്രൂപ്പിലേക്ക് പങ്കുവെച്ചു കൊണ്ടിരുന്നു. ഇങ്ങനെ മെസ്സേജുകൾ ഓരോ പ്രദേശത്ത് പരിചയം ഉള്ള പരമാവധി ആളുകളിക്ക് അയക്കാൻ സാധിച്ചു.

ആഗസ്റ്റ് 19 നു നേവിക്ക് കൃത്യമായ ലൊക്കേഷൻ വേണം എന്ന് വിവരം കിട്ടിയ അടിസ്ഥാനത്തിൽ ലൊക്കേഷൻ ലഭിക്കാത്ത ഉള്ളതും, തലേ ദിവസം സ്വിച്ച് ഓഫ് അയതുമായ എല്ലാ ഫോണുകളിലേക്കും തിരിച്ചു വിളിച്ചു. മാപ് ആഡ് ചെയ്തു. Lat&Long അറിയാത്തവർ സ്ഥലം പറയുമ്പോൾ കാളിംഗ് വളണ്ടിയർമാർ ഗൂഗിൾമാപ്പിൽ ഏകദേശ സ്‌ഥലം ടൈപ് ചെയ്തു Lat&Long എടുത്തു എന്റർ ചെയ്തു.

എടുത്തു പറയണം എന്ന് തോന്നുന്നത് ഈ സിസ്റ്റം ഉണ്ടാക്കിയ ബന്ധങ്ങ‌ൾ ആണ്. ഒരു റിക്വസ്റ്റ് കിട്ടുമ്പോൾ നമ്മൾക്ക് വളരെ എളുപ്പം കൃത്യമായ ടീം ഗ്രൂപ്പിൽ എത്തിക്കാൻ കഴിഞ്ഞു. അതുപോലെ ഓൺ ലൈൻ വളണ്ടിയര്‍മാര്‍ക്ക് ധാരാളം ആളുകള്‍ തങ്ങളുടെ ടീം വഴി രക്ഷപ്പെട്ട സന്തോഷ വാർത്തകൾ പങ്ക് വയ്ക്കുന്നത് കാണാമായിരുന്നു. ഇതിൽ എത്രത്തോളം ഈ സിസ്റ്റം പങ്കുവഹിച്ചു എന്നത് തൽക്കാലം കണ്ടുപിടിക്കാൻ ഉള്ള സംവിധനം ഒന്നുമില്ല. പക്ഷെ പല മെസ്സേജുകളും വിളിച്ചു ഒരു ദിവസം ഒക്കെ കഴിഞ്ഞാണ് രക്ഷപ്പെട്ട റിപ്ലൈകൾ തരുന്നത്. അതിനർത്ഥം അവർ അത്രയും ഒരു പ്രതീക്ഷ അവരുടെ മിസ്ഡ് കാൾ തിരിച്ചു വിളിച്ചത് വഴി ഉണ്ടായി എന്നതാണ്. ആർക്കൊക്കെയോ മാനസികമായ കരുത്തു ഇതുവഴി കിട്ടിക്കാണും എന്നുതന്നെയാണ് മനസ് പറയുന്നത്. അവരുടെ പ്രതികരണത്തിലും അന്വേഷണത്തിലും അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു. അതുപോലെ വളണ്ടിയർ ആവാൻ താല്പര്യം പ്രകടിപ്പിച്ചു ഒരുപാട് ആളുകൾ പുറത്തു ഉണ്ടായിരുന്നു എന്നുള്ളതാണ്. ഇതു ഞങ്ങൾക്ക് നൽകിയ ധൈര്യം ചെറുതൊന്നുമല്ല. ഒന്ന് രണ്ടു ഗ്രൂപ്പിനെ റിസർവ് ആയി വെക്കാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ടത് ആണ്.

പോസിറ്റീവ് മാത്രം പറഞ്ഞാൽ പോരല്ലോ. കൃത്യമായ ഒരു എയർ ലിഫ്റ്റ്, ബോട്ട് തുടങ്ങിയ സംവിധാനത്തെ ഒന്നും ഞങ്ങൾക്ക് നേരിട്ട് ബന്ധോപെടാൻ സാധിച്ചില്ല. അതുപോലെ ലഭ്യമായ എല്ലാ ഗ്രൂപ്പിലേക്കും ഒരുപോലെ വിവരങ്ങള്‍ കൈമാറാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാ ഗ്രൂപ്പുകളെ കുറിച്ചും കൃത്യമായ അറിവില്ലാതെ പോയതാണ്. പിന്നെ മൊത്തത്തിൽ തോന്നിയ ഒരു പോരായമ ഗ്രൗണ്ട് വളണ്ടിയർമാരുടെ ദൗർലഭ്യം ആണ്. എല്ലാ ഗ്രൗണ്ട് വളണ്ടിയർക്കും കൃത്യമായ സിസ്റ്റം പ്ളാൻ മനസിലാവത്തത് കൊണ്ടു ചില മുൻഗണനകൾ ഞങ്ങൾക്ക് കിട്ടാതെ പോയിട്ടുണ്ട് എന്നൊരു വിലയിരുത്തൽ മൊത്തത്തിൽ ഉണ്ട്. അതുപോലെ വാട്സ്ആപ് വഴിയുള്ള വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് പകരമായി ഒരു പൊതുസംവിധാനത്തിൽ നിന്നു കൊണ്ടു ജോലികൾ വീതിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ കുറച്ചു കൂടെ നന്നാവുമായിരുന്നു ഇപ്പൊ തോന്നുന്നു. കാരണം ഞങ്ങൾ മിക്ക വളണ്ടിയർമാരെയും മാനുവലി പിൻതുടരുന്നത് കൊണ്ടു അധിക സമയം വാട്സാപ്പിൽ ചെലവഴിക്കാൻ നിര്‍ബന്ധിതർ ആയി എന്നതാണ് വാസ്തവം. എന്നാലും അതു ഞങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം ആണ് .അതിൽ അശേഷം വിഷമം ഇപ്പോഴുമില്ല. ഇങ്ങനെ ഒരു ടാസ്കിന്റെ പശ്ചാത്തലം ഞങ്ങൾക്ക് അത്ര വലിയ ഊർജ്ജമായാണ് നൽകുന്നത്.

ഞങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഒരുപാട് ടാസ്കുകള്‍ മിക്കാവാറും മാനുവല്‍ ആയി തന്നെയാണ് നടത്തിയത്. അത് ഒരു വെബ് ബേസ്ഡ് സിസ്റ്റത്തില്‍ ഓട്ടോമേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നാണ്. നിലവിലുള്ള സിസ്റ്റത്തിന് വേണ്ടി ഞങ്ങളുടെ IT-team ഭാഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് വളരെ കുറഞ്ഞ സമയം മതിയാകും. പക്ഷേ ഇത്തരം ഒരു പണിക്ക് ഇനി ഒരു പ്രസക്തി ഉണ്ടോ ഇല്ലയോ എന്നൊക്കെ ഉള്ള സംശയത്തിലാണ് IT-Team. ഉത്തരം നിങ്ങളാണ് പറയേണ്ടത്.

ഞങ്ങള്‍ ഇത് ചെയ്തത് ആരേയും സന്തോഷിപ്പിക്കാനോ പ്രീതിപ്പെടുത്താനോ അല്ല, ഞങ്ങളുടെ സ്വാര്‍ത്ഥതാല്പര്യത്തില്‍ തന്നെയാണ്. ഇതിലൂടെ ഞങ്ങള്‍ ഞങ്ങളെ സ്നേഹിക്കുന്നവരുടെ, പരസ്പരം സ്നേഹിക്കുന്നവരുടെ വലിയൊരു കൂട്ടായ്മനേടിയെടുത്തു. ഒരു പരിധിവരെ മറ്റുള്ളവരെ സഹായിക്കാനും പറ്റി. ഇതു നമുക്കു ചെറുതല്ലാത്ത സംതൃപ്തി തരുന്നു. പ്രളയ കാലത്തെ റെസ്ക്യൂ / റിലീഫ് പ്രവർത്തനങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളും മറ്റും കാര്യക്ഷമമായി ഉപയോഗിച്ച നിരവധി സിവിൽ സൊസെറ്റി കൂട്ടായ്മകൾ ഉണ്ട്. ആ കൂട്ടായ്മകളുടെ പ്രവർത്തന മെത്തഡോളജി, വർക്ക്ഫ്ലോ എന്നിവയെല്ലാം ഡോക്കുമെൻറ്റേഷൻ ചെയ്ത് വെച്ചാൽ പുതിയൊരു സിറ്റിസൺ ഡിസാസ്റ്റർ മാനേജ്മെന്റ് പുസ്തകമിറക്കാൻ സാധിക്കും. എല്ലാവരും അവരരുടെ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു….

 

”അവനവനാത്മസുഖത്തിനാചരിക്കുന്നവ 
അപരന്നു സുഖത്തിനായ് വരേണം”

 

 

പോസ്റ്റ്‌ ലിങ്ക് :  https://www.facebook.com/sujithkrk/posts/1775948882512013

നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ആയി രേഖപെടുത്തുക

 

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment