Kolmanskop, story of the the Ghost Town

Category: General Articles 161 0

മണലുമൂടിയ ഈ കെട്ടിടങ്ങളും ആളുകള്‍ ഉപേക്ഷിച്ചുപോയ ഈ മരുപ്രദേശവും നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ലോകത്തെ ഏറ്റവും സമ്പന്നമായിരുന്ന ഒരുസമൂഹം ജീവിച്ചിരുന്ന ഇടമാണെന്നു മനസ്സിലാവാന്‍ വലിയപാടാണ്‌. ഒരു മണല്‍ക്കാറ്റിന്റെ സമയത്ത്‌ തന്റെ കാളവണ്ടി ഉപേക്ഷിച്ചുപോയ കോള്‍മാന്റെ ഓര്‍മ്മയ്ക്കായി കോള്‍മാന്‍സ്‌കോപ്‌ (Kolmanskop) എന്നു പേരിട്ട ഈ സ്ഥലത്തുകൂടി 1908-ല്‍ റെയില്‍വേലൈനിന്റെ പണി എടുക്കുന്നൊരാള്‍ നിലത്തുനിന്നും തിളങ്ങുന്ന ഒരു കല്ലു കിട്ടിയത്‌ തന്റെ ജര്‍മന്‍കാരനായ യജമാനനെ കാണിച്ചു. അതൊരു സാധാരണ കല്ലല്ലെന്നു മനസ്സിലാക്കിയ അയാള്‍ക്ക് തുടര്‍ന്നുനടത്തിയ തിരച്ചിലില്‍ വീണ്ടും അത്തരം ധാരാളം കല്ലുകള്‍ കിട്ടി. അത്‌ വിലപിടിച്ച വജ്രങ്ങളാണെന്നും ആ സ്ഥലം മൊത്തം അതുപോലെ വജ്രങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും അയാളില്‍ നിന്നും മനസ്സിലാക്കിയ ജര്‍മന്‍കാര്‍ കൂട്ടത്തോടെ അങ്ങോട്ടുവന്ന് അവ മാന്തിയെടുക്കാന്‍ തുടങ്ങുകയും താമസിയാതെ ജര്‍മന്‍ സര്‍ക്കാര്‍ അതൊരു നിരോധിതമേഖലയാക്കിമാറ്റുകയും വജ്രം മുഴുവന്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഭീമമായ അളവിലായിരുന്നു അവിടെ നിന്നും വജ്രം ലഭിച്ചിരുന്നത്‌. ആദ്യമാദ്യം വെറുതെ പെറുക്കിയെടുക്കാവുന്ന നിലയിലായിരുന്നു വജ്രങ്ങള്‍. 1912 -ല്‍ ഇവിടെനിന്നും പത്തുലക്ഷം കാരറ്റ്‌ ഡയമണ്ടാണ്‌ ലഭിച്ചത്‌. ഇത്‌ അന്നത്തെ ലോകവജ്രഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തോളം വരുമായിരുന്നു. 1914 ആയപ്പോഴേക്കും ഇവിടെ നിന്നും ലഭിച്ചത്‌ 1000 കിലോയിലേറെ വജ്രമാണ്‌. പരമാവധി അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരോ വെറും 1300 മാത്രവും. സമ്പത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ജര്‍മനിയിലേതുപോലെ ഒരുഗ്രാമം തന്നെ അവരവിടെ കെട്ടിപ്പൊക്കി. വീടുകള്‍, ആശുപത്രി, വൈദ്യുതനിലയം, ഡാന്‍സ്‌ഹാള്‍, തീയേറ്റര്‍, കാസിനോ, ബാറുകള്‍, പോസ്റ്റ്‌ ഓഫീസ്‌, വിദ്യാലയം, ഐസ്‌ നിര്‍മ്മാണശാല എന്നിവകൂടാതെ തെക്കേ അര്‍ദ്ധഗോളത്തിലെ ആദ്യത്തെ എക്സ്‌റേ സ്റ്റേഷനും അവിടെ അവര്‍ ഉണ്ടാക്കി. മണലാരണ്യം മുഴുവന്‍ അവര്‍ അരിച്ചുപെറുക്കി. ഒറ്റ വാരലിന്‌ ഒരു ലോറി നിറയ്ക്കാന്‍ പറ്റിയതരം വലിയ എസ്കവേറ്ററുകള്‍ കൊണ്ടുവന്നു. 1930 ആയപ്പോഴേക്കും വജ്രം ഏതാണ്ട്‌ തീര്‍ന്നുതുടങ്ങി. ആയിടയ്ക്ക്‌ നമീബിയയുടെ 270 കിലോമീറ്റര്‍ തെക്കുഭാഗത്ത്‌ പുതിയവജ്രശേഖരങ്ങള്‍ കണ്ടെത്തിയതോടെ ഇവരെല്ലാം വീടും കുടിയും ഉപേക്ഷിച്ച്‌ അങ്ങോട്ടു നിങ്ങാന്‍ തുടങ്ങി. 1956-ആയപ്പോഴേക്കും അവസാനകുടുംബവും ഇവിടം വിട്ടു.

1980 -ല്‍ ഖനനകമ്പനിയായ ഡി ബിയേഴ്‌സ്‌ അവിടത്തെ ചരിത്രം സംരക്ഷിക്കാനായി ഒരു മ്യൂസിയം ഉണ്ടാക്കി. മുന്‍കൂര്‍ അനുവാദം വാങ്ങി ആള്‍ക്കാര്‍ക്ക്‌ ഇന്ന് ഇവിടം സന്ദര്‍ശിക്കാം. മണല്‍ കയ്യടക്കിയ കെട്ടിടങ്ങളും ഒരിക്കല്‍ സമ്പന്നമായിരുന്ന നഗരത്തിന്റെ പ്രേതാവശിഷ്ടങ്ങളും ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടവിഷയങ്ങളാണ്‌. കിഴക്കോട്ട്‌ ചായ്‌വുള്ള ഈ പ്രദേശത്ത്‌ മണല്‍മൂടിയ മുറികള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ കാണാം. മേഘങ്ങള്‍ തീരെയില്ലാത്ത അന്തരീക്ഷത്തില്‍ പ്രഭാതത്തില്‍ത്തന്നെ സൂര്യന്റെ പ്രകാശം വന്നുതുടങ്ങുമ്പോള്‍ ഫോട്ടോയെടുക്കാന്‍ മികച്ചസമയമാണ്‌. ഇത്തിരിക്കൂടി കഴിയുമ്പോള്‍ പ്രകാശം വര്‍ദ്ധിച്ചുവരുമ്പോള്‍ മുറികള്‍ക്കുള്ളിലും പുറത്ത്‌ മണല്‍പ്പരപ്പിന്റെ മുകളിലും നീണ്ട നിഴലുകള്‍ വീണ്ടും സുന്ദരമായ ദൃശ്യങ്ങള്‍ ഒരുക്കുന്നു. ശാന്തമായ പ്രഭാതത്തിനുശേഷം ഒരുപക്ഷേ പ്രവചിക്കാന്‍ പോലുമാവാത്തവിധം മണല്‍ക്കാറ്റായിരിക്കും ചിലവൈകുന്നേരങ്ങളില്‍. വൈകുന്നേരത്തെ നല്ലൊരു കാറ്റിനുശേഷമുള്ള പ്രഭാതത്തില്‍ എത്താന്‍കഴിഞ്ഞാല്‍ തലേദിവസത്തെ സന്ദര്‍ശകരുടെ കാല്‍പ്പാദങ്ങള്‍ ഒന്നുമില്ലാതെ കാറ്റു മണലില്‍ ഉണ്ടാക്കിയ സുന്ദരചിത്രങ്ങള്‍ കെട്ടിടങ്ങള്‍ക്ക്‌ അകത്തും ചുറ്റുപാടും നിറയെ ഉണ്ടാവും. നിരവധി സിനിമകളും ഇവിടെവച്ച്‌ ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌. പഴയകാലത്തെ നഷ്ടപ്രതാപങ്ങള്‍ ഉള്ളിലൊതുക്കി സന്ദര്‍ശകരെ സ്വീകരിച്ച്‌ ഒരു പ്രേതനഗരമായി കോള്‍മാന്‍സ്‌കോപ്‌ ഇന്നും നമീബിയയിലെ മരുഭൂമിയില്‍ നിലകൊള്ളുന്നു.

 

written by : വിനയരാജ്‌ വി ആര്‍

About Vinaya Raj VR

Manager. Kerala Gramin Bank , Wikipedian From Kannur

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment