The Mountain that eats man – Cerro Rico

Category: General Articles 284 0

മനുഷ്യരെ തിന്നുന്നൊരു മലയുണ്ട്‌ ബൊളീവിയയില്‍.

അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്പെയിന്‍ തെക്കേഅമേരിക്ക ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൊളിവിയയിലെ പോടോസിയിലെ ഒരു മലയില്‍ വെള്ളിഅയിര്‌ നിറയെ ഉള്ളതായി കണ്ടെത്തി. ലോകത്തെ ഏറ്റവും വലിയ വെള്ളിഖനിയായി മാറിയ അവിടെനിന്നുമുള്ള സമ്പത്ത്‌ സ്പെയിന്‍ സാമ്രാജ്യത്തിന്റെ ഖജനാവ്‌ നിറച്ചു. അതുപയോഗിച്ച്‌ സ്പാനിഷ്‌ സാമ്രാജ്യം ലോകം മുഴുവന്‍ കീഴടക്കി.

സെറോ റികോ എന്ന ആ മലയുടെ പേരിന്റെ അര്‍ത്ഥം തന്നെ സമ്പന്നപര്‍വതം എന്നാണ്‌. ആ മലമുഴുവന്‍തന്നെ വെള്ളിഅയിരാണെന്നാണു സ്പെയിന്‍കാര്‍ കരുതിയിരുന്നത്‌. 1545 -ല്‍ ഒരു ചെറു ഖനനഗ്രാമമായി വികസിച്ചുതുടങ്ങിയ അവിടെ 30 ലക്ഷത്തോളം പ്രാദേശികവാസികളും ആഫ്രിക്കയില്‍ നിന്നും ബലമായി കൊണ്ടുവന്ന 30000 -ത്തോളം ആള്‍ക്കാരും അടിമകളായി ഖനനം നടത്തി. അപകടത്താലും കടുത്തജോലിയാലും പട്ടിണിയാലും രോഗത്താലും ലക്ഷക്കണക്കിനാള്‍ക്കാര്‍ കൊല്ലപ്പെട്ടു. അങ്ങോട്ടുമിങ്ങോട്ടും നിറയെ തുരന്നിരിക്കുകയാണ്‌ മല. എവിടെയൊക്കെയാണ്‌ തുളകള്‍ ഉള്ളതെന്നൊന്നും ആര്‍ക്കും അറിയില്ല. ഏതുനിമിഷവും എവിടെയും ഇടിഞ്ഞുവീഴാം. ആറാം നൂറ്റാണ്ടുമുതല്‍ ഇങ്ങോട്ട്‌ 80 ലക്ഷത്തോളം ആള്‍ക്കാര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ്‌ കണക്കുകള്‍. എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന തുളകളിലെക്കുവീണ്‌ മനുഷ്യര്‍ അപ്രത്യക്ഷമാവുന്നതിനാല്‍ ഈ മല മനുഷ്യനെ തിന്നുന്ന മല എന്നറിയപ്പെടുന്നു. പഴയപ്രതാപങ്ങള്‍ പ്രകടമാവുന്ന വലിയ പള്ളികളും കൊട്ടാരങ്ങളും ഇന്നും ഇവിടെ കാണാം.

പൊടി ശ്വസിച്ചാല്‍ ഉണ്ടാകുന്ന ശ്വാസകോശരോഗമായ സിലിക്കോസിസിന്റെ പിടിയിലാണ്‌ ഇവിടുത്തെ പുരുഷന്മാരെല്ലാം. ഇതു വന്നാല്‍ പനി, നെഞ്ചുവേദന, തളര്‍ച്ച തുടര്‍ന്ന് മരണം എന്നതാണ്‌ സാധാരണകാര്യം. 40 വയസ്സില്‍ എത്തുന്ന ആണുങ്ങള്‍ തീരെക്കുറവാണ്‌. ഓരോ മാസവും 14 സ്ത്രീകള്‍ വിധവകള്‍ ആയിമാറുന്നു. പണ്ടത്തെയത്രയൊന്നും വെള്ളി ലഭിക്കുന്നില്ലെങ്കിലും നഗരത്തിന്റെ സാമ്പത്തികനില ഇന്നും ഇവിടത്തെ വെള്ളിയുല്‍പ്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. 15000 ആള്‍ക്കാര്‍ ഇന്നിവിടെ ജോലിചെയ്യുന്നു. ഉള്‍ഭാഗമെല്ലാം തുരന്ന് ശൂന്യമായി എപ്പോള്‍ എവിടെ ഇടിഞ്ഞുവീഴുമെന്നറിയാനാവാത്ത മല ഓരോ വര്‍ഷവും ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നു.

ഏറ്റവും മുകളില്‍ ഉണ്ടായ ഒരുഗര്‍ത്തം ഭാരം കുറഞ്ഞസിമന്റ്‌ ഉപയോഗിച്ച്‌ അടയ്ക്കേണ്ടിയും വന്നു. 80 ലക്ഷത്തോളം പ്രാദേശികവാസികളുടെയും അടിമകളുടെയും ജീവന്‍ മലയെടുത്തപ്പോള്‍ 57000 ടണ്‍ വെള്ളിയാണ്‌ സ്പാനിഷ്‌ സാമ്രാജ്യം കൊണ്ടുപോയത്‌. ഗുഹയില്‍ നിന്നും പുറത്തിറങ്ങിയാല്‍ എല്ലാവരും റോമന്‍ കത്തോലിക്കരാണെങ്കിലും മലയില്‍ അപകടങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ എല്ലാ ഗുഹകളിലും എല്‍ ടിനോ എന്ന ചാത്തന്‍ ദൈവത്തെ ഇവര്‍ ആരാധിക്കുന്നു. അതിന്‌ കൊക്കോ ഇലകളും മദ്യവും സിഗരറ്റും നേദിക്കുന്നു. 15 വയസ്സുപോലുമില്ലാത്ത കുട്ടികളും അപകടം പിടിച്ച ഈ ജോലിയില്‍ ഏര്‍പ്പെടുന്നുണ്ട്‌. മിക്കവരും തങ്ങളുടെ വിധവകളായ അമ്മമാരോടൊപ്പം ജീവന്‍ നിലനിര്‍ത്താന്‍ ഈ പണിയെടുക്കേണ്ടിവരുന്നു. ഈ മലയിലെ ഉപേക്ഷിക്കപ്പെട്ട 600 ഖനികളിലായി 100 കിലോമീറ്ററോളം തുരങ്കങ്ങളാണ്‌ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുതാഴാവുന്ന ചതിക്കുഴികളായി നിലകൊള്ളുന്നത്‌.

പുരാതനസങ്കേതങ്ങള്‍ തന്നെഉപയോഗിച്ച്‌ ഓക്സിജന്‍ ഇല്ലാതെ വൈദ്യുതി ഇല്ലാതെ സുരക്ഷാരീതികള്‍ ഇല്ലാതെ അയിര്‌ ചാക്കില്‍ ചുമന്ന് പുറത്തെത്തിച്ചാണ്‌ ഇന്നും ഇവിടെ ഖനനം നടക്കുന്നത്‌.

ഇത്രയും വലിയ സമ്പത്തുനല്‍കി അനുഗ്രഹിച്ചിട്ടും നൂറ്റാണ്ടുകളോളം സാമ്രാജ്യശക്തികള്‍ അവരുടെ രാഷ്ട്രത്തിന്റെ വ്യാപ്തിവര്‍ദ്ധിപ്പിക്കാനും സമ്പത്തുണ്ടാക്കാനും കൊള്ളയടിച്ച ഈ രാജ്യത്തെ ജനങ്ങള്‍ ഇന്നും പട്ടിണിയും പരിവട്ടവുമായി ഏറ്റവും അപകടകരമായ തൊഴിലില്‍ ഏര്‍പ്പെട്ടു 40 വയസ്സാവുമ്പോഴേക്കും മരണമടയുന്നു.

 

Author :  വിനയരാജ്‌. വി. ആര്‍.

 

About Vinaya Raj VR

Manager. Kerala Gramin Bank , Wikipedian From Kannur

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment