Nile perch fisheries in Lake Victoria

Category: General Articles 646 0

വളരെവലിയൊരു ശുദ്ധജലമല്‍സ്യമായ നൈല്‍ പേര്‍ച്ചിനെ ആഫ്രിക്കയിലെ ഏറ്റവും വലുതും ശുദ്ധജലം നിറഞ്ഞതും കേരളത്തിന്റെ ഇരട്ടിയോളം വലിപ്പമുള്ളതുമായ വിക്ടോറിയ തടാകത്തില്‍ കൊണ്ടുവന്നിട്ടാല്‍ വലിയരീതിയില്‍ വിളവെടുപ്പുനടത്താനാവും. ഇതായിരുന്നു 1950 കളില്‍ വിക്ടോറിയതടാകത്തില്‍ ഈ മല്‍സ്യത്തെ നിക്ഷേപിക്കുമ്പോള്‍ അതുചെയ്തവരുടെ മനസ്സില്‍ ഉണ്ടായിരുന്നത്‌. അതുശരിയായിരുന്നുതാനും. അവിടെ നിന്നും വ്യാവസായികഅടിസ്ഥാനത്തില്‍ ഇന്ന് പേര്‍ച്ചിനെ പിടിക്കുന്നുണ്ട്‌. രണ്ടുമീറ്ററോളം നീളം വയ്ക്കുന്ന ഇവയ്ക്ക്‌ 200 കിലോ വരെ ഭാരവും ഉണ്ടാവും. ഒരു നല്ല ഇരപിടിയനായ ഇവ സ്വന്തം സ്പീഷിസിലേതുള്‍പ്പെടെ മുഖ്യമായും മല്‍സ്യങ്ങളെയാണു ഭക്ഷണമാക്കുന്നത്‌. വലിയ വലിപ്പമായതുകൊണ്ടുതന്നെ വന്‍തോതില്‍ ഭക്ഷണവും വേണ്ടുന്ന അത്യധികമായി മറ്റു മല്‍സ്യങ്ങളെ തിന്നുതീര്‍ക്കുന്ന ഇവയെ ഏറ്റവും ഭീഷണിയുള്ള അധിനിവേശസ്പീഷിസുകളുടെ കൂടെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ വലിയമല്‍സ്യം എത്തിയതോടെ കാര്യങ്ങള്‍ വിചാരിക്കാത്ത ചില മാനങ്ങള്‍ കൈവരിച്ചു. തടാകത്തില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു നാടന്‍ മല്‍സ്യഇനങ്ങളെ അപ്പാടെ ഇവ തിന്നുതീര്‍ത്തു, എത്രയോ എണ്ണം വംശനാശഭീഷണിയുടെ വക്കിലെത്തി. ആദ്യമാദ്യം സിക്ലിഡ്‌ മല്‍സ്യങ്ങളെ തിന്നിരുന്ന പേര്‍ച്ചുകള്‍ അവയുടെ ലഭ്യത കുറഞ്ഞപ്പോള്‍ കൊഞ്ചുകളെയും മറ്റു ചെറുമല്‍സ്യങ്ങളെയും തിന്നുതുടങ്ങി. പാരിസ്ഥിതികമായ വലിയ തകരാറുകളാണ്‌ പേര്‍ച്ചുകള്‍ വരുത്തിവച്ചത്‌. തടാകത്തിനുചുറ്റും മല്‍സ്യംപിടിച്ചുജീവിക്കുന്നവരെയും ഇതു ബാധിച്ചു. നേരത്തെ മല്‍സ്യം പിടിച്ചു ചുറ്റും വിറ്റിരുന്നവര്‍ വ്യാവസായികമായ മല്‍സ്യബന്ധനത്തിലേക്കുതിരിയേണ്ടിവന്നു, എന്നാലോ ആ രീതിയിലുള്ള വലിയതോതിലുള്ള മല്‍സ്യബന്ധനരീതികളോട്‌ മല്‍സരിക്കാനും അവര്‍ക്കാകുമായിരുന്നില്ല. അവരുടെ ചെറുമല്‍സ്യങ്ങളെ പിടിക്കുന്ന വലകള്‍ പേര്‍ച്ചുകളെ പിടിക്കാന്‍ പോരാതെ വന്നു, അത്തരം വലകളാവട്ടെ ഇറക്കുമതി ചെയ്യുന്നതിനു വലിയ ചെലവുമായിരുന്നു. ചെറിയനാട്ടുമല്‍സ്യങ്ങളെ പിടിച്ച്‌ വെയിലത്ത്‌ ഉണങ്ങിവിറ്റിരുന്നവര്‍ക്ക്‌ വളരെ വലിപ്പമുള്ള പേര്‍ച്ചുകളെ ഉണങ്ങണമെങ്കില്‍ വെയിലു പോരെന്നായി, അതിനുള്ള വിറകിനായി അന്നേ മരുവല്‍ക്കരണത്തിനെ നേരിടുന്ന പരിമിതമായ കാടുകളില്‍ നിന്നും മരം മുറിക്കേണ്ടിവന്നു. അങ്ങനെ അത്‌ വനനശീകരണത്തിനും മണ്ണൊലിപ്പിനും ഇടയാക്കി. എന്നാലും ഈ മല്‍സ്യവില്‍പ്പനയില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട്‌, കൂടാതെ സന്ദര്‍ശകര്‍ക്ക്‌ ഇതിനെ വേട്ടയാടാന്‍ അവസരം കൊടുത്തും ഉഗാണ്ടയിലും ടാന്‍സാനിയായിലും കൂടുതല്‍ വരുമാനം ഉണ്ടാവുന്നുണ്ട്‌. എന്നാല്‍ വിക്ടോറിയ തടാകത്തിലെ ജൈവശൃംഖല ഇതിനെ കൊണ്ടുവന്നതോടെ തകരാറിലായി. അത്‌ ഒരുതരത്തിലും തിരിച്ചാക്കാന്‍ ആവില്ലെന്ന് ശാസ്ത്രസമൂഹം കരുതുന്നു തടാകത്തിനുചുറ്റും സാമ്പത്തികമായി ഉണര്‍ന്ന ഒരു വ്യവസായമേഖലയും രൂപം കൊണ്ടു. ഒരു ദിവസം പിടിച്ച മല്‍സ്യം വിറ്റുള്ള വരുമാനം ചെലവഴിക്കാന്‍മാത്രമുതകുന്ന യാതൊരു അടിസ്ഥാനസൌകര്യങ്ങളുമില്ലാത്ത ദാരിദ്രകേന്ദ്രങ്ങളാണിവ. .

 

1980 -കളില്‍ ഇവിടെ നിന്നുള്ള മല്‍സ്യബന്ധനത്തില്‍ നിന്നുമുള്ള വരുമാനം പഴയതേക്കാള്‍ അഞ്ചുമടങ്ങായാണ്‌ വര്‍ദ്ധിച്ചത്‌. അതേസമയം 500 -ലേറെ സ്പീഷിസുകള്‍ ഉണ്ടായിരുന്ന സിക്ലിഡ്‌ മല്‍സ്യങ്ങളുടെ ഇനങ്ങള്‍ ഇവിടെ പകുതിയായി. തടാകത്തിലെ ജൈവവ്യവസ്ഥ ഒരു വലിയ മാറ്റത്തില്‍ക്കൂടി കടന്നുപോകവേ ചില ഇനം മല്‍സ്യങ്ങള്‍ ഇല്ലാതായപ്പോള്‍ മറ്റു ചിലവയുടെ എണ്ണം പതിന്മടങ്ങായി വര്‍ദ്ധിച്ചു. മല്‍സ്യബന്ധനത്തില്‍ പലതരം മല്‍സ്യങ്ങളെ ലഭിച്ചിരുന്ന ഇവിടെ 1990 തുടക്കമാവുമ്പോഴേക്കും മുക്കുവര്‍ക്ക്‌ ലാഭകരമായി ആകെ ലഭിക്കുന്ന ഇനങ്ങള്‍ വെറും മൂന്നെണ്ണമായി ചുരുങ്ങി.

ഒരു ജൈവവ്യവസ്ഥയില്‍ പുറമേനിന്നുള്ള ഒരു സ്പീഷിസ്‌ എത്തിച്ചേര്‍ന്നാലുള്ള തകരാറുകളെക്കുറിച്ചുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്‌ നൈല്‍ പേര്‍ച്ച്‌ വിക്ടോറിയയില്‍ എത്തിയ സംഭവം. നൂറുകണക്കിനു പഠനങ്ങള്‍ ഇതെപ്പറ്റി നടന്നെങ്കിലും ആരാണ്‌, എപ്പോഴാണ്‌ എങ്ങനെയാണ്‌ ഇവയെ തടാകത്തില്‍ എത്തിച്ചത്‌ എന്ന കാര്യം ഇന്നും കൃത്യമായി അറിയില്ല. ഇന്നും ഈ മല്‍സ്യത്തെ വിക്ടോറിയയില്‍ എത്തിച്ചത്‌ ഗുണമാണോ ദോഷമാണോ എന്ന ചര്‍ച്ചകള്‍ തുടരുന്നുണ്ട്‌. ജൈവവൈവിധ്യത്തെ സംബന്ധിച്ച്‌ ഇനിയൊരു തിരിച്ചുപോക്കിനുസാധ്യതയില്ലാത്തവണ്ണം നൂറുകണക്കിനു സ്പീഷിസുകള്‍ നശിച്ചെന്ന് ജീവശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുമ്പോള്‍ ദരിദ്ര്യംപിടിച്ചുകിടന്ന ഒരുനാടിന്‌ സാമ്പത്തികമായ ഉണര്‍വ്വ്‌ ആണ്‌ ഇതുണ്ടാക്കിയെന്ന് മറുഭാഗം അവകാശപ്പെടുന്നു. – വിനയരാജ്‌ വി ആര്‍

അധികവായനയ്ക്ക്‌
http://www.fao.org/docrep/005/t0037e/T0037E00.htm

About Vinaya Raj VR

Manager. Kerala Gramin Bank , Wikipedian From Kannur

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment