എന്തുകൊണ്ടാണ് ആളുകൾ യാത്രചെയ്യാത്തത്? -MT യുടെ യാത്രകൾ

Category: Travel 140 0

എന്തുകൊണ്ടാണ് ആളുകൾ യാത്രചെയ്യാത്തത്?

എന്തുകൊണ്ടാണ് നമ്മൾ യാത്രചെയ്യേണ്ടത് എന്ന് പറഞ്ഞല്ലോ. അടുത്ത ചോദ്യം എന്തുകൊണ്ടാണ് ആളുകൾ യാത്ര ചെയ്യാത്തത് എന്നാണ്. നിങ്ങൾ യാത്രചെയ്യാൻ താല്പര്യമുള്ള ആളും പങ്കാളിയോ മാതാപിതാക്കളോ ഉടക്ക് പാർട്ടികളുമാണെങ്കിൽ ഈ ലേഖനം തീർച്ചയായും വായിക്കണം. എന്നിട്ട് ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് എല്ലാവരും
കാണുന്നിടത്ത് വെക്കണം. അല്ലെങ്കിൽ വീട്ടുകാരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലിടണം, സൂചന കിട്ടട്ടെ.

ഒന്നാമത്തെ കാരണം മടി തന്നെ: ഇംഗ്ലീഷിൽ ഇനേർഷ്യ എന്നുപറയുന്ന സാധനം. ‘Inertia is a property of matter by which it continues in its existing state of rest or uniform motion in a straight line, unless that state is changed by an external force’ എന്നാണ് ഫിസിക്സിൽ പഠിച്ചത്. ആളുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. മാമ്പഴപുളിശ്ശേരിയും കൂട്ടി ചോറുണ്ട്, ചാരുകസേരയിൽ മലർന്നുകിടന്ന്, വൈകിട്ട് ടി വി സീരിയലും ചാനൽ ചർച്ചയും കണ്ടു ജീവിക്കുന്ന ഒരാൾക്ക് തമിഴ്‌നാട്ടിനപ്പുറത്തേക്ക് ഒരു യാത്ര പോവുക എന്നുപറഞ്ഞാൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, ദിന ചര്യകൾ തെറ്റും, അല്പം പ്ലാനിങ് ഒക്കെ വേണം താനും. പാസ്സ്പോർട്ടും വിസയും എടുത്ത് വിമാനം കയറുക എന്ന് പറഞ്ഞാൽ പിന്നെ പറയാനുമില്ല. ശക്തമായ ബാഹ്യശക്തിയുടെ ഇടപെടൽ തന്നെ വേണം ഇവരെ ഇളക്കാൻ. അത് കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ ആകാം. പുറത്തുള്ള ഉറ്റ സുഹൃത്തുക്കളും വീട്ടിൽ നിന്നുതന്നെ യാത്രചെയ്യാൻ താല്പര്യമുള്ള അഞ്ചാം പത്തികളുമായും രഹസ്യധാരണ ഉണ്ടാക്കിയാൽ മിക്കവാറും ആളുകളെ അവരുടെ ‘state of rest’ ൽ നിന്നും പുറത്തിറക്കാൻ പറ്റും.

യാത്രയൊക്കെ വലിയ ചിലവല്ലേ?: പണം പലർക്കും ഒരു പ്രശ്നമാണ്. ഇത് രണ്ടു തരത്തിലുണ്ട്. ഒന്ന്, വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് യാത്രക്ക് മിച്ചം പണമില്ലാത്തത്. രണ്ട്, യാത്രക്ക് എത്ര പണം വേണമെന്ന് കൃത്യമായി അറിയാത്തത്. ഒന്നാമത്തെ കാര്യം നമുക്ക് എളുപ്പത്തിൽ പരിഹരിക്കാം. യാത്ര എന്നത് ‘വിനോദം’ എന്ന കള്ളിയിൽനിന്ന് ‘വിദ്യാഭ്യാസം’ എന്ന കള്ളിയിലേക്ക് മാറ്റിയാൽ മതി. അപ്പോൾ യാത്രക്കാവശ്യമുള്ള പണം അനാവശ്യമാണെന്ന ചിന്ത മാറും. (മറ്റുള്ളവർ പലതും പറയും. കാര്യമാക്കേണ്ട. അവരൊന്നും രണ്ടാമനെ വായിക്കുന്നവരല്ലല്ലാ). അതേസമയം ഇപ്പോൾ ആവശ്യം എന്ന കള്ളിയിലുള്ള പലതും അനാവശ്യം കള്ളിയിലേക്ക് മാറ്റാം. അടുത്ത ബന്ധുക്കളുടെയോ അയൽക്കാരന്റെയോ പോലെ ബ്രാൻഡിനൊത്ത വാഹനമോ വീടോ വേണമെന്ന തോന്നൽ ‘അനാവശ്യ’ത്തിലേക്ക് മാറ്റാം. നമുക്ക് ഗുണകരമല്ലാത്ത, എന്നാൽ മറ്റുള്ളവർ ചെയ്യുന്നതുകൊണ്ട് മാത്രം ചെയ്യുന്ന പലതും മാറ്റിവെച്ചാൽ എല്ലാവരുടെ കൈയിലും അല്പം പണം മിച്ചം വരും.

അടുത്ത തെറ്റിദ്ധാരണ യാത്രകൾ വലിയ ചെലവുള്ളതാണെന്നാണ്. ധാരാളം
പണം മുടക്കി യാത്ര ചെയ്യാം, തീരെ പണം ചിലവാക്കാതെയും. ഏതു ബഡ്ജറ്റിലും നമുക്ക് പറ്റിയ യാത്രകൾ സംഘടിപ്പിക്കാം. യാത്ര എന്നാൽ ദൂരയാത്ര എന്ന് നിർബന്ധം ഇല്ല. അഞ്ഞൂറ് രൂപക്ക് ഒരു കുടുംബത്തിന് പോയിവരാവുന്ന സ്ഥലങ്ങൾ കേരളത്തിൽ എവിടെയും ഉണ്ട്. അയ്യായിരം രൂപ ഉണ്ടെങ്കിൽ കേരളത്തിന് പുറത്തു പോയി ഒരു ദിവസം താമസിച്ചു തിരിച്ചു വരാം. ചിലവ് കുറഞ്ഞ ഒരു വിദേശയാത്ര നടത്തണം എന്ന് കരുതുക. ശ്രീലങ്കയിലേക്കുള്ള ടിക്കറ്റിനും മലേഷ്യയിലേക്ക് പോകുന്ന എയർ ഏഷ്യ ടിക്കറ്റിനും ഇപ്പോൾ ഡൽഹിക്ക് പോകുന്ന അത്ര ചിലവില്ല. വികസിത രാജ്യങ്ങളിലെല്ലാം തന്നെ ട്രെയിൻ ടിക്കറ്റിന്റെ നാലിലൊന്നും അതിലും താഴെയുമാണ് പലപ്പോഴും വിമാനടിക്കറ്റ് നിരക്ക്. ഇന്ത്യയിലും യാത്രച്ചിലവ് കുറഞ്ഞുവരികയാണ്. (എങ്ങനെയാണ് ചിലവ് കുറഞ്ഞ ടിക്കറ്റുകൾ സംഘടിപ്പിക്കുന്നതെന്ന് പിന്നീട് പറയാം). ഇങ്ങനെ തന്നെയാണ് ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യം. ഞാൻ പറഞ്ഞുവരുന്നത് യാത്രയുടെ പ്രധാന പ്രതിബന്ധം പണമല്ല എന്നാണ്. എത്ര പണം വേണമെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും തീരുമാനമെടുക്കാനുള്ള മടിയുമാണ് പലപ്പോഴും ആളുകളെ പിന്നോട്ടു വലിക്കുന്നത്.

Fear of the Unknown : അറിയില്ലാത്ത എല്ലാ കാര്യത്തിലും മനുഷ്യന് പേടി സ്വാഭാവികമാണ്. മറ്റു നാടുകളിൽ പോയാൽ നമ്മുടെ ഭാഷ അവർക്ക് മനസ്സിലാകില്ല, അവരുടേത് നമുക്കും. അത് ബുദ്ധിമുട്ടാകില്ലേ, അവരുടെ ഭക്ഷണം നമുക്ക് പിടിക്കുമോ, മറ്റൊരു നാട്ടിൽ വെച്ച് നമുക്കൊരു അസുഖം വന്നാൽ എന്തുചെയ്യും, അവിടെ കുറ്റകൃത്യങ്ങൾ ഉണ്ടാകുമോ തുടങ്ങി അനേകം പേടികളാണ് നമുക്ക്. ഒറ്റക്ക്
പോകാൻ ഒരു തരത്തിലുള്ള പേടിയുള്ളപ്പോൾ ഭാര്യയെയും കുട്ടികളെയും കൂട്ടിപ്പോകാൻ മറ്റൊരു തരം പേടിയാണ്. ഒറ്റക്ക് പോകാൻ, പ്രത്യേകിച്ച് സ്ത്രീകൾക്ക് പേടി വേറെയും ഉണ്ട്.

ഇത്തരം പേടികളൊക്കെ മനുഷ്യസഹജമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവർക്ക് പേടി കൂടും. തമിഴ്‌നാട്ടിലെത്തിയാൽ പോലും നമ്മളെ പറ്റിക്കാൻ ആളുകൾ തക്കം നോക്കിയിരിക്കുകയാണ്. (‘വാശിക്ക് വളിവിട്ട് യോഗ്യരാകാൻ നോക്കേണ്ട’ എന്ന് കടമ്മനിട്ട പാടിയതുപോലെ, ഇവിടെ വരുന്ന തമിഴന്മാരെ നമ്മുടെ ആളുകളും പറ്റിക്കുന്നുണ്ട്). സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ വൃത്തിഹീനമായ ടോയിലറ്റ് തൊട്ട് അതിലും അറക്കുന്ന പെരുമാറ്റമുള്ള മനുഷ്യർ വരെ ഇന്ത്യയിലെവിടെയും പ്രശ്നമാണ് (പ്രത്യേകിച്ച് കേരളത്തിൽ).

ഇതിനൊക്കെയും പരിഹാരങ്ങളുണ്ട്. മുംബൈയും നാഗ്‌പൂരും ബറോഡയും ഒക്കെ സ്ത്രീകൾക്ക് പകലും രാത്രിയും ഏറെ സുരക്ഷിതമാണ്. സ്ത്രീകൾക്ക് തനിച്ചോ സ്ത്രീകളോടൊപ്പമോ രാത്രിയും പകലും നിരത്തും പൊതുഗതാഗതവും ഏറെ വിദേശങ്ങളിൽ സുരക്ഷിതമാണ്. എന്റെ അഭിപ്രായത്തിൽ കുടുംബവും ആയി ദൂരയാത്ര ചെയ്യാൻ പേടിയുള്ളവർക്ക് ആദ്യം പോകാൻ പറ്റിയ സ്ഥലങ്ങളാണ് സിംഗപ്പൂരും ദുബായ് യും. ഡൽഹിയിൽ പോയി വരുന്ന ചിലവില്ല. വൃത്തിയുള്ള സ്ഥലങ്ങൾ ആണ്, സ്ത്രീകൾ ഒറ്റക്കാണെങ്കിൽ പോലും ഒട്ടും അരക്ഷിതാവസ്ഥ തോന്നില്ല. മിക്കവാറും മലയാളികൾക്കെല്ലാം ഒരു ബന്ധുവോ സുഹൃത്തോ അവിടെ കാണുകയും ചെയ്യും.

ആരോഗ്യപ്രശ്നങ്ങൾ: ശാരീരികവും മാനസികവുമായ വെല്ലുവിളികളുള്ളവർ, ഗുരുതരമായ അസുഖമുള്ളവർ ഒക്കെ യാത്രകൾ പരമാവധി ഒഴിവാക്കും. ഇന്ത്യയിലെ സാഹചര്യത്തിൽ ഇത് സ്വാഭാവികമാണ്. വീൽചെയറിൽ റെയിൽവേ പ്ലാറ്റ്ഫോമിലെത്തുന്ന ആൾക്ക് അവസാനനിമിഷം ട്രെയിൻ അടുത്ത പ്ലാറ്റ്‌ഫോമിലാണ് വരുന്നതെന്നറിഞ്ഞാൽ ആകെ ബുദ്ധിമുട്ടാകും. കാഴ്ചയുള്ളവർക്ക് പോലും മുംബൈയിലെ സബർബൻ ട്രെയിൻയാത്ര വെല്ലുവിളിയാകുമ്പോൾ അന്ധരുടെ കാര്യം പറയാനുണ്ടോ. അതിനാൽ പ്രായമായവരും മറ്റ് വെല്ലുവിളികൾ ഉള്ളവരും വീടിനകത്ത് ഒതുങ്ങിക്കൂടുകയാണ് പതിവ്.

ഇവിടെയാണ് വിദേശയാത്രകൾ നമുക്ക് നല്ല അവസരങ്ങൾ തരുന്നത്. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും യാത്രക്കൂലി കുറവാണെന്ന് മാത്രമല്ല, എയർപോർട്ട് മുതൽ ഹോട്ടൽ വരെ എല്ലായിടത്തും അവരുടെ സഞ്ചാരസൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ജനീവയിലെ പുതിയ ബസുകളിൽ പുറത്തേക്ക് ഓട്ടോമാറ്റിക്കായി നീണ്ടുവരുന്ന റാമ്പുകളുണ്ട്. വീൽചെയറിലുള്ളവർക്ക്
അവരുടെ റാമ്പും ഉപയോഗിക്കാം. പഴയ ബസുകളിൽ വീൽചെയറുകാരെ കണ്ടാൽ ഡ്രൈവർ പുറത്തിറങ്ങി കൃത്രിമറാംപ് ഉപയോഗിച്ച് അവരെ ബസിൽ കയറാൻ സഹായിക്കും. കണ്ണിന് കാഴ്ചയില്ലാത്തവർക്കുള്ള നടപ്പാതയും, അവർക്കായി ട്രാഫിക് ലൈറ്റിൽ ശബ്ദമുണ്ടാക്കുന്ന സിഗ്നലുകളുമുണ്ട്. അതിനാൽ നിങ്ങളുടെ
വീട്ടിൽ പ്രായമായവരോ, ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുള്ളവരോ ഉണ്ടെങ്കിൽ, അവരെ ഒരിക്കലെങ്കിലും അത്തരക്കാരെ സമൂഹത്തിലേക്ക് ചേർത്തുപിടിക്കുന്ന പ്രദേശങ്ങളിൽ കൊണ്ടുപോകാൻ ശ്രമിക്കണം.

തീരാത്ത ഉത്തരവാദിത്തങ്ങൾ: നാട്ടിൽ അധികം പേരും യാത്ര ചെയ്യാത്തതിന്റെ
മറ്റൊരു കാരണം വ്യക്തിപരമായ ഉത്തരവാദിത്തങ്ങളാണ്. പ്രായമായ അച്ഛനും അമ്മയും ഉള്ളവർ (മക്കൾ ദൂരെ പോയാൽ സ്വന്തം കാര്യങ്ങൾക്ക് ബുദ്ധിമുട്ടേണ്ടിവരുന്ന മാതാപിതാക്കൾ) എല്ലാവർക്കും പ്രശ്നമാണ്. ഇതൊക്കെ നിങ്ങൾ ഒന്ന് ശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ. മുൻപ് പറഞ്ഞതുപോലെ സാധിക്കുമെങ്കിൽ അവരെയും യാത്രയിൽ കൂടെക്കൂട്ടുക, അതെത്ര ചെറിയ യാത്രയാണെങ്കിലും. തീരെ കിടപ്പിലായവരെ മാത്രമേ യാത്രയിൽനിന്ന് ഒഴിവാക്കേണ്ടതുള്ളൂ. വയസ്സായവരെ പറ്റുന്നിടത്തോളം കാലം യാത്രയിൽ കൂടെ കൂട്ടിയിട്ടുണ്ടെങ്കിൽ മക്കൾ കുറച്ചുദിവസം മാറിനിന്നാലും അവർക്കത് മനസ്സിലാകും. അവർ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.

വിട്ടുമാറാത്ത കുറ്റബോധം: കൈകാര്യം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുള്ളത് മറ്റൊന്നാണ്. നമ്മുടെ വീട്ടിൽ തീരെ യാത്രചെയ്യാൻ പറ്റാത്ത ഒരാളുണ്ടെന്ന് കരുതുക. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലുള്ള ഒരാളോ (അപകടങ്ങളുടെ ബാഹുല്യം കാരണം നാട്ടിൽ ഇത്തരം വീടുകൾ കൂടുകയാണ്), വർദ്ധക്യത്താൽ കിടപ്പിലായ ഒരാളോ. അവരെ ശുശ്രൂക്ഷിച്ച് അടുത്തുനിന്ന് മാറാതെ ജീവിക്കുന്ന ചിലർക്ക് (മിക്കയിടത്തും സ്ത്രീകൾ) സ്വന്തക്കാർ ഈ നിലയിലാകുമ്പോൾ ‘വിനോദയാത്ര’ പോകാൻ കുറ്റബോധം തോന്നും.

ഇക്കാര്യം ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ സാധാരണക്കാരേക്കാൾ യാത്ര പോകേണ്ടതിന്റെ ആവശ്യം ഇവർക്കാണ്. കാരണം, ഇവരുടെ ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ത്യജിച്ചാണിവർ വർഷങ്ങളായി ജീവിക്കുന്നത്. ഏതൊരാൾക്കും, കിടപ്പിലായവരോട് എത്ര സ്നേഹമുണ്ടെങ്കിലും ചില അവസരങ്ങളിൽ ഒരു മടുപ്പും വിഷാദവും തോന്നും, ആ സാഹചര്യത്തോട് ദേഷ്യവും സങ്കടവും ഉണ്ടാകും. അതിനാൽ ഇടക്കൊക്കെ ദിവസത്തിൽ ഒരു മണിക്കൂറോ, ആഴ്ചയിൽ ഒരു ദിവസമോ, വർഷത്തിൽ ഒരാഴ്ചയോ സ്ഥിരം സാഹചര്യത്തിൽനിന്ന് മാറിനിൽക്കാൻ, അവരുടെ മനസ്സിനും ശരീരത്തിനും ഉണർവേകാൻ വീട്ടിലെ മറ്റുള്ള അംഗങ്ങൾ സഹായിക്കേണ്ടതാണ്. അതിനെ നമ്മൾ തെറ്റായി കാണാതെ, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഒരുപക്ഷെ, സമൂഹം വിമർശിച്ചാൽ പോലും വിഷമിക്കേണ്ട കാര്യമില്ല. ത്യാഗപൂർണ്ണമായ ജീവിതം നയിക്കുന്നത് നിങ്ങളാണ്, മറ്റുള്ളവരല്ല. നിങ്ങളുടെ ആത്മാർത്ഥതയെ അളക്കാൻ അവർക്ക് അവകാശം ഒന്നുമില്ല.

നല്ല കൂട്ടില്ലാത്തത് : ഒറ്റക്ക് പോകുന്നതിലും സുഖകരമാണ് ആരുടെ എങ്കിലും കൂടെ യാത്ര പോകുന്നത്. പക്ഷെ അങ്ങനെ കൂട്ടിനു വരുന്നവർ ഉടക്കുകാരാണെങ്കിൽ പിന്നെ യാത്രയിൽ ഒരു സുഖവും ഉണ്ടാകില്ല. എന്റെ അനുഭവത്തിൽ യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരുമില്ല, അപ്പൂപ്പന്മാർ മുതൽ കൊച്ചുമക്കൾ വരെ എല്ലാവർക്കും യാത്ര ഇഷ്ടമാണ്. ഏതെങ്കിലും വീട്ടിൽ വീട്ടമ്മമാർ “എനിക്ക് യാത്ര ഇഷ്ടമല്ല” എന്ന് പറഞ്ഞാൽ എനിക്കുറപ്പാണ് അവിടുത്തെ ചേട്ടനെ വീട്ടിനകത്തു പോലും സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും, അപ്പോൾ പിന്നെ പുറത്തിറങ്ങിയാലുള്ള കാര്യം പറയേണ്ടല്ലോ. സ്ത്രീകൾ, വർഷത്തിൽ ഒരിക്കലെങ്കിലും മറ്റു സ്ത്രീകളോടൊത്ത്, ഭർത്താവും കുട്ടികളും ഒന്നും കൂടെയില്ലാതെ, യാത്ര ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ഇത്രയും വായിച്ചിട്ടും നിങ്ങളുടെ വീട്ടിൽ ഇനേർഷ്യ ഉള്ള ആൾ അനങ്ങുന്നില്ലെങ്കിൽ ഞാനൊരു അറ്റകൈ പറയാം. ‘വാസ്തവത്തിൽ രണ്ടര ലക്ഷം വർഷത്തെ മനുഷ്യചരിത്രത്തിൽ മനുഷ്യൻ വിദ്യാഭ്യാസത്തിനും വിനോദത്തിനും വേണ്ടി വ്യാപകമായി സഞ്ചരിച്ച് തുടങ്ങിയിട്ട് ഇരുനൂറ് വർഷം പോലുമായിട്ടില്ല (ഫാഹിയാൻ തൊട്ടു മാർക്കോ പോളോ വരെ ഉള്ളവരെ ഓർക്കാതെ അല്ല ഇത് പറയുന്നത്, പക്ഷെ അവരുടെ കാലത്ത് അവർ സഞ്ചരിച്ചു എന്നത് ചരിത്രമായിരുന്നു, ഇപ്പോൾ അങ്ങനെയല്ലല്ലോ). അപ്പോൾ ‘വിനോദ’ സഞ്ചാരം എന്നത് അടുത്ത കാലത്തായി മനുഷ്യന്റെ സംസ്കാരത്തിൽ വന്നു ചേർന്ന ഒന്നാണ്. അതിന് മുൻപ് മനുഷ്യൻ മറ്റു മൃഗങ്ങളെ പോലെ തന്നെയായിരുന്നു. പറ്റുന്നിടത്തോളം ഒരു പ്രദേശത്തു തന്നെ ചുറ്റിക്കറങ്ങും. ആഫ്രിക്കയിൽ മൈഗ്രെഷൻ കാലത്ത് മൃഗങ്ങൾ യാത്ര ചെയ്യും എന്നത് ശരിയാണ്, പക്ഷെ അത് ഭക്ഷണം തേടി മാത്രമാണ്, കാഴ്ച കാണാൻ അല്ല. ഭക്ഷണത്തിനായും ശത്രുക്കളെ പേടിച്ചും ആണ് പണ്ട് മനുഷ്യരും നാട് വിട്ടിരുന്നത്. ആ മൃഗസ്വഭാവത്തിൽ നിന്നും മുന്നോട്ടുവന്നവരാണ് യുദ്ധത്തിനും ജോലിക്കും കച്ചവടത്തിനുമായി നാടുവിട്ടത്. പിന്നെയത് വിദ്യാഭ്യാസത്തിനും ഇപ്പോളത് വിനോദത്തിനുമായി. ഇതൊക്കെ സാംസ്‌കാരിക പുരോഗതിയുടെ ഭാഗമാണ്. “ഓ,ഞാൻ എങ്ങോട്ടുമില്ല” എന്ന് ചാരുകസേരയിലിരുന്ന് പറയുന്നത് പരിണാമത്തിന്റെ ശേഷിപ്പാണ്. പറഞ്ഞിട്ടു കാര്യമില്ല’, എന്ന് ഉറക്കെയങ്ങ് പറയുക. മിക്കവാറും പേർ അതിൽ വീഴും.

 

Author : മുരളി തുമ്മാരുകുടി.

About Muralee Thummarukudi

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy).

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment