യാത്രയും പണവും: നാടനും മറു നാടനും :MT യുടെ യാത്രകൾ

Category: Travel 200 0

യാത്രയും പണവും: നാടനും മറു നാടനും

എന്റെ അച്ഛൻ ചെറുപ്പത്തിലേ സ്‌കൂൾവിദ്യാഭ്യാസമുപേക്ഷിച്ച് ജോലിചെയ്ത് ജീവിച്ചുതുടങ്ങിയ ആളാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പതിനാലാമത്തെ വയസ്സിൽ, ആലുവ ശിവരാത്രിക്ക് ഒരു ചായക്കടക്കാരന്റെ സഹായിയായി കൂടി. ശിവരാത്രിനാളിൽ രാത്രി വളരെ വൈകി കടയിൽനിന്ന് കൂലി വാങ്ങി അച്ഛൻ ശിവരാത്രി മണപ്പുറം കാണാനിറങ്ങി. അന്നത്തെ മരം കൊണ്ടുണ്ടാക്കിയ ജയന്റ് വീൽ (പേര് തൊട്ടിയാട്ടം എന്നാണെന്ന് തോന്നുന്നു) യന്ത്രം കൊണ്ടല്ല, കുറേയാളുകൾ പല നിലയിൽ നിന്ന് ആഞ്ഞ് കറക്കിയാണ് പ്രവർത്തിപ്പിക്കുന്നത്. അച്ഛൻ അതിൽ കയറി. ഒരു തവണ കയറിയപ്പോൾ പിന്നെ അതൊരു ഹരമായി. കൈയിൽ കാശുള്ളതിനാൽ വീണ്ടും രണ്ടോ മൂന്നോ തവണ കയറി. അപ്പോഴേക്കും തലകറങ്ങി. താഴെ വീഴുമെന്ന് തോന്നിയതിനാൽ അല്പസമയം മാറിയിരുന്നു. ബോധം കെട്ടു വീണാലോ എന്നുകരുതി ഉടനെ പണമെല്ലാം മുണ്ടിന്റെ തുമ്പത്ത് കെട്ടിയിട്ടു. അത്രയേ അച്ഛന് ഓർമ്മയുള്ളു. ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. നോക്കുമ്പോൾ പണം കെട്ടിയിട്ട മുണ്ടിന്റെ തുമ്പുമില്ല, പണവുമില്ല, അതാരോ കത്തിവെച്ച് മുറിച്ചെടുത്തോണ്ടു പോയി.

“കാശ് പോയത് പോട്ടെ, അത് അണ്ടർ വെയറിന്റെ തുമ്പിൽ കെട്ടിയിടാൻ തോന്നാത്തത് ഭാഗ്യം” എന്നാണ് അതിനെപ്പറ്റി അച്ഛൻ പറഞ്ഞത് (അച്ഛൻ ജീവിച്ചിരുന്ന കാലത്തോളം കോണകമാണ് ഉപയോഗിച്ചിരുന്നത് എന്ന കാര്യം ഇതുമായി ചേർത്ത് വായിക്കണം).

മുംബൈയിൽ അപകടത്തിൽപ്പെട്ടവരുടെ പേഴ്‌സും പണവും മോഷ്ട്ടിച്ച വാർത്ത കേട്ടപ്പോൾ ഇക്കാര്യം ഓർമ്മവന്നു. മുണ്ടിന്റെ തുമ്പ് മുറിച്ചുമാറ്റിയ കാലത്തുനിന്നും നൂറ്റാണ്ട് ഒന്ന് കടന്നു നിൽക്കുകയാണ് നമ്മൾ. എന്നിട്ടും മനുഷ്യന്റെ കൈയിലിരുപ്പ് ഇന്നും പഴയതു തന്നെ. കുനിഞ്ഞാൽ കോണകം കണ്ടിച്ചു കൊണ്ട് പോകുന്ന ജാതി. മൃഗങ്ങൾ പോലും ആപത്തിൽ സ്വജാതിയിൽ പെട്ട മറ്റു മൃഗങ്ങളെ സഹായിക്കാറേ ഉള്ളൂ.

എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ, യാത്ര ചെയ്യുമ്പോൾ പണം ആവശ്യമായുണ്ട്. യാത്രയുടെ രീതിയനുസരിച്ച് പണത്തിന്റെ ആവശ്യവും വ്യത്യാസപ്പെടും. എങ്കിലും കൂടുതൽ പണം കൈവശം വെച്ച് യാത്രചെയ്യുന്നത് മുംബെയിലാണെങ്കിലും ജനീവയിലാണെങ്കിലും റിസ്കാണ്. യാത്രക്ക് എത്ര പണം വേണം, അതെങ്ങനെ കൈകാര്യം ചെയ്യാം, ഇതൊക്കെയാണ് ഇന്നത്തെ വിഷയം.

എത്ര പണം വേണം?: യാത്രക്ക് എത്ര പണം വേണമെന്നതിന് കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ല. കൊച്ചിയിൽനിന്നും ഡൽഹിയിലേക്ക് ഒരാഴ്ചത്തെ വിനോദയാത്ര പോകുന്ന ആൾക്ക് അവിടെ ഭക്ഷണവും താമസവും മറ്റൊരാൾ അറേഞ്ച് ചെയ്യുമെങ്കിൽ കൈയിൽ ആയിരം രൂപയുണ്ടായാൽ മതി. എന്നാൽ എല്ലാം സ്വയം ചെയ്ത് അടിപൊളി ഷോപ്പിങ്ങും നടത്തി തിരിച്ചെത്തണമെങ്കിൽ ഒരു ലക്ഷം രൂപ തികയില്ല. കുടുംബസമേതമാണ് യാത്രയെങ്കിൽ ചെലവ് ഇനിയും കൂടും. ഇനി അവിടെയെന്തെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കാണ്‌ പോകുന്നതെങ്കിൽ ചെലവ് പിന്നെയും കൂടും. തൽക്കാലം ഒരു മാസത്തിൽ താഴെ ചെയ്യുന്ന യാത്രയുടെ ചിലവുകൾ പറയാം. തൊഴിലിനോ പഠനത്തിനോ ആയി ദീർഘ കാലത്തേക്ക് പോകുന്നതും എന്തെങ്കിലും കച്ചവടത്തിനായി കുറച്ചു നാളേക്ക് പോകുന്നതും അല്പം വ്യത്യസ്തമാണ്.

ഓരോ സ്ഥലത്തും പോകുന്നതിന് മുൻപ് നമുക്ക് എത്ര പണം ചിലവാക്കണം എന്ന് ആദ്യമേ ആലോചിക്കുക. എന്തൊക്ക ബുക്കിംഗ് നമ്മൾ നാട്ടിൽ നിന്നും ചെയ്തിട്ടുണ്ട് (ഹോട്ടൽ, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം), എന്തൊക്കെ ചെലവ് അവിടെ വേണ്ടി വരും, എത്ര ഷോപ്പിംഗ് വേണം എന്നതൊക്കെ. ചില വെബ്‌സൈറ്റുകളിൽ ബുക്ക് ചെയ്യാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും താമസിക്കാൻ ചെല്ലുമ്പോൾ പണം നേരിട്ട് കൊടുക്കണം. ഇതൊക്കെ ഇന്റർനെറ്റിൽ ഗവേഷണം ചെയ്താൽ എളുപ്പം കിട്ടും, എല്ലാ രാജ്യത്തും എല്ലാവർക്കും യോജിച്ച ഒരു കണക്ക് പറയുക സാധ്യമല്ല. പക്ഷെ എത്ര തന്നെ ആണ് നിങ്ങളുടെ കണക്കുകൂട്ടലുകൾ എങ്കിലും അതിന്റെ ഒന്നര ഇരട്ടി കയ്യിൽ കരുതണം എന്നതാണ് എന്റെ രീതി. പോരാത്തതിന് കഴുത്തിൽ ഒരു സ്വർണ്ണ മാലയും, അതെന്റെ എമർജൻസി കാഷ് ആണ് (ലോകത്തെല്ലായിടത്തും ഞാൻ മാലയും പുറത്തു കാണിച്ച് നടക്കില്ല കേട്ടോ).

പണം എങ്ങനെ കയ്യിലെടുക്കണം? ഞാനാദ്യമായി കേരളത്തിന് പുറത്ത് പഠിക്കാൻ പോയ കാലത്ത് എ ടി എം ഒന്നും പ്രചാരത്തിലായിട്ടില്ല. ആവശ്യമുള്ള മുഴുവൻ പണവും കൈയിൽ കരുതണം. തുണിയും മണിയും മാത്രമല്ല, മർമ്മം പോലും അടിച്ചോണ്ടുപോകുന്ന നാടാണ് കാൺപൂർ. അതിനാൽ ഷൂവിനുള്ളിലും അണ്ടർവെയറിന്റെ പാക്കറ്റിലുമൊക്കെയാണ് പണം സൂക്ഷിച്ചത്. ഇപ്പോൾ ഇന്ത്യക്കകത്തെ യാത്രകൾക്ക് എ ടി എം കാർഡും ക്രെഡിറ്റ് കാർഡുമൊക്കെ ഉണ്ടെങ്കിലും താഴെ പറയുന്ന ചില അടിസ്ഥാനതത്വങ്ങൾക്ക് മാറ്റമില്ല.

നമ്മുടെ പണം അതേത് രൂപത്തിലാണെങ്കിലും അടിച്ചുമാറ്റാൻ തക്കംനോക്കി ആൾക്കാർ പോക്കറ്റടിക്കാരായോ തട്ടിപ്പുകാരായോ കള്ളന്മാരായോ നമ്മുടെ ചുറ്റുമുണ്ട്. യാത്രയിൽ എപ്പോഴും ജാഗരൂകരായിരിക്കണം. ഓരോ നാട്ടിലും ഇവരുടെ രീതി വ്യത്യസ്തമാണ്, അത് ഞാൻ പിന്നീട് പറയാം.

കൈയിലുള്ള പണത്തെ പലതായി ഭാഗിച്ച് പലയിടത്ത് സൂക്ഷിക്കുക. ഒരു ദിവസത്തേക്കാവശ്യമുള്ള പണമേ പേഴ്സിലോ ഹാൻഡ് ബാഗിലോ വെക്കാവൂ. ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതിൽ കാര്യമില്ല. കള്ളന്മാർക്ക് ഇപ്പോൾ മനഃശാസ്ത്രമൊക്കെ നന്നായറിയാം. നാട്ടിൽ ചില സ്ത്രീകൾ സ്വർണ്ണം, കള്ളനോ ഭർത്താവോ അടിച്ചു മാറ്റുമെന്ന് പേടിച്ച് അരിപ്പെട്ടി/ചാക്കിൽ സൂക്ഷിക്കാറുണ്ട്. കള്ളന്മാരാകട്ടെ വീട്ടിൽ കയറിയാൽ ആദ്യം തപ്പി നോക്കുന്നത് അരിച്ചാക്കാണ് എന്ന് ‘ഒരു മോഷ്ടാവിന്റെ ആത്മകഥ’ എന്ന പുസ്തകത്തിൽ കള്ളൻ എഴുതിയിട്ടുണ്ട്. അപ്പോൾ നമ്മൾ യാത്ര പോകുമ്പോൾ പണം ഷേവിങ്ങ് കിറ്റിലും സാനിറ്ററി നാപ്കിന്റെ ബാഗിലും ഒന്നും വക്കേണ്ട. കള്ളന്മാർ ആദ്യം പണം തപ്പുന്നത് അവിടെയായിരിക്കും. കൊള്ളക്കാരാണെങ്കിൽ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടാൽ കഷ്ടപ്പെട്ട് ഒളിപ്പിച്ചത് നമ്മൾ തന്നെ എടുത്തു കൊടുക്കേണ്ടിവരും, അപ്പോൾ എടുക്കാൻ എളുപ്പം ഉള്ളിടത്ത് വെക്കുന്നതാണ് ബുദ്ധി, പലയിടത്ത് മാറ്റി വക്കുന്നത് ഒരു റിസ്ക് മാനേജ്‌മെന്റ് സ്ട്രാറ്റജി ആണ്, ഒളിപ്പിച്ചു വെക്കൽ അല്ല.

ഇപ്പോൾ എ ടി എം കാർഡ് ഉള്ളതിനാൽ പണമായി പരമാവധി കുറച്ചു കൊണ്ടുപോയാൽ മതി. എന്നാൽ ഒറ്റ എ ടി എം കാർഡിന്റെ ബലത്തിൽ യാത്രചെയ്യരുത്. രണ്ടു കാർഡെങ്കിലും മിനിമം വേണം. അത് രണ്ടിടത്ത് സൂക്ഷിക്കുകയും. കുടുംബമോ സുഹൃത്തുക്കളോ കൂടെയുണ്ടെങ്കിൽ അവരുടെ കാർഡും എണ്ണത്തിൽ കൂട്ടാം.

വിദേശത്തേക്ക് പോകുമ്പോൾ: ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകുമ്പോൾ കാര്യങ്ങൾ അല്പം കൂടി സങ്കീർണ്ണമാണ്. കാരണം ഒന്നാമത്തമായി അവിടുത്തെ ചെലവിന്റെ കണക്ക് നമുക്ക് കൃത്യമായി അറിയില്ല. രണ്ട്, അവിടെ നമ്മുടെ എ ടി എം കാർഡോ ക്രെഡിറ്റ് കാർഡോ വർക്ക് ചെയ്യുമെന്ന് ഉറപ്പില്ല. മൂന്നാമത്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും നമുക്കറിയില്ല. ഇത് മൂന്നും കണക്കിലെടുത്തു വേണം വിദേശത്തേക്ക് പോകുമ്പോൾ പണം കൈവശം വെക്കാൻ.

വിദേശങ്ങളിൽ പണത്തിന്റെ വിനിമയം പല തരത്തിലാണ്. നോർവേയിൽ വിമാനമിറങ്ങിയാൽ ട്രെയിനിൽ കയറാൻ ടിക്കറ്റ് എടുക്കുക പോലും വേണ്ട. നമ്മുടെ ക്രെഡിറ്റ് കാർഡ് പ്ലാറ്റ്‌ഫോമിലുള്ള വാതിലിൽ സ്വൈപ് ചെയ്താൽ മതി. അവിടെ ടാക്സി മുതൽ തട്ടുകടയിൽ വരെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. അതിനാൽ അവിടേക്ക് പോകുമ്പോൾ ഞാൻ പണം കൈയിലെടുക്കാറേയില്ല.

ഇതേസമയം യാത്ര ദക്ഷിണ സുഡാനിലേക്കാണെങ്കിൽ കളി മാറി. അവിടെ ഏതാണ്ട് നൂറു ശതമാനവും കറൻസി വെച്ചുള്ള ഇടപാടുകളാണ്. അമേരിക്കൻ ഉപരോധം ഉള്ളതിനാൽ ഇറാനിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു (ഇപ്പോൾ അത് മാറിയോ എന്ന് അറിവുള്ളവർക്ക് പറയാവുന്നതാണ്).

എ ടി എം കാർഡും ക്രെഡിറ്റ് കാർഡും ഉണ്ടെങ്കിലും ചില രാജ്യങ്ങളിൽ അതുപയോഗിക്കുന്നത് അലപം റിസ്കുള്ള പരിപാടിയാണ്. രാജ്യങ്ങളുടെ പേര് പറയാൻ എനിക്ക് നിയന്ത്രണങ്ങൾ ഉണ്ട്, പക്ഷെ ഇതൊക്കെ ഇന്റർനെറ്റിൽ നോക്കിയാൽ എളുപ്പത്തിൽ കിട്ടും.

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക ചാർജ്ജ് ഉണ്ടാകാം, ശ്രദ്ധിക്കണം. പക്ഷെ അതിലും കത്തി, ആ നാട്ടിലെ കറൻസിയിൽ പേ ചെയ്യണോ എന്നുള്ള ചോദ്യമാണ്. ഒരു കഴുത്തറപ്പിന്റെ മറ്റൊരു രൂപം ആണ്, ഒരു കാരണവശാലും അത് സമ്മതിക്കരുത്. ഡയനാമിക് കറൻസി കൺവേർഷൻ എന്ന ഈ പരിപാടിയുടെ പ്രശ്നങ്ങൾ ഇവിടെ വായിക്കാം (https://thepointsguy.com/2015/…/dynamic-currency-conversion/)

വിദേശത്ത് പോകുമ്പോൾ പണം ഏത് കറൻസിയിൽ കൊണ്ടുപോകണം എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നതെങ്കിൽ പണം US ഡോളറിലേക്ക് മാറ്റുന്നതാണ് ബുദ്ധി. കാരണം, കേരളത്തിൽ ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നത് ഡോളറായതിനാൽ നമുക്ക് നല്ല റേറ്റ് കിട്ടും. ലോകത്തെവിടെയും, അമേരിക്കയുടെ ബദ്ധശത്രുക്കളായ രാജ്യങ്ങളിൽ വരെ, ഡോളറിന് വിനിമയമൂല്യം ഉണ്ട്. പണ്ടൊക്കെ ഇന്ത്യയിൽ നിന്നും ഡോളർ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു, പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഏതു ട്രാവൽ ഏജൻസിയും നിങ്ങൾക്ക് വിദേശകറൻസി ശരിയാക്കി തരും. പക്ഷെ ഒരു കാരണവശാലും ബാങ്ക് റേറ്റിലും ഏറെ ലാഭത്തിൽ ആരെങ്കിലും ഡോളർ തരാം എന്ന് പറഞ്ഞാൽ മേടിക്കരുത്. അതാത് ദിവസത്തെ വിദേശനാണ്യ വിനിമയ നിരക്ക് ഇവിടെ കാണാം (http://www.xe.com/)

ഡോളർ വാങ്ങുമ്പോൾ രണ്ടുകാര്യം ശ്രദ്ധിക്കണം. ഓരോ ഡോളറിന്റെ മുകളിലും അതച്ചടിച്ച വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും അഞ്ചുകൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള നോട്ടുകൾ സ്വീകരിക്കില്ല. ഇതറിയാതെ പണം കൈയിൽ വെച്ചാൽ നമുക്ക് പണികിട്ടും. തായ്‌ലാൻഡ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും നൂറു ഡോളറിന്റെ നോട്ട് മാറുമ്പോൾ കിട്ടുന്നതിൽനിന്നും അഞ്ചോ പത്തോ ശതമാനം കുറച്ചാണ് അന്പത്തിന്റെയോ അതിൽ താഴെയോ ഉള്ള നോട്ട് വിനിമയം ചെയ്യുമ്പോൾ കിട്ടുന്നത്. ചില്ലറ മേടിച്ച് കൈയിൽ വെച്ചാൽ ചുമ്മാ കാശ് പോകും.

നേപ്പാളിൽ ഒഴികെ മറ്റൊരിടത്തും ഇന്ത്യൻ കറൻസിയുടെ ഉപയോഗം നിയമവിധേയം അല്ല. എത്ര രൂപ ഇന്ത്യയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാം എന്നതിനും തിരിച്ചു കൊണ്ട് വരുന്നതിനും പരിധികളും ഉണ്ട്. ഈ നിയമങ്ങൾ ഇടക്കിടക്ക് മാറി വരും (https://www.immihelp.com/…/carrying-currency-to-from-india.…). എയർപോർട്ടിൽ നിന്നും വീട്ടിലെത്താനുള്ള അത്രയും തുക മാത്രമേ ഞാൻ എപ്പോഴും കയ്യിൽ വെക്കാറുള്ളു.

എത്ര വിദേശ നാണ്യം നമ്മുടെ കൈവശം വെക്കാം എന്നതിനും ഓരോ രാജ്യങ്ങളിലും പരിധിയുണ്ട്. പരിധിയുള്ളതും ഇല്ലാത്തതുമായ പല രാജ്യങ്ങളിലും നമ്മുടെ കൈവശമുള്ള പണത്തിന്റെ അളവ് കസ്റ്റംസിൽ വെളിപ്പെടുത്തണം. ഇതറിഞ്ഞുവേണം പണം കൈവശം വെക്കാൻ. ഒരു കാരണവശാലും അവിടെ നുണ പറയാൻ പാടില്ല.

വിമാനത്താവളത്തിന് അകത്തു തന്നെ ലോകത്ത് എല്ലായിടത്തും ഡോളറിൽ നിന്നും അന്നാട്ടിലെ കറൻസിയിലേക്ക് മാറ്റുന്ന ബാങ്കുകളുടെ കൗണ്ടർ കാണും. ആ രാജ്യത്തെ ഏറ്റവും കഴുത്തറപ്പൻ റേറ്റ് ആയിരിക്കും, ചിലപ്പോൾ വലിയ തുക കമ്മീഷനായും പോകും. ഏറ്റവും കുറച്ചു കാശേ ഇവിടെ മാറാവൂ, പരമാവധി നൂറു ഡോളർ.

നമ്മൾ താമസിക്കുന്ന ഹോട്ടലിലും മണി ചേഞ്ചിങ് നടത്താം. കഴുത്തറക്കുന്നതിൽ വിമാനത്താവളത്തിലെ ഏജന്റും ആയി മത്സരത്തിലാണിവർ. ഒരു കാരണവശാലും അറക്കാൻ കഴുത്തു കാണിച്ചു കൊടുക്കരുത്.

ഓരോ രാജ്യത്തും ഏറ്റവും ലാഭമായി മാറാവുന്ന സംവിധാനം ഉണ്ട്. ഹോട്ടലിലെ കൗണ്ടറിൽ ചോദിച്ചാൽ അവർ തന്നെ പറഞ്ഞു തരും. തായ്‌ലാന്റിലും ദുബായിലും ഒക്കെ ബാങ്കുകളും എക്സ്ചേഞ്ചുകളും ആണ്. ആഫ്രിക്കയിൽ പലയിടത്തും അണ്ടർവെയറിന്റെ പോക്കറ്റിൽ ലക്ഷങ്ങളും ആയി നടക്കുന്ന ആളുകൾ ആണ് ഏറ്റവും വിശ്വസനീയവും ലാഭവും. ഇവരെ ഹോട്ടലിൽ വിളിച്ചുവരുത്തി നമുക്ക് പണം മാറ്റി എടുക്കാം. ഒരു സമയത്ത് മുന്നൂറു ഡോളറിൽ കൂടുതൽ മാറരുത്. ദിവസവും റേറ്റ് മാറുന്നത് കൊണ്ടും നമ്മുടെ കയ്യിൽ എത്ര പണം ഉണ്ടെന്ന് വേറെ ആർക്കും മനസ്സിലാവരുത് എന്നത് കൊണ്ടും ആണ് ഈ മുൻകരുതൽ. വികസിത രാജ്യങ്ങളിൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് ആണ് കൂടുതൽ. അതുകൊണ്ട് തന്നെ മിനിമം പണമേ കാഷ് ആയി മാറേണ്ടതുള്ളൂ.

കൊച്ചി വിമാനത്താവളത്തിൽ ഉൾപ്പടെ ലോകത്തെ മിക്ക വികസ്വര രാജ്യങ്ങളിലും എയർപോർട്ടിന് തൊട്ടു പുറത്ത് ഡോളറിന് മാർക്കറ്റ് റേറ്റിലും നല്ല തുക തരാം എന്ന് ഉറപ്പു പറയുന്ന മണി ചേഞ്ചിങ് ഏജന്റ്സ് ഉണ്ട്. കയ്യിലെ കാശ് കളയാനും, ജയിലിൽ കയറാനും, കള്ളനോട്ട് കയ്യിൽ വരാനും, പോലീസിന്റെ കയ്യിൽ പെടാനും, ഇതിലും എളുപ്പമുള്ള മാർഗ്ഗമില്ല. ഒരു കാരണവശാലും വിമാനത്താവളത്തിന് പുറത്തുള്ള അനൗദ്യോഗിക മണി ചേഞ്ചർമാരുടെ അടുത്ത് കച്ചവടം നടത്തരുത്. അവർ നല്ല പണം നല്ല റേറ്റിൽ കയ്യിൽ തന്നാലും “ആ പോകുന്നവന്റെ കയ്യിൽ ആയിരം ഡോളർ ഉണ്ട്” എന്ന് മറ്റൊരാളോട് പറയില്ല എന്നുറപ്പില്ല.

ഇന്ത്യയിലെ എ ടി എം കാർഡും ക്രെഡിറ്റ് കാർഡും പലപ്പോഴും മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കില്ല. ബാങ്കിൽ മുൻ‌കൂർ പറയാതെ യാത്ര ചെയ്താൽ പരിചയമില്ലാത്ത നാട്ടിൽനിന്നും ട്രാൻസാക്ഷൻ കാണുന്നയുടൻ ബാങ്ക് അത് ബ്ലോക്ക് ചെയ്യുകയും, അതോടെ യാത്ര തീരുകയും ചെയ്യും. അതുകൊണ്ട് വിദേശത്തേക്ക് യാത്ര പോകുന്നവർ ബാങ്കിനെ അറിയിച്ച് ഇത്തരം കാര്യങ്ങൾ ഉറപ്പാക്കണം. മുൻപ് പറഞ്ഞതുപോലെ ഒന്നിലധികം കാർഡുകൾ കൈയിൽ ഉണ്ടാകുന്നതാണ് ബുദ്ധി.

ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും പോയ നാട്ടിലെ പണം ബാക്കി ഉള്ളത് കയ്യിൽ വക്കണം, കറൻസി ആയിട്ടും കോയിൻ ആയിട്ടും. അത് തിരിച്ചു കൊടുത്താൽ കുറച്ചു പണം കിട്ടുമെങ്കിലും പത്തോ അമ്പതോ വയസ്സ് കഴിയുമ്പോൾ അന്ന് തിരിച്ചു കിട്ടിയ പണത്തേക്കാൾ നമുക്ക് നല്ല ഓർമ്മകൾ തരുന്നത് ഇങ്ങനെ ബാക്കി ഇരിക്കുന്ന വിദേശ നാണ്യങ്ങൾ ആണ്.

തട്ടിപ്പുകാരനുള്ള പണം: യാത്ര എന്നാൽ പുതിയ അനുഭവങ്ങൾ എന്നുകൂടിയാണല്ലോ. എല്ലാ അനുഭവങ്ങളും നല്ലതുമാത്രം ആയിക്കൊള്ളണമെന്നില്ല. സ്ഥലം പരിചയമില്ലാത്തതിനാൽ നമ്മളെ ആളുകൾ പറ്റിക്കുന്നതും നമുക്ക് അമളി പിണയുന്നതും സാധാരണമാണ്. ഇത് പുതിയതായി ഡൽഹിയിൽ വരുന്ന മദ്രാസികളെ പിഴിയുന്ന ഓട്ടോക്കാരൻ തൊട്ട്, ടൂറിസ്റ്റുകളെ പറഞ്ഞുപറ്റിക്കുന്ന തായ്‌ലാൻഡിലെ ഗൈഡ് വരെയാകാം. പാരീസിൽ നൂറു ഡോളർ മാറ്റി യൂറോ വാങ്ങുമ്പോൾ അമ്പത് യൂറോ കമ്മീഷൻ വാങ്ങുന്ന കോട്ടിട്ട ഏജന്റും, ജനീവയിൽ കാറിൽ കയറി ഒരു കിലോമീറ്റർ യാത്രചെയ്താൽ ആയിരം രൂപ വാങ്ങുന്ന ടാക്സി ഡ്രൈവറും നടത്തുന്നത് തട്ടിപ്പല്ലെങ്കിൽ പോലും കഴുത്തറപ്പാണ്. ഇത്തരം അബദ്ധങ്ങൾ യാത്രയുടെ മൂഡ് കളയും. ഇതിനെ ഞാൻ പ്രതിരോധിക്കുന്നത്, ഏതു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോളും ഒരു നൂറു ഡോളർ ‘റിപ്പ് ഓഫ്’ അലവൻസായി ഞാൻ മനസ്സിൽ കൂട്ടും. യാത്രയിൽ ജാഗരൂകനാണെങ്കിലും ആരെങ്കിലും എന്നെ പറ്റിച്ചു നൂറ് ഡോളർ നഷ്ടം പറ്റിയാൽ അതിനെയോർത്ത് ഖേദിക്കാറില്ല.

മഗ്ഗർസ് അലവൻസ്: എല്ലാ രാജ്യങ്ങളിലും നമ്മുടെ പേഴ്‌സ് അടിച്ചു മാറ്റുന്നവരുണ്ട്. ചിലയിടത്ത് തന്ത്രപൂർവ്വം, മറ്റിടത്ത് കത്തിയോ തോക്കോ ചൂണ്ടി. രണ്ടാണെങ്കിലും പോക്കറ്റ് കാലി ആയതുതന്നെ. പോക്കറ്റിൽ ഒറ്റ ദിവസത്തേക്കുള്ള പണമേ കാണാവൂ എന്ന് ഞാൻ മുന്നേ പറഞ്ഞല്ലോ. എന്നാൽ കത്തി ചൂണ്ടി പോക്കറ്റ് കാലിയാക്കുന്നവരുടെ രാജ്യത്ത് പോകുമ്പോൾ ഒരു നൂറു ഡോളർ അധികം വക്കണം. കാരണം, കത്തിയോ തോക്കോ ഒക്കെയായി പോക്കറ്റടിക്കാൻ ഇറങ്ങുക എന്നത് വലിയ റിസ്ക്ക് ഉള്ള പരിപാടിയാണ്. അങ്ങനെ റിസ്ക് എടുക്കുന്ന ഒരാൾ നിങ്ങളെ കത്തി ഒക്കെ ചൂണ്ടി പേടിപ്പിച്ച് നിങ്ങളുടെ പേഴ്‌സ് നോക്കുമ്പോൾ ആ നാട്ടിലെ പത്തു ഡോളറിന്റെ കാഷും ഇന്ത്യൻ കറൻസിയുമാണുള്ളതെങ്കിൽ അടി ഉറപ്പാണ്. എന്തിനാണ് അന്യനാട്ടിൽ പോയി അടി മേടിക്കുന്നത്. (നല്ലത് നാട്ടിൽ കിട്ടുമല്ലോ).

സ്പെഷ്യൽ ടിപ്പ്: നിങ്ങൾ പോകുന്ന നാട്ടിൽ നിങ്ങളുടെ ഒരു ബന്ധു/സുഹൃത്ത് ഉണ്ടെങ്കിൽ അയാളുടെ നാട്ടിലെ അക്കൗണ്ടിൽ അത്യാവശ്യം പണം ഇട്ടിട്ട് പോവുക. അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പിന്നെ ചോദിക്കാൻ മടിക്കേണ്ടല്ലോ. ആവശ്യം വന്നില്ലെങ്കിൽ തിരിച്ചു വന്നാൽ തിരിച്ചെടുക്കുകയും ചെയ്യാം. ഇങ്ങനെ ഒരു അറേഞ്ചെമെന്റ് ഇല്ലാതെ മറു നാട്ടിൽ ചെന്ന് അവരോട് പണം ചോദിക്കുന്നത് ബന്ധം വഷളാക്കാനുള്ള എളുപ്പ മാർഗ്ഗമാണ്. അനുഭവം ഗുരു.

മുരളി തുമ്മാരുകുടി.

About Muralee Thummarukudi

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy).

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment