കൂട്ടുകൂടി യാത്രചെയ്യുമ്പോൾ! : MT യുടെ യാത്രകൾ

Category: Travel 279 0

കൂട്ടുകൂടി യാത്രചെയ്യുമ്പോൾ!

വീട്ടിൽനിന്നും സ്‌കൂളിലേക്കുള്ള യാത്ര മുതൽ നാട്ടിൽനിന്നും കൈലാസംവരെയുള്ള ഏതു യാത്രയും കൂടുതൽ സന്തോഷകരം ആകുന്നത് ആരെങ്കിലും കൂടെ ഉണ്ടാകുമ്പോൾ ആണ്. കൂടെയുള്ള കുടുംബമാകാം, കൂട്ടുകാരാകാം, ഓഫിസിലെ സഹപ്രവർത്തകരാകാം, ടൂറിന്റെ സമയത്ത് മാത്രം പരിചയപ്പെട്ട സഹയാത്രികരാകാം. യാത്രയിൽ നമുക്കുള്ളത് നല്ലൊരു കൂട്ടാണെങ്കിൽ യാത്ര ഇരട്ടിമധുരം ആകും. അതേസമയം കൂടെയുള്ളവരുമായി നമുക്ക് യോജിച്ചുപോകാൻ പറ്റിയില്ലെങ്കിൽ എത്ര മനോഹരമായ സ്ഥലത്തേക്കുള്ള യാത്ര പോലും ദുരിതമായേ തോന്നൂ. അതുകൊണ്ട് യാത്രയിലെ കൂട്ട് വളരെ പ്രധാനമായ ഒന്നാണ്.

കൂട്ടുകാരെ കൂട്ടണം: നമ്മൾ ഏറെനാൾ അറിയുന്നവരായ സുഹൃത്തുക്കളാണ് യാത്രക്ക് ഏറ്റവും പറ്റിയ കമ്പനി, ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും. നല്ല കൂട്ടുകാരായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പക്ഷെ കേരളം പോലെ പിന്തിരിപ്പൻ ആയ ഒരു സ്ഥലത്ത് ആൺകുട്ടികളും അവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളും ഒരുമിച്ച് യാത്ര പോകുന്നത് എളുപ്പമല്ല. വീട്ടുകാരുടെയും സദാചാര പോലീസുകാരുടെയും ചോദ്യങ്ങൾ ഒരു ഭാഗത്ത്, പോലീസിന്റെയും നിയമത്തിന്റെയും ഇടപെടൽ മറുവശത്ത്. ഇതൊക്കെ ഇനി ഏതു കാലത്താണ് മാറാൻ പോകുന്നത് എന്റെ ഡിങ്കാ ?. ഏതാണെങ്കിലും ആൺകുട്ടികൾ ഒരുമിച്ചു യാത്ര പോകുന്നതിന് തത്കാലം നാട്ടിൽ എതിർപ്പൊന്നും ഇല്ല (പല രാജ്യങ്ങളിലും ആണെങ്കിൽ അച്ഛനമ്മമാരുടെ പേടി സ്വപ്നം ആണത്).

ആണാണെങ്കിലും പെണ്ണാണെങ്കിലും യാത്രയിലുള്ളത് നമുക്ക് ഇഷ്ടമുള്ള കൂട്ടുകാരാകുമ്പോൾ മിക്കവാറും കാര്യങ്ങളിൽ താല്പര്യവും സമാനമായിരിക്കും. കാരണം ഡൽഹിയിൽ പോയി ഒരാൾക്ക് റെഡ് ഫോർട്ടും മ്യൂസിയവും കാണാനും മറ്റേയാൾക്ക് കൊണാട്ട് പ്ലേസിലും സരോജിനി മാർക്കറ്റിലും പോയി ഷോപ്പിംഗ് നടത്താനുമാണ് ആഗ്രഹമെങ്കിൽ സംഗതി കുഴയുമല്ലോ. ചേർന്നുപോകുന്ന കൂട്ടുകാരാണെങ്കിൽ എന്ത് അസൗകര്യമാണെങ്കിലും എത്ര പണച്ചെലവുണ്ടെങ്കിലും അതെല്ലാം പരസ്പരം പങ്കിട്ട് ടൂർ മുന്നോട്ട് കൊണ്ടുപോകാം. ടൂറിന് മുൻപ് വ്യക്തമായ പ്ലാൻ ഉണ്ടാക്കുന്നത് എപ്പോഴും നല്ലതാണെങ്കിലും ടൂറിനിടയിൽ മാറ്റങ്ങൾ വരുത്തുന്നതും പണം ചെലവാകുന്നതുമൊന്നും നല്ല കൂട്ടുകാരുടെ ഇടയിൽ ഒരു പ്രശ്നമാകില്ല.

കൂട്ടുകാരിയുടെ കൂട്ടുകാരിയെ കൂടെ കൂട്ടരുത്: നിസാരമെന്ന് തോന്നാവുന്ന വലിയ ഒരു മണ്ടത്തരം നമ്മൾ എല്ലാം കാണിച്ചിട്ടുണ്ടാകും. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ നാം യാത്രക്ക് കൂട്ടിന് വിളിക്കുന്നു. അയാൾ അതുപോലെ അയാൾക്ക് ഇഷ്ടപെട്ട കൂട്ടുകാരനെ “എന്റെ ക്ലോസ് ഫ്രണ്ടാണ്, We will get along well” എന്നുപറഞ്ഞ് കൂടെ കൂട്ടുന്നു. നമ്മുടെ ക്ളോസ് ഫ്രണ്ടിന്റെ ക്ളോസ് ഫ്രണ്ടാണെങ്കിൽ നമുക്കും ബുദ്ധിമുട്ടുണ്ടാകാൻ വഴിയില്ലല്ലോ എന്നോർത്ത് നമ്മൾ അത് സമ്മതിക്കുന്നു. യാത്ര തുടങ്ങി അഞ്ചു മിനിറ്റിനകം മൂന്നാമൻ നമ്മളുമായി ചേരുന്നില്ലെന്ന് നമുക്ക് മനസിലാക്കുന്നതോടെ യാത്ര ബോറാകുന്നു. പിന്നെ എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിച്ചാൽ മതിയെന്നാവും എല്ലാവരുടെയും ചിന്ത. ഇതിന്റെ കാരണം ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നമ്മൾ എല്ലാവരും ഒരു ജിഗ്‌സോ പസിലിന്റെ കഷണം പോലെയാണ്. നമുക്ക് പല വശങ്ങളിൽ പല തരത്തിൽ ഉള്ള ഷേപ്പ് ആണ്. അതിൽ ഏതെങ്കിലും ഒന്നുമായി ചേർന്ന് പോകുന്നവർ ആണ് നമ്മുടെ സുഹൃത്താകുന്നത്. പക്ഷെ അയാളുടെ വേറെ ഒരു വശവും ആയിട്ടായിരിക്കും മൂന്നാമൻ യോജിക്കുക. ഇത് ഒറ്റ നോട്ടത്തിൽ വ്യക്തമായിരിക്കില്ല. സൂക്ഷിക്കുക.

ഇതേ അവസ്ഥ തന്നെയാണ് രണ്ടു കൂട്ടുകാർ അവരുടെ ഭാര്യമാരെ, അല്ലെങ്കിൽ ഭർത്താക്കന്മാരെ കൂടെ കൂട്ടുമ്പോളും. കൂട്ടുകാർ തമ്മിലുള്ള അടുപ്പം അവരുടെ പങ്കാളികൾ തമ്മിൽ ഉണ്ടായിക്കൊള്ളണമെന്നില്ല (ഇക്കാര്യത്തിൽ ഞാൻ വളരെ ഡീസന്റ് ആണ്, വൈഫിന്റെ ഫ്രണ്ടാണെങ്കിലും ഫ്രണ്ടിന്റെ വൈഫാണെങ്കിലും ഞാൻ ഒരു ഉടക്കും ഉണ്ടാക്കാറില്ല). അതിനാൽ നല്ല ഉറപ്പില്ലെങ്കിൽ ഇത്തരം കൂട്ടുകൃഷിക്ക് പോകരുത്. യാത്രയിൽ മാത്രമല്ല, യാത്ര കഴിഞ്ഞും ആ പ്രശ്നങ്ങൾ തുടർന്നേക്കാം.

ആൺകുട്ടികളുടെ സംഘങ്ങൾ: അഞ്ചു പേരിൽ കൂടിയ സംഘങ്ങളായി ആൺ കുട്ടികൾ മേൽനോട്ടം ഇല്ലാതെ യാത്ര ചെയ്യുന്നത് റിസ്‌ക്കാണ്. കാരണം, സംഘം ചേരുമ്പോൾ ആൺകുട്ടികൾക്ക് ഒരു മോബ് മെന്റാലിറ്റിയുണ്ട്. ഒറ്റക്കൊറ്റക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്യാൻ തോന്നും. ആദ്യമേ അല്പം സ്മാൾ അടിക്കാൻ തോന്നും, അല്പം മദ്യപിച്ചാൽ പിന്നെ പറയുകയും വേണ്ട. രാത്രി മദ്യപിച്ച് കടലിൽ നീന്തുക, ബെറ്റ് വെച്ച് പുഴ നീന്തിക്കടക്കാൻ ശ്രമിക്കുക, അതി വേഗത്തിൽ കാറോ ബൈക്കോ ഓടിക്കുക, നാട്ടുകാരുമായി മൊടയുണ്ടാക്കുക എന്നിങ്ങനെ. നാട്ടിൽ റോഡിലും വെള്ളത്തിലും ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ശ്രദ്ധിച്ചാലറിയാം, സംഘം കൂടി യാത്രചെയ്യുന്ന കുട്ടികളാണ് കൂടുതൽ കുഴപ്പത്തിൽ ചാടുന്നതെന്ന്. നിങ്ങളുടെ കുട്ടികളാണ് യാത്ര പോകുന്നതെങ്കിൽ ഇക്കാര്യം മനസ്സിൽ വെക്കുക. നിങ്ങൾ യാത്ര പോകുന്ന പയ്യനാണെങ്കിൽ സംഘം തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നമ്മൾ ഒറ്റക്ക് ചെയ്യാത്തതൊന്നും സംഘത്തിലും ചെയ്യാൻ ശ്രമിക്കരുത്. പണി കിട്ടിയാൽ ഒറ്റക്ക് ഏറ്റുവാങ്ങേണ്ടി വരും. കൂടെ ഉള്ള ആൾക്കും നാട്ടുകാരുടെ തല്ലു കൊണ്ടു എന്നത് കൊണ്ട് നമ്മുടെ വേദന കുറയില്ല.

സ്ത്രീകളുടെ സംഘം: സ്ത്രീകളുടെ സംഘത്തിന്റെ ലെവൽ പക്ഷെ വേറെയാണ്. അടുത്തിടെ സ്ത്രീകൾ മാത്രമായി ചെറിയ സംഘമായി യൂറോപ്പിലേക്ക് യാത്രചെയ്ത ചില മലയാളി സ്ത്രീകളെ പരിചയപ്പെട്ടു. എല്ലാവരുടെയും കുട്ടികൾ കോളേജിലൊക്കെയാണ്. ഇത്രമാത്രം സന്തോഷമുള്ള ഒരു യാത്രാസംഘത്തെ ഞാൻ മുൻപോ ശേഷമോ കണ്ടിട്ടേയില്ല. സ്ത്രീകൾ ഒരുമിച്ചു കൂടുമ്പോൾ അവർക്ക് ധൈര്യവും കൂടും. പക്ഷെ, അവർ അതുപയോഗിക്കുന്നത് നാട്ടുകാരോട് തല്ലുകൂടാനോ, ബെറ്റ് വെച്ച് പുഴ നീന്തിക്കടക്കാനോ അല്ല. മറിച്ച് ഒറ്റക്കോ കുടുംബത്തിന്റെ കൂടെയോ ചെറുപ്പത്തിൽ അവർക്ക് ചെയ്യാൻ പറ്റാതിരുന്ന കാര്യങ്ങൾ ചെയ്യുന്നതിനാണ്. അത് ഷോപ്പിംഗ് ആണെങ്കിലും പാരാഗ്ലൈഡിങ് ആണെങ്കിലും.

നാട്ടിലെ പെൺകുട്ടികളും സ്ത്രീകളും കൂടുതൽ കൂടുതൽ ഒറ്റക്കും സംഘം ചേർന്നും യാത്രചെയ്യണം. കോളേജിൽ പഠിക്കുന്ന കുട്ടികൾ അവരുടെ സുഹൃത്തുക്കൾ മറ്റു നാടുകളിൽ പഠിക്കുന്നുണ്ടെങ്കിൽ (ഇന്ത്യയിലോ വിദേശത്തോ) അവരുടെ അടുത്തേക്ക് യാത്ര പോകാൻ ശ്രമിക്കണം. ജോലിയുള്ള പെൺകുട്ടികളാണെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും മറ്റു പെൺകുട്ടികളുമായി ചേർന്ന് ഒരാഴ്ചത്തെ യാത്ര ചെയ്യണം. ജോലി കിട്ടി രണ്ടു വർഷമെങ്കിലും ഇതുപോലെ യാത്ര ചെയ്ത് അടിച്ചു പൊളിച്ചിട്ടേ കല്യാണത്തെ പറ്റി ചിന്തിക്കാൻ പോലും പാടുള്ളൂ. വിവാഹം കഴിഞ്ഞ സ്ത്രീകൾ അവരുടെ കുട്ടികൾ കോളേജിൽ ആയിക്കഴിഞ്ഞാൽ പിന്നെ വർഷത്തിൽ ഒരിക്കലെങ്കിലും ഭർത്താവിനെ കൂടാതെ കൂട്ടുകാരുമൊത്ത് യാത്രചെയ്യണം. അച്ഛന്റെയും ആങ്ങളയുടെയും ഭർത്താവിന്റെയുമൊപ്പം മാത്രം യാത്രചെയ്യുന്നത് പരമബോറൻ പരിപാടിയായിരുന്നുവെന്ന് അപ്പഴേ ബോധ്യമാകൂ. (സ്ത്രീകൾ ഒറ്റക്കോ കൂട്ടമായോ യാത്രചെയ്യുമ്പോൾ പല പ്രത്യേക സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. അതിനെപ്പറ്റി വിശദമായി പിന്നീടെഴുതാം).

പണം വില്ലൻ ആകുമ്പോൾ: ആണുങ്ങളായാലും പെണ്ണുങ്ങളായാലും കൂട്ടുകൂടി യാത്രചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദകൾ ഉണ്ട്. ഇത് എല്ലാവർക്കും ഉണ്ടായി എന്ന് വരില്ല, പ്രത്യേകിച്ചും പണം ചിലവാക്കുന്നതിനെ പറ്റി. ഉദാഹരണത്തിന് ഹോട്ടലിൽ പോയാൽ ഇന്ത്യയിൽ ഒരാൾ പണം കൊടുക്കുന്നതാണല്ലോ രീതി. കൂട്ടുകാർ ആണെങ്കിൽ എല്ലാവരും കുറച്ചു പണം ഇടും അങ്ങനെ. എല്ലാവരും മാറി മാറി പണം കൊടുക്കുകയോ എല്ലാവരും അവരുടെ വീതം കൃത്യമായി കൊടുക്കുകയോ ചെയ്‌താൽ കുഴപ്പമില്ല. പക്ഷെ എല്ലാ ഗ്രൂപ്പിലും ചില ഫ്രീലോഡർസ് ഉണ്ടാകും. അവർ ഗ്രൂപ്പിന്റെ സുഖം കളയും. ഇക്കാര്യത്തിൽ പെൺകുട്ടികൾ പൊതുവെ മെച്ചമാണ്. ആൺ കുട്ടികൾ മൊത്തം ചിലവ് ആളെണ്ണം വച്ച് വീതിക്കുമ്പോൾ പേന കുട്ടികൾ ഓരോരുത്തരും കഴിച്ചതെന്താണെന്ന് കൂട്ടിക്കിഴിച്ചാണ് ബില്ല് വീതിക്കുന്നത് (അതാണ് പിന്ന കുഴപ്പം ഉണ്ടാകാതിരിക്കാൻ നല്ലത്). ഇത്തരം ഗ്രൗണ്ട് റൂൾസ് എല്ലാം നേരത്തെ ആലോചിച്ച് ഉറപ്പിക്കണം. ഏതു യാത്രക്കും ഒരു നേതാവ് വേണം, ഒരു കാഷ്യറും. എല്ലാ തീരുമാനങ്ങളും പരസ്പരം ആലോചിച്ചാണ് എടുക്കേണ്ടതെങ്കിലും അന്തിമ തീരുമാനം നേതാവിന്റേതാകണം, അത്യാവശ്യ ഘട്ടങ്ങളിലേതും. കാഷ്യർ എന്നുദ്ദേശിച്ചത് പണം സൂക്ഷിക്കുന്ന ആൾ എന്നല്ല, കണക്ക് സൂക്ഷിക്കുന്ന ആൾ എന്നാണ്. യാത്രക്ക്‌ ആവശ്യമായ മുഴുവൻ പണവും ഒരുമിച്ച് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞല്ലോ. എന്നാൽ പൊതു ആവശ്യത്തിനായി പലരും ചെലവാക്കുകയും ശരിയായ കണക്കില്ലാതെ വരികയും ചെയ്താൽ എല്ലാവർക്കും മറ്റുള്ളവർ നമ്മെ പറ്റിക്കുകയാണ് എന്ന തോന്നൽ വരും. അതിനുപകരം കാഷ്യർ എല്ലാ ചെലവിന്റേയും കണക്ക് സൂക്ഷിക്കുകയും ദിവസത്തിലൊരിക്കൽ എല്ലാവരോടും അവരവരുടെ ചെലവ് സഹിതം ശരാശരി ചെലവ് ബോധ്യപ്പെടുത്തുകയും ചെയ്യണം. ഇല്ലെങ്കിൽ യാത്ര കഴിഞ്ഞാലും അല്പം കയ്പ്പ് ആർക്കെങ്കിലുമൊക്കെ മനസ്സിൽ കിടന്നേക്കാം.

വലിയ സംഘവുമായുള്ള യാത്ര: ഓഫിസിൽ നിന്നോ ഫ്ലാറ്റിൽ നിന്നോ കരയോഗത്തിൽ നിന്നോ ഒക്കെ കൂട്ടുകൂടി ആളുകൾ യാത്ര ചെയ്യുന്നത് ഇപ്പോൾ കൂടി വരുന്നുണ്ട്. നല്ല കാര്യം ആണ്. എപ്പോഴും മുൻകൂട്ടി നന്നായി പ്ലാൻ ചെയ്യേണ്ട ഒന്നാണിത്. കാരണം എല്ലാവർക്കും ഓരോരോ അഭിപ്രായമുണ്ടാകും, താല്പര്യങ്ങളും. എല്ലാ കാര്യവും എല്ലാവരോടും ആലോചിച്ച് തീരുമാനിക്കാനും പറ്റില്ല. അപ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് വേണം യാത്ര തുടങ്ങാനും താമസം തരപ്പെടുത്താനും. ഇപ്പോൾ വാട്സ്ആപ് ഉള്ളതിനാൽ ഒരു ഗ്രൂപ്പുണ്ടാക്കി പദ്ധതികളെല്ലാം എല്ലാവരോടും മുൻകൂട്ടി പറയുക. ശരാശരി ചെലവ് കണ്ടുപിടിച്ച ശേഷം അതിന്റെ 120 % അംഗങ്ങളോട് വാങ്ങുക. അപ്പോൾ പിന്നെ യാത്രക്കിടയിൽ പണം തീർന്നുപോകുമെന്ന പേടി വേണ്ട. യാത്ര കഴിഞ്ഞ് പണം ആവശ്യപ്പെടുന്നത് നടക്കുന്ന കാര്യവുമല്ല. ഉടക്കുണ്ടാകാൻ അതുമതി. യാത്ര കഴിഞ്ഞ് കുറച്ച് പണം ബാക്കി കൊടുത്താൽ എല്ലാവർക്കും സന്തോഷമാകുകയും ചെയ്യും.

വലിയ സംഘത്തിനും മുൻകൂട്ടി തീരുമാനിച്ച ഒരു ലീഡർ വേണം. ഇയാൾ യാത്രക്ക് കുറച്ചുദിവസം മുൻപ് തന്നെ പ്ലാനുകൾ സംഘാംഗങ്ങളെ അറിയിക്കണം. സത്യത്തിൽ യാത്രകൾ നല്ലതാകണമെങ്കിൽ യാത്രചെയ്ത് പരിചയമുള്ളയാളെ നേതാവാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നല്ല ടൂർ ഗൈഡുകൾ കാര്യങ്ങൾ ചെയ്യുന്നത് കണ്ടുപഠിക്കുക. അവർ വളരെ ഫ്രണ്ട്‌ലി ആണ്, അതേസമയം സ്ട്രിക്റ്റും. ഏതു സമയവും എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

പരിചയം ഇല്ലാത്തവരും ആയി ചേർന്നുള്ള സംഘം: ഏതെങ്കിലും നഗരത്തിൽ ചെന്നാൽ അവിടുത്തെ ട്രാവൽ ഏജൻസികൾ നടത്തുന്ന ടൂറുകളിൽ ചേരുന്നത് ഒരു നല്ല കാര്യം ആണ്. പരിചയ സമ്പന്നർ ആയിരിക്കും ടൂർ നടത്തുന്നത്. നമ്മൾ ഒരു തരത്തിലും പരിചയപ്പെടാത്ത ആളുകളും ആയി ബന്ധപ്പെടാൻ ഉള്ള അവസരം ഉണ്ടാകും. ഇതുപോലെ തന്നെയാണ് നാട്ടിൽ നിന്നും ഉള്ള ട്രാവൽ ഏജൻസികൾ നടത്തുന്ന വിശുദ്ധനാട് സന്ദർശനം ഒക്കെ. മുൻപ് പരിചയം ഉള്ള ആളുകൾ സംഘത്തെ നയിക്കുമ്പോൾ കൂടെ ഉള്ളവർക്ക് ഒരു ടെൻഷനും ഇല്ല. യൂറോപ്പിലേക്കൊക്കെ ഇതുപോലെ കണ്ടക്റ്റഡ് ടൂറിൽ ചേരുന്നതിനെ പറ്റി മിക്കവാറും ആളുകൾക്ക് മോശമായ അഭിപ്രായം ആണ്. പക്ഷെ ചുരുങ്ങിയ സമയത്ത് ചുരുങ്ങിയ ചിലവിൽ പരമാവധി സ്ഥലം കാണാനും ഏറെ പുതിയ ആളുകളെ പരിചയപ്പെടാനും ഉള്ള അവസരം ആണിത്. യാത്ര പോയി അധികം പരിചയം ഇല്ലാത്തവർ ഇങ്ങനെ ഒരു ഗ്രൂപ്പിന്റെ കൂടെ എത്തുന്നതാണ് ഏറ്റവും എളുപ്പം.

സംഘത്തിന് വേണ്ടി സംഘം ചേരരുത്. സംഘം ആയി പോകുന്നതാണ് നല്ലതെങ്കിലും നമുക്ക് മാനസികമായി അടുപ്പമില്ലാത്ത, അടുക്കാനാവാത്ത ആളുകളുമായി ഒരു കാരണവശാലും യാത്ര പോകരുത്. നാൽപ്പത് കഴിഞ്ഞ മലയാളി ആണുങ്ങളാണ് ലോകത്തെ ഏറ്റവും അപകടകാരികളായ സഹയാത്രികർ. വലിയ ലോക വിവരം ഒന്നും ഉണ്ടാവില്ല, പക്ഷെ എല്ലാം അറിയാമെന്ന ഭാവമുണ്ടാകും. പുറത്തെല്ലാം വീട്ടിലെ അല്ലെങ്കിൽ ഓഫീസിലെ അധികാര ഭാവം കാണിക്കും, വീട്ടിൽ ചെലവാകാത്ത പണികളൊക്കെ പുറത്തിറങ്ങിയാൽ കാണിക്കാനും തുടങ്ങും. വെള്ളമടി, ഇന്ത്യക്ക് പുറത്താണ് പോകുന്നതെങ്കിൽ നാട്ടിൽ ഒതുക്കിവെക്കുന്ന സെക്ഷ്വൽ ഫ്രസ്‌ട്രേഷനൊക്കെ പുറത്തെടുക്കും. നമുക്കും കൂടി അടി വാങ്ങിത്തരാൻ ഇതിൽ ഏതെങ്കിലും ഒന്നുമതി. പറഞ്ഞുവന്നത് നേരിട്ട് പരിചയം ഇല്ലെങ്കിൽ എന്റെ പ്രായത്തിലുള്ള ആണുങ്ങളും ആയി കമ്പനി കൂടി യാത്ര പോകരുത്. തടി കേടാകും, പറഞ്ഞേക്കാം. അവർ ഒക്കെ സ്വന്തം കുടുംബത്തിന്റെ കൂടെ യാത്ര പോകുന്നതാണ് നല്ലത്. ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ നല്ല പിള്ള ചമയാനെങ്കിലും കുറച്ചൊക്കെ ഡീസന്റ് ആകും.

റിട്ടയർ ആയിക്കഴിയുമ്പോൾ എനിക്ക് അനവധി പ്ലാനുകൾ ഉണ്ട്. അതിലൊന്ന് നാട്ടിൽ നിന്നും ഓരോ വർഷവും ഒരു ടൂർ സംഘടിപ്പിക്കുക എന്നതാണ്. ബാങ്കോക്ക് തൊട്ട് ആംസ്റ്ററ്‍ടാം വരെ ഉള്ള നാടുകളിൽ ആരും കേട്ടിട്ട് പോലും ഇല്ലാത്ത സ്ഥലങ്ങളും അനുഭവങ്ങളും ഒക്കെയായി ഒരു യാത്ര. ഒരിക്കൽ പോലും ഇന്ത്യക്ക് പുറത്തു പോകാത്ത, പണം എല്ലാം മണ്ണിലും ഫ്ലാറ്റിലും കുഴിച്ചിടാത്ത ആളുകൾക്ക് വേണ്ടി മാത്രം. ഇപ്പഴേ പണം എല്ലാം സമ്പാദിച്ചു തുടങ്ങിക്കോ. ഈ പത്തു വർഷം ഒക്കെ വേഗം പോകും..

About Muralee Thummarukudi

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy).

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment