പ്ളഗ്ഗും സോക്കറ്റും മറ്റ് കുന്ത്രാണ്ടങ്ങളും. : MT യുടെ യാത്രകൾ

Category: Travel 172 0

ജനീവയിൽനിന്ന് പുതിയ കംപ്യുട്ടറുമായി നൈജീരിയക്ക് പോയി അവിടെ വൈദ്യുതി സോക്കറ്റ് ഉപയോഗിക്കാൻ പറ്റാതായ കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതാണ്. യാത്രചെയ്യുമ്പോൾ നമ്മുടെ കൈയിലുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ കാര്യത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്ളഗ്ഗും സോക്കറ്റും: ലോകത്ത് അനവധി തരം പ്ളഗ്ഗും സോക്കറ്റുകളുമുണ്ട്. ഇത് ശ്രദ്ധിക്കാതെ വിദേശത്ത് പോയാൽ ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിക്കാൻ പറ്റാതെ പണികിട്ടും. ഇന്ത്യയിലെ പോലെയല്ല, ഇംഗ്ലണ്ടിൽ, ഇംഗ്ലണ്ടിലെ പോലെയല്ല ഫ്രാൻസിൽ, സ്വിറ്റ്‌സർലാൻഡിലെ പോലെ ലോകത്തൊരിടത്തും ഇല്ല. കാര്യം യൂണിവേഴ്സൽ അഡാപ്‌റ്റർ എന്നൊക്കെ പറഞ്ഞ് പല സാധനങ്ങളും വാങ്ങാൻ കിട്ടുമെങ്കിലും യുണിവേഴ്സലായി ഒന്നുമില്ലെന്ന് കഴിഞ്ഞ നൈജീരിയൻ യാത്രയിൽ എനിക്ക് ശരിക്കു മനസ്സിലായി. ഒന്നിന്റെ മുകളിൽ ഒന്നായി അഡാപ്‌റ്ററുകൾ വെച്ച് അഡാപ്റ്റ് ചെയ്യേണ്ടിവരും. ഉദാഹരണത്തിന്, ഇന്ത്യയിലെ ചില ഉപകരണങ്ങൾക്ക് സാമാന്യത്തിലും വലുതായ ഒരു പിന്നാണ് ഏറ്റവും മുകളിലുള്ളത് (earthing pin). ഇതൊരു യൂണിവേഴ്‌സൽ മാരണമാണ്. അതിനു പറ്റിയ അഡാപ്‌റ്റർ ഇനിയും ശാസ്ത്രലോകം കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളു. നാട്ടിൽനിന്നുതന്നെ അതിനുള്ള അഡാപ്‌റ്റർ വാങ്ങി പോകുന്നതാണ് ബുദ്ധി. ഏതെങ്കിലും രാജ്യത്ത് ചെല്ലുമ്പോൾ അവിടെ നമുക്ക് പറ്റിയ അഡാപ്‌റ്റർ കിട്ടിയില്ലെങ്കിൽ വയറിന്റെ ഇൻസുലേഷൻ എടുത്തുകളഞ്ഞ് തരികിട കാണിക്കരുത്. അപകടമാണ്, തട്ടിപ്പോയില്ലെങ്കിലും ജയിലിലായേക്കാം.

വോൾട്ടേജ് വ്യതിയാനം: വിവിധ ലോകരാജ്യങ്ങളിൽ ഭിന്ന വോൾട്ടേജിലാണ് പവർ. ഇന്ത്യയിൽ 240 വോൾട്ട് , യൂറോപ്പ് 220 V അമേരിക്കയിൽ 120 V എന്നിങ്ങനെ. നിങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങൾ ഇവയിൽ ഉപയോഗിക്കാമോ എന്ന് പരിശോധിക്കണം.

മൊബൈൽ ഫോണും ലാപ്ടോപ്പും: സെൽഫോൺ ഇപ്പോൾ എല്ലാവരുടെയും കൈയിലുണ്ട്. പക്ഷെ യാത്ര പോകുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കൊണ്ട് പോകണോ എന്ന് ആലോചിക്കുക. യാത്രയിൽ നമ്മുടെ ഫോൺ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഫോണിന്റെ വില മാത്രമല്ല, നമ്മുടെ കോണ്ടാക്ടുകൾ മുഴുവൻ അതിൽ ആണ്, അത് പോയാൽ പിന്നെ വലിയ പണിയാണ്. അതുകൊണ്ട് യാത്രക്ക് വേണ്ടി പഴയ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അത് കൊണ്ടുപോവുകയാണ് ബുദ്ധി. ചില രാജ്യങ്ങളിൽ വിലപിടിപ്പുള്ള ഫോൺ നിങ്ങളുടെ കയ്യിൽ കാണുന്നത് ‘ഇവൻ കാശുകാരൻ’ ആണെന്നതിന്റെ ലക്ഷണമായി തട്ടിപ്പുകാർ കണ്ടേക്കാം. സ്വർണ്ണമാല ഇട്ടു നടക്കുന്നത് പോലത്തെ റിസ്ക് ആണിത്. എന്റെ സുഹൃത്തിന്റെ വീട്ടിൽ കടന്നു കയറി കാവൽക്കാരനെ വെടിവെച്ച് കൊന്ന പയ്യന്മാർ എടുത്തു കൊണ്ടുപോയത് മൊബൈൽ ഫോൺ മാത്രമാണ്. (സുഹൃത്തിന്റെ തുടയിൽ വെടിയേറ്റു, പക്ഷെ വേദന സഹിച്ചും മരിച്ചതുപോലെ കിടന്നതുകൊണ്ടു ജീവൻ പോയില്ല).

ലാപ്പ് ടോപ്പിന്റെ കാര്യവും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ. ഇത് മുന്നേ കണ്ട് മൊബൈലിലെ അഡ്രസ് ബുക്കും ലാപ്‌ടോപ്പിലെ ഡേറ്റയും ബാക്ക് അപ്പ് ചെയ്യണം. കോൺഫിഡൻഷ്യൽ സ്വഭാവമുള്ള ഡേറ്റ നമ്മുടെ കമ്പ്യൂട്ടറിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. സാധിക്കുമെങ്കിൽ യാത്രക്ക് മാത്രമായി ഒരു കമ്പ്യൂട്ടറും ഉപയോഗിക്കണം. (ഞാൻ അതാണ് ചെയ്യുന്നത്). നമ്മുടെ കമ്പ്യൂട്ടറിലോ ഫോണിലോ ഉള്ള ഏത് വിവരവും ഒറ്റയടിക്ക് ചോർത്താൻ ശക്തിയുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. നമ്മൾ അതിർത്തികൾ കടന്നു പോകുമ്പോൾ ചില രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങൾ ഇതൊക്കെ ചെയ്യുന്നുമുണ്ട്, നിങ്ങൾ അറിയുന്നില്ല എന്നേ ഉള്ളൂ. നമ്മുടെയൊന്നും കമ്പ്യൂട്ടറിൽ അത്രമാത്രം രഹസ്യങ്ങളൊന്നുമില്ലെങ്കിലും സൗദി അറേബ്യക്ക് പോകുന്നവരുടെ കമ്പ്യൂട്ടറിൽ നമ്മൾ പണ്ട് സന്ദർശിച്ച X വിഡീയോ സൈറ്റിന്റെ ഹിസ്റ്ററിയോ നമ്മുടെ വാട്ട്സ് ആപ്പിൽ അടുത്തിടെ കിട്ടിയ തുണ്ടോ ഉണ്ടെങ്കിൽ പണികിട്ടാൻ അതുമതി. നമ്മുടെ കമ്പ്യൂട്ടർ അരിച്ചുപെറുക്കുന്ന ഒരു രാജ്യമാണ് ഇസ്രായേൽ. കമ്പ്യൂട്ടർ എടുത്ത് ഒരു മണിക്കൂർ നേരത്തേക്ക് അവർ കൊണ്ടുപോകും. ഈ സമയത്ത് നമ്മുടെ കംപ്യൂട്ടറാണോ സോഷ്യൽ മീഡിയയാണോ അതോ രണ്ടുമാണോ അവർ പരിശോധിക്കുന്നത്, അതിൽ എന്താണവർ ചെയ്യുന്നത് എന്നൊന്നും ഒരു പിടിയുമില്ല.

ഗ്ലോബൽ സിംകാർഡ്: യൂണിവേഴ്സൽ അഡാപ്‌റ്റർ എന്ന് പറയുന്നത് പോലെയാണ് എയർപോർട്ടിൽ വിൽക്കുന്ന ഗ്ലോബൽ സിംകാർഡുകളുടെയും സ്ഥിതി. നാട്ടിൽ നിന്നും എന്റെയടുത്ത് വന്നിട്ടുള്ള എല്ലാവരും കൊച്ചിയിൽനിന്നും ഗ്ളോബൽ സിംകാർഡ് വാങ്ങിവന്നവരാണ്. ഒരാളുടെ പോലും പറഞ്ഞവിധത്തിൽ പ്രവർത്തിച്ചു കണ്ടിട്ടില്ല, ചിലരുടെ നമ്പർ വർക്ക് ചെയ്യാതിരിക്കുമ്പോൾ ചിലരുടെ ഡേറ്റ വർക്ക് ചെയ്യില്ല, ചിലരുടെ പണം ഒറ്റയടിക്ക് പോകും. നാട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ ശരിയാക്കാൻ പിന്നെയും സമയവും പണവും പോകും, ഇനി ശരിയായാൽ തന്നെ ശരിയായി വരുമ്പോഴേക്കും യാത്ര തീർന്നിട്ടുണ്ടാകും.

മിക്കവാറും രാജ്യങ്ങളിൽ വിമാനമിറങ്ങുമ്പോൾ തന്നെ ഇപ്പോൾ അവിടുത്തെ സിംകാർഡ് ലഭ്യമാണ്, പലതും ഫ്രീയായിട്ട്. പത്ത് ഡോളർ കൊടുത്താൽ ആവശ്യത്തിൽ കൂടുതൽ ഡേറ്റയും കോളിംഗ് ടൈമും കിട്ടും. ചിലയിടത്ത് പാസ്സ്പോർട്ടിന്റെ കോപ്പി കൊടുക്കേണ്ടിവരും, മിക്കയിടത്തും അതുപോലും
വേണ്ട. ആഫ്രിക്കയിൽ ആണ് ഏറ്റവും വേഗത്തിലും വില കുറഞ്ഞും കാര്യം സാധിക്കുന്നത്. ഒരു മിനിറ്റ് പോലും വേണ്ട ഫോൺ ശരിയാക്കാൻ, അഞ്ചു ഡോളറിന്റെ ചിലവേ ഉള്ളൂ. മൊബൈൽ ഫോണിനെ എങ്ങനെ സാധാരണ ജനങ്ങളെ ശാക്തീകരിക്കുന്ന ഒന്നാക്കാം എന്നതിൽ ഇന്ത്യ അവിടെ നിന്നൊക്കെ ഏറെ പഠിക്കാനുണ്ട്. വിദേശത്ത് പോകുമ്പോൾ നാട്ടിലെ ഗ്ലോബൽ സിം കാർഡ് എടുക്കരുതെന്ന് പറഞ്ഞല്ലോ. ഒരു കാര്യം കൂടി ഉണ്ട്, നാട്ടിലെ സാധാരണ നമ്പർ ഒരു കാരണവശാലും റോമിങ് ആക്കുകയും ചെയ്യരുത്, ഒടുവിൽ കളസം കീറും.

ഇതിന് അപവാദമായി എനിക്ക് അനുഭവമുണ്ടായത് മൂന്നു രാജ്യങ്ങളിലാണ്. ഒന്ന് ജപ്പാൻ. ജപ്പാനല്ലേ, അവിടെ ഫോണും സിമ്മും ഒക്കെ എളുപ്പത്തിൽ കിട്ടും എന്ന് കരുതി. എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ സിംകാർഡ് വാടകക്ക് കിട്ടും, വാങ്ങാൻ പറ്റില്ല, ക്രെഡിറ്റ് കാർഡ് ഗ്യാരന്റി കൊടുക്കണം. ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് ഓപ്പൺ എൻഡഡ്‌ ആയി ഞാൻ ആർക്കും കൊടുക്കാറില്ല. നമ്മുടെ ഫോൺ ആരെങ്കിലും അടിച്ചു മാറ്റി ഉപയോഗിച്ചാൽ നമ്മളുടെ ബാങ്ക് കാലിയാകും. നഗരത്തിൽ എത്തി അന്വേഷിച്ചു, ഒരാഴ്ച എടുക്കും ഒരു സിം കിട്ടാൻ, പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്, ആ നാട്ടിലെ ഒരു ഫോൺ എടുക്കണം !. അത്യാവശ്യക്കാരൻ ആയതിനാൽ അത് ചെയ്തു. രണ്ടാമത്തേത് ഇറാൻ. അവിടെ നാട്ടുകാർക്ക് സിം കിട്ടണമെങ്കിൽ തന്നെ ആറുമാസം മുതൽ ഒൻപത് മാസം വരെ കാലതാമസമുണ്ട്. അവിടെ സിം ബുക്ക് ചെയ്ത് മറിച്ചുവിറ്റാൽ ആയിരം ഡോളർ വരെ കിട്ടുമായിരുന്നു. (ഒരുകാലത്ത് നമ്മുടെ നാട്ടിൽ മാരുതി കാറും ബജാജ് ഓട്ടോയും ഇതുപോലായിരുന്നു). മൂന്ന്, മ്യാൻമാർ. അവിടെ വിദേശികൾക്ക് സിം വാങ്ങാൻ അനുമതിയില്ല. അതിനാൽ അവിടുത്തെ ടാക്സി ഡ്രൈവർമാർ അഞ്ച് ഡോളറിനൊക്കെ സിം ദിവസവാടകക്ക് കൊടുക്കും. ഇതൊക്കെ രണ്ടും മൂന്നും വർഷം മുമ്പത്തെ കാര്യമാണ്. മാറ്റമുണ്ടെങ്കിൽ പറയണം. പക്ഷെ ഈ രാജ്യങ്ങളിലും നമ്മുടെ ഗ്ലോബൽ സിം എടുത്തിട്ട് കാര്യമില്ല. ചുരുക്കത്തിൽ ഗ്ലോബൽ സിമ്മും ആയി ഗ്ലോബ് ചുറ്റാൻ പോകാതിരിക്കുന്നതാണ് ബുദ്ധി.

വിദേശത്തുനിന്നും ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ: വിദേശയാത്രയിൽ ഷോപ്പിങ്ങിന്റെ ഭാഗമായി ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണം. പ്ളഗ്ഗിന്റെയും സോക്കറ്റിന്റെയും കാര്യം ഇപ്പോൾ മനസിലായില്ലേ. അതുപോലെതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കിട്ടുന്ന കമ്പ്യൂട്ടറുകളുടെ കീബോർഡുകൾ പലതും നമ്മുടേതു പോലെയല്ല. ഇംഗ്ളീഷ് കീബോർഡ് എന്ന് പറഞ്ഞാൽ ചിലപ്പോൾ കിട്ടും. ഇലക്ട്രോണിക്സിന്റെ മെക്കയായ ജപ്പാനിൽ പോലും നമുക്ക് പരിചയമുള്ള കീബോർഡ് കിട്ടണമെങ്കിൽ ചിലപ്പോൾ ഒരാഴ്ച മുന്നേ ഓർഡർ ചെയ്യേണ്ടിവരും. ഇന്റർനെറ്റിന്റെ കാലത്ത് ഇൻസ്‌ട്രക്ഷൻ മനുവലിന് വലിയ പ്രസക്തിയില്ല. എന്നാലും ഇതിലൊക്കെ താല്പര്യമുള്ളവർ ജനീവയിൽ കിട്ടുന്ന കംപ്യൂട്ടറിനോ കാമറക്കോ ഒന്നും ഇംഗ്ലീഷിൽ യാതൊരു നിർദ്ദേശവും ഉണ്ടാകില്ലെന്ന് ഓർമ്മ വെക്കണം.

ഗ്ലോബൽ വാറണ്ടി: ഇലക്ട്രോണിക് ഐറ്റം വാങ്ങുമ്പോൾ അത് കൊച്ചിയിൽ നിന്നാണെകിലും ദുബായിൽ നിന്നാണെങ്കിലും “സാറേ ഒരു കുഴപ്പവും ഇല്ല, ഗ്ലോബൽ വാറണ്ടിയാണെന്ന്” അവർ ഉറപ്പായും പറയും, കാര്യമാക്കണ്ട. മലയാളികളുടെ കച്ചവടത്തിന്റെ രീതി എന്നാൽ കച്ചവടം നടത്താനായി എന്തു നുണയും പറയും എന്നതാണ്. “സാറെ, ഇന്നുതന്നെ ഡെലിവർ ചെയ്യാം” എന്നുപറയുന്ന സാധനം വീട്ടിലെത്തുന്നത് ഒരാഴ്ച കഴിഞ്ഞാകും. “ഈ ഫിലിം ജനലിന്റെ പുറത്തൊട്ടിച്ചാൽ വീടിനകത്ത് 90 ശതമാനം ചൂടുകുറയും”, എന്നൊക്കെ പറഞ്ഞ് കൂളായി പണവും വാങ്ങി ഫിലിമൊട്ടിച്ച് പണിക്കാരൻ പോകും. ഒരാഴ്ച കഴിയുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത് അയാൾ ഒട്ടിച്ചത് ഫിലിം മാത്രമല്ല, നമ്മളേം കൂടിയാണെന്ന്. ഇതൊക്കെ നാട്ടുനടപ്പായതിനാൽ നാട്ടിലൊരു കമ്പ്യൂട്ടർ വാങ്ങിയാൽ ഗ്ലോബൽ വാറണ്ടി ആണെന്ന് പറയുന്നതൊന്നും കാര്യമാക്കേണ്ട. കംപ്യൂട്ടറുകൾക്കൊന്നും സാധാരണ ഗതിയിൽ വലിയ കുഴപ്പം വരാറില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.

യാത്രക്കിടക്ക് പരിപ്പ് വേവിക്കരുത്: ഇന്ത്യയിൽ തന്നെയും വിദേശത്തും യാത്ര പോകുന്ന ചിലർ നാട്ടിലെ ചൂടുവെള്ളത്തിലെ കുളിയുടെ പതിവ് മുടക്കാതിരിക്കാൻ വേണ്ടി ഇമ്മെർഷൻ ഹീറ്ററും പരിപ്പുകറി ഉണ്ടാക്കാൻ വേണ്ടി ഇൻഡക്ഷൻ കുക്കറും ഒക്കെയായി യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. കുഴപ്പത്തിലാകാൻ മറ്റൊന്നും വേണ്ട. ഇത്തരം പല ഉപകരണങ്ങളും മറ്റുനാടുകളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല, ഹോട്ടൽ റൂമുകളിൽ നമ്മൾ കൊണ്ട് ചെല്ലുന്ന ഉപകരണങ്ങൾ ഉപയോഗിക്കാൻ നിയമപരമായ വിലക്കുകൾ ഉണ്ട്. അത് പോലെ തന്നെ അവിടെ ഇരിക്കുന്ന കെറ്റിൽ എടുത്ത് നൂഡിൽസ് ഉണ്ടാക്കി കഴിക്കാൻ ‘വിദഗ്ദ്ധ ഉപദേശം’ കിട്ടും. പക്ഷെ തെറ്റായ എന്തെങ്കിലും പണി കാണിച്ചിട്ട് അപകടം ഉണ്ടായാൽ “അയ്യോ സാറേ അബദ്ധം പറ്റിയതാണ്” എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പെട്ടാൽ പെട്ടു. എല്ലാ രാജ്യങ്ങളിലെയും ഷേക്കുമാർ കേരളത്തിൽ വരാറില്ല എന്ന കാര്യം യാത്ര ചെയ്യുമ്പോൾ നാം എപ്പോഴും ഓർക്കണം.

Author : Muralee Thommarukudi

About Muralee Thummarukudi

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy).

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment