മതിലുകെട്ടിത്തിരിച്ച ആറര ഏക്കര്‍ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന ബഹുനിലമന്ദിരങ്ങള്‍ക്കകത്ത് താമസിച്ചിരുന്നത് 50000 ആള്‍ക്കാരാണ്. ലോകത്തൊരിടത്തും ഇത്രയും ആള്‍ക്കാര്‍ ഇത്ര ചെറിയൊരു സ്ഥലത്ത് ജീവിച്ചിട്ടില്ല. ഹോങ്കോങ്ങിലെ കൊവ്‌ലൂണ്‍ നഗരമായിരുന്നു അത്. തമ്മില്‍ത്തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള മുന്നൂറോളം കെട്ടിടങ്ങളില്‍ ആയിരുന്നു 33000 കുടുംബങ്ങളിലായി 50000 ത്തോളം ആള്‍ക്കാര്‍ ജീവിച്ചിരുന്നത്.
960 ഏഡി മുതല്‍ 1279 ഏഡി വരെ ഹോങ്കോങ്ങ് ഭരിച്ചിരുന്ന സോങ്ങ് രാജവംശം ഉപ്പുവ്യാപാരം നിയന്ത്രിക്കാനായി ഉണ്ടാക്കിയ ഒരു ഔട്‌പോസ്റ്റായിരുന്നു ഈ സ്ഥലം. നാള്‍പോകെ 1898-ല്‍ 99 വര്‍ഷത്തെ കരാറിന് ഹോങ്കോങ്ങ് ബ്രിട്ടനുനല്‍കുമ്പോള്‍ അതില്‍ കൊവ്‌ലൂണ്‍ ഉള്‍പ്പെട്ടിരുന്നില്ല. അന്ന് അവിടെ 700 ആള്‍ക്കാര്‍ മാത്രം താമസിച്ചിരുന്ന സ്ഥലം തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നു മാത്രമായിരുന്നു ബ്രിട്ടിഷുകാരുടെ നിലപാട്. ഒടുവില്‍ 1912 -ല്‍ ഈ സ്ഥലം വീണ്ടും ബ്രിട്ടീഷുകാരുടെ കയ്യിലെത്തി. കാലം നീങ്ങവേ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇതിന്റെ മതിലിലെ കല്ലുകള്‍ അടുത്തൊരു വിമാനത്താവളം ഉണ്ടാക്കാന്‍ ജപ്പാനും ഉപയോഗിച്ചു. ബ്രിട്ടീഷുകാരുടെ കൈവശമുള്ള ഇടമായിരുന്നതിനാല്‍ യുദ്ധശേഷം ചൈനയിലെ നിയമങ്ങളില്‍ നിന്നും ഓടിപ്പോന്നവര്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങി. അവിടെയുള്ളവരെ പുറത്താക്കാന്‍ ശ്രമിച്ചുപരാജയപ്പെട്ടതോടെ എന്തെങ്കിലുമൊക്കെയാവട്ടെ എന്ന സമീപനമാണ് പിന്നീട് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. ആരും നിയമം നടപ്പിലാക്കാന്‍ ഇല്ലായതോടെ മാഫിയകള്‍ ആയി അവിടത്തെ ഭരണം. ചൂതാട്ടകേന്ദ്രങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും തുടങ്ങി എല്ലാ വേണ്ടാതീനങ്ങളും അവിടെ നടമാടി. 1973-74 -ല്‍ 3500 ലേറെ പോലീസ് റെയ്‌ഡുകളില്‍ 2500 അറസ്റ്റുകളും 1800 കിലോ മയക്കുമരുന്നുപിടിച്ചെടുക്കലും നടന്നതോടെ നിയമത്തിന്റെ നിയന്ത്രണത്തിലായി നഗരം എന്നു പറയാം.
ഇക്കാലമായപ്പോഴേക്കും പഴയകെട്ടിടത്തിന്റെ മുകളിലും ഒഴിവുള്ള ഇടങ്ങളിലുമെല്ലാം കെട്ടിടങ്ങള്‍ പണിതുനിറച്ചുതുടങ്ങി. വെയില്‍ നിലത്തെത്താതായി. ആകെയുള്ള ഒരേയൊരു നിയന്ത്രണം അടുത്തൊരു വിമാനത്താവളമുള്ളതിനാല്‍ ഉയരം 14 നിലയ്ക്കപ്പുറം പോകരുത് എന്നു മാത്രമായിരുന്നു. അങ്ങനെയങ്ങനെ ആ മതിലിനകത്തുള്ള നഗരം പതിനാലുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള ഒറ്റ ബ്ലോക്കായിമാറി എന്നുപറയാം. ഏഴ് ഏക്കറില്‍ 50000 ആള്‍ക്കാര്‍. നിറയെ വ്യാജവൈദ്യന്മാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍, മയക്കുമരുന്നുശാലകള്‍, വേശ്യാലയങ്ങള്‍, മാഫിയ ഭരണം, അതിനിടയില്‍ കൊച്ചുവ്യവസായശാലകള്‍, കച്ചവടകേന്ദ്രങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ആകപ്പാടെ നിയമങ്ങളില്ലാത്ത ഒരു കൊച്ചുരാജ്യം തന്നെയായി കൊവ്‌ലൂണ്‍ നഗരം. ആറടിയോളം വീതിയുള്ള ഒരു വഴികളും അതിനകത്തുണ്ടായിരുന്നില്ല. ഇരുട്ടുപിടിച്ച വഴികളില്‍ നനവ് ഏതുനേരവും നിറഞ്ഞുനിന്നിരുന്നു. മുകളിലെ നിലകളില്‍ക്കൂടിത്തന്നെ താഴെയിറങ്ങാതെ എവിടെയും എത്തിച്ചേരാന്‍ അകത്തുവഴികളുണ്ടായിരുന്നു. പരിചയമില്ലാത്തവരെ കുരുക്കിലാക്കാന്‍ കഴിയുന്ന വഴികളുള്ള ഈ നഗരത്തിലേക്ക് വലിയ പടയോടുകൂടിയല്ലാതെ പോലീസുകാരും പ്രവേശിക്കാറില്ലായിരുന്നു. നഗരത്തിനു മുകളില്‍ നിരനിരയായി ടെലിവിഷന്‍ ആന്റിനകളും തുണിയുണങ്ങാനുള്ള അയകളും ജലസംഭരണികളും നിറഞ്ഞുനിന്നു. പൊട്ടിയ പൈപ്പുകളില്‍ക്കൂടി വെള്ളം ഇറ്റുവീഴുന്ന ഊടുവഴികളില്‍ക്കൂടി വഴിതെറ്റാതെ നടക്കാനാവുന്നവര്‍ പോസ്റ്റുമാന്മാരെപ്പോലെ ഏതാനും ചിലര്‍ മാത്രമായിരുന്നു. ഒരേ ദയനീയാവസ്ഥ പങ്കുവയ്ക്കുന്നവരായതിനാല്‍ നഗരത്തില്‍ ഉള്ളവരെല്ലാം തമ്മിലുള്ള പരസ്പരസഹകരണം വളരെയേറെയായിരുന്നു. നിറയെ വൈദ്യുതവയറുകളും അടഞ്ഞ ഇടങ്ങളും ജനം തിങ്ങിനിറഞ്ഞകെട്ടിടങ്ങളുമൊക്കെക്കൂടി ഈ നഗരത്തിന് സ്വന്തമായി ഒരു കാലാവസ്ഥ പോലുമുണ്ടായിരുന്നത്രേ. അവിടെ താമസിക്കുന്നവര്‍ക്ക് പങ്കൊന്നും ഇല്ലാത്തപ്പോഴും കുറ്റകൃത്യങ്ങള്‍ ധാരാളം നടക്കുന്ന ഒരു സ്ഥലമായിരുന്നു കൊവ്‌ലൂണ്‍ നഗരം.
തങ്ങള്‍ക്കുചുറ്റും ഇങ്ങനൊരു നിയമവാഴ്‌ചയില്ലാത്ത സ്ഥലം ഉള്ളത് ബ്രിട്ടീഷുക്കാരെയും ചൈനക്കാരെയും ഒരുപോലെ അസഹ്യരാക്കി. ചുറ്റുമുള്ള ഹോങ്കോങ്ങിനൊക്കെ ആരോഗ്യരംഗത്ത് വളരെ മികച്ചസ്ഥാനമെല്ലാമുള്ളപ്പോള്‍ ഇവിടെ അടഞ്ഞഒരുസ്ഥലത്ത് ഇത്രയധികം ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത് അതിനെയെല്ലാം തകിടം മറിക്കുന്ന രീതിയിലായിരുന്നു. കൊവ്‌ലൂണ്‍ നഗരം ഇല്ലാതെയാക്കാന്‍ തന്നെ അവര്‍ 1987-ല്‍ തീരുമാനിച്ചു. 350 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കി എല്ലാവരെയും ഒഴിപ്പിച്ച് 1993 മുതല്‍ ഒരു വര്‍ഷം കൊണ്ട് കൊവ്‌ലൂണ്‍ നഗരം അവര്‍ ഇടിച്ചുനിരത്തി. ആ നഗരം നിന്നയിടം ഇന്ന് മനോഹരമായ ഒരു പാര്‍ക്കാണ്. –
Author : വിനയരാജ് വി ആർ
പുറംകണ്ണി :http://www.dailymail.co.uk/…/A-rare-insight-Kowloon-Walled-
- Mir Diamond Mine - September 21, 2017
- Story of kowloon city - September 19, 2017
- The Mountain that eats man – Cerro Rico - September 6, 2017
- Kolmanskop, story of the the Ghost Town - August 24, 2017
- Nile perch fisheries in Lake Victoria - August 13, 2017
- Tyre Waste Disposal -Some interesting facts - August 12, 2017