എന്താണ് ESD ?

Category: Articles 961 0

കംപ്യൂട്ടര്‍ എന്ന ഉപകരണം സര്‍വസാധാരണമായതിനൊപ്പം അവയുടെ റിപ്പയറിങ് ജോലികളും ഒരു ശരാശരി ഉപയോക്താവ് സ്വയം ചെയ്തുനോക്കി തുടങ്ങിയിരിക്കുന്ന കാലഘട്ടമാണല്ലോ. അതുകൊണ്ട് മുമ്പ് ഒരു ഹാര്‍ഡ്വെയര്‍ പ്രൊഫഷണലിനോട് ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ പലതും ഒരു ഉപയോക്താവും അറിഞ്ഞിരിക്കണം എന്നുവരുന്നുണ്ട്. അവയിലൊന്നാണ് ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാര്‍ജ്  എന്ന പ്രതിഭാസം. പലപ്പോഴും പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒരുകാരണവും കൂടാതെ പെട്ടെന്ന് കേടാകുന്ന പ്രവണത കണ്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള കാരണങ്ങളിലൊന്ന് ഇഎസ്ഡി ആണ്.

 

എന്താണ് ഇഎസ്ഡി? ഏതു വസ്തുവും അടിസ്ഥാനപരമായി ആറ്റങ്ങള്‍കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. നിങ്ങള്‍ ഏതെങ്കിലും വസ്തുക്കള്‍ പരസ്പരം ഉരസുമ്പോള്‍ ഒരു വസ്തുവിലുള്ള ഇലക്ട്രോണ്‍ കണികകള്‍ അടുത്ത വസ്തുവിലേക്ക് പറ്റിപ്പിടിക്കും. ഇങ്ങനെ അധികമായി ഒരു വസ്തുവില്‍ എത്തുന്ന ഇലക്ട്രോണുകള്‍ ആ വസ്തുവില്‍ ഉണ്ടാക്കുന്ന ചാര്‍ജിനെ നമ്മള്‍ സ്ഥിത വൈദ്യുതി അഥവാ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്നു വിളിക്കുന്നു. ഈ ചാര്‍ജ് ഒരു ചാലകം ലഭ്യമായ സാഹചര്യത്തില്‍ ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനെയാണ് ഇഎസ്ഡി എന്നുപറയുന്നത്. ഇനി ഈ തിയറി നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നുനോക്കാം. നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങളുമായുള്ള ഉരച്ചിലും കാറ്റടിക്കുമ്പോള്‍ അന്തരീക്ഷവായുവുമായുള്ള സമ്പര്‍ക്കവും എല്ലാംകൊണ്ട് നിങ്ങളുടെ ശരീരവും സ്ഥിത വൈദ്യുതിയുടെ സംഭരണിയാണെന്നു മനസ്സിലാക്കുക.

 

നിങ്ങള്‍ ഏതെങ്കിലും ചാലകങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഈ ചാര്‍ജ് അതിലേക്ക് ഒഴുകുന്നുണ്ട്. ഈ ചാര്‍ജ് വളരെ നാമമാത്രമായ വാട്സ് മാത്രം ഉള്ളതുകൊണ്ട് നമ്മള്‍ സാധാരണഗതിയില്‍ അറിയാറില്ല. എന്നാല്‍ നിങ്ങളുടെ കംപ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും സൂക്ഷ്മമായ ചിപ്പുകളുടെ അവസ്ഥ അതല്ല. ഒരു സിലിക്കോണ്‍ ചിപ്പില്‍ ഇപ്പോഴത്തെ സാങ്കേതികവിദ്യ അനുസരിച്ച് മൂന്നുകോടിയിലധികം ട്രാന്‍സിസ്റ്റര്‍ ഉണ്ട്. അപ്പോള്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ വലുപ്പം ഊഹിക്കാമല്ലോ. അതിനര്‍ഥം നിങ്ങളുടെ ശരീരത്തില്‍നിന്നുണ്ടാവുന്ന ചെറിയ അളവിലുള്ള സ്റ്റാറ്റിക് ഡിസ്ചാര്‍ജുകളും ഈ ഘടകഭാഗങ്ങളെ നശിപ്പിക്കാം. നിങ്ങള്‍ കംപ്യൂട്ടറിലെ ഒരു മെമ്മറികാര്‍ഡ് ഊരിയെടുത്ത് അത് ഒന്നു കൈയില്‍വച്ച് പരിശോധിച്ചതുകൊണ്ടു മാത്രം അത് കേടാകാമെന്നു പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കണമെന്നില്ല. അതുപോലെ മദര്‍ബോര്‍ഡുകളും ഹാര്‍ഡ്ഡിസ്ക്കും എല്ലാം ഇതുപോലെ സെന്‍സിറ്റീവ് ആണ്.

എന്താണ് ഇതിനുള്ള പരിഹാരം? നിങ്ങളുടെ സങ്കീര്‍ണമായ ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ അവ ഘടിപ്പിക്കുന്നതുവരെ ആന്റിസ്റ്റാറ്റിക് ബാഗുകളില്‍  സൂക്ഷിക്കുക. ഇത്തരം ബാഗുകളിലാണ് മദര്‍ബോര്‍ഡും മറ്റ് അനുബന്ധ ഭാഗങ്ങളും വാങ്ങാന്‍കിട്ടുന്നത്. അവ വെറും പ്ലാസ്റ്റിക് കവര്‍ അല്ല എന്നു മനസ്സിലാക്കുക.

static

കംപ്യൂട്ടറുകള്‍ എപ്പോഴെങ്കിലും അഴിച്ച് അതിനുള്ളിലെ ഘടകങ്ങള്‍ തൊടുന്നതിനുമുമ്പ് നിങ്ങളുടെ ശരീരത്തിലെ സ്റ്റാറ്റിക് ചാര്‍ജിനെ പൂര്‍ണമായും ഡിസ്ചാര്‍ജ് ചെയ്തു എന്നു ഉറപ്പുവരുത്തുക. പവര്‍പ്ലഗ് ചെയ്ത കംപ്യൂട്ടറിന്റെ ക്യാബിനറ്റ് നല്ലൊരു ഗ്രൗണ്ടാണ്. അതായത് മെമ്മറി ചിപ്പില്‍ തൊടുന്നതിനുമുമ്പ് ക്യാബിനറ്റില്‍ രണ്ടു കൈയും സ്പര്‍ശിക്കുക. കുറച്ചുകൂടി പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യമെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ ചാര്‍ജിനെ ഡിസ്ചാര്‍ജ്ചെയ്യാനുള്ള റിസ്റ്റ് സ്ട്രാപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട് എന്തെങ്കിലും Service  ചെയ്യുമ്പോള്‍ അവ ധരിക്കുക.

static1

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment