ഒരു കോടാലി കഥ

Category: Viral 3,161 1

ഓൺലൈൻ തലത്തിൽ മലയാളി കൂട്ടായ്മകൾ വ്യത്യസ്തം ആയിരുന്നു ,അതിപ്പോൾ ബ്ലോഗർ കാലത്തും പിന്നീട് ഗൂഗിൾ ബസ് കാലത്തും പിന്നെ ഫേസ് ബുക്ക് / ട്വിറ്റെർ കാലത്തും ആ സാമൂഹ്യ മാധ്യമങ്ങളെ രൂക്ഷമായ സാമൂഹ്യ വിമർശനത്തിനും അവനവനെ വിമർശിക്കാനും പിന്നെ അവനവനെ ഉയർത്തി കാട്ടാനും ഒക്കെ മലയാളികൾ ഭംഗിയായി ഉപയോഗിച്ച് പോന്നു .

മലയാളം വായന മരിക്കുകയാണ് എന്ന് മുറവിളി ഉയർന്ന കാലത് ഈ സാമൂഹ്യ മാധ്യമങ്ങൾ വഴി മലയാളത്തിന്റെ വൻ തിരിച്ചുവരവ് ആണ് നമ്മൾ കണ്ടത് .

ഫേസ്ബുക്കിൽ ഉള്ള സുഹൃത്തുക്കളെ അയല്പക്കക്കാരെക്കാൾ പരിചയം ഉള്ള അവസ്ഥ ആയി ,അവസാനം അയൽവാസി ഫേസ് ബുക്കിൽ ഉണ്ടെങ്കിലേ അയാളെ തിരിച്ചറിയൂ എന്ന അവസ്ഥ ആയി .

ഫേസ്ബുക്കിൽ ഒരോരുത്തരും ഇടുന്ന പോസ്റ്റുകൾക്ക് പലപ്പോഴുണ് അവരുടെ കൈയൊപ്പ് ഉണ്ടായിരിക്കും . അത് കൊണ്ട് തന്നെ ആര് പോസ്റ്റ് ചെയ്തു എന്ന് നോക്കാതെ തന്നെ വായന തുടങ്ങിയാലും ആളെ തിരിച്ചറിയും എന്ന അവസ്ഥ ആയി .

ഈ കാര്യത്തെ സരസമായി അവതരിപ്പിക്കുകയാണ് ശരത് ശശി എന്ന ഫേസ്ബുക് സുഹൃത്ത്  .

കോടാലി നഷ്ടപ്പെട്ട മരം വെട്ടുകാരന്റെ കഥ കേട്ടിട്ടില്ലേ.. ആ മരംവെട്ടുകാരൻ ഫേസ് ബുക്കിൽ തന്റെ സുഹൃത്തുക്കളോട് സഹായം അഭ്യർത്ഥിച്ചാൽ എങ്ങിനെ ഇരിക്കുമെന്ന് Sarath Sasi വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു

തുടർന്ന് ഈ പോസ്റ്റ് വൈറല് ആയി മാറുകയും ഇതിനെ പിന്തുടർന്ന് ഈ കഥയുടെ ബാക്കി ഭാഗം എന്ന പോലെ മറ്റു പലരും ഏറ്റെടുക്കയും ഉണ്ടായി . ഈ പോസ്റ്റ് ആ ഫേസ്ബുക് പോസ്റ്റുകളെ എല്ലാം ഒരു പേജിൽ സമാഹരിക്കാൻ ഉള്ള ശ്രമം ആണ് .

എല്ലാ എഴുത്തുകളും അതാതു ഫേസ്ബുക് സുഹൃത്തുക്കളുടെ സ്വന്തം . അതിന്റെ ഒരു archive ആണ് ഇവിടെ കാണുന്നത് .

 

ആദ്യ കോടാലി പോസ്റ്റ് ഇവിടെ .

മരംവെട്ടുകാരനും,വനദേവതയും (ഒരു ഫേസ്‌ബുക്ക് അവലോകനം)

പണ്ട് പണ്ട്, ഒരിടത്ത് ഒരിടത്ത് ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു.അതീവ സത്യസന്ധനും,ഒരു ആക്റ്റിവ് ഫേസ്‌ബുക്ക് യൂസറും ആയിരുന്നു അയാൾ. തന്റെ പോസ്റ്റുകളെ സ്നേഹിക്കുന്നതിനൊപ്പം, അയാൾ അന്യന്റെ പോസ്റ്റുകളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്നു.നാട്ടിലുള്ള ഫേസ്‌ബുക്ക് പ്രമുഖരിൽ പലരും അയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉണ്ടായിരുന്നു.കമന്റുകളും,ലൈക്കുകളും വാരിക്കൊടുക്കുന്ന കാര്യത്തിൽ അയാൾ ഒരിക്കലും പിശുക്ക് കാട്ടിയിരുന്നില്ല.

അങ്ങിനെ പാവം മരം വെട്ടുകാരൻ, ഒരു ദിവസം കാട്ടിൽ മരം വെട്ടി കൊണ്ടിരിക്കുമ്പോൾ, അയാളുടെ കയ്യിൽ നിന്ന് കോടാലി വഴുതി പുഴയിൽ വീണു.തന്റെ ജീവിത മാർഗം നഷ്ടപെട്ടല്ലോ എന്നോർത്ത് അയാൾ വിലപിച്ചു.പതിവ് പോലെ മരംവെട്ടുകാരൻ

“ഫീലിംഗ് ലോസ്റ്റ് വിത്ത് വനദേവത ആൻഡ് 36 അതേർസ്”

എന്ന് പോസ്റ്റ് ഇട്ടെങ്കിലും, വനദേവതയുടെ റിപ്ലെ ഒന്നും കിട്ടിയില്ല.വനദേവത മറ്റേതോ ഒരു മരംവെട്ടുകാരന്റെ പ്രശ്‌നം പരിഹരിക്കുന്ന തിരക്കിൽ ആയിരുന്നു.

എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ അയാൾ തന്റെ കയ്യിൽ ഇരുന്ന ഫോൺ എടുത്തു Muralee Thummarukudy ക്ക് മെസ്സേജ് അയച്ചു.

“യാതൊരു കാരണവശാലും, പുഴയിൽ ഇറങ്ങി കോടാലി എടുക്കുവാൻ പാടുള്ളതല്ല.നമ്മുടെ നാട്ടിൽ വ്യക്തമായ നിയമങ്ങളും, സുരക്ഷാരീതികളും ഉണ്ടെങ്കിലും, അവ പാലിക്കുന്ന കാര്യത്തിലും, കാര്യനിർവഹണത്തിൽ കാണുന്ന വീഴ്ചകളുടെ പ്രതിഫലനം ആണ് ഈ പ്രശ്‌നത്തിന് കാരണം.സുരക്ഷാ മാനദണ്ഡങ്ങൾ ചെറുപ്പത്തിൽ, സ്‌കൂൾ കാലഘട്ടത്തിൽ ഓരോരുത്തരും അഭ്യസിക്കേണ്ടതാണ്. നീന്തൽ നിർബന്ധിത പാഠ്യപദ്ധതിയുടെ ഭാഗം ആക്കണം. ജലസുരക്ഷയെ കുറിച്ച് പല തവണ പറഞ്ഞിട്ടുള്ളതാണ്. എന്റെ പഴയ പോസ്റ്റുകൾ എന്തെങ്കിലും വായിച്ചു നോക്കൂ സുഹൃത്തേ.”

എന്നായിരുന്നു അദ്യേഹത്തിന്റെ മറുപടി.

പിന്നെ കിട്ടിയത് Ranjith Antony എന്ന സാക്ഷാൽ രഞ്ജിത്ത് മാമ്പിള്ളിയെ.

“ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജോലി അന്വേഷിക്കലിനെ കുറിച്ച്, മരം വെട്ടുകാരൻ തീരെ ബോധവാൻ അല്ല എന്ന് തോന്നുന്നു.മരം വെട്ടു പോലെയുള്ള പല പാരമ്പരാഗത തൊഴിലുകളുടെയും സാധ്യത മങ്ങുകയാണ്, ഇനി പുതിയ തൊഴിൽമേഖലകൾ കണ്ടെത്തേണ്ടി വന്നേക്കാം.തൊഴിൽമേഖല ആകമാനം മാറുകയാണ്.ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ മരംവെട്ട് എന്ന പ്രക്രിയ പൂർണമായും, യന്ത്രവത്കരിക്കപ്പെട്ടേക്കാം.പണ്ട് ചില ലാറ്റിൻ അമേരിക്കൻ ഭൂവിഭാഗങ്ങളിൽ സമാനമായ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്.മരം വെട്ടൽ ഒരു തൊഴിലായി മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കുന്ന പക്ഷം,ആദ്യം അത്യാവശ്യമായി ഉണ്ടാക്കേണ്ടത്, ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈലാണ്, പിന്നെ ഒരു നല്ല റെസ്യൂമെയും,അതിനെ കുറിച്ച് ഞാൻ പല തവണ പറഞ്ഞു കഴിഞ്ഞതാണ്. ഇനി മരം വെട്ടലിന്റെ ഒരു സ്റ്റാർട്ട് ആപ്പ് ആണ് ഉദ്ദേശം എങ്കിൽ ടെലഗ്രാമിൽ സമാന ആശയം ഉള്ളവർക്കായി ഞാൻ ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്, താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അതിൽ ചേരാവുന്നതാണ്.”

എന്ന് പറഞ്ഞു രഞ്ജിത്തേട്ടനും കയ്യൊഴിഞ്ഞു.

മെസ്സഞ്ചറിൽ കണ്ട അടുത്ത പച്ച ലൈറ്റ് സുജിത് കുമാർ ന്റേതായിരുന്നു.

“ഒരു കോടാലി കളഞ്ഞു പോയതിന്റെ പേരിൽ മരം വെട്ടുകാരൻ ഒട്ടും വിഷമിക്കേണ്ടതില്ല.വളരെ ലളിതമായി ഒരു കോടാലി, കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ അസംബിൾ ചെയ്ത് എടുക്കാവുന്നതാണ്. ആവശ്യമായ സ്പെയർ പാർട്സുകൾ, ആമസോണിലും, ഫ്ലിപ്കാർട്ടിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.അടുത്ത ഫ്ലാഷ് സെയിലിനു ശ്രമിക്കുക.”

ഇതായിരുന്നു മറുപടി.

പിന്നീട് കിട്ടിയത് Nelson Josephനെ യായിരുന്നു.

“മോഹനൻ (വൈദ്യൻ) പറയുന്നത് പോലെ, ആയുസിന്റെ വേദത്തിൽ ഇതിനു പരിഹാരം ഉണ്ടായിരുന്നല്ലോ? എന്താണ് അത് ശ്രമിക്കാതിരുന്നത്. ആൾട്ടർനേറ്റിവ് മെഡിസിനിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചൊന്നും വായിച്ചു അറിയുന്നില്ലേ? സ്വാശ്രയ മെഡിക്കൽ കോളേജിലെ കടുത്ത ഫീസിനെ കുറിച്ചും, പെട്രോൾ വില വർദ്ധനവിനെ കുറിച്ചും ബോധവാനാകാതെ, കളഞ്ഞു പോയ കോടാലിയെ കുറിച്ച് മാത്രം സംസാരിക്കുന്നത് തികഞ്ഞ അസംബന്ധം ആണ്.ആദ്യം വീട്ടിൽ പോയി കുട്ടികൾക്ക് റൂബെല്ല, മീസെൽസ് വാക്സിനേഷൻ എടുക്കൂ, അതിനു ശേഷം, എന്നെ മെസ്സഞ്ചറിൽ പിങ് ചെയ്യൂ. ഇപ്പോൾ ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതി കൊണ്ടിരിക്കുകയാണ്.”

അടുത്ത ഇര Sreehari Sreedharanനായിരുന്നു,

“മനുഷ്യ സാംസ്കാരികതയുടെ, ഉദയവും, വളർച്ചയും, വികാസം പ്രാപിക്കലിന്റെയും,ചരിത്രം തിരയുമ്പോൾ, ഇനിയും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്ന മരംവെട്ടുകാരനെ പോലെയുള്ളവർ തിരുത്തപ്പെടേണ്ടവരാണ്. കൊളോണിയൽ ശക്തികൾ സമ്പത്തിനെ പ്രത്യേകിച്ച് ഭാവനയില്ലാതെ ചൂഷണവും കൈമാറ്റവും ചെയ്യുന്നതിന്റെ ആഗോളഫലങ്ങൾ പ്രകടമാണ്. മലയാള സിനിമയിൽ പലപ്പോഴും തയ്യൽകാരന്മാരും, കഠിനാധ്വാനികളും, കേന്ദ്ര കഥാപാത്രം ആയിട്ടുണെങ്കിലും, ഒരു മരംവെട്ടുകാരന്റെ നാസ്തികതയും,ഗൃഹാതുരത്വവും, ഇത് വരെ ചർച്ചയായിട്ടില്ല.അതാണ് സിമ്പിളായി പറഞ്ഞാൽ ഇതിന്റെ കാരണം. അല്ലേ ഗുയ്‌സ് ?”

“ഏതൊരു മരംവെട്ടുകാരന്റെ ഉയർച്ചക്ക് പിന്നിലും ഒരു സ്ത്രീ ഉണ്ടാകും, എന്നാണല്ലോ, അവർ ഒരു ഡോക്ടറും ആണെങ്കിലോ?”

ഈ ചിന്തയാണ്, Naseena Methalനു മെസ്സേജ് അയക്കാൻ അയാളെ പ്രേരിപ്പിച്ചത്.

“ഇതിപ്പോൾ, പുഴയിൽ കോടാലി വീണത്, കേരളത്തിൽ അല്ലേ ,ഇത് പോലെ യുകെയിൽ ഒരു മരം വെട്ടുകാരന്റെ കഥ ഉണ്ടായിരുന്നു. തത്കാലം ഞാൻ പറയുന്നില്ല.ക്രമസമാധാന പ്രശ്നം എന്ന നിലയ്ക്ക് ആ വക്കീൽ ഉണ്ടല്ലോ Jayaram Subramani, അയാൾ മറുപടി പറയട്ടെ,അയാളാണ് ഇതിനെ കുറിച്ച് അഭിപ്രായം പറയേണ്ടത്.”

എന്ന് പറഞ്ഞു അവരും കയ്യൊഴിഞ്ഞു, പക്ഷെ ടാഗ് കൊണ്ട വക്കീൽ വെറുതേ ഇരുന്നില്ല.

“അനാവശ്യമായ പോസ്റ്റുകളിൽ എന്തിനാണ് എന്നെ ടാഗ് ചെയ്യുന്നത്? അതെങ്ങനാ, തലയ്ക്ക് അകത്തു വല്ലതും ഉണ്ടായിട്ടു വേണ്ടേ? ഈ ഫേസ്‌ബുക്കിൽ കാണുമ്പോൾ മാത്രേ പുലിയായിട്ടുള്ളൂ, നേരിട്ട് കാണുമ്പോൾ വെറും എലിയാണ് നസീന മേത്തൽ.നിയമം അറിയില്ലെങ്കിൽ മരംവെട്ടുകാരൻ നിയമം പഠിക്കണം.നിയമത്തിനു അതിന്റേതായ രീതികൾ ഉണ്ട്.കൂടുതൽ ഒന്നും പറയുന്നില്ല.”

എന്ന് അദ്യേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരാശ്വാസത്തിനു Shibu Gopalakrishnanനെ കോൺടാക്ട് ചെയ്യാം എന്ന് കരുതിയെങ്കിലും, അദ്യേഹം ഉസ്ബക്കിസ്ഥാനിലുള്ള രണ്ടു സുഹൃത്തുക്കൾക്ക് ബിരിയാണി വാങ്ങി കൊടുക്കാൻ പോയിരിക്കുകയായിരുന്നു.

ഒടുവിൽ ദുരന്ത നിവാരണത്തെ കുറിച്ചുള്ള മാർഗ നിർദേശങ്ങൾ പഠിച്ചിട്ടില്ലാത്ത വനദേവത, വെള്ളത്തിൽ ഇറങ്ങി കോടാലി എടുക്കുന്ന ഒരു യൂട്യൂബ് സെഷൻ മരംവെട്ടുകാരന് ഷെയർ ചെയ്തു കൊടുത്തു.അതുപയോഗിച്ചു, വെള്ളമില്ലാത്ത ഭാരതപ്പുഴയിൽ മരംവെട്ടുകാരൻ, നടന്നു പോയി കോടാലി എടുത്തു.കിട്ടിയ സ്നേഹോപഹാരങ്ങൾക്കും, ഉപദേശങ്ങൾക്കും നന്ദി പോസ്റ്റ് ഇട്ടു മാതൃകാ മരംവെട്ടുകാരൻ വീട്ടിലേക്ക് യാത്രയായി.

അടിക്കുറിപ്പ് : ഒരുപാട് സ്നേഹിക്കയും, ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരെ വെറുതെ ഒന്ന് ട്രോളി നോക്കിയതാണ്, ഒരു രസത്തിന്. ഇനിയും പറയാൻ ഒരുപാടു പേരുണ്ട്, അത് മുഴുവൻ എഴുതാൻ ഒരു പോസ്റ്റ് തികയാതെ വരും.നോട്ടിഫിക്കേഷനുകൾ ശല്യം ചെയ്താൽ, എല്ലാവര്ക്കും അൺടാഗ് ചെയ്യാവുന്നതാണ്.ഓവർ ആക്കിയെങ്കിൽ സദയം ക്ഷമിക്കുക.

രണ്ടാം കോടാലി പോസ്റ്റ് ഇട്ടതു സുജിത് കുമാർ ആണ് അദ്ദേഹത്തിന്റെ വേർഷൻ താഴെ കൊടുക്കുന്നു 

 

കോടാലി നഷ്ടപ്പെട്ട മരം വെട്ടുകാരന്റെ കഥ കേട്ടിട്ടില്ലേ.. ആ മരംവെട്ടുകാരൻ ഫേസ് ബുക്കിൽ തന്റെ സുഹൃത്തുക്കളോട് സഹായം അഭ്യർത്ഥിച്ചാൽ എങ്ങിനെ ഇരിക്കുമെന്ന് Sarath Sasi വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു (പോസ്റ്റിന്റെ ലിങ്ക് ആദ്യ കമന്റ് ). അതിന്റെ ഒരു എക്സ്റ്റൻഷൻ ആയി ഞാൻ കുറേ പേരെ കൂടി ഇവിടെ ചേർക്കുന്നു. സ്ഥിരമായി ഫീഡിൽ വരുന്ന സുഹൃത്തുക്കളെ മുഴുവനായും ഉൾക്കൊള്ളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ അവരിൽ ചിലരെ കാരിക്കേച്ചർ ചെയ്ത് ഫലിപ്പിക്കാനാകുന്നില്ല എന്നതു തന്നെ. അതിനർത്ഥം താഴെ സൂചിപ്പിച്ചവരൊക്കെ ഇങ്ങനെ ആണ്‌ എന്നോന്നുമല്ല.. വെറുതേ ഒരു രസം – ചളി – അത്രമാത്രം.. No offence please 

Kiran Thomas :-
മരം വെട്ടുകാരൻ 1978 മുതൽ 2017 വരെ 248.75 തവണ തന്റെ കോടാലി കളഞ്ഞിട്ടുണ്ട്. ഇത് ബോധപൂർവ്വമാണോ അല്ലയോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. കാണാ പാഠം പഠിച്ചുകൊണ്ടുള്ള പഴയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിൻതുടർച്ചക്കാരനായ മരം വെട്ടുകാർ ആധുനിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് തികച്ചും സ്വാഭാവികം . ഇതുകൊണ്ടു തന്നെ ശരിയായ രീതിയിൽ മരം വെട്ടാനറിയാത്ത മരംവെട്ടുകാരന് വീണ്ടും കോടാലികൾ നൽകുന്നത് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് കൂടി ചർച്ച ചെയ്തതിനു ശേഷം പുതിയ കോടാലിയെക്കുറിച്ച് ചിന്തിക്കാം.

Shyamlal T Pushpan :-
മൈക്രോസോഫ്റ്റ് പെയിന്റ് ഉപയോഗിച്ച് ഡിസൈൻ ചെയ്ത കോടാലി ആയതിനാൽ അതിന്റെ ഡിസൈൻ മോശമാണ്‌ എന്ന പ്രചാരണത്തിൽ അർത്ഥമില്ല. കോടാലി ലിനക്സ് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഡിസൈൻ ചെയ്തു എന്നതുകൊണ്ട് മാത്രം വെള്ളത്തിൽ പോകില്ല എന്നും പറയാനാകില്ല. തുഷാരത്തിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ വെട്ടാൻ ഞാനും ഇത്തരത്തിൽ ഒരു കോടാലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ കോടാലി ഇപ്പോൾ എവിടെ ആണെന്നും അത് മരംവെട്ടുകാരനു നൽകാൻ കഴിയുമോ എന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ നാളെ ഉച്ചയ്ക്കുള്ള ഫേസ് ബുക്ക് ലൈവിൽ കാണാം

Viswa Prabha :-
കോടാലിയ്ക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടോ ? കോടാലിയെക്കുറിച്ചു പറയുകയാണെങ്കിൽ പത്തു പുറം പുസ്തകത്താളുകൾ മതിയാകില്ല. ഇരുകാലിൽ നടക്കാൻ പഠിച്ച മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ആയുധമാണ്‌ കോടാലി. 1.6 മില്ല്യൻ വർഷങ്ങൾക്ക് മുൻപ് ആദിമ മനുഷ്യനായ working men എന്നറിയപ്പെടുന്ന Homo ergaster ഉപയോഗിച്ചിരുന്ന കോടാലികൾക്ക് കൈപ്പിടി ഉണ്ടായിരുന്നില്ല. കൈ മഴുവിൽ നിന്നും കോടാലിയിലേക്കുള്ള പരിണാമം മനുഷ്യകുലത്തിന്റെ പരിണാമത്തിന്റെ കഥകൾകൂടി പറയുന്നു. വായ് കീറിയ കോടാലിയ്ക്കും വാതോരാതെ പറയാൻ വലിയ വർത്തമാനങ്ങളുണ്ട് എന്നതിനാൽ നമ്മുടെ മരം വെട്ടൂകാരന്റെ കളഞ്ഞുപോയ കോടാലിയും വരും തലമുറയ്ക്കായി ഒരു പാടു കഥകൾ പറയും. ആ കുഞ്ഞു കുഞ്ഞ് കഥകൾക്കായി കാതോർത്തിരിക്കുന്ന കുസൃതിക്കുട്ടികൾക്കായി നമുക്ക് വിക്കി പീഡിയയിലെ കോടാലികളെക്കുറിച്ചുള്ള ലേഖനം തിരുത്താം.

VK Adarsh :-
കോടാലി പോയതിൽ വിഷമിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് യാതൊരു ഈടും ഇല്ലാതെ ബാങ്കുകൾ മുദ്രാ ലോൺ നൽകുന്നുണ്ട്. ഒരു കോടി വരെയുള്ള വായ്പ ലഭിക്കാൻ കോടാലി നഷ്ടപ്പെട്ടു എന്ന സാക്ഷ്യപത്രവും പൂരിപ്പിച്ച അപേക്ഷയുമായി യൂണിയൻ ബാങ്കിന്റെ തൊട്ടടുത്ത ശാഖയിൽ പോയാൽ മതി.

Vaisakhan Thampi :-
സമുദ്ര നിരപ്പിൽ നിന്നും അധികം ഉയരെ അല്ലാത്ത പ്രദേശങ്ങളിൽ വായുവിന്റെ സാന്ദ്രത 1.22 കിലോഗ്രാം പ്രതി ഘനമീറ്ററും വെട്ടിയ മരത്തിനനുസരിച്ച് 2000 മുതൽ 1200 കിലോഗ്രാം പ്രതി ഘനമീറ്ററും ആണെനന്തിനാൽ ക്രിട്ടിക്കൽ ആംഗിൾ ആയ 45 ഡിഗ്രി കോണളവിൽ കോടാലി വീശുമ്പോൾ വായുവിന്റെ സാന്ദ്രതയും വെട്ടുന്ന മരത്തിന്റ് സാന്ദ്രതയും തമ്മിൽ ഉള്ള വ്യത്യാസം കാരണം മഴുവിന്റെ സഞ്ചാര പാതയിൽ ചെറിയൊരു വ്യത്യാസം ഉണ്ടാകും. കാറ്റിന്റെ വേഗത, ആ സമയത്തെ ആപേക്ഷിക ആർദ്രത, ഊഷ്മാവ് , സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം തുടങ്ങിയ പല കാര്യങ്ങളും ഇവിടെ ഇതിനെ സ്വാധീനിക്കുന്നുണ്ട്. വെട്ടുന്ന മരം ഏതാണെന്നറിയാതെയും അതിന്റെ ആപേക്ഷിക സാന്ദ്രത എത്രയാണെന്നും അറിയാതെയുമുള്ള അശാസ്ത്രീയ മരംവെട്ടലുകളിൽ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണ്‌.

Jinesh PS :-
കോടാലി ലഭിക്കുകയാണെങ്കിൽ അതിന്റെ ഫോറൻസിക് സർജ്ജറി കഴിഞ്ഞതിനു ശേഷമേ വ്യക്തമായ ഒരു ഉത്തരം നൽകാനാകൂ.. സർക്കാർ ആവശ്യത്തിനു ഫോറൻസിക് സർജ്ജന്മാരെ സ്ഥിരമായി നിയമിക്കാത്തതു കാരണം എന്തുകൊണ്ടാണ് ഇത്രയധികം കോടാലികൾ തുടർച്ചയായി പുഴയിലേക്ക് വീണുപോകുന്നതെന്നതിനെക്കുറിച്ച് വേണ്ട രീതിയിൽ പഠിക്കാൻ കഴിയുന്നില്ല. കോടാലികൾ പുഴയിൽ വീണു പോകുന്നത് വാക്സിനേഷൻ കൊണ്ട് തടയാനാകുമോ എന്നുള്ള കാര്യവും ഞങ്ങൾ ഇൻഫോ ക്ലിനിക്കിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചർച്ച ചെയ്യുന്നുണ്ട്.

Vinaya Raj V R :
അസർബൈജാന്റെ കിഴക്കൻ തീരത്തു നിന്നും നൂറുകിലോമീറ്റർ മാറിയാണ്‌ അസർമേനിയ എന്ന നഗരം അവിടെ നിന്നും പതിനാലു കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ആൾ താമസമൊന്നുമില്ലാത്ത ഒരു പ്രദേശത്തെത്താം . അവിടെയുള്ള സ്തൂപികാഗ്ര വൃക്ഷങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. പുരാതന ശിലായുഗ മനുഷ്യർ കൽ മഴു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത് ആ മരത്തിന്റെ ചില്ലകൾ ആയിരുന്നു എന്ന് മാച്ചുപ്പിച്ചുവിലെ ശിലാ ലിഖിതങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. by Vinayaraj VR പ്രത്യേക തരത്തിൽ തുളയുള്ള ചില്ലകൾ ആയതിനാൽ ഇവയിൽ തുളകളിടാതെ തന്നെ കോടാലി ഉറപ്പിക്കാനാകും എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഇതുപോലെയുള്ള ചില്ലകൾ മാച്ചുപ്പിച്ചുവിലേക്ക് ഒരു കാലത്ത് വൻ തോതിൽ കയറ്റി അയക്കപ്പെട്ടിരുന്നു. അസർമേനിയയിലുള്ളവർ വലിയ മടിയന്മാരായതിനാൽ ആഫ്രിക്കയിൽ നിന്നുള്ള അടിമകളെ ആയിരുന്നു ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. കോടാലിയുണ്ടാക്കാൻ വേണ്ടി കോടാലിക്കിരയ മരങ്ങൾ അസർമേനിയയെ ഒരു മരുഭൂമിയാക്കി മാറ്റി. ഇന്നും കോടാലിയുടെ സ്മാരകമായി അസർമേനിയ നിലനിൽക്കുമ്പോൾ ഇവിടെ ഒരു മരം വെട്ടുകാരന്റെ കോടാലിക്ക് എന്ത് പ്രസക്തി?

Sunil Thomas Thonikuzhiyil :
കോടാലി നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടൻ ഞാൻ ഉസ്ബസ്കിസ്ഥാനിലുള്ള ഹാം റേഡിയോ‌ സുഹൃത്ത് ആയ VU2AXE മായി ബന്ധപ്പെട്ടു. കോടാലിയെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ഉടൻ തന്നെ മോഴ്സ് കോഡ് രൂപത്തിൽ അയച്ച് തരാമെന്ന് സുഹൃത്ത് ഏറ്റിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് ഡീകോഡ് ചെയ്ത് കോടാലി വീണിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതായിരിക്കും . ഉപയോഗിക്കുന്ന ട്രാൻസ് റിസീവർ വളരെ പഴയതാണെങ്കിലും ഡിങ്കാനുഗ്രഹത്താൽ ലഭിക്കുന്ന ഡാറ്റ കറപ്റ്റഡ് ആയിരിക്കില്ലെന്ന് പ്രതീക്ഷിക്കാം.
Manda Siromani :-
അമ്മായി അപ്പന്മാർ വലിയ കോടാലികളായി മാറിക്കൊണ്ടിരിക്കുന്നതിനാൽ കോടാലികൾ ഇത്തരത്തിൽ വെള്ളത്തിൽ പോകുന്നതിൽ സന്തോഷമേ ഉള്ളൂ..

 

മൂന്നാം  കോടാലി പോസ്റ്റ് ഇട്ടതു സുനിൽ കുമാർ  ആണ് അദ്ദേഹത്തിന്റെ വേർഷൻ താഴെ കൊടുക്കുന്നു

കോടാലി – ഭാഗം മൂന്ന്.
—————————–
കോടലി സിരിയലിന്റെ മൂന്നാം എപ്പി ഡോസ് Sarath Sasi സുജിത് കുമാർഎന്നിവരുടെ അനുവാദത്തോടെ അവതരിപ്പിക്കുന്നു. കാര്യം പിടികിട്ടാത്തവർ മേൽപ്പറഞ്ഞ പ്രോഫൈലുകളിൽ പോയി മേ യുക.
—————————

കോടാലി നഷ്ടപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ കിട്ടിയിട്ടുണ്ട്.

Baiju Swamy
പണ്ട് ഞാൻ പതിനാറ് ദിവസം ബോംബെയിൽ ഒരു കോടാലി കമ്പനിയിലാണ് ജോലി ചെയ്തത് ഈ സമയത്ത് എനിക്ക് വിവിധ ജപ്പാൻ കമ്പനികളുമായി ബന്ധമുണ്ടായിരുന്നു പൈസ കൊടുത്ത് അവർ ഇറക്കുന്ന റിപ്പോർട്ട് വാങ്ങി നോക്കണം അപ്പോളറിയാം കോടാലിയുടെ യഥാർത്ഥ വില മൻമോഹൻസിങ്ങിന്റെ ഉദാരവൽക്കരണ നയം കൊണ്ട് മാത്രമാണ് കോടാലി നഷ്ടപ്പെട്ടത് . ഇക്കാര്യത്തിൽ മോദിജിക്ക് ഒന്നും വലിയ പങ്കില്ല ഇപ്പോഴത്തെ ഗവർമെന്റ് വെറും തുടർച്ച മാത്രമാണ് കോടാലി മിക്കവാറും അന്താരാഷ്ട്ര ഭീകരന്മാരായ ടി പി എം ജി ഏണസ്റ്റ് ആൻഡ് യംഗ് എന്നിവരുടെ ആരുടെയെങ്കിലും കസ്റ്റഡിയിൽ ആയിരിക്കും തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടെന്നു തോന്നുന്നില്ല തൽക്കാലം വേറൊന്ന് വാങ്ങി അഡ്ജസ്റ്റ് ചെയ്യുക

ഷിബു അണ്ണൻ
ഉസ്ബെക്കിസ്ഥാനിൽ ബിരിയാണി തീറ്റ കഴിഞ്ഞു Shibu Gopalakrishnanമെസഞ്ചറിൽ അയച്ച മറുപടി.

വിറകുവെട്ടുകാരൻ നായരാണോ. സനാതന ധർമ്മത്തിൽ സാമ്പാർ ഒഴിച്ച് പെരുന്നയിലെ സുകുമാരൻ നായരുടെ അടുത്തു കൊടുത്താൽ മിക്കവാറും കോടാലി തിരിച്ച് കിട്ടിയേക്കും.

Jayant Mammen
മംഗളം ചാനൽ ചർച്ച കഴിഞ്ഞ് തിരിച്ചെത്തിയ ജയന്ത് മാമ്മൻ

ഗൾഫിൽ ഒക്കെ അതിമനോഹരമായ കോടാലി കൾ കിട്ടും ഇത് മുഖ്യമന്ത്രിക്ക് അറിയാവുന്ന കാര്യമാണ് മലയാളികൾക്ക് കോടാലി ഉപയോഗിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടുമുതലേ പറയുന്നു കോടാലി നഷ്ടപ്പെട്ട വിഷയത്തിൽ മരം വെട്ടുകാരന്റെ പങ്ക് അന്വേഷിക്കണം ഇക്കാര്യത്തിൽ കോടാലി നിരപരാധിയാണ് #കോടാലിയോടൊപ്പം

ഡിങ്കാലിയോസ് പങ്കിലക്കാട്ടിൽ തൃതീയൻ ബാവ പുറപ്പെടുവിച്ച ഡിങ്ക ലേഖനം.

പ്രിയ ഡിങ്ക ജനമേ .
ചില വിശ്വാസികൾക്കിടയിൽ കോടാലി സംബന്ധമായ ചില സംശയങ്ങൾ കാണുന്നു . പങ്കിലക്കാട് വെട്ടിത്തെളിക്കാൻ ഡിങ്കൻ സാധാരണ വാക്കത്തിയാണ് ഉപയോഗിക്കുന്നത്. ആയതിനാൽ വിശ്വാസികളായ മരം വെട്ടുകാർ കോടലി എറിഞ്ഞ് കളഞ്ഞ് വാക്കത്തി എടുക്കുക.
ഡിമേൻ
സുരേഷ് സി പിള്ള
ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കറുകച്ചാലിൽ ഒരു മരം വെട്ടുകാരൻ ആദ്യമായി വരുന്നത് (1). ഇക്കാലത്ത് ഇരുമ്പു കോടാലി കൊണ്ട് റബർ മരം വെട്ടിയാൽ പാലു കുറയും എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ഇത് ഒരു പരിധി വരെ ശരിയാണ് (2). ഇരുമ്പു കോടാലിയിലുള്ള ഐയൺ റബറിന്റെ പ്ലൂട്ടോ മാക്സിന്റെ സിറാമിക് ഡൂപ്ലിക്കേറ്റുമായി ചേരുന്നതിനാൽ മരം വെട്ടുന്നതിന് മുമ്പ് കോടാലി ഉപ്പുവെള്ളത്തിൽ കഴുകണം.
റഫറൻസ്:
1 റബറും കോടാലിയും : ഉഗാണ്ടാ യുണിവേർസിറ്റി പ്രസിദ്ധികരണം
2 കോടാലി കൊണ്ടുള്ള നൂറ് പ്രയോഗങ്ങൾ: വിക്കിപീഡിയ

നാലാം  കോടാലി പോസ്റ്റ് ഇട്ടതു വിനീത് വേണുഗോപാൽ ആണ് അദ്ദേഹത്തിന്റെ വേർഷൻ താഴെ കൊടുക്കുന്നു

 

കോടാലി – ഭാഗം നാല്
—————————–
കോടലി സിരിയലിന്റെ നാലാം എപ്പി ഡോസ് തയ്യാറാക്കാൻ ശ്രെമിച്ചതിനു ഇടയിൽ ആരേലും നാലാം ഭാഗം പബ്ലിഷ് ചെയ്‌തോ എന്നറിയില്ല.. എന്നിരുന്നാലും നാലാം ഭാഗമായി ചില പ്രേമുഖരുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുന്നു..കോടാലി പോസ്റ്റിനെ പറ്റി അറിയാത്തവർ Sarath Sasi ,സുജിത് കുമാർ Sunil Thomas Thonnikuzhiyil
എന്നിവരുടെ വാളിൽ ഒന്ന് തല കാണിക്കേണ്ടതാണ് ..

Salesh Augustyn
————————–

രാവിലെ നേരം പരപരാ എന്റെ അമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി എന്ന് പാടിക്കൊണ്ട് അണ്ഡകടാഹം പൊട്ടുന്നത് പോലെ ഉദിച്ച സമയത്തു നമ്മുടെ മരംവെട്ടുകാരൻ ഇത്തിരി കഞ്ചാവ് ചവച്ചു കൊണ്ട് തൻറെ ഫെയിക് ഐഡിയിൽ ആരാണ് ഇപ്പൊ ഇട്ടിരിക്കുന്ന ഡ്രെസിന്റെ നിറം ചോദിച്ചു എന്ന് വായിച്ചു അതിനു മറുപടി ആയി തുപ്പിക്കാനിക്കുന്ന സ്മൈലി വിട്ട് , കുന്നുമ്മൽ ശാന്തയ്ക്ക് ഒരു ഹായ് അയക്കാം എന്ന് കരുതി ഫോണിൽ തോണ്ടിയത് , ആ തോണ്ടൽ ഇത്തിരി കൂടിപ്പോയി അടുത്തിരുന്ന വനദേവതയുടെ പുറത്തു ആയെന്നും, അതിന്റെ കലിപ്പിൽ ആയമ്മ നിന്റെ ഒരു കോടാലി എന്ന് പറഞ്ഞു മരംവെട്ടുകാരാന്റെ തുരുമ്പിച്ച കോടാലി എടുത്തു ആക്രിക്കാരന് കൊടുത്തത് ആണെന്ന് ആണ് കരകംബി

Sudhi Rebel
—————————

കോടാലി നഷ്ട്ടപെട്ട മരംവെട്ടുകാരനെ കുറിച്ച് ചിന്തിക്കുമ്പോൾ ഓര്മ വരുന്നത്.

എൻറെ കോടാലി..
പറിച്ചെറിയാൻ കഴിയാത്തവണ്ണം
എന്നിൽ ആഴ്ന്നിറങ്ങി ഒരുനാൾ ആ കോടാലി
ഇല്ല കഴിയില്ലെനിക്ക് മറക്കാൻ,
ആവില്ലെനിക്ക് നിന്നെ പിരിയാൻ
ഇല്ല കൂട്ടുകാരാ എനിക്കൊരു ജീവിതം
ഇനി നീയില്ലാതെ..

Ranjith Kannankattil
————————————-

മരംവെട്ടുകാരന്റെ കോടാലി നഷ്ടപ്പെട്ടതിൽ നമുക്ക് അതിയായ ദുഃഖം ഉണ്ട്.. എന്നിരുന്നാലും എഞ്ചിനീയറിംഗ് എന്നത് ഇത്രയ്മ് വികസിച്ച ഈ സമയത്തു നമുക്ക് കോടാലിയുടെ നിർമാണത്തെയും അതിന്റെ സാങ്കേതിക വശത്തേയും പറ്റി നമ്മൾ ചിന്തിക്കണം. ഈ നഷ്ട്ടമായ കോടാലിയുടെ നിറമാണത്തെ പറ്റി പരമർശിക്കുന്ന ബ്ലൂ പ്രിൻറ്സ് അതിന്റെ ഉടമയുടെ കൈവശം ഇല്ലാത്തതിനാൽ. നമുക്ക് ഗൂഗിൾ ന്റെ സഹായത്തോടെയോ, മോഡേൺ എങ്ങിനീർയറിങ് സാങ്കേതിത വിദ്യയുടെയോ സഹായത്താൽ ഇതിനെ പുനർനിർമ്മിക്കാൻ കഴിയുന്നതാണ്, ഇതിന്റെ സാങ്കേതിക വശത്തെ പറ്റി ഉടൻ തന്നെ വിശദമായി ഒരു പോസ്റ്റ് തയ്യാറാക്കുന്നതാണ്

Bibi Ealias
————————————–

കോടാലി നഷ്ട്ടമായ മരംവെട്ടുകാരനെ പറ്റി പറയാൻ ആണെങ്കിൽ,

അന്ന് ഞാനും വിനോദും എങ്ങനെ അമ്മമാരേ പറ്റിച്ചു കളിച്ചു നടക്കാം എന്ന് ആലോചിക്കുന്ന സമയമാണ്.. അന്നത്തെ ദിവസം അടുത്ത പറമ്പിൽ മരം വെട്ടുന്നുണ്ട്.. പിള്ളേരെല്ലാം അവിടെ പോകുമെന്നും, ഞങ്ങൾ അങ്ങോട്ട് പോയാൽ അവിടെ എന്തെങ്കിലും ഒക്കെ കുഴപ്പം കാണിക്കും എന്നും ഉറപ്പുള്ള വിനോദിന്റെ അമ്മ എന്റെ വീട്ടിൽ എത്തി പ്രേഖ്യാപിച്ചു .. ഇതുങ്ങളെ രണ്ടിനേം പറമ്പിലെ മരം വെട്ടിക്കഴിയുന്നതു വരെ പുറത്തുവിടാത്ത അകത്തു എങ്ങാനും പിടിച്ചു പൂട്ടിയിടാം.. അല്ലെങ്കിൽ മരം വെട്ടുകാരുടെ കോടാലി കൊണ്ട് രണ്ടും കൂടെ പരസ്പരം വെട്ടിക്കളിക്കും.. ഈ ഉത്തരവ് കേട്ട കുട്ടി ലോകം അവസാനിച്ചാലും പറ്റില്ല മരം വെട്ടുന്നത് കണ്ടേ തീരു എന്നത് തീരുമാനിച്ചു വിനോദിനേം കൂട്ടി എങ്ങനെ നാളെ പുറത്തു ചാടാം എന്നതിനെ പറ്റി കൂലങ്കഷമായ ചർച്ച തുടങ്ങി..
അതിരിക്കട്ടെ കോടാലി കിട്ടിയോ?

Aacharya
————————————–
പകൽ പോലും വെളിച്ചം ഇറങ്ങിച്ചെല്ലാൻ മടിക്കുന്ന കാവിൻറെ അങ്ങേഅറ്റത്താണ് ആ മരംവെട്ടുകാരന്റെ കോടാലിക്ക് ഇരയാകേണ്ട മരം നിന്നിരുന്നത്.. ചുറ്റും ഒരു ഭീതി നിറഞ്ഞ അന്തരീക്ഷമാണ് കാവിലെപ്പോഴും . ഹരി അമ്മാവൻ ഇടയ്ക്കു പറഞ്ഞു തരാറുള്ള കഥകളിൽ എന്നും കാവ് ഒരു കഥാപാത്രം ആയിരുന്നു, ഇരുളിൻറെ മറവിൽ കൂമനും. കടവാവലും പല്ലിളിക്കുന്ന ഇരുണ്ട കഥകൾ.. എന്തിനായിരിക്കും അന്ന് മരംവെട്ടുകാരൻ കോടാലിയുമായി ആരും കയറാൻ മടിക്കുന്ന കാവിൽ കയറിയത്? അയാൾ കയറിയത് ആണോ അതോ വനദേവത പഴയ കഥ പൊടി തട്ടിയെടുക്കാൻ വിളിച്ചു വരുത്തിയതോ? ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ എൻറെ ഐ പാഡിൽ ഒരു പാട്ട് പ്ലൈ ചെയ്തു, വായിച്ചു പകുതി ആക്കിയ പുസ്തകം മടക്കി വെച്ച് മരംവെട്ടുകാരൻറെ കോടാലി പോയ വഴി തേടി യാത്രയായി.. നിഗൂഢതകൾ നിറഞ്ഞ ഒരു യാത്ര

ഇനി പുതിയ കോടാലികൾ വരുന്ന ക്രമത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് ,നിങ്ങളുടെ കോടാലി പോസ്റ്റുകൾ ഇവിടെ കമന്റ് ചെയ്യുക 

 

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

One thought on “ഒരു കോടാലി കഥ

  1. Sid

    #ദീപക് ശങ്കരനാരായണൻ

    കോടാലി നഷ്ടപ്പെടാനുള്ളതല്ല …
    അധ്വാന വർഗ്ഗത്തിന്റെ ആദ്യ കാലഘട്ടം(അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ട് )മുതൽ തന്നെ ഉള്ള ഒരു പണിആയുധമാണ് കോടാലി.മരം വെട്ടൽ ഒരു തൊഴിൽ ആയി സ്വീകരിക്കുകയും അതിൽ നിന്നും ഉപജീവനം കണ്ടെത്തുകയും ചെയ്തിരുന്ന ഒരു വിഭാഗത്തെ സത്യസന്ധതയുടെ പരകോടിയിലേക്കുയർത്തിയ പ്രവർത്തനമാണ് അദ്ദേഹം ദേവതയോടടക്കം കാണിച്ചത് .
    പ്രലോഭനങ്ങളിൽ അഭിരമിക്കുന്നവനല്ല തൊഴിലാളി വർഗം.

    (മരം വെട്ടിയാൽ പരിസ്ഥിതിക്ക് ആഘാതമാവും എന്നും പറഞ്ഞു ആരെങ്കിലും ഇവിടെങ്ങാൻ കണ്ടാൽ അവരെ ആട്ടി അടിക്കുന്നതാണ് .
    വിഷയത്തിൽ അധിഷ്ഠിതമായി സംസാരിക്കേണ്ടിടത്ത്‌ കപട സദാചാരവും പരിസ്ഥിതി വാദവും കുത്തിക്കയറ്റരുത്.
    ഒരു സിസ്റ്റത്തിന് പുറത്തു നിന്നും സിസ്റ്റത്തെ വിമർശിക്കുക എന്നത് ഏത് അമാനവനും സാധ്യമായത് കൊണ്ട് തന്നെ ഏറ്റവും ലഘുവായ ഭാഷയിൽ പറഞ്ഞാൽ അടി മേടിക്കേണ്ട വിഷയവു മാണ്.)

    Reply

Add Comment