കോവിഡ് കാലത്തെ അതിജീവനത്തെ കുറിച്ച് വിശ്വ പ്രഭ എഴുതിയ ലേഖനം , മലയാളം അറിയാവുന്ന എല്ലാവരും വായിച്ചു ഉൾക്കൊള്ളണം എന്ന് തോന്നിയത് കൊണ്ട് ഷെയർ ചെയുന്നു . ഇത് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്തിക്കുക . ഫേസ്ബുക് പോസ്റ്റ് പകർത്തിയത് ഇവിടെ നൽകുന്നു. ഒർജിനൽ ലിങ്ക് പോസ്റ്റിന്റെ അവസാനം കാണാം
ഇതു നിങ്ങളുടെ സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഷെയർ ചെയ്യുക. കാരണം, ഒറ്റയൊറ്റയ്ക്കായി ആർക്കും ഈ കെണിയിൽനിന്നു രക്ഷപ്പെടാനാവില്ല. എല്ലാർക്കും ഒരുമിച്ചാണു് ഇനി മുന്നോട്ടുള്ള വഴി. അതു സ്വർഗ്ഗത്തിലേക്കായാലും നരകത്തിലേക്കായാലും.
“എനിക്കിനി കോവിഡിനെ പേടിക്കുകയേ വേണ്ടാ!” – എന്നു് എപ്പോഴാണു പറയാൻ പറ്റുക? (ചോദ്യം, സിക്സ് പാക്ക് മസിലുള്ള, പുര നിറഞ്ഞുനിൽക്കുന്ന, ഒരു യുവൻ വഹ)ഉത്തരം:മിക്കവാറും, ആർക്കും അടുത്തൊന്നും അങ്ങനെ പറയാൻ പറ്റില്ല.
1. ഏതു ടെസ്റ്റു ചെയ്തിട്ടും ഇതുവരെ കോവിഡ് പോസിറ്റീവ് ആയി തിരിച്ചറിഞ്ഞിട്ടില്ലാത്തവർ:ഇതുവരെ രോഗം ബാധിച്ചില്ല എന്നതു നല്ല വാർത്തയാണു്. എന്നാൽ, ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെന്നു കണ്ടാലും, ഇതുവരെ ടെസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ഇന്നോ നാളെയോ ആ രോഗം ബാധിക്കാനുള്ള സാദ്ധ്യത മറ്റാരെയും പോലെത്തന്നെയാണു് നിങ്ങൾക്കും.എപ്പോഴും ഓർക്കുക: കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയി എന്നുള്ളതു് ഭാവികാലത്തേക്കുള്ള ഒരു ഗ്യാരണ്ടി അല്ല! മുപ്പതു കൊല്ലമായി വണ്ടിയോടിച്ചിട്ടും ഒരു അപകടമുണ്ടായിട്ടില്ല എന്നതു് മുപ്പതാമത്തെ കൊല്ലത്തിനുള്ള ഇൻഷുറൻസ് അല്ല.
2. ഇതിനകം PCR, True-NAAT, CB-NAAT, ആന്റിജൻ ടെസ്റ്റുകളിൽ ഏതിലെങ്കിലും കോവിഡ് പോസിറ്റീവ് ആയി എന്നു പൂർണ്ണമായും അസന്നിഗ്ദ്ധമായും ബോദ്ധ്യമായി ലക്ഷണങ്ങളോടുകൂടിയോ അല്ലാതെയോ മൂന്നോ നാലോ ആഴ്ചകൾ തുടർന്നതിനുശേഷം പൂർണ്ണാരോഗ്യം തോന്നിക്കുന്നവർ:ഇവർക്കു് വീണ്ടും ഉടനെത്തന്നെ കോവിഡ് ബാധിക്കാനുള്ള സാദ്ധ്യത അത്യപൂർവ്വമാണെന്നാണു് ഇതുവരെയുള്ള നിഗമനങ്ങൾ. ഏതാനും മാസങ്ങളോളമെങ്കിലും അവർക്കു് പ്രതിരോധശേഷി നിലനിൽക്കുന്നുണ്ടെന്നു് പ്രതീക്ഷിക്കാം.എങ്കിലും ഇതിനകം കോവിഡ് അസുഖം വന്നു ഭേദമായവരുടെ ശരീരം ആ അസുഖം വരുന്നതിനും മുമ്പുള്ള അതേ അവസ്ഥയിലേക്കു തിരിച്ചുപോയി എന്നു നൂറു ശതമാനം ഉറപ്പായി പറയാൻ പറ്റില്ല. അസുഖബാധമൂലം ശ്വാസകോശത്തിനും ഹൃദയത്തിനും നാഡീവ്യൂഹത്തിനും തലച്ചോറിനും വൃക്കയ്ക്കും കരളിനും മറ്റവയവങ്ങൾക്കും കുറേ സമയം കൂടി നീണ്ടു നിൽക്കുന്ന ക്ഷതങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടു്. മുമ്പ് മുഴുവനായി പ്രത്യക്ഷീഭവിക്കാത്തതോ സജീവമല്ലാതിരുന്നതോ ആയ അസുഖങ്ങൾ (ഹൃദ്രോഗം, പ്രമേഹം, അർബ്ബുദം, മസ്തിഷ്ക്കാഘാതം തുടങ്ങിയവ..) ഭാഗികമായോ പൂർണ്ണമായോ മൂർച്ഛിക്കുന്നതായും റിപ്പോർട്ടുകളുണ്ടു്. അതിനാൽ അഞ്ചാം പനിയോ ചിക്കൻ പോക്സോ വന്നുപോയതുപോലെ കോവിഡ് വന്നു മാറിയതുകൊണ്ടു് മുമ്പുള്ളതിനേക്കാൾ സുരക്ഷിതാവസ്ഥയിലായി എന്നുറപ്പിച്ചുകൂടാ.മാത്രമല്ല, കോവിഡ് ലോകത്തിൽ അവതരിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിലേറേയായി. ആദ്യം രോഗം വന്നുപോയവർക്കു് ഇപ്പോഴും അതേ അളവിൽ പ്രതിരോധശേഷി ഉണ്ടായിരിക്കണമെന്നില്ല.
3. ആന്റിബോഡി റാൻഡം സർവ്വേ ടെസ്റ്റുകളിൽ കോവിഡിന്റെ ആന്റിബോഡി ശരീരത്തിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞവർ:നിങ്ങൾക്കു് ഒരു പക്ഷേ രോഗം ലക്ഷണങ്ങളൊന്നുമില്ലാതെ വന്നുപോയിരിക്കാം. പക്ഷേ ആന്റിബോഡി ടെസ്റ്റുകൾ പൂർണ്ണമായും വിശ്വസനീയമല്ല. ഒരു പക്ഷേ നിങ്ങളുടേതു് ഒരു തെറ്റായ റിസൾട്ട് (ഫോൾസ് പോസിറ്റീവ്) ആവാം. അതിനാൽ, കോവിഡ് ഇതിനകം (മാസങ്ങൾക്കുമുമ്പേ) വന്നുപോയെന്നും ഇനി വരില്ലെന്നും സമാശ്വസിച്ചുകൂടാ.
4. ഇതിനകം ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവർ:കോവിഡിനെ സംബന്ധിച്ചിടത്തോളം ആ രോഗം ഇനി വരില്ലെന്ന ഒരുനൂറു ശതമാനം ഗ്യാരണ്ടിയല്ല വാക്സിൻ. ഒരൊറ്റ ഡോസ് എടുത്തവർക്കു് 40%, രണ്ടു ഡോസ് എടുത്തവർക്കു് 60-70% എന്ന ഏകദേശനിരക്കിൽ സംരക്ഷണം പ്രതീക്ഷിക്കാം. അതായതു് ഇനിയും വാക്സിൻ എടുക്കാത്തവർക്കു് വാക്സിൻ എടുത്തവരേക്കാൾ ഇരട്ടിയാണു് രോഗബാധയ്ക്കുള്ള സാദ്ധ്യത എന്നു വട്ടത്തിൽ പറയാം.എങ്കിൽപ്പോലും, വാക്സിനേഷൻ എടുത്തവർക്കു് രോഗം വന്നാൽ അതിന്റെ തീവ്രത കാര്യമായി കുറയും. വാക്സിനേഷൻ എടുക്കാത്ത നൂറു രോഗികളിൽ അഞ്ചുപേർ വരെ മരിച്ചുപോവാൻ സാദ്ധ്യതയുണ്ടെങ്കിൽ രണ്ടു ഡോസും വാക്സിനേഷൻ എടുത്തു് രണ്ടാഴ്ച തികച്ചവരിൽ അതു് പത്തുലക്ഷം പേരിൽ അഞ്ചുപേരായിരിക്കും. അതുകൊണ്ടു്, കോവിഡിനെ ഇനി പേടിക്കുകയേ വേണ്ട എന്നു പറയാൻ ഇപ്പോഴും ആർക്കും ആവില്ല. ചുരുക്കത്തിൽ, “എനിക്കിനി കോവിഡിനെ പേടിക്കുകയേ വേണ്ടാ!” എന്നു പറയാൻ നമ്മിൽ ആർക്കും തന്നെ ഇപ്പോൾ അവസരമില്ല. പക്ഷേ കോവിഡ് മൂലം മരിക്കുമോ എന്ന ആശങ്ക ഒഴിവാക്കാൻ ഇപ്പോഴും പല പല വഴികളുമുണ്ടു്.ഒരു പക്ഷേ, തക്കതായ വാക്സിനോ മരുന്നോ സാർവ്വത്രികമായി ലഭ്യമാവുകയും മിക്കവാറും എല്ലാവരിലും വിജയകരമായി പ്രയോഗിക്കപ്പെടുകയും ചെയ്താൽ, അന്നു മുതൽ നമുക്കു് ആ അവകാശവാദം ഉന്നയിക്കാം.ആ ഒരു ദിവസം വരെ, നാമെല്ലാം ഒരേ വഞ്ചിയിലാണു്.നിങ്ങൾക്കും ഉറ്റവർക്കും കോവിഡ് വരാതിരിക്കാൻ നിങ്ങൾ തന്നെ സ്വയം സൂക്ഷിക്കുക.
ആത്യന്തികമായി, നിങ്ങൾക്കു് കോവിഡ് വരാതിരിക്കേണ്ടതു് നിങ്ങളുടെ മാത്രം ചുമതലയാണു്. അല്ലാതെ, അതു് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരുടേയും ആരോഗ്യസേവകരുടേയും രാഷ്ട്രീയനേതാക്കളുടേയും ചുമതലയല്ല.അതിനാൽ,
1. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രം പാർപ്പിടത്തിനു വെളിയിലിറങ്ങുക.
2. എവിടെയായാലും ശരീരസമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കുക.
3. സോപ്പും വെള്ളവും തന്നെയാണു് കോവിഡിനെതിരെയുള്ള ഏറ്റവും നല്ല ഔഷധം. ആരെയെങ്കിലുമൊക്കെ കാണിക്കാൻ വേണ്ടി രണ്ടുതുള്ളി സാനിട്ടൈസർ വെറുതേ തളിച്ചതുകൊണ്ടായില്ല. രണ്ടുകൈകളും വിരലുകളും മൊത്തം കുതിർന്നു നനയുന്നതുവരെ യാതൊരു പിശുക്കുമില്ലാതെത്തന്നെ തേച്ചുതുടയ്ക്കണം.
ഇത്രയും വിലകൂടിയ സാനിട്ടൈസർ അങ്ങനെ സമൃദ്ധമായി ഉപയോഗിക്കാൻ ആവില്ലേ? എങ്കിൽ സമൃദ്ധമായി കൈകഴുകാവുന്ന സോപ്പിനെത്തന്നെ ആശ്രയിക്കുക. സോപ്പാണു്. തേപ്പാണു്. ചീപ്പാണു്. കൊറോണാ വൈറസുകളെ തത്ക്ഷണം കൊല്ലാനും ഏറ്റവും ഫലപ്രദമായ വഴി സോപ്പുതന്നെയാണു്. ഏറ്റവും വില കുറഞ്ഞ സാദാ ഡിറ്റർജന്റ് ബാർ സോപ്പുപോലും അക്കാര്യത്തിൽ ദിവ്യൗഷധമാണു്.
4. മാസ്ക് കോവിഡിനെതിരെയുള്ള ഒരു അർദ്ധസുരക്ഷ മാത്രമാണു്. എങ്കിലും അതുപോലും വലിയൊരു പ്രതിരോധമാണു്. ശരിയായ മാസ്കു് ശരിയായ രീതിയിൽ ധരിക്കുക. ഉറപ്പായും ധരിക്കുക. മാസ്കായി ധരിക്കുക. മൂസ്കായി ധരിക്കാതിരിക്കുക.വെറുതെ ഒരു തുണിക്കഷ്ണം വലിച്ചുകെട്ടി അതിനെ മാസ്കായി സങ്കൽപ്പിക്കാതിരിക്കുക.പോലീസുകാരെ പേടിച്ച് മാസ്ക് ധരിക്കാതിരിക്കുക.കൊറോണയെ പേടിച്ച് മാസ്ക് ധരിക്കുക
.5. പരസ്പരം എത്ര അകലം പാലിക്കുന്നുവോ അത്രയും നല്ലതുതന്നെ. രണ്ടു മീറ്റർ (ആറടി ആണെങ്കിൽ വളരെ നല്ലതു്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ എപ്പോഴും ചുരുങ്ങിയതു് ഒരു മീറ്ററെങ്കിലും ഒഴിഞ്ഞുനിൽക്കുക.)
6. പൊതുസ്ഥലങ്ങളിൽ പ്രതലസമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കുക.
7. വിവാഹം, മരണം, പിറന്നാൾ ആഘോഷം, ആരാധന, പന്തുകളി തുടങ്ങിയ അവസരങ്ങളിൽ നിങ്ങളുടെ സാന്നിദ്ധ്യം 100% അത്യന്താപേക്ഷിതമാണെങ്കിൽ മാത്രം പങ്കെടുക്കുക.
8. കറൻസി കൈമാറ്റം, ATM തുടങ്ങിയവ പരമാവധി ഒഴിവാക്കുക. സാമ്പത്തികക്കൈമാറ്റങ്ങളും സർക്കാർ / ബിസിനസ്സ് ഇടപാടുകളും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടപ്പിലാക്കാൻ ആവതെല്ലാം ചെയ്യുക.
സമീപത്തുവരുന്ന ആൾ മാസ്ക് ധരിച്ചിരിക്കണം എന്നതു നിങ്ങളുടെ അവകാശമായി കണക്കാക്കുക. ആയാളുടെ സ്ഥാനമോ തസ്തികമൂപ്പോ ബാന്ധവമോ പരിചയമോ ജാതിമതലിംഗപ്രായാദി മൂപ്പിളമകളോ ഒരു ഒഴികഴിവാകരുതു്. നിങ്ങളുടെ അവകാശം ലംഘിക്കുന്നവർ അങ്ങനെ തുടരുന്നുവെങ്കിൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ നിങ്ങളുടെ പ്രതിഷേധം സധൈര്യം പ്രകടിപ്പിക്കുക.
9. ആരോഗ്യപരമായ ഏതെങ്കിലും കാരണങ്ങളാൽ ഡോൿടർമാർ നിരുത്സാഹപ്പെടുത്തുന്നില്ലെങ്കിൽ, കഴിയാവുന്ന വേഗത്തിൽ ഒന്നാമത്തെയും അതിനുശേഷമുള്ള ഇടവേള കഴിഞ്ഞു് രണ്ടാമത്തെയും വാക്സിൻ ഡോസ് എടുക്കുക.
10. ഗോസിപ്പുകൾ, പരോപകാരക്കിംവദന്തികൾ, മുറിവൈദ്യപ്പൊടിക്കൈകൾ, രാഷ്ട്രീയവൈരം തീർക്കൽ, തുടങ്ങിയവയിൽനിന്നു് ഒഴിഞ്ഞു നിൽക്കുക. സ്വയം പ്രാണവായുവാകാൻ കഴിഞ്ഞില്ലെങ്കിലും സമൂഹത്തിലെ വിഷവാതകമായി മാറാതിരിക്കുക
.=======ഓർക്കുക:=======”എനിക്കിനി കോവിഡിനെ പേടിക്കുകയേ വേണ്ടാ!” എന്നു പറയാൻ നമ്മിൽ ആർക്കും തന്നെ ഇപ്പോൾ അവസരമില്ല. പക്ഷേ കോവിഡ് മൂലം മരിക്കുമോ എന്ന ആശങ്ക ഒഴിവാക്കാൻ ഇപ്പോഴും പല പല വഴികളുമുണ്ടു്“ഒരു പക്ഷേ, തക്കതായ വാക്സിനോ മരുന്നോ സാർവ്വത്രികമായി ലഭ്യമാവുകയും മിക്കവാറും എല്ലാവരിലും വിജയകരമായി പ്രയോഗിക്കപ്പെടുകയും ചെയ്താൽ, അന്നു മുതൽ നമുക്കു് ആ അവകാശവാദം ഉന്നയിക്കാം.ആ ഒരു ദിവസം വരെ, നാമെല്ലാം ഒരേ വഞ്ചിയിലാണു്. ആ ഒരു ദിവസം വരെയുള്ള ഓരോ ദിവസവും കോവിഡ് ആദ്യമായി ലോകത്തു് അവതരിച്ച ദിവസത്തെപ്പോലെത്തന്നെയാണു് നമുക്കോരോരുത്തർക്കും.നിങ്ങൾക്കും ഉറ്റവർക്കും കോവിഡ് വരാതിരിക്കാൻ നിങ്ങൾ തന്നെ സ്വയം സൂക്ഷിക്കുക.
ആത്യന്തികമായി, നിങ്ങൾക്കു് കോവിഡ് വരാതിരിക്കേണ്ടതു് നിങ്ങളുടെ മാത്രം ചുമതലയാണു്. അല്ലാതെ, അതു് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരുടേയും ആരോഗ്യസേവകരുടേയും രാഷ്ട്രീയനേതാക്കളുടേയും ചുമതലയല്ല.ഇനി അഥവാ കോവിഡ് വന്നാൽ അനാവശ്യമായ പരിഭ്രമങ്ങളും ആധിയും തെറ്റായ തിടുക്കവും കൂട്ടാതെ, ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നതനുസരിച്ച് എന്താണു വേണ്ടതെങ്കിൽ അതു ചെയ്യുക.
ഇതു നിങ്ങളുടെ സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഷെയർ ചെയ്യുക. കാരണം, ഒറ്റയൊറ്റയ്ക്കായി ആർക്കും ഈ കെണിയിൽനിന്നു രക്ഷപ്പെടാനാവില്ല. എല്ലാർക്കും ഒരുമിച്ചാണു് ഇനി മുന്നോട്ടുള്ള വഴി. അതു സ്വർഗ്ഗത്തിലേക്കായാലും നരകത്തിലേക്കായാലും.
വിശ്വ പ്രഭ എഴുതിയ പോസ്റ്റ് ഇവിടെ വായിക്കാം Original Link Here
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015